This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇംഹോട്ടപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇംഹോട്ടപ്പ്
Imhotep
ബി.സി. 2980-50 കാലത്ത് ഈജിപ്തില്‍ ജീവിച്ചിരുന്ന ബഹുമുഖപ്രതിഭ. ഭിഷഗ്വരന്, ദാര്ശനികന്, വാസ്തുവിദ്യാവിദഗ്ധന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്ന ഇദ്ദേഹം മരണശേഷം ദേവനായി ആരാധിക്കപ്പെട്ടു.
ഈജിപ്ഷ്യന്‍ ഫറോവ സോസറിന്റെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന ഇംഹോട്ടപ്പ് മെംഫിസിനു സമീപത്തെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ഫറോവയുടെ കീഴില്‍ എഴുത്തുകാരന്, വാസ്തുവിദ്യാവിദഗ്ധന്‍, ഭിഷഗ്വരന് എന്നീനിലകളില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം സ്വപ്രയ്തനത്തിലൂടെയും വ്യക്തിവൈഭവത്തിലൂടെയുമാണ് ഉന്നതപദവിയിലെത്തിയത്.
ദേവനായി ഉയരുന്നതിനുമുമ്പ് മനുഷ്യനായി ജീവിച്ചിരുന്ന ഇംഹോട്ടപ്പിനെക്കുറിച്ച് ഗ്രീക്ക് ഈജിപ്ഷ്യന്‍ ചരിത്രകാരനായ മാനെതോ ഒരു ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇംഹോട്ടപ്പ് ഒരു ഭിഷഗ്വരനായിരുന്നുവെന്നും വെട്ടുകല്ലുകൊണ്ടു കെട്ടിടം നിര്‍മിക്കുന്ന സമ്പ്രദായം കണ്ടുപിടിച്ചത് ഇദ്ദേഹമാണെന്നും സോസെര്‍രാജാവിന്റെ ഭരണകാലത്ത് ഇംഹോട്ടപ്പ് ഒരു എഴുത്തുകാരനായിരുന്നുവെന്നും മാനെതോ പ്രസ്താവിച്ചിട്ടുണ്ട്. ഇംഹോട്ടപ്പിന്റെ ശവകുടീരം നശിച്ചുപോയാലും ഇദ്ദേഹത്തിന്റെ മഹദ്വചനങ്ങള്‍ നശിക്കുകയില്ലെന്ന് ബി.സി. 250-നോടടുത്ത് രചിക്കപ്പെട്ടിട്ടുള്ള ഒരു വിലാപകാവ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു പ്രമുഖ വൈദികകര്‍മി ആയിരുന്നുവെന്ന് പല ശിലാലിഖിതങ്ങളും സൂചിപ്പിക്കുന്നു. ഫറോവമാര്‍ക്ക് തത്ത്വജ്ഞാനികള്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര് എന്നിവരെ തിരഞ്ഞെടുത്തുകൊടുക്കുവാന്‍ കഴിവും ജ്ഞാനവുമുള്ള ആളുകളുടെ പട്ടികയില്‍ പ്രധാനിയായിരുന്നു ഇംഹോട്ടപ്പ്.
