This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദ്ധവശതകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉദ്ധവശതകം
ശ്രീകൃഷ്ണന്റെ ഉത്തമമിത്രവും അദ്വൈതവാദത്തിലും യോഗവിദ്യയിലും നിർഗുണഭക്തിസിദ്ധാന്തങ്ങളിലും നിഷ്ണാതനുമായ ഉദ്ധവരെ കേന്ദ്രീകരിച്ചു രചിക്കപ്പെട്ട കാവ്യം. ഭ്രമരകാവ്യപരമ്പര എന്ന പേരിൽ അറിയപ്പെടുന്ന ഭക്തിപ്രസ്ഥാനത്തിലെ കാവ്യങ്ങളിൽ ഉദ്ധവർ ജ്ഞാനത്തിന്റെ പ്രതീകമായിട്ടാണ് വർണിക്കപ്പെട്ടിട്ടുള്ളത്. ഉദ്ധവരെ ഭ്രമരരൂപത്തിൽ വ്യംഗ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് ജ്ഞാനത്തെക്കാള്‍ ഭക്തിക്ക് പ്രാധാന്യം കല്പിച്ച് കാവ്യങ്ങള്‍ രചിച്ചിട്ടുള്ള പല പ്രമുഖ കവികളെയും കൃഷ്ണകാവ്യധാരയിൽ കാണാം. അന്യാപദേശരീതിയിലുള്ള ഇത്തരം കൃതികളുടെ ഒരു പരമ്പരതന്നെ ഹിന്ദിസാഹിത്യത്തിലുണ്ടായിട്ടുണ്ട്. ഈ ഭ്രമരഗീതപരമ്പരയ്ക്ക് പ്രാചീനകവികളെക്കൂടാതെ ആധുനിക ഹിന്ദികവിയായ ജഗന്നാഥദാസ് രത്നാകറും വിലയേറിയ സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹം പല ഘട്ടങ്ങളിലായി ഉദ്ധവവിഷയകങ്ങളായ പദ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ആദ്യം രചിച്ച 85 പദ്യങ്ങള്‍ നഷ്ടപ്പെട്ടുപോയി എന്നാണറിയുന്നത്. പിന്നീട് എഴുതപ്പെട്ടവ ഏതാണ്ട് നൂറിലധികം പദ്യങ്ങളായപ്പോള് അവയെ സമാഹരിച്ച് (126 ഘനാക്ഷരികള്) 1929-ൽ പ്രയാഗയിലെ "രസികമണ്ഡലം' ഉദ്ധവശതകം എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഈ കൃതിക്ക് രമാശങ്കർ ശുക്ല "രസാൽ' 93 പേജുകള്‍ വരുന്ന പണ്ഡിതോചിതമായ ആമുഖം എഴുതിച്ചേർത്തിട്ടുണ്ട്. മുക്തകരൂപത്തിലാണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അത്യന്തം സരസവും വ്യഞ്ജനാപൂർണവും ചിത്രാത്മകവുമായ വ്രജഭാഷയാണ് ഈ കാവ്യത്തിൽ ഉടനീളം ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഭാവപ്രകാശനത്തിന് ആധാരമെന്ന നിലയിൽ മാത്രമേ ഇതിൽ കഥാംശം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. ഉദ്ധവശതകം എന്ന പേരിൽ മറ്റൊരു പുസ്തകവും ലഭിച്ചിട്ടുണ്ട്. അതിന്റെ കർത്താവ് ഡോ. രമാശങ്കർ ശുക്ല "രസാൽ' ആണ്.
(ഡോ. കെ.സി. ഭാട്ടിയ)