This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്കോളജി, മാനവിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇക്കോളജി, മാനവിക

Ecology, human

മനുഷ്യരും പരിതഃസ്ഥിതികളും തമ്മിലുള്ള ബന്ധത്തെസംബന്ധിച്ച ശാസ്‌ത്രീയപഠനം. പ്രത്യേകതരം ജീവജാലങ്ങളെയും അതതിന്റെ പരിസരങ്ങളെയും സംബന്ധിച്ച സസ്യ-ജന്തു-ഇക്കോളജിയുമായി ഇതിനു സാമ്യമുണ്ട്‌.

മാനവിക (ഹ്യൂമന്‍) ഇക്കോളജി (Human Ecology) എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌ 1921-ല്‍ പാര്‍ക്കും ബര്‍ഗസുംചേര്‍ന്ന്‌ എഴുതിയ ആന്‍ ഇന്‍ട്രാഡക്ഷന്‍ റ്റു സോഷ്യോളജി എന്ന പുസ്‌തകത്തിലാണ്‌. സാമൂഹികശാസ്‌ത്രത്തെയാണ്‌ മാനവിക ഇക്കോളജി അവലംബിക്കുന്നതെങ്കിലും നരവംശശാസ്‌ത്രം, ജനസംഖ്യാശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ധനശാസ്‌ത്രം എന്നിവയുമായി അതിനു ബന്ധമുണ്ട്‌.

സവിശേഷതകള്‍. ജീവശാസ്‌ത്രകാരന്മാര്‍ പൊതു ഇക്കോളജിയില്‍ ഉപയോഗിച്ച പല സങ്കല്‌പങ്ങളും ഗവേഷണോപാധികളും മനുഷ്യരെയും അവരുടെ പരിസരങ്ങളെയും കുറിച്ചു പഠിക്കുവാന്‍ സാമൂഹികശാസ്‌ത്രകാരന്മാരും ഉപയോഗിച്ചു. സസ്യ-ജന്തു ഇക്കോളജിയിലെ ജീവശാസ്‌ത്രപരമായ സങ്കല്‌പങ്ങള്‍ സാമൂഹികശാസ്‌ത്രത്തിലേക്കും പകര്‍ത്തപ്പെട്ടപ്പോള്‍ ഇതര ജീവജാലങ്ങളെപ്പോലെ മാനവരാശിയും സ്വതന്ത്രമായ പ്രവര്‍ത്തനപദ്ധതിയോ ആസൂത്രണമോ ഇല്ലാത്ത, പ്രകൃതിയുടെ നൈസര്‍ഗികമായ ഒരു പ്രതിഭാസമാണെന്ന ധാരണയുണ്ടായി. ഇതിന്റെ ഫലമായി പാര്‍ക്ക്‌, ക്വിന്‍ തുടങ്ങിയ ശാസ്‌ത്രകാരന്മാര്‍ മാനവിക ഇക്കോളജിയെ ജീവശാസ്‌ത്രപരമായ വീക്ഷണകോണിലൂടെ വ്യാഖ്യാനിക്കുകയും മനുഷ്യന്റെ സാമൂഹികബന്ധങ്ങളെക്കാളുപരി ജൈവസ്വഭാവങ്ങള്‍ക്കു പ്രാധാന്യം നല്‌കിക്കൊണ്ട്‌ മനുഷ്യരും പരിസരങ്ങളുമായുള്ള ബന്ധം അപഗ്രഥിക്കുകയും ചെയ്‌തു.

ഹ്യൂമന്‍ ഇക്കോളജിയുടെ നാല്‌ അടിസ്ഥാന ഘടകങ്ങളെക്കുറിച്ച്‌ ഡന്‍കന്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ജനസംഖ്യ (population), സമൂഹം (organization) പരിസരം (environment) സാങ്കേതികജ്ഞാനം എന്നിവയില്‍ ഏതെങ്കിലും ഒന്നുമാത്രം പഠനവിഷയമാക്കിയാലും പരസ്‌പരബന്ധമുള്ള മറ്റു ഘടകങ്ങളുടെ സ്വാധീനം വ്യക്തമാകുന്നതാണ്‌. ഈ ഘടകങ്ങള്‍ സ്വതന്ത്രമായവയല്ല. ഹ്യൂമന്‍ ഇക്കോളജിയില്‍ അന്യോന്യബന്ധത്തിനാണ്‌ പ്രാധാന്യമെന്ന്‌ ഡന്‍കന്‍ അഭിപ്രായപ്പെടുന്നു.