ഒരു വാസ്തുവിദ്യാവിദഗ്ധന്‍ എന്ന നിലയിലുള്ള ഇംഹോട്ടപ്പിന്റെ കഴിവുകളെ പരാമര്‍ശിക്കുന്ന പല ഗ്രന്ഥങ്ങളും ഉണ്ട്. ചരിത്രത്തിലെ ഒന്നാമത്തെ കല്പണിവിദഗ്ധന്‍ എന്നാണ് റാംസെസ് II-ാമന്റെ സമകാലികനായ ഒരു ഗ്രന്ഥകാരന് ഇംഹോട്ടപ്പിനെ സ്തുതിക്കുന്നത്. ഇദ്ദേഹമായിരുന്നു ഈജിപ്തിലെ ആദ്യത്തെ പിരമിഡ് നിര്‍മിച്ചത്. പ്രമുഖ കല്പണിക്കാരുടെ വംശപരമ്പരയില്‍പ്പെട്ടയാളാണ് ഇംഹോട്ടപ്പ് എന്നും ഇവരില്‍ ഏറ്റവും ആദ്യത്തെയാള്‍ ഇംഹോട്ടപ്പിനെക്കാള്‍ പ്രമുഖനായിരുന്നുവെന്നും അഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ശില്പി പ്രസ്താവിച്ചുകാണുന്നു. ട്രീറ്റിസ് ഓണ്‍ ദി ഡിസ്പൊസിഷന് ഒഫ് ദി ടെമ്പിള്‍ (Treatise on the disposition of the temple) എന്ന ഗ്രന്ഥത്തില്‍ ഇംഹോട്ടപ്പ് നിര്‍ദേശിച്ചിട്ടുള്ളതുപോലെയാണ് എഡ്ഫുദേവാലയം തങ്ങള്‍ നിര്‍മിച്ചതെന്ന് (3-ാം ശ.) അതിന്റെ ശില്പികള് അവകാശപ്പെടുന്നുണ്ട്. ശാസ്ത്രജ്ഞന്മാരെന്ന് പുരാതനകാലം മുതല്ക്കേ അറിയപ്പെട്ടിരുന്ന ഹെലിയോപോളസ് പുരോഹിതവര്‍ഗത്തിന്റെ മേധാവിയും ഫറോവയുടെ ഉത്തമസുഹൃത്തും ആയിരുന്നു ഇംഹോട്ടപ്പ്. മരപ്പണിക്കാര്‍, പ്രതിമാശില്പികള്‍, പാത്രനിര്‍മാതാക്കള്‍ എന്നിവരുടെ സമൂഹത്തിലെ അംഗവും അവരുടെ നേതാവും ആയിരുന്നിരിക്കണം ഇംഹോട്ടപ്പ്.
സഖാറില്‍നിന്ന് ഉത്ഖനനംചെയ്തെടുത്ത സോസെര്‍ രാജാവിന്റെ ശവകുടീരത്തെപ്പറ്റി ഷീന്‍ ഫിലിപ്പ് ലവര് നടത്തിയ പഠനങ്ങള്‍ ഇംഹോട്ടപ്പിന്റെ വാസ്തുവിദ്യാവൈദഗ്ധ്യത്തെ വെളിച്ചത്തുകൊണ്ടുവന്നു. വാസ്തുവിദ്യ, കല്പണി എന്നിവയെ സംബന്ധിച്ച സമകാലീനവിജ്ഞാനത്തില്‍ ഇംഹോട്ടപ്പ് വരുത്തിയ വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഈ ശവകൂടീരത്തിന്റെ നിര്‍മിതിയില്‍ കാണാം. തടികൊണ്ടു നിര്‍മിച്ചിട്ടുള്ള ചില ഭവനങ്ങള്‍ അതേപടി കല്ലുകൊണ്ട് നിര്‍മിക്കുന്നതിലും ഇംഹോട്ടപ്പ് വിജയിച്ചിരുന്നു. ആശാരിപ്പണിയിലും ഇദ്ദേഹം വിദഗ്ധനായിരുന്നുവെന്ന് ആര്‍ക്കെയിക് കാലഘട്ടത്തില്‍ ആരാധനയ്ക്കായി നിര്‍മിച്ചുവന്ന ഈ ഭവനങ്ങള്‍ തെളിയിക്കുന്നു. രാജപ്രതിമകളുടെ നിര്‍മാണം, ചുണ്ണാമ്പുകല്ലില്‍ നടത്തിയിട്ടുള്ള കൊത്തുപണികള്‍ എന്നിവ ഇംഹോട്ടപ്പിന്റെ ശില്പവൈദഗ്ധ്യത്തെ പ്രകടമാക്കുന്നു. സോസെര്‍ ദേവാലയങ്ങളുടെ നിര്‍മാണശൈലിയും സ്തംഭങ്ങളുടെ ഘടനയും അവയുടെ സ്രഷ്ടാവിന്റെ കല്പനാശക്തി വിളിച്ചറിയിക്കുന്നു. സോസെര്‍ രാജാവിന്റെ ശവകുടീരത്തിന്റെ മുകളില്‍ നിര്‍മിച്ചിട്ടുള്ള പിരമിഡ് ആണ് ഇംഹോട്ടപ്പിന്റെ ഏറ്റവും മഹത്തായ കലാസൃഷ്ടിയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഭിഷഗ്വരന് എന്നു വിശേഷിപ്പിക്കപ്പെട്ട ഇംഹോട്ടപ്പ് നിരവധി വൈദ്യശാസ്ത്രസംബന്ധമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
ജീവിതകാലത്തുതന്നെ ഒരു പ്രതിഭാസമായി വാഴ്ത്തപ്പെട്ട ഇംഹോട്ടപ്പ് മരണാനന്തരം ഒരു ദേവനായി ഉയര്‍ത്തപ്പെട്ടു. പൗരാണികരാജവംശകാലത്ത് മെംഫിസിലെ ഈജിപ്തുകാര്‍ ഇംഹോട്ടപ്പ് ദേവനെ ആരാധിച്ചിരുന്നതായിക്കാണുന്നു. അവരുടെ വിശ്വാസമനുസരിച്ച് പ്താ (Ptah) എന്ന ദേവന് ക്രോട്ടിയോന്‍ഖ് എന്ന മനുഷ്യസ്ത്രീയില്‍ ജനിച്ച പുത്രനാണ് ഇംഹോട്ടപ്പ്. ഇതിന്റെ സൂചനയായി സൈറ്റിക് കാലഘട്ടത്തില്‍ (ബി.സി. 7-6 ശ.) ഇംഹോട്ടപ്പിന്റെ ധാരാളം വെങ്കലപ്രതിമകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. സ്റ്റൂളില്‍ ഇരുന്നുകൊണ്ട് മടിയില്‍ പാപ്പിറസ് നിവര്‍ത്തിവച്ചുനോക്കുന്ന ഒരു രാജ്യതന്ത്രജ്ഞനും പുരോഹിതനുമായിട്ടാണ് ഇംഹോട്ടപ്പിനെ ഈ പ്രതിമകളില്‍ ചിത്രീകരിച്ചിട്ടുള്ളത്. ബി.സി. 4-ഉം 3-ഉം ശതകങ്ങളില്‍ ഈ അവതാരപുരുഷനെ തീബ്സിലെ ജനങ്ങള്‍ അവരുടെ ദേവതകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ഫിലായില്‍ അദ്ദേഹത്തിനുവേണ്ടി ഒരു ദേവാലയം നിര്‍മിക്കുകയും ചെയ്തു. ഗ്രീക്കുകാര്‍ ഇമൂത്തെസ് എന്നാണ് ഇംഹോട്ടപ്പിനെ വിളിച്ചിരുന്നത്. രോഗശമനത്തിന്റെ ദേവതയായ അസ്ക്ലെപിയോസ് തന്നെയാണ് ഇംഹോട്ടപ്പ് എന്നും അവര്‍ വിശ്വസിച്ചിരുന്നു. ഈജിപ്തിലെ ദേശീയരാജവാഴ്ചയുടെ അവസാനകാലത്തും ഭരണാധിപന്മാരായ ടോളമിമാരുടെ കാലത്തും ഇംഹോട്ടപ്പിന്റെ ക്ഷേത്രം ലോകമെങ്ങുമുള്ള ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ഇംഹോട്ടപ്പ് ഭക്തന്മാര്ക്ക് സ്വപ്ന ദര്‍ശനവും പ്രവചനങ്ങളും നല്‍കുമെന്നും അഭീഷ്ടസന്താനലാഭം ഉണ്ടാക്കുമെന്നും രോഗശമനം വരുത്തുമെന്നുംമറ്റും ജനങ്ങള്‍ വിശ്വസിച്ചിരുന്നതാണ് ഇത്രയധികം പ്രശസ്തിക്കു കാരണമായി ഭവിച്ചത്.