This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്തരരാമായണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉത്തരരാമായണം
വാല്‌മീകിരാമായണത്തിലെ ഏഴാമത്തെ കാണ്ഡമായ ഉത്തരകാണ്ഡമാണ് ഉത്തരരാമായണം. ആദ്യത്തെ ആറു കാണ്ഡങ്ങളിൽ ശ്രീരാമന്റെ ജനനം മുതൽ രാവണവധാനന്തരം സീതാസമേതനായി അയോധ്യയിൽ മടങ്ങിയെത്തിയ ശ്രീരാമന്റെ അഭിഷേകംവരെയുള്ള കഥ അടങ്ങുന്നു. ശ്രീരാമന്റെ രാജ്യഭരണം മുതൽ സ്വർഗാരോഹണംവരെയുള്ള രാമായണകഥയാണ് ഉത്തരകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നത്. മുന്‍കാണ്ഡങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രാക്ഷസവാനരാദികളുടെ പൂർവകഥകളെല്ലാം ചേർത്ത് രാമായണകഥയ്‌ക്ക് പൂർണത നല്‌കിയിട്ടുള്ളതാണ് ഉത്തരകാണ്ഡം.
വാല്‌മീകിരാമായണത്തിലെ ഉത്തരകാണ്ഡത്തിൽ നൂറ്റിപ്പതിനൊന്ന് സർഗങ്ങളുണ്ട്. ചില പ്രക്ഷിപ്‌തസർഗങ്ങളും ചില പ്രസിദ്ധീകരണങ്ങളിൽ കൂടുതലായി കാണുന്നു. വള്ളത്തോള്‍ നാരായണമേനോന്‍ വാല്‌മീകി രാമായണം പദാനുപദമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളതിലെ ഉത്തരകാണ്ഡത്തിൽ 10 "അധിക' സർഗങ്ങളും മൂന്ന് പ്രക്ഷിപ്‌തസർഗങ്ങളും കൂടുതലായി ചേർത്തിട്ടുണ്ട്.
യുദ്ധകാണ്ഡത്തിനുശേഷം വരുന്ന ഉത്തരകാണ്ഡത്തിലെ മുഖ്യമായ കഥ സീതാപരിത്യാഗമാണ്. ഉത്തരകാണ്ഡത്തിലെ ആദ്യത്തെ 42 സർഗങ്ങളിൽ രാക്ഷസരുടെയും രാവണന്റെയും ഉത്‌പത്തി, രാവണന്റെ പ്രതാപവും പരാക്രമങ്ങളും, ബാലിസുഗ്രീവജനനം എന്നിവ വിവരിക്കുന്നു. 43-ാമത്തെ സർഗംമുതലാണ് സീതാപരിത്യാഗകഥ തുടങ്ങുന്നത്. തുടർന്ന് ലവണാസുരവധം, ശംബൂകവധം, അശ്വമേധം, സീതാഭൂപ്രവേശം, ലക്ഷ്‌മണപരിത്യാഗം, ശ്രീരാമന്റെ സ്വർഗാരോഹണം എന്നിവ വിവരിച്ചിരിക്കുന്നു. ഉത്തരകാണ്ഡം വാല്‌മീകി രചിച്ചതായിരിക്കില്ലെന്ന് ഒരഭിപ്രായമുണ്ട്. യുദ്ധകാണ്ഡാവസാനത്തിൽ ഗ്രന്ഥത്തിലെ ഫലശ്രുതിചേർത്തുകാണുന്നതുകൊണ്ട് തുടർന്നുള്ള ഉത്തരകാണ്ഡം മറ്റൊരു കവി രചിച്ചതായിരിക്കുമെന്നാണ് അനുമാനം. കഥയിൽ പല സന്ദർഭങ്ങളിലും വാല്‌മീകി പ്രവേശിക്കുന്നതും ഈ അനുമാനത്തെ പ്രബലമാക്കുന്നു. എന്നാൽ ബാലകാണ്ഡത്തിലെ നാലാം സർഗത്തിൽ വാല്‌മീകിതന്നെ ഉത്തരകാണ്ഡവും രചിച്ചു എന്നൊരു സൂചനയും കാണുന്നുണ്ട്.