ജനസംഖ്യ. അനാദികാലം മുതല്‍ ജനസംഖ്യയും സാമൂഹികക്ഷേമവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുവാന്‍ മനുഷ്യന്‍ ശ്രമിച്ചിട്ടുണ്ട്‌ എട്ടാം ശ.-ത്തിന്റെ അവസാനത്തോടെ യുദ്ധസന്നാഹങ്ങള്‍ക്കും മറ്റുമായി വ്യക്തികളെ എച്ചിത്തിട്ടപ്പെടുത്തുന്ന പതിവ്‌ നിലവില്‍വന്നു. എന്നാല്‍ രാജ്യത്തെ ആകെ ജനങ്ങളുടെ എച്ചം ഒരു നിശ്ചിത കാലയളവിനുശേഷം എച്ചിത്തിട്ടപ്പെടുത്തുന്ന പതിവ്‌- "സെന്‍സസ്‌' സമ്പ്രദായം-ആരംഭിച്ചത്‌ അടുത്തകാലത്തുമാത്രമാണ്‌. ഭൂമുഖത്തെ വിവിധഭാഗങ്ങളില്‍ ജനസാന്ദ്രത വിഭിന്നനിരക്കുകളിലായിരിക്കും. നദീതടങ്ങളിലും നഗരപ്രദേശങ്ങളിലും ജനസാന്ദ്രത കൂടുതലായിരിക്കും. അതിന്റെ പ്രധാനകാരണം കൃഷി ചെയ്യുവാനുള്ള സൗകര്യവും മെച്ചപ്പെട്ട തൊഴില്‍സാധ്യതയുമാണ്‌. അധിവാസങ്ങളുടെ സ്വഭാവം, വാസസ്ഥലങ്ങളുടെ പ്രത്യേകതകള്‍, ജനനമരണനിരക്കുകളിലെ അനുപാതം എന്നീ കാര്യങ്ങള്‍കൂടി ജനസാന്ദ്രത തിട്ടപ്പെടുത്തുമ്പോള്‍ കണക്കിലെടുക്കേണ്ടതുണ്ട്‌.

പ്രാചീനസമൂഹങ്ങളില്‍ വര്‍ധിച്ച മരണനിരക്ക്‌ ജനപ്പെരുപ്പത്തെ ഫലപ്രദമായി നിയന്ത്രിച്ചിരുന്നു. പില്‌ക്കാലത്ത്‌ വൈദ്യശാസ്‌ത്രം കൈവരിച്ച പുരോഗതിയുടെ ഫലമായി മരണനിരക്ക്‌ കുറഞ്ഞുവന്നു. വിഭവശേഷി വേണ്ടവിധമില്ലാത്തതും, അവികസിതവുമായ രാജ്യങ്ങളില്‍ ജനപ്പെരുപ്പം വിവിധപ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതോടെ അതിനെ നേരിടാന്‍ ശാസ്‌ത്രീയമാര്‍ഗങ്ങളുപയോഗിച്ചു തുടങ്ങി. എങ്കിലും വികസനപ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുത്തി ജനപ്പെരുപ്പത്തെ നിയന്ത്രണാധീനമാക്കുവാന്‍ പല രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

സമൂഹം. ഹ്യൂമന്‍ ഇക്കോളജിയുടെ അടിസ്ഥാനഘടകങ്ങളില്‍ പ്രധാനമാണ്‌ പരസ്‌പരബന്ധം പുലര്‍ത്തുന്ന വ്യക്തികളുടെ സഞ്ചയമായ സമൂഹം. അംഗങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ആത്മധൈര്യവും പ്രവര്‍ത്തനശേഷിയും വളര്‍ത്തുന്നതിനും സാമൂഹികഭദ്രതയ്‌ക്കു കഴിയും. സമൂഹത്തിലെ അംഗങ്ങള്‍ക്ക്‌ ചില സ്വഭാവവിശേഷങ്ങള്‍ ലഭിക്കുന്നത്‌ പരിതഃസ്ഥിതികളുടെ പ്രത്യേകതകള്‍കൊണ്ടാണ്‌. പ്രത്യേകപരിതഃസ്ഥിതികളില്‍ ജീവിക്കുന്നതിനുവേണ്ടി ഒരു ജനതയെ തയ്യാറാക്കുവാനും സാമൂഹികബന്ധം കാരണമാകും. പരിതഃസ്ഥിതികളുടെ സമ്മര്‍ദംകൊണ്ടാണ്‌ ഒരു സമൂഹത്തിന്‌ വ്യത്യസ്‌തസ്വഭാവങ്ങളും ജീവസന്ധാരണരീതികളും സിദ്ധിക്കുന്നത്‌.

