This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപാംഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപാംഗങ്ങള്‍

Appendage

ജന്തുക്കളുടെ ആഹാരസമ്പാദനം, ചലനം, ശ്വസനം എന്നിവ നിർവഹിക്കുന്നതിനുവേണ്ടി അവയുടെ ശരീരത്തിൽ പുറത്തേക്ക്‌ ഉന്തിനിൽക്കുന്ന അവയവങ്ങള്‍. അകശേരുകികളിൽ അനലിഡ, ആർത്രാപോഡ എന്നീ രണ്ടു ഫൈലങ്ങളിൽ ഇവ വികസിതമായി കാണുന്നു. ശരീര ഖണ്ഡങ്ങളിൽ നിന്നും പുറത്തേക്ക്‌ തള്ളിനിൽക്കുന്ന തരത്തിലാണ്‌ ഇവയിൽ ഉപാംഗങ്ങള്‍ കാണപ്പെടുന്നത്‌. ശൃംഗികകള്‍ (antennae), മാന്‍ഡിബിള്‍, മാക്‌സില്ല, മാക്‌സില്ലിപീഡ്‌ തുടങ്ങിയ വദനഭാഗങ്ങള്‍, ചിറകുകള്‍, എലിട്ര, ചെകിള (Gill) ഗോണോപോഡ്‌, പ്ലിയോപോഡ്‌ എന്നിവ ഉപാംഗങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. കശേരുകി (Vertebrate) കളിൽ ഈ ധർമങ്ങള്‍ക്കുപയോഗിക്കുന്ന ഭാഗങ്ങളെ അംഗങ്ങള്‍ (limbs))എന്നു പറയുന്നു. ഇവയിൽ പ്രധാനമായും രണ്ടുജോടി അംഗങ്ങള്‍-കൈകാലുകള്‍-ആണുള്ളത്‌.

ക്രസ്റ്റേഷ്യയുടെയും (AG) ട്രലോബൈറ്റയുടെയും (H) ഉപാംഗങ്ങള്‍: A. അസ്റ്റാക്കസിന്റെ ഒന്നാം മാക്‌സിലിപീഡ്‌ B. അസ്റ്റാക്കസിന്റെ രണ്ടാം മാക്‌സില C. അസ്റ്റാസിന്റെ നടക്കുംകാല്‌ D. ബ്രാങ്കിപ്പസ്‌സിന്റെ വക്ഷ- ഉപാംഗം E. മൈസിസിന്റെ ഒന്നാം മാക്‌സിലിപീഡ്‌ F. നാത്തോപൗസിയയുടെ ഒന്നാം മാക്‌സിലിപീഡ്‌ G. നെബേലിയയുടെ വക്ഷ-ഉപാംഗം H. ട്രയാർത്രസിന്റെ വക്ഷ-ഉപാംഗം 1. ബേസിപോഡൈറ്റ്‌ 2. എന്‍ഡോപോഡൈറ്റ്‌ 3. എക്‌സോപോഡൈറ്റ്‌ 4. എപ്പിപോഡൈറ്റ്‌ 5. കോക്‌സോപോഡൈറ്റ്‌

സമുദ്രത്തിൽ ജീവിക്കുന്ന അനലിഡകളിലാണ്‌ ഉപാംഗങ്ങള്‍ അവയുടെ പ്രാഥമികാവസ്ഥയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. തലയുടെയും ഖണ്ഡങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന ഉടലിന്റെയും പാർശ്വങ്ങളിലായി ഇവ കാണപ്പെടുന്നു. തലയിലുള്ളവ പ്രധാനമായും ഇന്ദ്രിയസംവേദനങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ഉടലിന്റെ പാർശ്വങ്ങളിലെ പരന്നു തുഴപോലുള്ള പാരപോഡിയ (parapodia) നീരിസ്‌ (Nereis) പോലുള്ളവയിൽ ചലനത്തിനുമാത്രമായും, യൂനിസ്‌ (Eunice)പോലുള്ളവയിൽ ചലനത്തിനും ശ്വസനത്തിനുള്ള ഗില്ലുകളായും, പോളനോ(Polynoe) പോലുള്ളവയിൽ ഉടലിന്റെ സംരക്ഷണത്തിനുവേണ്ടി ഫലകരൂപത്തിലുള്ള എലിട്ര (Elytra) എന്ന ഉപകരണങ്ങളായും വിശേഷവത്‌കരിക്കപ്പെട്ടിരിക്കുന്നു.

ആർത്രാപോഡയിലാണ്‌ ഉപാംഗങ്ങളുടെ വിശേഷവത്‌കരണം ഉച്ചകോടിയിൽ എത്തിയിരിക്കുന്നത്‌. ഇവയിലെ ഉപാംഗങ്ങള്‍ ഖണ്ഡിത(segmented)മാണെന്നുള്ളത്‌ ഒരു പ്രത്യേകതയാണ്‌. ഈ വിഖണ്ഡാവസ്ഥ അവയുടെ പ്രവർത്തനക്ഷമത വർധിപ്പിച്ചിരിക്കുന്നു. ആർത്രാപോഡയിലെ ഉപവർഗമായ ക്രസ്റ്റേഷ്യ(crustacea)യിൽ ശരീരത്തിലെ ഓരോ ഖണ്ഡത്തിൽനിന്നും ഓരോ ജോടി ഉപാംഗങ്ങള്‍ ഉദ്‌ഭവിക്കുന്നുണ്ട്‌. ശരീരത്തെ ശീർഷം, വക്ഷം, ഉദരം എന്നീ മൂന്നു ഭാഗങ്ങളായിട്ടാണ്‌ വിഭജിച്ചിരിക്കുന്നത്‌. ഓരോ ഭാഗത്തെയും വിവിധ ഖണ്ഡങ്ങളായി വേർതിരിച്ചിരിക്കുന്നു.

ശീർഷഭാഗത്തുള്ള അഞ്ചുജോടി ഉപാംഗങ്ങളിൽ ചിലവ ഇന്ദ്രിയസംവേദനങ്ങള്‍ക്കും മറ്റുള്ളവ ആഹാരസമ്പാദനത്തിനുമായി രൂപീകൃതമായിരിക്കുന്നു. വക്ഷസ്സിലുള്ളവയിൽ ചിലത്‌ ആഹാരസമ്പാദനത്തിനും മറ്റുചിലവ പ്രതിരോധത്തിനും ചലനത്തിനും ഉപകരിക്കത്തക്കവിധത്തിലാണ്‌ നിർമിതമായിട്ടുള്ളത്‌. ഉദരത്തിലുള്ളവ ജലത്തിൽ നീന്തുന്നതിനും ഉപയോഗിക്കുന്നു.

ഷഡ്‌പദങ്ങള്‍ (insects)ക്രസ്റ്റേഷ്യയെക്കാള്‍ പരിണാമം പ്രാപിച്ചവയാകയാൽ അവയിലെ ഉപാംഗങ്ങള്‍ക്ക്‌ പല വിധത്തിലും രൂപാന്തരം സംഭവിച്ചിട്ടുള്ളതായി കാണാം. തലയിലുള്ള സ്‌പർശിനിയും നയനങ്ങളും ഇന്ദ്രിയസംവേദനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോള്‍ മറ്റുള്ള ഉപാംഗങ്ങള്‍ ആഹാരരീതിക്കുയോജിച്ച വദനാംഗങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു; പുഷ്‌പങ്ങളിലെ തേന്‍കുടിച്ചു ജീവിക്കുന്നവയിൽ ചുരുട്ടിവച്ചിരിക്കുന്ന നാളീരൂപത്തിലുള്ളവയായും അന്യജന്തുക്കളുടെ രക്തം, സസ്യങ്ങളുടെ നീര്‌ എന്നിവ കുടിച്ചു ജീവിക്കുന്നവയിൽ സിറിഞ്ചുരൂപത്തിൽ കുത്തിയിറക്കി രക്തമോ നീരോ വലിച്ചെടുക്കുന്നതിനുപയോഗിക്കത്തക്ക വിധത്തിലുള്ളവയായും, സസ്യഭാഗങ്ങളും മറ്റും കടിച്ചു ഭക്ഷിക്കുന്നവയിൽ ഉപാംഗങ്ങള്‍ അതിനു പ്രയോജനപ്പെടത്തക്കവിധത്തിലുള്ള ദംശനാംഗങ്ങളായും രൂപം പ്രാപിച്ചിരിക്കുന്നു.