അധ്യാത്മരാമായണം കിളിപ്പാട്ടിലെ ഉത്തരകാണ്ഡവും തുഞ്ചത്ത് എഴുത്തച്ഛന്റെ പരിഭാഷയല്ലെന്ന് ഒരഭിപ്രായമുണ്ട്. പരിഭാഷയിൽ കിളിപ്പാട്ട് അധ്യാത്മരാമായണത്തെക്കാള്‍ കൂടുതലും അനുസരിക്കുന്നത് വാല്‌മീകിരാമായണത്തെയും കച്ചശ്ശരാമായണത്തെയുമാണ്. ഇത് കുഞ്ചന്‍നമ്പ്യാരുടെ കൃതിയായിരിക്കുമോ എന്ന് ചിലർ സംശയിക്കുന്നു. വാല്‌മീകിരാമായണത്തിലെ ഉത്തരകാണ്ഡത്തിനു പ്രാചീനമലയാളത്തിൽ ഒരു ഗദ്യപരിഭാഷ ഉണ്ടായിട്ടുണ്ട്. ഉത്തരകേളത്തിൽ ചിറയ്‌ക്കൽ താലൂക്കിൽ കരിവെള്ളൂർ എന്ന പ്രദേശത്ത് 1525-1600 കാലത്ത് ജീവിച്ചിരുന്ന ഒരു മങ്ങാട്ട് ഉണിത്തിരിയാണ് ഇതിന്റെ രചയിതാവെന്ന് സാഹിത്യചരിത്രകാരന്മാർ അനുമാനിക്കുന്നു. നല്ല ഓജസ്സും ലാളിത്യവും തികഞ്ഞ പ്രാചീനഗദ്യത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ പരിഭാഷയിൽ മൂലശ്ലോകങ്ങളുടെ വിസ്‌തൃതമായ പരാവർത്തനങ്ങള്‍ കാണാം. "കച്ചെല്ലാം ചുകന്ന് മറിഞ്ഞ് ദന്തം കടിച്ച് അരികെയിരുന്ന വാളെടുത്ത് വലത്തെ കൈയിൽ മുറുകെപ്പിടിച്ച് കുറഞ്ഞൊന്ന് പിന്‍വാങ്ങി വാളിളക്കി ഓങ്ങി രണ്ട് മുറിയായി വീഴുമാറ് ദൂതനെ വെട്ടിക്കൊല്‌വിതും ചെയ്‌താന്‍' എന്ന വാചകം ഇതിലെ ഗദ്യമാതൃകയ്‌ക്ക് ഉദാഹരണമായെടുക്കാം.
മഴ(മഹിഷ)മംഗലംനാരായണന്‍ നമ്പൂതിരിയുടേതാണെന്ന് പറയപ്പെടുന്ന ഒരു ഉത്തരരാമായണചമ്പുവിന്റെ ഏതാനും ഭാഗങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. ഉത്തരരാമായണം കുറത്തിപ്പാട്ട് എന്ന പേരിൽ ചില പ്രാചീനമലയാളഗാനങ്ങളും രാമായണകഥകളെ ഉപജീവിച്ച് എഴുതിയത് പ്രാദേശികമായി പ്രചരിച്ചുവരുന്നുണ്ട്. സീതാദുഃഖം എന്ന ഒരു ലഘുകാവ്യവും ഇതിലെ ഒരു ഇതിവൃത്താംശത്തിന്റെ പുനരാഖ്യാനമാണ്.
(പ്രാഫ. അമ്പലത്തറ ഉച്ചിക്കൃഷ്‌ണന്‍ നായർ; സ.പ.)