അസ്‌പഷ്‌ടവും അസ്ഥിരവും ആയ സ്വഭാവൈക്യങ്ങളില്‍നിന്നും സ്‌പഷ്‌ടവും സ്ഥിരവുമായ സംസ്‌കാര വൈവിധ്യങ്ങളിലേക്ക്‌ കെട്ടുറപ്പുള്ള സമൂഹങ്ങള്‍ എന്നും നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന്‌ ഹെര്‍ബര്‍ട്‌ സ്‌പെന്‍സര്‍ അഭിപ്രായപ്പെടുന്നു. ഘടനയിലും ധര്‍മത്തിലും ഈ മാറ്റം സംഭവിക്കും. മനുഷ്യസമൂഹത്തിന്റെ ഇത്തരം പരിണാമങ്ങള്‍ക്ക്‌ ജനപ്പെരുപ്പവും ബന്ധപ്പെട്ട പരിതഃസ്ഥിതികളും പ്രധാനകാരണങ്ങളാണ്‌. ജനപ്പെരുപ്പംമൂലം സാമൂഹികബന്ധങ്ങള്‍ക്കു മാറ്റമുണ്ടാകാം; സമൂഹഘടനയില്‍ വിവിധചലനങ്ങള്‍ക്കും. വ്യക്തികളുടെ സ്ഥാനചലനം മിക്കപ്പോഴും സ്ഥാവരവസ്‌തുക്കള്‍ സഹിതമുള്ള സമൂഹചലനത്തിലായിരിക്കും അവസാനിക്കുന്നത്‌. സാമൂഹികവളര്‍ച്ചയുടെ ചരിത്രം പുരോഗതിയിലേക്കുള്ള മാറ്റത്തിന്റെ ചരിത്രമാണ്‌.

പരിസരം. സമൂഹങ്ങളെ നിലനിറുത്തുന്ന പരിസരങ്ങള്‍ക്ക്‌ ഹ്യൂമന്‍ ഇക്കോളജിയില്‍ പ്രാധാന്യമുണ്ട്‌. വാസസ്ഥലത്തോടും പരിതഃസ്ഥിതികളോടും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇണങ്ങിക്കഴിയേണ്ടിവരുന്നു. വാസസ്ഥലത്തെക്കുറിച്ച്‌ രണ്ട്‌ പ്രധാന കാഴ്‌ചപ്പാടുകള്‍ നിലവിലുണ്ട്‌: പ്രകൃതിദത്തമായ സാഹചര്യം, സാംസ്‌കാരികമായ സാഹചര്യം. നദികള്‍, കടലുകള്‍, പര്‍വതങ്ങള്‍ തുടങ്ങിയ ഭൂമിശാസ്‌ത്രപരമായ സവിശേഷതകളാല്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ള പ്രകൃതിദത്തമായ സാഹചര്യങ്ങളെക്കുറിച്ച്‌ ആദ്യമായി പഠനംനടത്തിയത്‌ ഫ്രഡറിക്ക്‌ റേസല്‍ ആണ്‌. പ്രകൃതിവിഭവങ്ങളാണ്‌ സാമൂഹികഭദ്രതയുടെയും പുരോഗതിയുടെയും അടിത്തറ. സാംസ്‌കാരികനിലവാരത്തിനും സമൂഹത്തിന്റെ പുരോഗതിയില്‍ നിര്‍ണായകസ്വാധീനമുണ്ട്‌. വിഭിന്ന സംസ്‌കാരവിശേഷങ്ങള്‍ കേന്ദ്രകിരിച്ചിരിക്കുന്ന മേഖലകളെ അടിസ്ഥാനപ്പെടുത്തി സാംസ്‌കാരിക സാഹചര്യങ്ങളെ നരവംശശാസ്‌ത്രജ്ഞന്മാര്‍ തരംതിരിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ജീവിതരീതിയും പെരുമാറ്റസമ്പ്രദായവും വലിയൊരളവുവരെ സാംസ്‌കാരികസാഹചര്യത്തിന്റെ നിയന്ത്രണത്തിലാണെന്നത്‌ വിസ്‌മരിക്കാനാവാത്ത വസ്‌തുതയാണ്‌.

സാങ്കേതികജ്ഞാനം. പരിതഃസ്ഥികളെ നിയന്ത്രണാധീനമാക്കുവാന്‍ മനുഷ്യന്‍ ശ്രമിച്ചതിന്റെ പരിണതഫലമാണ്‌ അവനു ലഭിച്ച സാങ്കേതികജ്ഞാനം. പരിതഃസ്ഥിതിയുടെ സൃഷ്‌ടി മാത്രമല്ല സാങ്കേതികജ്ഞാനം; സ്വതന്ത്രമായി സമൂഹത്തെ സ്വാധീനിക്കുവാനുള്ള ഒരു ഘടകം കൂടിയാണിത്‌. മനുഷ്യന്റെ ദൈനംദിനജീവിതത്തെ സുഖകരമാക്കുന്നതിനും അവന്റെ നിരവധി ആവശ്യങ്ങള്‍ സാധിതപ്രായമാക്കുന്നതിനും സാങ്കേതികജ്ഞാനം സഹായിക്കുന്നു. തത്‌ഫലമായി സമൂഹഘടനയെയും ജീവിതരീതിയെയും സ്വാധീനിക്കുവാനും അതില്‍ മാറ്റങ്ങള്‍ വരുത്തുവാനും സാങ്കേതികജ്ഞാനത്തിനു കഴിയും.

