This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ജങ്‌ഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ജങ്‌ഷന്‍

Injunction

ഒരു കൃത്യം ചെയ്യാനോ ചെയ്യാതിരിക്കാനോ കോടതി സ്വവിവേകം ഉപയോഗിച്ച്‌ ഒരു കക്ഷിക്ക്‌ കൊടുക്കുന്ന ഉത്തരവ്‌. അങ്ങനെ ചെയ്യുന്ന കൃത്യം ഒരു കുറ്റകൃതിമായിക്കൊള്ളണമെന്നില്ല. ഇന്‍ജങ്‌ഷന്‍ താത്‌കാലികം(temporary), അതായത്‌ ഒരന്യായം നിലവിലുള്ള കാലത്തേക്കുമാത്രമാകാം. കൂടാതെ ഒരു ഹർജിമൂലം ഇന്‍ജങ്‌ഷന്‌ അപേക്ഷിക്കുന്ന ആളുടെ വാദംമാത്രം കേട്ട്‌ എതിർകക്ഷിക്ക്‌ നോട്ടീസയയ്‌ക്കുമ്പോള്‍ എതിർകക്ഷിയുടെ വാദം കേള്‍ക്കുന്നതിനുമുമ്പുതന്നെ താത്‌കാലികമായി ഒരു കൃത്യം ചെയ്യുന്നതിൽനിന്ന്‌ അയാളെ വിലക്കാവുന്നതുമാണ്‌. ഇക്കാര്യത്തിൽ അപേക്ഷകന്റെ കേസ്‌ പ്രഥമദൃഷ്‌ട്യാബലമുള്ളതാണോ അല്ലയോ എന്നും, ഇന്‍ജങ്‌ഷന്‍ നല്‌കുന്നത്‌ ആ സാഹചര്യത്തിൽ ഏതുകക്ഷികള്‍ക്ക്‌ ഏറ്റവും കുറഞ്ഞ അസൗകര്യത്തോടുകൂടി, ഒടുവിൽ വിജയിക്കുന്ന കക്ഷിക്ക്‌ അയാള്‍ക്കു കിട്ടുന്ന വിധിയുടെ ഗുണം അനുഭവിക്കാറാകുന്നത്‌ ഏതുത്തരവു പാസ്സാക്കിയാലാണെന്നുമുള്ളതാണ്‌ പ്രധാന പരിഗണനകള്‍. അതിന്‌ ഇടക്കാല ഇന്‍ജങ്‌ഷന്‍ എന്നു പറയുന്നു. അങ്ങനെയുള്ള എതിർകക്ഷിക്ക്‌ കോടതിയിൽ ഹാജരായി ആ ഇന്‍ജങ്‌ഷനെതിരായി കാരണം കാണിക്കാവുന്നതും കോടതിക്ക്‌ യുക്തമെന്ന്‌ തോന്നുന്നുവെങ്കിൽ ആ ഉത്തരവ്‌ റദ്ദുചെയ്യാവുന്നതുമാണ്‌; റദ്ദുചെയ്യുന്നില്ലെങ്കിൽ ആ അന്യായം തീർപ്പാകുന്നതുവരെ അത്‌ പ്രാബല്യത്തിൽ നിർത്താവുന്നതാണ്‌. ഇങ്ങനെ ഇന്‍ജങ്‌ഷന്‍ നല്‌കുമ്പോഴും റദ്ദുചെയ്യുമ്പോഴും സോപാധികമാക്കാന്‍ കോടതിക്കധികാരമുണ്ട്‌. ഇന്ത്യന്‍ സിവിൽ നടപടിനിയമമനുസരിച്ച്‌ ഇന്‍ജങ്‌ഷന്‍ നല്‌കാമെന്നുള്ളതിനു പുറമേ, ശാശ്വതമായ ഇന്‍ജങ്‌ഷന്‍മൂലം ഒരു കക്ഷി ഒരു കൃത്യം ചെയ്യുന്നത്‌ വിലക്കുകയോ, ഒരു കൃത്യം ചെയ്യാന്‍ അയാളോട്‌ ആജ്ഞാപിക്കുകയോ ചെയ്യാവുന്നതുമാണ്‌. അങ്ങനെയുള്ള ആജ്ഞ ചെയ്യാതിരിക്കുന്നതിൽനിന്ന്‌ വിലക്കുന്ന രൂപത്തിലുള്ളതായിരിക്കും. പരിരക്ഷിക്കേണ്ട അവകാശം സുവ്യക്തവും അസന്ദിഗ്‌ധവും ആയിരിക്കുന്നിടത്തേ കോടതികള്‍ ഇന്‍ജങ്‌ഷന്‍ നല്‌കുകയുള്ളൂ. സംശയാസ്‌പദമായ അവകാശത്തിന്റെ സംരക്ഷണത്തിനോ, അങ്ങനെ രക്ഷിക്കാതിരുന്നാൽ അപേക്ഷകന്‌ വലിയ നാശനഷ്‌ടങ്ങള്‍ സംഭവിക്കാത്ത സംഗതികള്‍ക്കോ തിടുക്കമില്ലാത്ത കാര്യങ്ങള്‍ക്കോ താത്‌കാലിക-ഇടക്കാല ഇന്‍ജങ്‌ഷന്‍ നല്‌കുന്നതല്ല; കൂടാതെ സംഭവിച്ചേക്കാവുന്ന ക്ഷതി കാര്യമായതും മറ്റു തരത്തിൽ പരിഹരിക്കപ്പെടാന്‍ കഴിയാത്തതുമായിരിക്കണം; അതായത്‌ ഇന്‍ജങ്‌ഷന്‍ മറ്റുതരത്തിൽ അപരിഹാര്യമായ നഷ്‌ടം സംഭവിപ്പിക്കുന്നതിനെതിരെ ഉപയോഗിക്കാനുള്ള ഒരു നടപടിയാണ്‌. ആ പരിഹാരം തേടിവരുന്ന കക്ഷിയുടെ കൈ ശുദ്ധമായിരിക്കണം. ഏതെങ്കിലും ന്യായരഹിതമായ കൃത്യംകൊണ്ടോ പെരുമാറ്റംകൊണ്ടോ മലിനമാക്കപ്പെട്ടതാകരുത്‌. ഒരു കക്ഷിയെ ഒരു കൃത്യം ചെയ്യുന്നതിൽനിന്ന്‌ വിലക്കുന്ന ഇന്‍ജങ്‌ഷന്‌ നിരോധക (prohibitory) ഇന്‍ജങ്‌ഷന്‍ എന്നും ഒരു കൃത്യം ചെയ്യുവാന്‍ ആജ്ഞാപിക്കുന്ന ഇന്‍ജങ്‌ഷന്‌ ആജ്ഞാപക ഇന്‍ജങ്‌ഷന്‍ (mandatory) എന്നും പേർ പറയുന്നു. ഇന്‍ജങ്‌ഷന്‍ നിരോധിക്കേണ്ട പല സംഗതികളും പ്രത്യേകനിവൃത്തി ആക്‌റ്റിൽ (Specific Relief Act, 1964)എടുത്തു പറഞ്ഞിട്ടുണ്ട്‌.

ആദ്യാധികാരിതയോ അപ്പീൽ-റിവിഷന്‍ അധികാരിതയോ ഉള്ള ഏതൊരു സിവിൽക്കോടതിക്കും ഇന്‍ജങ്‌ഷന്‍ ഉത്തരവ്‌ നല്‌കാന്‍ അധികാരമുണ്ട്‌. ഇന്‍ജങ്‌ഷന്‍ ഉത്തരവ്‌ ലംഘിക്കുന്നതു കോടതി അലക്ഷ്യക്കുറ്റമാണ്‌. അതിന്‌ നടപടിയെടുത്തു ശിക്ഷിക്കാവുന്നതുമാണ്‌. ഇന്‍ജങ്‌ഷന്‍ ഉത്തരവ്‌ പുറപ്പെടുവിച്ച കോടതിക്കുതന്നെ ലംഘനത്തിന്‌ എതിർകക്ഷിയെ ജയിലിലടയ്‌ക്കുവാനും എതിർകക്ഷിയുടെ വസ്‌തുവകകള്‍ ജപ്‌തി ചെയ്യുവാനും അധികാരമുണ്ട്‌.

(എ. മാധവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