This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌

ISI

കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌

സാംഖ്യിക ശാസ്‌ത്രം സൈദ്ധാന്തികരംഗത്തും പ്രായോഗികരംഗത്തും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന പൊതുസ്ഥാപനം. പ്രൊഫ. പി.സി. മഹലാനോബിസ്‌ (1893-1972) ആണ്‌ ഇതിന്റെ സ്ഥാപകന്‍. 1941-ല്‍ കല്‍ക്കത്താസര്‍വകലാശാല ഇവിടെ ബിരുദാനന്തരപഠനം ഏര്‍പ്പെടുത്തി. 1959-ല്‍ സാംഖ്യികശാസ്‌ത്രത്തില്‍ ബിരുദങ്ങള്‍ നല്‌കാന്‍ അധികാരമുള്ള ഒരു സ്ഥാപനമായി ഇത്‌ അംഗീകരിക്കപ്പെടുകയും ഒരു സര്‍വകലാശാലയുടെ പദവിയിലേക്കുയര്‍ത്തപ്പെടുകയും ചെയ്‌തു. 1960 മുതല്‍ ഈ സ്ഥാപനം സാംഖ്യിക ശാസ്‌ത്രത്തില്‍ എല്ലാ ബിരുദങ്ങളും നല്‌കിവരുന്നു. ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം, പദ്ധതിപ്രവര്‍ത്തനങ്ങള്‍, സ്ഥിതിവിവരദത്തസമ്പാദനം എന്നിവയെല്ലാം ദേശീയാസൂത്രണാവശ്യങ്ങള്‍ക്കു വേണ്ടിയാണ്‌ ഇവിടെ നടത്തുന്നത്‌.

ഇന്‍സ്റ്റിറ്റ്യൂട്ട്‌ കാലാവസ്ഥാശാസ്‌ത്രപഠനങ്ങള്‍ക്ക്‌പ്രത്യേക പരിഗണന നല്‌കി വരുന്നു. ബംഗാള്‍-ഒഡിഷ പ്രദേശങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുവാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയത്‌ ഈ സ്ഥാപനമാണ്‌. ദാമോദര്‍വാലി കോര്‍പ്പറേഷനും ഹിരാകുഡ്‌ അണക്കെട്ടും രൂപംകൊണ്ടത്‌ ഇതിന്റെ ഫലമായിട്ടായിരുന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധ സ്ഥിതിവിവരശാസ്‌ത്രജ്ഞനായ ആര്‍.എ. ഫിഷറുമായി സഹകരിച്ച്‌ കാര്‍ഷികപഠനങ്ങളും നടത്തിയിട്ടുണ്ട്‌. ഫിഷറുടെ ഗവേഷണഫലങ്ങള്‍ (Design of Experiments)യു.കെ. കഴിഞ്ഞാല്‍ ആദ്യമായി പ്രാവര്‍ത്തികമാക്കിയത്‌ ഇന്ത്യയിലാണ്‌. ബഹുചരവിശ്ലേഷണം (Multivariate Analysis) എന്ന സൈദ്ധാന്തികശാഖയിലേക്ക്‌ കനത്ത സംഭാവനകള്‍ (ഉദാ. മഹലാനോബിസ്‌ D2സാംഖ്യികം) ഈ സ്ഥാപനം നല്‌കിയിട്ടുണ്ട്‌.

രണ്ടാം ലോകയുദ്ധകാലത്താണ്‌ ജനസംഖ്യാശാസ്‌ത്രം (Demography) പ്രധാന പഠനവിഷയമായി ഇവിടെ ആരംഭിച്ചത്‌. ആകലനവും വിതരണവും (estimation and distribution) സംബന്ധിച്ച പഠനങ്ങള്‍ക്കു പ്രാധാന്യം നല്‌കിയ ഈ സ്ഥാപനത്തിന്റെ സഹായത്തോടെയാണ്‌ 1950-ല്‍ കേന്ദ്രഗവണ്‍മെന്റ്‌ "നാഷണല്‍ സാമ്പിള്‍ സര്‍വേ' ആരംഭിച്ചതും 1953-ല്‍ സാംഖ്യിക ഗുണനിയന്ത്രണം (Statistical Quality Control) ഏര്‍പ്പെടുത്തിയതും. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടു കൂടിയാണ്‌ ആസൂത്രണക്കമ്മിഷന്‍ ഇന്ത്യയില്‍ ആസൂത്രണത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌. ഈ സ്ഥാപനത്തിനു കീഴില്‍ ഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേസ്‌പൂര്‍ എന്നിവിടങ്ങളിലായി 4 പ്രാദേശിക കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