ഇക്കോളജിക്കല്‍ സംഘടനാരീതിയുടെ തത്ത്വങ്ങള്‍. മനുഷ്യസമൂഹം വിവിധസ്വഭാവ സവിശേഷതകളോടുകൂടിയ വ്യക്തികളുടെ സഞ്ചയമാണ്‌. പരിസരവുമായി വ്യക്തികള്‍ക്കുള്ള അടുപ്പവും വ്യക്തികള്‍ തമ്മിലുള്ള പരസ്‌പരസഹകരണവും ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. നിലവിലിരിക്കുന്ന പരിതഃസ്ഥിതികളെ പരമാവധി പ്രയോജനപ്പെടുത്തി സ്വന്തംജീവിതം നിലനിര്‍ത്തുവാനും വിപുലീകരിക്കുവാനുമുള്ള ആഗ്രഹം മനുഷ്യനുണ്ട്‌. ജീവിതത്തിന്റെ വിപുലീകരണം, ജീവിതകാലം വര്‍ധിക്കുന്നതിലൂടെയോ സന്തതിപരമ്പരകളുടെ സൃഷ്‌ടികളിലൂടെയോ സാധിക്കാവുന്നതാണ്‌. സന്ദര്‍ഭങ്ങളോടും പരിതഃസ്ഥിതികളോടും ഇണങ്ങിച്ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാനുള്ള കഴിവും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. മറ്റു ജീവജാലങ്ങളെപ്പോലെ മനുഷ്യന്റെ പ്രവൃത്തികളും സ്ഥല-കാലാനുസൃതമാണ്‌. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ചലനങ്ങളും വ്യാപാരങ്ങളും സ്ഥലകാല പരിമിതികളാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഇക്കോളജിക്കല്‍ സംഘടനാരീതിയുടെ പ്രധാനതത്ത്വങ്ങളെല്ലാം മേല്‍ പ്രസ്‌താവിച്ച പ്രത്യേകതകളെ ആസ്‌പദമാക്കിയുള്ളതാണ്‌. പ്രധാനപ്പെട്ട തത്ത്വങ്ങള്‍ താഴെക്കൊടുക്കുന്നു.

1. പരസ്‌പരാശ്രിതത്വം (Principle of Interdependence). സമൂഹത്തില്‍ പരസ്‌പരാശ്രിതത്വം വളരുന്നത്‌ രണ്ടു കാരണങ്ങള്‍ കൊണ്ടാകാം: (F) ഉഭയകക്ഷികള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ വിഭിന്ന ജീവജാലങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട്‌; ഇതിനെ സിംബയോട്ടിക്‌ (symbiotic) ബന്ധമെന്നുവിളിക്കുന്നു; (ബി) ഉഭയപ്രയോജനത്തെ ലക്ഷ്യമാക്കി ഒരേയിനം ജീവികള്‍തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനം-സഹജീവിത്വം. വിഭിന്ന സ്വഭാവങ്ങളുള്ളവരുടെ സഹകരണം ഉത്‌പാദനപരമായ കാര്യക്ഷമത വളര്‍ത്തുന്നു. ഏകതാനസ്വഭാവമുള്ളവരുടെ സഹകരണം സമൂഹത്തിന്‌ സംഖ്യാബലവും പ്രതിരോധശക്തിയും നല്‌കാന്‍ പര്യാപ്‌തമാണ്‌. മനുഷ്യസമൂഹത്തില്‍ മേല്‌പറഞ്ഞ രണ്ടുതരം പര്‌സപരാശ്രിതത്വവും പ്രകടമാണ്‌.

2. അത്യന്താപേക്ഷിതധര്‍മതത്ത്വം (Principle of Key Function). പരസ്‌പരബന്ധങ്ങളുടെ ഒരു പദ്ധതിയില്‍ ആ പദ്ധതിയെ പരിസരവുമായി ബന്ധിപ്പിക്കാനുള്ള സര്‍വപ്രധാനമായ ഒരു ധര്‍മമുണ്ടായിരിക്കണം. ഈ ധര്‍മത്തിന്റെ ഫലമായാണ്‌ സമൂഹം പരിസരവുമായി ഇണങ്ങിച്ചേര്‍ന്നു പോകുന്നത്‌. അത്യന്താപേക്ഷിതധര്‍മം സമൂഹത്തെ പരിസരവുമായി ഏതുവിധത്തില്‍ ബന്ധപ്പെടുത്തുന്നു എന്നാലോചിക്കുമ്പോള്‍ പരിസര സ്വഭാവത്തിനു പ്രാധാന്യം സിദ്ധിക്കുന്നു. ചേതനവും അചേതനവുമായ എല്ലാ വസ്‌തുക്കളും പരിസരത്തിന്റെ പരിധിയില്‍പ്പെടാം. ഇങ്ങനെയുള്ള പരിസരങ്ങളുമായി വ്യക്തിയോ സമൂഹമോ എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്‌ അത്യന്താപേക്ഷിതധര്‍മം നിലകൊള്ളുന്നത്‌.