വദനാംഗങ്ങള്‍: A. പാറ്റ B. ചിത്രശലഭം C. മൂട്ട D. കൊതുക്‌ E. ഈച്ച F. തേനീച്ച

ഷഡ്‌പദങ്ങളുടെ വക്ഷസ്സിലുള്ള മൂന്നു ഖണ്ഡങ്ങളിൽ ഓരോന്നിൽനിന്നും ഓരോ ജോടി കാലുകള്‍ പുറപ്പെടുന്നുണ്ട്‌. നീണ്ടുമെലിഞ്ഞ ഈ സഖണ്ഡപാദങ്ങള്‍ ബലമുള്ള നഖങ്ങളിലാണ്‌ അവസാനിക്കുന്നത്‌. നടക്കുന്നതിനും പറന്നുചെന്നിരിക്കുന്നതിനുമാണിവ ഉപയോഗിക്കപ്പെടാറുള്ളത്‌. എന്നാൽ ജലജീവികളായ ചില ഷഡ്‌പദങ്ങളിൽ ഇവ തുഴയുടെ രൂപത്തിൽ സവിശേഷപ്പെട്ട്‌ നീന്തുന്നതിന്‌ ഉപയോഗപ്പെടുന്നു. പറക്കുവാന്‍ കഴിവുള്ള ഷഡ്‌പദങ്ങളിൽ കാണപ്പെടുന്ന ചിറകുകള്‍ ഉപാംഗങ്ങള്‍തന്നെയാണ്‌. വണ്ടുകളിലും മറ്റും ഒന്നാമത്തെ ജോടി ചിറകുകള്‍ സവിശേഷവത്‌കരിക്കപ്പെട്ട്‌ എലിട്ര എന്ന സംരക്ഷണകവചങ്ങളായി തീർന്നിരിക്കുന്നു. ഷഡ്‌പദങ്ങള്‍ക്ക്‌ ഉദരഭാഗങ്ങളിൽ ഉപാംഗങ്ങള്‍ കുറവാണെന്നുതന്നെ പറയാം. എങ്കിലും ജനനേന്ദ്രിയങ്ങള്‍ക്കുസമീപം ഉള്ളവ പരിപുഷ്‌ടിപ്രാപിച്ച്‌ പ്രജനനപ്രക്രിയയെ സഹായിക്കുന്നു. ആദിമഷഡ്‌പദങ്ങളായ കോളംബോളകളിൽ ചില ഉദരാംഗങ്ങള്‍ ചാടുന്നതിനും മറ്റുമായിട്ടാണ്‌ ഉപയോഗിക്കുന്നത്‌.

അരാക്‌നിഡ (Arachnida) എന്ന ഉപവർഗത്തിലും ഷഡ്‌പദങ്ങളിലെപ്പോലെ ശീർഷഭാഗത്തും വക്ഷസ്സിലും ഉപാംഗങ്ങള്‍ ഉണ്ട്‌; ഉദരഭാഗങ്ങളിൽ ഇല്ല. ശീർഷഭാഗത്തുള്ളവ ഇന്ദ്രിയ സംവേദനത്തിനും ആഹാരസമ്പാദനത്തിനുമായി ഉപയോഗിക്കുമ്പോള്‍ വക്ഷോഭാഗത്തുള്ളവ സഞ്ചാരത്തിനും പ്രതിരോധത്തിനുമായി ഉപയോഗപ്പെടുത്തുന്നു. സഞ്ചാരത്തിനുപയോഗിക്കുന്ന ഉപാംഗങ്ങളുടെ അഗ്രം വളവുള്ള നഖങ്ങളിൽ അവസാനിക്കുന്നു. നിലത്തുകൂടിയുള്ള സഞ്ചാരക്ഷമത വർധിപ്പിക്കുക എന്നുള്ളതാണ്‌ ഇവയുടെ ധർമം.

മിറിയപോഡ (Myriapoda) വർഗത്തിലെ പഴുതാര മുതലായവയിൽ ശരീരത്തെ പല ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ ഖണ്ഡത്തിൽ നിന്നും ഓരോ ജോടി സഖണ്ഡിത ഉപാംഗങ്ങള്‍ പുറപ്പെടുന്നുണ്ട്‌. ഇവയിൽ ശീർഷഭാഗത്തെ ഒരു ജോടി ഉപാംഗങ്ങള്‍ വിഷഗ്രന്ഥികളെ ഉള്‍ക്കൊണ്ട്‌ വിഷനഖങ്ങള്‍ (poison claws) ആയി രൂപം പ്രാപിച്ചിരിക്കുന്നു. മറ്റുള്ളവ സഞ്ചാരത്തിനാണുപയോഗിക്കപ്പെടുന്നത്‌. മിറിയപോഡയിലെ ഡിപ്ലോപോഡ (Diplopoda)എന്ന വിഭാഗത്തിലെ തേരട്ട (millepede)മുതലായവയിൽ ഓരോ ഖണ്ഡത്തിൽ നിന്നും ഈരണ്ടുജോടി സഖണ്ഡിത ഉപാംഗങ്ങളാണുദ്‌ഭവിക്കുന്നത്‌. ഒനിക്കോഫോറ (Onychophora) എന്ന ഉപവർഗത്തിലെ പെരിപാറ്റസിൽ ഉപാംഗങ്ങളുടെ എച്ചം തുലോം കുറവാണ്‌. ഏതാണ്ട്‌ പുഴുക്കളെപ്പോലിരിക്കുന്ന ഇവയുടെ ശീർഷഭാഗത്തുള്ളവ ഇന്ദ്രിയസംവേദത്തിനും വദനത്തിന്റെ പാർശ്വഭാഗങ്ങളിലുള്ളവ ആഹാരസമ്പാദനത്തിനും മറ്റുള്ളവ സഞ്ചാരത്തിനുമായി ഉപയോഗിക്കുന്നു. (പ്രാഫ. സി.ജി. രാജപ്പന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