This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇത്തി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇത്തി
ആല്‍വര്‍ഗത്തില്‍പ്പെട്ട ഒരു വൃക്ഷം. ശാസ്‌ത്രനാമം ഫൈക്കസ് ഗിബ്ബോസ (Ficus gibbosa). ഇന്ത്യയില്‍ കിഴക്കന്‍ ഹിമാലയസാനുക്കള്‍, ആസാം, ബീഹാര്‍, നാഗ്‌പൂര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ മലയോരങ്ങളിലും ധാരാളമായി വളരുന്നു. സമുദ്രനിരപ്പില്‍നിന്നും 300 മീ. വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഇതിന്റെ വളര്‍ച്ചയ്‌ക്ക് അനുയോജ്യമാണ്. തൈച്ചെടികള്‍ ചിലപ്പോള്‍ അധിപാദപസസ്യങ്ങളായി കാണാറുണ്ട്. നിബിഡമായ പച്ചിലച്ചാര്‍ത്തുകളോടുകൂടി 30 മീറ്ററോളം പൊക്കംവയ്‌ക്കുന്ന നിത്യഹരിതമായ തണല്‍വൃക്ഷമാണിത്. ഇളംകൊമ്പുകള്‍ മെലിഞ്ഞതും മിനുസമുള്ളതുമാണ്. അവയില്‍ ഉപപര്‍ണങ്ങളുമുണ്ട്. ഇലകള്‍ക്ക് മാവിലകളോട് സാദൃശ്യമുണ്ടെങ്കിലും അവയെക്കാള്‍ ചെറുതാണ്. അവ കൊമ്പില്‍ ഏകാന്തരക്രമത്തിലാണ് കാണപ്പെടുന്നത്. ഇലയ്‌ക്ക് 5-10 സെ.മീ. നീളവും 7 സെ.മീറ്ററോളം വീതിയും കാണും. അഗ്രഭാഗം മുനയില്ലാതെ, അല്‌പം വീതി കുറഞ്ഞിരിക്കും. പത്രവൃന്തത്തിന് കഷ്‌ടിച്ച 4 സെ.മീ. വരെ നീളമേയുള്ളു. ഉറപ്പും മിനുസവുമുള്ള അതിന്റെ അകവശം അല്‌പം കുഴിഞ്ഞിരിക്കും. ഉപപര്‍ണങ്ങളുടെ ഇരുപാര്‍ശ്വവും താഴെനിന്നു മേലോട്ട് എന്ന ക്രമത്തില്‍ ചുരുങ്ങിയിരിക്കുന്നു. ഇലയുടെ ഞെട്ട് തടിയോടുചേരുന്ന ഭാഗത്ത് ഗോളാകൃതിയില്‍ രണ്ടും മൂന്നും ചെറിയ കായ്‌കള്‍ ഉണ്ടാകുന്നു. അവ പക്വമാകുമ്പോള്‍ നിറം മഞ്ഞയായിത്തീരും. എന്നാല്‍ പറയത്തക്ക മണമോ രുചിയോ അവയ്‌ക്ക് ഉണ്ടാവില്ല. തടിയുടെ കാതലിന് അല്‌പം തവിട്ടുകലര്‍ന്ന വെള്ളനിറമാണ്. പ്രായമായ തടിക്ക് നല്ല വച്ചമുണ്ടാകും. എന്നാല്‍ അത് ദാര്‍ഢ്യം കുറഞ്ഞതും വേഗം ദ്രവിച്ചുപോകുന്നതുമാണ്. പുറംതൊലിക്ക് അല്‌പം ഇരുണ്ട ചാരനിറമാണ്. 0.5 സെ.മീ. മുതല്‍ 1.25 സെ.മീ. വരെ കനമുള്ള തോലില്‍ ധാരാളം ശ്വസനരന്ധ്രങ്ങള്‍ കാണപ്പെടുന്നു. പ്രായംകൂടിയ മരത്തില്‍ പുറംതൊലിയുടെ നിറം വിള്ളലുകള്‍കൊണ്ടും പൂപ്പിന്റെ ആക്രമണംകൊണ്ടും നഷ്‌ടപ്പെട്ടുപോകുന്നു. മരത്തിന്റെ വലുപ്പമനസരിച്ച് വേരിനും വലുപ്പംകൂടും. വായവമൂലങ്ങള്‍ കുറവാണ്.
ഇത്തിയുടെ തൊലി ഔഷധത്തിനുപയോഗിക്കുന്നു. "നാല്‌പാമര'ത്തിലും "പഞ്ചവല്‌ക്ക'ത്തിലും ഇത്തി ഒരു ഘടകമാണ്. ശീതവീര്യത്തോടും ചവര്‍പ്പുരസത്തോടും കൂടിയ വല്‌ക്കം ഗുണത്തില്‍ ഗുരുവും രൂക്ഷവുമാണ്. രക്തദോഷം, പിത്തജവികാരങ്ങള്‍, യോനിരോഗങ്ങള്‍, വ്രണം, അതിസാരം, അഗ്നിമാന്ദ്യജന്യമായ നീര്‍ക്കെട്ട്, പ്രദരം എന്നിവയ്‌ക്ക് ഔഷധമായി ഉപയോഗിക്കപ്പെടുന്നു. സ്രാവത്തോടുകൂടിയ വ്രണങ്ങളുടെ പ്രക്ഷാളനത്തിനും ശോധനയ്‌ക്കും ഇത്തിത്തൊലിയിട്ടു പാകമാക്കിയ കഷായവും തൈലവും ഉപയോഗിക്കാറുണ്ട്. കുട്ടികളുടെ കരപ്പനും ചൊറിക്കും ഈ തൈലം ഉപയോഗിക്കുന്നു. സൂതിരോഗങ്ങളില്‍ (പ്രദരം, യോനിരോഗങ്ങള്‍) ഇതിന്റെ കക്ഷായംകൊണ്ട് ഉത്തരവസ്‌തി (douching) പ്രയോഗിക്കാം. വായിലുണ്ടാകുന്ന വിവിധരോഗങ്ങള്‍ക്ക് ഈ കഷായം കവിള്‍ക്കൊള്ളുകയും ചെയ്യാം. ചെറിയ ഇലയോടുകൂടിയ കല്ലിത്തിക്ക് ഗുണം കൂടുതലാണെന്നു കരുതപ്പെടുന്നു.
(ഡോ.പി. എസ്. ശ്യാമളകുമാരി)