3. വിയോജനതത്ത്വം (Principle of Differentiation). അത്യന്താപേക്ഷിതധര്‍മത്തിന്റെ ഫലപ്രാപ്‌തിക്കനുസരണമായി സമൂഹത്തില്‍ മറ്റുള്ള പരിതോവസ്ഥാധര്‍മങ്ങളുടെ വ്യാപ്‌തി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഇങ്ങനെ അത്യന്താപേക്ഷിതധര്‍മത്തിനനുസൃതമായിട്ടുള്ള ധര്‍മങ്ങള്‍ക്കു വ്യത്യാസം സംഭവിക്കുന്നതിനെ വിയോജനതത്ത്വമായി വ്യാഖ്യാനിക്കാം. ഓരോ സമൂഹത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അധികതമജനസംഖ്യ, പ്രസ്‌തുത സമൂഹത്തിന്റെ അത്യന്താപേക്ഷിതധര്‍മത്തിന്റെ ഫലപ്രാപ്‌തിയനുസരിച്ച്‌ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുമെന്നത്‌ ഒരു ഉദാഹരണമാണ്‌.

വേട്ടയാടിയും കൃഷിയിറക്കിയും ജീവിതംനയിച്ചിരുന്ന പുരാതന സമൂഹത്തില്‍ പരിതോവസ്ഥകള്‍ വളരെ അനുകൂലമായിരുന്നിട്ടും ഉത്‌പാദനക്ഷമത തുലോം കുറവായിരുന്നു. അന്നത്തെ സമൂഹത്തില്‍ അത്യന്താപേക്ഷിതമായിരുന്ന കൃഷിയും വേട്ടയാടലുമായി ആ ധര്‍മമനുഷ്‌ഠിച്ചിരുന്ന വ്യക്തികളുടെ എച്ചത്തിന്‌, അല്ലെങ്കില്‍ ജനസംഖ്യയ്‌ക്ക്‌ ബന്ധമുണ്ടായിരുന്നു. അതായത്‌, ധര്‍മത്തിന്റെ ഫലപ്രാപ്‌തിക്ക്‌ ആനുപാതികമായിട്ടായിരിക്കും അതില്‍ നിയുക്തമായിരിക്കുന്ന ഘടകങ്ങളുടെ എച്ചം ഉണ്ടാവുക. വിവിധകര്‍മങ്ങളില്‍ നിയുക്തമായിരിക്കുന്ന പ്രസ്‌തുത ഘടകങ്ങളുടെ പരിതോവസ്ഥാവശ്യങ്ങളും വ്യത്യസ്‌തമായിരിക്കും.

4. നിയന്ത്രണാധികാരതത്ത്വം (Principle of Dominance). സമൂഹത്തില്‍ പരിതസ്ഥിതികളോട്‌ നേരിട്ടു സമ്പര്‍ക്കത്തിലേര്‍പ്പെട്ട്‌ വിവിധ ധര്‍മങ്ങളനുഷ്‌ഠിക്കുന്ന ഘടകങ്ങള്‍ (functional units) അതുമായി ബന്ധപ്പെട്ട പരിതഃസ്ഥിതികളെ നിയന്ത്രിക്കുവാനോ ക്രമീകരിക്കുവാനോ ശ്രമിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ലഭിക്കുന്ന നിയന്ത്രണാധികാരം പ്രസ്‌തുത ധര്‍മത്തിന്റെ സവിശേഷഗുണമായിരിക്കും. ഒരു പരിസ്ഥിതി-സമ്പ്രദായത്തിന്റെ അതിര്‍ത്തികളും (Eco-System) പരിമിതികളും നിര്‍ണയിക്കുന്നതിന്‌ നിയന്ത്രണാധികാരമെന്ന സങ്കല്‌പം സാധാരണ ഉപയോഗിക്കാറുണ്ട്‌. ഒരു പ്രത്യേക പരിസ്ഥിതി-സമ്പ്രദായത്തിന്റെ നിയന്ത്രണാധികാരം എവിടെയോക്കെ പ്രാവര്‍ത്തികമാകുന്നു എന്നു മനസ്സിലാക്കുവാന്‍ പ്രയാസമില്ല.

