This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദ്രിയങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്ദ്രിയങ്ങള്‍
ബാഹ്യമായ സംവേദനങ്ങളെ സ്വീകരിക്കുന്നതിനായി ഒരു ജീവിയെ പ്രാപ്തമാക്കുന്ന അവയവങ്ങള്‍. ഒരു ജീവിക്ക് അനുഭവപ്പെടുന്ന സംവേദനങ്ങള്‍ പലതാണ്. ദൃശ്യ ശ്രാവ്യ രുചി ഗന്ധ സ്പര്ശനാനുഭവങ്ങളെ സ്വീകരിക്കുന്ന അവയവങ്ങളാണ് ഇന്ദ്രിയങ്ങള്‍. സംവേദനങ്ങള്ക്കനുസൃതമായി ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ജീവികളുടെ നാഡീവ്യൂഹമാണ്. അകശേരുകികളില്‍, ഇന്ദ്രിയഘടന കശേരുകികളുടേതിന് സമാനമാണെങ്കിലും അവയുടെ ഘടനയും പ്രവര്‍ത്തനരീതിയും താരതമ്യേന ലഘുവാണ്. ഉദാഹരണമായി "കാഴ്ച'യില്‍ പ്രകാശ-വൈദ്യുത ഊര്‍ജങ്ങള്‍ തമ്മിലുള്ള പരിവര്‍ത്തനത്തിന് ദൃശ്യവര്‍ണകം (Visual pigment) അത്യാവശ്യമാണ്. ഓരോ സ്പീഷീസിലും കണ്ണിന്റെ ഘടനയിലും വലുപ്പത്തിലുമെല്ലാം വ്യത്യാസമുണ്ടെങ്കിലും ഈ വര്‍ണകം കാഴ്ചയുള്ള എല്ലാ ജീവികളിലും സമാനമാണ്. ചില പ്രാണികള്‍ ശബ്ദം തിരിച്ചറിയുന്നത് അവയുടെ ശരീരോപരിതലത്തിലുള്ള, രോമങ്ങളുടെ കമ്പനംമൂലമാണ്. മത്സ്യങ്ങളിലും ഉഭയജീവികളും ജലപ്രവാഹത്തിന്റെ ഗതിയും മര്‍ദവും തിരിച്ചറിയുന്നത് ലാറ്റെറല്ലൈന് റിസപ്റ്ററുകള്‍ എന്ന സ്വീകാരി കോശങ്ങള്‍ വഴിയാണ്. സമുദ്രത്തിലെ ഭൂരിഭാഗം അകശേരുകികളിലും, ശബ്ദം അല്ലെങ്കില്‍ കമ്പനം സ്വീകരിക്കാന്‍ കോര്ഡോടോണല് (Chordotonal) അവയവങ്ങള്‍ സഹായിക്കുന്നു.
ഇന്ദ്രിയങ്ങള്‍ മനുഷ്യരില്‍. ശരീരക്രിയാപരമായും ഘടനാപരമായും സങ്കീര്‍ണമായ ജീവികളില്‍ സംവേദനങ്ങളുടെ (senses) നിര്‍വചന വിപുലത അനുസരിച്ച് ഇന്ദ്രിയങ്ങളുടെ എണ്ണം കൃത്യമായി പറയുക അസാധ്യമാണ്. എന്നാല്‍ പൊതുവേ കണ്ണ്, ചെവി, നാവ്, മൂക്ക്, ത്വക്ക് എന്നീ അവയവങ്ങളെയാണ് പഞ്ചേന്ദ്രിയങ്ങള്‍ എന്ന സംജ്ഞയിലൂടെ നാം വിവക്ഷിക്കുന്നത്. ഒരു ഇന്ദ്രിയ വ്യവസ്ഥയ്ക്ക് പരിവര്‍ത്തനം, വിനിമയം, വിശകലനം എന്നീ മൂന്ന് വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന 3 ഘടകങ്ങള്‍ ഉണ്ടായിരിക്കും. ഇന്ദ്രിയങ്ങള്‍ സ്വീകരിക്കുന്ന ബാഹ്യചോദനകളെ അനുഭവവേദ്യരൂപത്തിലാക്കുന്നത് വിവിധ നാഡീകോശങ്ങളാണ്. ഉദാഹരണത്തിന് പ്രകാശത്തെ കണ്ണിലെ പ്രകാശ സ്വീകാരികോശങ്ങള്‍ സ്വീകരിക്കുകയും സംവേദന നാഡീകോശങ്ങള്‍ അവയെ ആവേഗങ്ങളാക്കി പരിവര്‍ത്തിപ്പിച്ച് മസ്തിഷകത്തിലെ കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗത്തെത്തിക്കുകയും ചെയ്യുന്നു. മസ്തിഷ്കം സംവേദനത്തെ സമഗ്രമായി അപഗ്രഥിച്ച് വസ്തുവിന്റെ ദൃശ്യം, ചാലക ന്യൂറോണുകള്‍ വഴി തിരികെ കണ്ണുകളിലെത്തിച്ച് കാഴ്ച അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. 