This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്‌പതനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉത്‌പതനം
Sublimation
ഖരവസ്‌തു ദ്രവീഭവിക്കാതെ നേരിട്ടു ബാഷ്‌പമായി ഉത്‌പതിക്കുന്ന ഭൗതികപ്രക്രിയ. കർപ്പൂരം, അയഡിന്‍, അമോണിയം ക്ലോറൈഡ് എന്നിവ ഉത്‌പതനവിധേയങ്ങളാവുന്ന ഖരപദാർഥങ്ങളാണ്. ഓരോ ഖരവസ്‌തുവിനും അതിന്റേതായ ബാഷ്‌പമർദം ഉണ്ടായിരിക്കും. മിക്കവാറുമുള്ള ഖരങ്ങളുടെ വിഷയത്തിൽ ഈ ബാഷ്‌പമർദം തുച്ഛമാണെങ്കിലും ചിലതിന് അങ്ങനെയല്ല. ബാഷ്‌പമർദം കൂടിയവ വായുവിൽ തുറന്നുവച്ചാൽ ക്രമേണ അളവിൽ ചുരുങ്ങുന്നതായിക്കാണാം. കർപ്പൂരവും നാഫ്‌തലിന്‍ ഗുളികകളും ഉദാഹരണങ്ങളാണ്. ഖരവസ്‌തുക്കള്‍ക്കു മണമനുഭവപ്പെടുന്നത് അവയ്‌ക്ക് ബാഷ്‌പീഭവനമുള്ളതുകൊണ്ടാണ്. ദ്രവത്തിന്റെ കാര്യത്തിലെന്നപോലെ ഖരത്തിന്റെ കാര്യത്തിലും താപനിലയ്‌ക്കനുസരിച്ച് ബാഷ്‌പമർദം കൂടുകയും കുറയുകയും ചെയ്യുന്നു. ഒരു ഖരത്തിന്റെ ബാഷ്‌പമർദം അത് ഉരുകുന്നതിനുമുമ്പുതന്നെ, അതായത് ദ്രവണാങ്കത്തിനു മുമ്പായിത്തന്നെ അന്തരീക്ഷമർദത്തോടു സമമായിത്തീരുമ്പോള്‍ ഉത്‌പതനം സംഭവിക്കുന്നു. ദ്രവീഭവിക്കുന്നതിനുമുമ്പുതന്നെ അത് ബാഷ്‌പമായി ഉത്‌പതിക്കുകയും തണുത്ത തലങ്ങളിൽ ഖരീഭവിച്ച് പറ്റിനിൽക്കുകയും ചെയ്യുന്നു. ബാഷ്‌പമർദം അന്തരീക്ഷമർദത്തോടു സമമാകുന്നതിന് ഖരത്തെ ഏതു താപനിലയിലേക്കുയർത്തണമോ അതിനെയാണ് ഉത്‌പതന താപനില എന്നുപറയുന്നത്. ഉത്‌പതിക്കുന്ന ഖരങ്ങളെ ദ്രവീകരിക്കണമെന്നുണ്ടെങ്കിൽ അന്തരീക്ഷമർദം അധികമാക്കിയാൽ മതി. മൂടൽമഞ്ഞ് ജലമാകാതെ ബാഷ്‌പീഭവിച്ച് അപ്രത്യക്ഷമാകുന്ന പ്രകൃതിപ്രതിഭാസം ഉത്‌പതനത്തിന് മറ്റൊരു സ്വാഭാവിക ദൃഷ്‌ടാന്തമാണ്. ഉത്‌പതനവിധേയങ്ങളായ അയഡിന്‍, കർപ്പൂരം മുതലായ പദാർഥങ്ങളെ അപദ്രവ്യങ്ങളിൽനിന്നു മോചിപ്പിച്ചു ശുദ്ധിചെയ്യുന്നത് ഉത്‌പതനപ്രക്രിയയിലൂടെയാണ്. ഇന്‍ഡിഗൊ മുതലായ ചില ഓർഗാനിക് വസ്‌തുക്കളെ ഉത്‌പതിപ്പിച്ചു ശുദ്ധിചെയ്യുന്നത് നിമ്‌നമർദത്തിലായിരിക്കണം; അല്ലെങ്കിൽ അവ വിഘടിക്കുന്നതാണ്.