5. സമമൂര്‍ത്തതത്ത്വം (Isomorphism). വ്യത്യസ്‌തവര്‍ഗങ്ങളോ ഘടകങ്ങളോ ഒരേ പരിതഃസ്ഥിതികളുമായി ബന്ധപ്പെടുമ്പോള്‍ സമാനഗുണലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണ്‌ സമമൂര്‍ത്തതത്ത്വം. വര്‍ഗങ്ങളുടെ ആന്തരിക ഘടനയിലുള്ള ഐക്യം സമമൂര്‍ത്തതത്ത്വത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുത്തുന്നു. ഒരേ പരിതഃസ്ഥിതിയിലുള്ള പരിസ്ഥിതി-സമ്പ്രദായത്തിന്റെ സംഘടനാരീതിയും ഒരേ രൂപത്തിലായിരിക്കും. സമൂഹം (Community). ഒരു വിഭാഗം ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ സാധിക്കുവാന്‍ പര്യാപ്‌തമായവിധത്തില്‍ പ്രാദേശികാടിസ്ഥാനത്തിലോ സാംസ്‌കാരികാടിസ്ഥാനത്തിലോ ഉടലെടുക്കുന്ന ബന്ധങ്ങളുടെ സമഗ്രരൂപമാണ്‌ സമൂഹം. ഈ അര്‍ഥത്തില്‍ കൂടുതല്‍ വ്യാപകമായ പ്രദേശത്തെ ജനസമൂഹത്തെക്കുറിക്കുന്നതിന്‌ "സംഘടന' എന്ന പദം ഉപയോഗിക്കാം. മേല്‌പറഞ്ഞ തത്ത്വങ്ങള്‍ സംഘടനയ്‌ക്കും ബാധകമാണ്‌. "ഘടന' എന്ന പദം വിവിധഭാഗങ്ങളുടെ ക്രമീകരണത്തെ സൂചിപ്പിക്കുന്നു. സാമൂഹികഘടന എന്ന പദംകൊണ്ട്‌ ആ പ്രദേശത്തെ ജനതയുടെ അത്യാവശ്യധര്‍മങ്ങളെയും അവരുടെ വിവിധ ബന്ധങ്ങളെയുമാണ്‌ വിവക്ഷിക്കുന്നത്‌.

തലമുറകള്‍ മാറിവരാം; വ്യക്തികള്‍ക്കുപകരം പുതിയ വ്യക്തികള്‍ വരാം; എന്നാലും സമൂഹത്തിന്റെ അടിസ്ഥാനഘടനയ്‌ക്കു മാറ്റം സംഭവിക്കുന്നില്ല. സാമൂഹികഘടനയില്‍ വ്യക്തികളുടെ സവിശേഷസ്വഭാവങ്ങളെക്കാള്‍ ജനസഞ്ചയത്തിന്റെ സ്വഭാവരീതിക്കാണ്‌ പ്രാധാന്യം. സമൂഹത്തെ വ്യക്തികളുടെ സഞ്ചയമായി കരുതുന്നപക്ഷം വ്യക്തിയാണ്‌ സമൂഹത്തിന്റെ ഘടകം. സമൂഹത്തിന്റെ ആവശ്യങ്ങള്‍ സൃഷ്‌ടിക്കുന്നതും അവ സാധിക്കുന്നതും വ്യക്തിക്കുവേണ്ടിയാണ്‌. എന്നിരിക്കിലും സമൂഹത്തില്‍നിന്നും വേര്‍പെട്ട്‌ ഒരു വ്യക്തിക്കു നിലനില്‌പില്ലാതാകുന്നു. വ്യക്തിയെക്കാള്‍, വ്യക്തികളുടെ പരസ്‌പരബന്ധമാണ്‌ സമൂഹത്തിന്റെ ശ്രദ്ധേയമായ ഘടകം.

ഘടനാപരമായി സമൂഹത്തെ സ്വതന്ത്രം (Independent), ആശ്രിതം (Dependent) എന്നു രണ്ടായി തിരിക്കാം. സ്വതന്ത്രസമൂഹം സ്വയംപര്യാപ്‌തവും ഒറ്റപ്പെട്ടതും കുറഞ്ഞ ജനസംഖ്യയോടുകൂടിയതും ലളിതമായ സാങ്കേതിക വിജ്ഞാനത്തോടൂ കൂടിയതുമായിരിക്കും. ആ സമൂഹത്തിനാവശ്യമായ വസ്‌തുക്കള്‍ സ്വയം ഉത്‌പാദിപ്പിക്കുവാനും വിതരണം ചെയ്യുവാനും അതിനു കഴിയും. രക്തബന്ധത്തിലധിഷ്‌ഠിതമായ ഒരു കുടുംബത്തിന്‌ ഒരു ചെറുസമൂഹമെന്നനിലയില്‍ സ്വന്തമായി നിലനില്‌പുണ്ട്‌. ആശ്രിതസമൂഹം എപ്പോഴും പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ്‌ നിലനില്‌ക്കുന്നത്‌. ജനബാഹുല്യവും വളരെ പുരോഗമിച്ച സാങ്കേതികജ്ഞാനവും പരസ്‌പരബന്ധങ്ങളുടെ ആധിക്യവും ആശ്രിതസമൂഹത്തിന്റെ പ്രത്യേകതകളാണ്‌. ആധുനികവ്യാവസായികസമൂഹമോ തൊഴിലാളിവര്‍ഗമോ ആശ്രിതസമൂഹത്തിനുദാഹരണമായിട്ടെടുക്കാവുന്നതാണ്‌.