1826-ല്‍ ജോഹന്നാസ് മൂള്ളര്‍ മുന്നോട്ടുവച്ച സവിശേഷനാഡീ ഊര്‍ജ (Specific Nerve Energy) സിദ്ധാന്തമനുസരിച്ച് ഉത്തേജിതമാകുന്ന നാഡി ഏത് എന്നതിനെ ആശ്രയിച്ചാണ് ഒരു ഇന്ദ്രിയാനുഭവം ഉണ്ടാകുന്നത്. എപ്രകാരമാണ് ഉത്തേജനം ഉണ്ടാകുന്നത് എന്നത് തികച്ചും അപ്രസക്തവുമാണ്.
പഞ്ചേന്ദ്രിയങ്ങളുടെ സംക്ഷിപ്ത വിവരണം ചുവടെ ചേര്‍ത്തിരിക്കുന്നു.
നേത്രം. ദൃശ്യ പ്രകാശത്തിലെ വൈദ്യുതകാന്തിക തരംഗങ്ങളെ തിരിച്ചറിയാനും അവയെ യഥാര്‍ഥ ദൃശ്യമാക്കി മാറ്റാനുമുള്ള നേത്രത്തിന്റെ കഴിവാണ് കാഴ്ച. മനുഷ്യ നേത്രത്തെ പ്രധാനമായും നേത്രഭിത്തി, അറകള്‍, ലെന്‍സ് എന്നീങ്ങനെ 3 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നേത്രഭിത്തിയിലെ ദൃഷ്ടിപടലത്തിലാണ് പ്രകാശ സംവേദന കോശങ്ങളും നാഡീകോശങ്ങളുമുള്ളത്. മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്ന റോഡ് കോശങ്ങളും തെളിഞ്ഞ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളുമുണ്ട്. ഇവ പ്രകാശത്തെ ആവേഗങ്ങളായി പരിവര്‍ത്തിപ്പിച്ച് നേത്രനാഡിയിലെത്തിക്കുന്നു. നേത്ര നാഡിയിലൂടെ ആവേഗങ്ങള്‍ മസ്തിഷ്കത്തിലെ ഓക്സിപിറ്റല്‍ ലോബ് എന്ന ഭാഗത്തെത്തുകയും കാഴ്ച സാധ്യമാവുകയും ചെയ്യുന്നു. നോ. നേത്രം
ചെവി. ശബ്ദ തരംഗങ്ങളെ സ്വീകരിച്ച് അവയെ തിരിച്ചറിയുകയാണ് ചെവിയുടെ ധര്‍മം. മനുഷ്യകര്‍ണത്തിന് ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരകര്‍ണം എന്നീ മൂന്ന് ഭാഗങ്ങളുണ്ട്. ബാഹ്യകര്‍ണത്തിലൂടെ ഉള്ളില്‍ കടക്കുന്ന ശബ്ദവീചികള്‍ കര്‍ണനാളിയിലൂടെ കര്‍ണപടത്തില്‍(ear drum) എത്തിച്ചേരുന്നു. കര്‍ണനാളിയുടെ ഉള്ളിലെ മര്‍ദത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ കര്‍ണപടത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. മധ്യകര്‍ണത്തിലെ മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ് എന്നീ അസ്ഥിശകലങ്ങള്‍ ഈ പ്രകമ്പനങ്ങളെ ആന്തരിക കര്‍ണത്തിലേക്ക് ആവാഹിച്ചെത്തിക്കുന്നു. ഇത് ആന്തര കര്‍ണത്തിലെ ഓര്‍ഗന്‍ ഓഫ് കോര്ട്ടൈ എന്ന ഭാഗത്തെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി സൃഷ്ടിക്കപ്പെടുന്ന ആവേഗങ്ങള്‍, വെസ്റ്റിബ്യുലോകോക്ലിയാര് നാഡി വഴി മസ്തിഷകത്തിലെ ശ്രവണ കേന്ദ്രത്തിലെത്തുകയും ശബ്ദം തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. മൂക്ക്. അന്തരീക്ഷത്തിലുള്ള ഗന്ധവുമായി ബന്ധപ്പെട്ട രാസതന്മാത്രകള് നാസികാസ്തരത്തിലെ ദ്രാവകത്തില്‍ ലയിക്കുന്നു. ഈ രാസതന്മാത്രകള്, ഓള്‍ഫാക്ടറി എപ്പിത്തീലിയ സ്തരത്തിലെ ഗന്ധസ്വീകാരികളെ ഉത്തേജിപ്പിക്കുന്നു. ഇവ മസ്തിഷ്കത്തിലെ ഘ്രാണകേന്ദ്രത്തിലെത്തി അപഗ്രഥിക്കപ്പെടുമ്പോഴാണ് നാം ഗന്ധം തിരിച്ചറിയുന്നത്.
നാവ്. രുചി എന്ന സംവേദനം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് നാവ്. മനുഷ്യന്റെ നാവിന് ഓറല്‍, ഫാരിഞ്ചല്‍ എന്ന് രണ്ട് ഭാഗങ്ങളുണ്ട്. തൊണ്ടയിലേക്ക് നീളുന്നതാണ് ഫാരിഞ്ചല്‍ഭാഗം. നാവിന്റെ മുകള്ഭാഗം പാപ്പില്ലകള്‍ എന്നറിയപ്പെടുന്ന ചെറിയ, എഴുന്നു നില്ക്കുന്ന ഭാഗങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. പാപ്പില്ലകളിലാണ് സ്വാദ് മുകുളങ്ങളും ഉമിനീര്‍ഗ്രന്ഥികളും സ്ഥിതി ചെയ്യുന്നത്. സ്വാദ് മുകുളങ്ങള്‍, റിസപ്റ്റര്‍ കോശങ്ങളായി വര്‍ത്തിക്കുന്നു. ഇവ കയ്പ്, പുളി, മധുരം, ഉപ്പ് എന്നീ രുചികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഗ്ലോസ്സോ ഫാരിഞ്ചിയല് നാഡി വഴിയാണ് ഈ സംവേദനങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നത്. നോ. നാവ്
ത്വക്ക്. സ്പര്‍ശനം അനുഭവവേദ്യമാകുന്ന ഇന്ദ്രിയമാണ് ത്വക്ക്. മനുഷ്യരുടെ ത്വക്കിന് പ്രധാനമായും 3 ഭാഗങ്ങളാണുള്ളത്; എപ്പിഡെര്‍മിസ് (ബാഹ്യചര്‍മം), ഡെര്‍മിസ്, ഹൈപ്പോ ഡെര്‍മിസ്. ബാഹ്യചര്മത്തിലാണ് ത്വക്കിനു നിറം നല്കുന്ന മെലാനിന്‍ കോശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഫൈബ്രസ് പ്രോട്ടീനുകളായ കൊലാജനും ഇലാസ്റ്റിനുമാണ് ഡെര്‍മിസിന്റെ പ്രധാന ഘടകങ്ങള്‍. രോമപുടം, നാഡികള്‍, സ്വേദഗ്രന്ഥികള്‍, സംവേദനഗ്രാഹികള്‍, പേശികള്‍ തുടങ്ങിയവ ഡെര്മിസിലാണുള്ളത്. താപം, സ്പര്‍ശം, മര്‍ദം, വേദന തുടങ്ങിയവ തിരിച്ചറിയാന്‍ സംവേദന ഗ്രാഹികള്‍ സഹായിക്കുന്നു. ശരീരത്തിലെ താപനിയന്ത്രണത്തിലും ത്വക്ക് പ്രധാന പങ്ക് വഹിക്കുന്നു. നോ. ചര്‍മം
