This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉച്ചതാപസഹങ്ങള്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉച്ചതാപസഹങ്ങള്
Refractories
ചൂളകള്‍, മൂശകള്‍, പുകക്കുഴലുകള്‍ മുതലായവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന, ഉയര്‍ന്ന താപനിലകളെ ചെറുക്കാന്‍ ശേഷിയുള്ള പദാര്‍ഥങ്ങള്‍. ഇവ പ്രായേണ അലോഹവസ്തുക്കളാണ്. മാതൃകാപരമായ ഒരു ഉച്ചതാപസഹത്തിനു താഴെപ്പറയുന്ന അവസ്ഥകളെ ചെറുത്തുനില്ക്കാന് കഴിയണം: (1) അഭിമുഖീകരിക്കുന്ന താപനില, (2) ചൂളയില്‍ വയ്ക്കുന്ന പദാര്‍ഥങ്ങളുടെയും മറ്റും മര്‍ദം, (3) പ്രകമ്പനങ്ങള്‍-വിശേഷിച്ചും തിരിയുന്ന ചൂളകളില്‍, (4) ആകസ്മികമായി ഉണ്ടാകുന്ന ആഘാതങ്ങള്‍, (5) ചൂളയില്‍, വയ്ക്കുന്ന പദാര്‍ഥങ്ങളുമായി കൂടിച്ചേര്‍ന്ന് കിട്ടം (ഹെമഴ) ഉണ്ടാകല് (6) അഗ്നിജ്വാലകള്‍, ധൂമധൂളികള്‍ എന്നിവ തട്ടി ക്ഷതപ്പെടല്, (7) താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങള്‍.
പക്ഷേ എല്ലാ ഗുണങ്ങളും തികഞ്ഞ ഉച്ചതാപസഹപദാര്ഥങ്ങള് ഇല്ലെന്നുതന്നെ പറയാം. ആകയാല്‍ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉച്ചതാപസഹങ്ങളെ തെരഞ്ഞെടുക്കുകയാണ് സാധാരണ പതിവ്. ചൂളയ്ക്കകത്തു നടക്കുവാനിടയുള്ള രാസമാറ്റങ്ങളെ പ്രത്യേകം പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പു നടത്തേണ്ടത്. ഉദാഹരണമായി ബേസികങ്ങളായ (basic)പദാര്‍ഥങ്ങള്‍ വച്ചു ചൂടാക്കുന്നതിന് മണല്‍ മുതലായ അസിഡിക ഉച്ചതാപസഹങ്ങള് കൊണ്ടു നിര്‍മിച്ച ചൂളകള്‍ പറ്റുകയില്ല. മറിച്ചായാലും ശരിയാവുകയില്ല. രണ്ടും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് ഉച്ചതാപസഹത്വം രണ്ടിനെക്കാളും കുറഞ്ഞ പുതിയ ലവണമുണ്ടാക്കും എന്നതാണ് കാരണം. സാധാരണയായി വ്യവസായശാലകളിലും ലോഹനിഷ്കര്ഷണച്ചൂളകളിലും മറ്റും കൈകാര്യം ചെയ്യേണ്ടിവരുന്ന താപനില540oC മുതല്‍ 2200oC വരെ ആയിരിക്കും. ഇക്കാര്യവും ഉച്ചതാപസഹപദാര്ഥങ്ങളുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ സംഗതിയാണ്. ആവശ്യമനുസരിച്ചുള്ള വലുപ്പത്തില്‍ ഇഷ്ടികാരൂപത്തിലും ചരല്പ്രായത്തിലും പൊടിച്ച അവസ്ഥയിലും ഉച്ചതാപസഹങ്ങള് ലഭ്യമാണ്. ഉച്ചതാപസഹങ്ങളെ അസിഡികങ്ങള്, ബേസികങ്ങള്, ഉദാസീനങ്ങള്‍ എന്നിങ്ങനെ മൂന്നായി വര്‍ഗീകരിക്കാറുണ്ട്. തീക്കല്ല്, സ്ഫടികക്കല്ല്, മണല്‍ക്കല്ല്, ഗാനിസ്റ്റര് മുതലായ പല രൂപത്തിലുള്ള സിലിക്കകള്‍ അസിഡികങ്ങളാണ്; ബോക്സൈറ്റ്, ചുച്ചാമ്പുകല്ല്, മഗ്നീഷ്യ, സിര്‍ക്കോണിയ മുതലായ ഖനിജങ്ങള്‍ ബേസികങ്ങളാണ്; ക്രാമൈറ്റ്, ഗ്രാഫൈറ്റ്, പ്ലംബാഗോ, കാര്‍ബണ്‍ എന്നിവ ഉദാസീനങ്ങളും. ഉച്ചതാപസഹമായി കാര്‍ബണ്‍ ഉപയോഗിക്കുമ്പോള്‍ ഓക്സിജന്‍ സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. മാഗ്നസൈറ്റ്, ഡോളമൈറ്റ് എന്നീ ഖനിജങ്ങള്‍ ഏറ്റവും പ്രചാരത്തിലുള്ള ഉച്ചതാപസഹങ്ങളാണ്. അതുപോലെതന്നെയാണ് ഫയര്‍ക്ലേ, ക്വാര്‍ട്സൈറ്റ് എന്നിവയും. ഇരുമ്പ്, ചെമ്പ്, അലുമിനിയം മുതലായ ലോഹങ്ങളുടെ നിഷ്കര്‍ഷണം; ഗ്ലാസ്, പോര്‍ട്ട്ലന്‍ഡ് സിമന്റ്, പോര്സലേന് മുതലായവയുടെ നിര്‍മാണം; ആവിശക്തികൊണ്ട് വിദ്യുച്ഛക്തിയുടെ ഉത്പാദനം എന്നീ രംഗങ്ങളില്‍ ഉച്ചതാപസഹങ്ങളുടെ ഉപയോഗം അനുപേക്ഷണീയമാണ്.
അണുശക്തിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളില്‍ രാസപരമായും ഭൗതികപരമായും നല്ല സ്ഥിരതയുള്ള ഓക്സൈഡുകള്‍, സള്‍ഫൈറ്റുകള്‍, നൈട്രഡുകള് മുതലായ പ്രത്യേക നിര്‍മിതങ്ങളായ ഉച്ചതാപസഹങ്ങള് പ്രയോജനപ്പെടുത്തിവരുന്നു.