പ്രവാസം. ചലനമില്ലാതെയുള്ള പരിണാമം അസംഭാവ്യമാണ്‌. ഒരു സമൂഹത്തില്‍ ജനപ്പെരുപ്പംകൊണ്ടോ വിഭവശേഷിയുടെ ദൗര്‍ലഭ്യംകൊണ്ടോ സാങ്കേതികവിജ്ഞാനത്തിലെ നിലവാരഭേദംകൊണ്ടോ സമൂഹത്തിനോ വ്യക്തികള്‍ക്കോ സ്ഥാനചലനമുണ്ടാകും. ഇത്തരം കുടിയേറ്റങ്ങളെ മൂന്നായി തിരിക്കാം: കുടിയേറ്റം, ദേശാന്തരഗമനം, യായാവരത്വം (Nomadism). പൊുതിയ പ്രദേശങ്ങളുടെ ആകര്‍ഷകതകൊണ്ടോ കൂടുതല്‍ സുഖസൗകര്യങ്ങള്‍ അന്വേഷിച്ചോ ജനങ്ങള്‍ വാസസ്ഥലങ്ങള്‍ മാറുന്നു. പുതിയ പ്രദേശങ്ങളിലേക്കു സ്ഥിരമായി മാറിത്താമസിക്കുകയാണ്‌ കുടിയേറ്റം. മാറിപ്പാര്‍ക്കുന്നത്‌ അന്യരാജ്യങ്ങളിലേക്കാവുമ്പോള്‍ അതിനെ ദേശാന്തരഗമനം എന്ന്‌ വിശേഷിപ്പിക്കുന്നു. ഇത്തരം ജനവിഭാഗങ്ങള്‍ സ്വരാജ്യത്തിലേക്കു മടങ്ങുന്നതും ദേശാന്തരഗമനം തന്നെ. തൊഴിലന്വേഷണമോ കാലാവസ്ഥയുടെ മാറ്റമോ ആണ്‌ പലപ്പോഴും സാധാരണ പ്രവാസത്തിനു കാരണമാകുന്നത്‌. എന്നാല്‍ യായാവരത്വം നിത്യസഞ്ചാരമാണ്‌. വേട്ടയാടി ജീവിതം കഴിച്ചിരുന്ന പ്രാചീനസമൂഹങ്ങള്‍ ഒരിടത്തും സ്ഥിരമായി പാര്‍ക്കാതെ എക്കാലവും സഞ്ചരിച്ചുകൊണ്ടിരുന്നു. ദേശാന്തരഗമനത്തിലാണ്‌ സാമൂഹികശാസ്‌ത്രജ്ഞന്മാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്‌. ജീവിത സാധ്യതകള്‍ കൂടുതലുള്ള പ്രദേശത്തക്കാണ്‌ ജനങ്ങള്‍ മാറിത്താമസിക്കാന്‍ ഇഷ്‌ടപ്പെടുന്നത്‌. തന്മൂലം ജീവിത സൗകര്യങ്ങളും ജനപ്പെരുപ്പവും തമ്മില്‍ ബന്ധമുണ്ടെന്നു വരുന്നു. നഗരങ്ങളിലെ ജനസാന്ദ്രതയുടെ കാരണവും മറ്റൊന്നുമല്ല. വ്യക്തികളുടെ സ്ഥാനചലനവും അതുമൂലം സമൂഹത്തിനു സംഭവിക്കുന്ന വിവിധമാറ്റങ്ങളും അതില്‍നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ഇക്കോളജിയുടെ പരിധിയില്‍പ്പെടുന്നു.

വിപുലീകരണം (Expansion). സംഘടനകളുടെ വീപുലീകരണമെന്നത്‌ ഇക്കോളജിയിലെ ശ്രദ്ധേയമായ ഒരു സങ്കല്‌പമാണ്‌. വിപുലീകരണം രണ്ടുവിധത്തില്‍ സംഭവിക്കാം: അഭികേന്ദ്രകവും (centripetal) അപകേന്ദ്രകവും (centrifugal). അഭികേന്ദ്രവിപുലീകരണം ഒരു പ്രത്യേകസ്ഥലത്തെ കേന്ദ്രീകരിച്ചുള്ളതാണ്‌. ഒരു സമൂഹം സമീപപ്രദേശങ്ങളിലെ ജനങ്ങളെയും ആകര്‍ഷിച്ച്‌ അവരെക്കൂടി സാമൂഹികവും സാംസ്‌കാരികവുമായി ഉള്‍ക്കൊള്ളുന്നതിലൂടെ സ്വയം വിപുലീകരിക്കുന്നു. ഒരു പ്രത്യേക കേന്ദ്രത്തെ ആസ്‌പദമാക്കിയുള്ള വികാസം സമീപപ്രദേശങ്ങളിലേക്കും ജനസമൂഹങ്ങളിലേക്കും വ്യാപിപ്പിച്ചു വിപുലീകരണം സാധിക്കാം. അപകേന്ദ്രക വിപുലീകരണമാണിത്‌. വ്യാവസായികാഭിവൃദ്ധി, പ്രവാസത്തിന്റെ ആധിക്യം, ജനപ്പെരുപ്പം എന്നിവയൊക്കെ വിപുലീകരണത്തിനു കാരണമാകുന്നു. ഗതാഗത സൗകര്യങ്ങളും വാര്‍ത്താവിനിമയ മാധ്യമങ്ങളും വിപുലീകരണത്തെ സഹായിക്കാറുണ്ട്‌.