മനുഷ്യരെ അപേക്ഷിച്ച് ചില ജന്തുക്കള്‍ക്ക് സംവേദനക്ഷമത വളരെ കൂടുതലായിരിക്കും. ഉദാഹരണമായി നായയുടെ ഘ്രാണശേഷി; ഇന്‍ഫ്രാറെഡ് പ്രകാശത്തെ തിരിച്ചറിയാനുള്ള പാമ്പുകളുടെ ശേഷി മുതലായവ. ചിലയിനം മത്സ്യങ്ങള്‍ക്കും സ്രാവുകള്‍ക്കും അവയുടെ ചുറ്റുപാടിലെ വൈദ്യുതമണ്ഡലത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇന്ദ്രിയങ്ങളുണ്ട്. പ്ലാറ്റിപ്പസിനും ഇത്തരത്തില്‍ വൈദ്യുതമണ്ഡലങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇലക്ട്രോറിസപ്റ്ററുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ദ്രിയങ്ങള്‍-ഭാരതീയ ദര്‍ശനം. ഇന്ദ്രിയശബ്ദത്തിനു പ്രസിദ്ധമായ അര്‍ഥം ആത്മാവിന്റെ അടയാളം എന്നാണ്. (ഇന്ദ്രിയമിന്ദ്രലിംഗം; ഇന്ദ്രന്-ജീവാത്മാവ്-ശരീരത്തിലുണ്ടെന്നതിനു തെളിവായിട്ടുള്ളതേതോ അത് ഇന്ദ്രിയം). ജീവികള്‍ക്ക് വിഷയങ്ങളെപ്പറ്റി ജ്ഞാനമുണ്ടാകുക, ആ ജ്ഞാനത്തിനനുസരിച്ച് പ്രതികരണമുളവാക്കുക-ഈ രണ്ടിനും അത്യന്താപേക്ഷിതങ്ങളാണ് ഇന്ദ്രിയങ്ങള്‍. അര്‍ഥം (ഇന്ദ്രിയാര്‍ഥങ്ങള്‍), ഇന്ദ്രിയം, മനസ്, ആത്മാവ് എന്നീ നാലു ഘടകങ്ങള്‍ ചേരുമ്പോഴേ വിഷയജ്ഞാനമുണ്ടാകുന്നുള്ളൂ എന്നാണ് പ്രാചീനഭാരതീയ ദാര്‍ശനികമതം.
ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും. നിത്യനും നിര്‍വികാരനുമായ ആത്മാവ് മറ്റുള്ളവയോടുള്ള സംയോഗംകൊണ്ട് സര്വശരീരവ്യാപാരങ്ങളുടെയും സാക്ഷിയായും ഭോക്താവായും വര്‍ത്തിക്കുന്നു. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിങ്ങനെ അര്ഥത്തിന് (വിഷയങ്ങള്‍ക്ക്) അഞ്ചു മൗലികവിഭാഗങ്ങള് കല്പിച്ചിരിക്കുന്നു. ഈ അഞ്ചു രൂപത്തിലാണ് ബാഹ്യപ്രപഞ്ചത്തെപ്പറ്റിയുള്ള അനുഭവം ജീവികള്‍ക്കുണ്ടാകുന്നത്. യഥാക്രമം ശ്രോത്രം, ത്വക്ക്, ചക്ഷുസ്സ്, രസന, ഘ്രാണം, (ചെവി, തൊലി, കണ്ണ്, നാവ്, മൂക്ക്) എന്നിവ വഴിക്കാണ് ഈ വിഷയങ്ങള്‍ ആദ്യം ശരീരവുമായി ബന്ധപ്പെടുന്നത്. അതുകൊണ്ട് ഇവയെ പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍ എന്നു വിളിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് മനസ്സുമായുണ്ടാകുന്ന യോഗത്തിനുശേഷമേ വസ്തുബോധം ഉണ്ടാകുന്നുള്ളൂ. വസ്തുവെ വിവേചിച്ചറിയാനുള്ള ശക്തി മനസ്സിലാണ് വര്‍ത്തിക്കുന്നത്. അദ്വൈതികളുടെ അന്തരിന്ദ്രിയമാകുന്ന അന്തഃകരണത്തിന്റെ നാലു വിഭാഗങ്ങളിലൊന്നാണ് മനസ്. മനസ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിങ്ങനെ നാലുതലത്തില്‍ അന്തഃകരണം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ആയുര്വേദാചാര്യന്മാര് മനസ്സിനെ മറ്റൊരു ഇന്ദ്രിയമായി കല്പിച്ചിട്ടില്ല.