തൊഴില്‍വിഭജനം. സമൂഹത്തില്‍ തൊഴിലുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്‌ ചില സാമൂഹികധര്‍മങ്ങളെ (social functions)അടിസ്ഥാനപ്പെടുത്തിയാണ്‌. പ്രധാനധര്‍മത്തിന്റെ ഫലപ്രാപ്‌തിക്കനുസരിച്ചാണ്‌ തൊഴില്‍ വിഭജനം സംഭവിക്കുന്നത്‌. പുരാതനസമൂഹത്തില്‍ സങ്കീര്‍ണങ്ങളായ തൊഴിലുകള്‍ തുലോം കുറവായിരുന്നു. ആഹാരസമ്പാദനത്തിലും കൃഷിയിലും മാത്രമായിരുന്നു അന്നു ശ്രദ്ധപതിപ്പിച്ചിരുന്നത്‌. ആധുനിക സമൂഹത്തില്‍ വിവിധതൊഴിലുകള്‍ തമ്മില്‍ സൂക്ഷ്‌മമായ വ്യത്യാസങ്ങള്‍ ഉണ്ടെന്നുമാത്രമല്ല, ഓരോ തൊഴിലും അതില്‍ പ്രത്യേക പ്രാവീണ്യവും പരിശീലനവും നേടിയവരാണ്‌ ചെയ്യുന്നത്‌. ഒരു സമൂഹത്തിന്‌ പരിതഃസ്ഥിതികളുടെമേലുള്ള നിയന്ത്രണം മനസ്സിലാക്കുന്നതിന്‌ തൊഴില്‍വിഭജനം സഹായകമാകുന്നു.

പരിമിതികള്‍. സസ്യ-ജന്തു ഇക്കോളജിയുടെ സങ്കല്‌പങ്ങള്‍ ഉള്‍ക്കൊണ്ട്‌, മനുഷ്യസമൂഹത്തിലെ പല പരിതോവസ്ഥാപ്രശ്‌നങ്ങളും സാമൂഹികശാസ്‌ത്രകാരന്മാര്‍ അപഗ്രഥിച്ചിട്ടുണ്ടെങ്കിലും ഹ്യൂമന്‍ ഇക്കോളജിക്ക്‌ അതിന്റേതായ പരിമിതികളുണ്ട്‌. ഇക്കോളജിയുടെ വിഭാവനകള്‍ വ്യാഖ്യാനിച്ച്‌ സംഘടനാരീതികളുടെ പ്രത്യേകതകള്‍ വ്യക്തമാക്കുവാനാണ്‌ ഇന്നത്തെ ശ്രമം. ഇക്കോളജിയുടെ വികാസപരിണാമങ്ങള്‍ ഏതുവഴിക്കായിരിക്കുമെന്ന്‌ മനസ്സിലാക്കുവാന്‍ ഇതു സഹായിക്കുന്നു. സാമൂഹികശാസ്‌ത്രത്തിന്റെ മറ്റു ശാഖകളെ അപേക്ഷിച്ച്‌ ഹ്യൂമന്‍ ഇക്കോളജിയുടെ വ്യാപ്‌തി പരിമിതമാണ്‌. സാമൂഹികവ്യവസ്ഥയുടെ ഘടനയും അവ എങ്ങനെ വിപുലീകരിക്കാമെന്നതും മാത്രമേ ഹ്യൂമന്‍ ഇക്കോളജി അന്വേഷിക്കുന്നുള്ളൂ. അതിനാല്‍ സാമൂഹിക വ്യവസ്ഥിതികളിലുള്ള എച്ചമറ്റ വ്യാപാരങ്ങളെക്കുറിച്ചോ സംഘട്ടനങ്ങളെക്കുറിച്ചോ വിശദീകരണങ്ങള്‍ നല്‌കാന്‍ ഇത്‌ അപര്യാപ്‌തമാണ്‌. അത്തരം പ്രതിഭാസങ്ങള്‍ രൂപപ്പെടുന്ന സന്ദര്‍ഭങ്ങളെക്കുറിച്ചുമാത്രമേ ഹ്യൂമന്‍ ഇക്കോളജിക്ക്‌ അറിവ്‌ പകരാനാവൂ.

(ഡോ. പി.കെ.ബി. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