ബാഹ്യവിഷയങ്ങളില്‍നിന്ന് ഇന്ദ്രിയങ്ങള്‍വഴി ലഭിക്കുന്ന പ്രചോദനങ്ങളെ വിവേചിച്ചറിഞ്ഞ് അതിനുചിതമായ പ്രതികരണം മസ്തിഷ്കകേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നു. അതിനെ പ്രവൃത്തിരൂപത്തില്‍ സ്പഷ്ടമാക്കുന്നത് പ്രധാനമായി വാക്ക്, പാണി, പാദം, പായു, ഉപസ്ഥം (ചൊല്ല്, കൈ, കാല്, ഗുദം, ജനനേന്ദ്രിയം) എന്നിവയാണ്; അതുകൊണ്ട് ഇവയെ പഞ്ചകര്‍മേന്ദ്രിയങ്ങള്‍ എന്നു വിളിക്കുന്നു.
ഇന്ദ്രിയാസ്പദങ്ങള്. കര്‍മേന്ദ്രിയങ്ങള്‍ക്കും വേദാന്തദര്ശനത്തിലുള്ള അന്തരിന്ദ്രിയങ്ങള്ക്കും നിയന്താക്കളായ അധിഷ്ഠാനദേവതകളെ ഋഷിമാര്‍ കല്പിച്ചിട്ടുണ്ട്. കണ്ണിന് സൂര്യന്, കാതിന് ദിക്കുകള്‍, മൂക്കിന് അശ്വിനീദേവകള്‍, നാവിന് പ്രചേതസ്, ത്വക്കിന് വായു, ശബ്ദത്തിന് അഗ്നി, കൈക്ക് ഇന്ദ്രന്, പാദത്തിനും ചിത്തത്തിനും വിഷ്ണു, ഗുദത്തിന് മിത്രന്, ഉപസ്ഥത്തിന് പ്രജാപതി, മനസ്സിന് ചന്ദ്രന്, ബുദ്ധിക്ക് ബ്രഹ്മന്‍, അഹങ്കാരത്തിന് ശിവന് എന്നീ രീതിയിലാണ് ന്യായദര്ശനങ്ങളുടെ ദേവതാ കല്പന. ഓരോ ഇന്ദ്രിയത്തിനും പ്രത്യേക ബന്ധമുള്ള ഭൂതദ്രവ്യങ്ങളില് മൂക്കിനു ഭൂമിയും നാക്കിനു ജലവും കണ്ണിന് തേജസ്സും (അഗ്നി) ത്വക്കിന് വായുവും ചെവിക്ക് ആകാശവുമാണ് ആസ്പദങ്ങള്‍.
ഇന്ദ്രിയം എന്ന പദം മലയാളഭാഷയില്‍ ശുക്ലം (semen) എന്ന അര്‍ഥത്തിലും പ്രയോഗിച്ചുവരുന്നു; ഈ വിവക്ഷയിലാണ് "ഇന്ദ്രിയസ്ഖലനം' എന്ന ശൈലി പ്രചാരത്തില്‍ വന്നത്. അഞ്ച് എന്ന അക്കത്തിന്റെ പര്യായമായും സംസ്കൃതത്തില്‍ "ഇന്ദ്രിയം' പ്രയോഗിക്കപ്പെടുന്നു.
(ഡോ. പി.ആര്. വാര്യര്‍; സ.പ.)