This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കേഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർക്കേഡ്‌

Arcade

നിരവധി കമാനങ്ങള്‍ ഒന്നുചേര്‍ന്ന്‌ മേല്‌ക്കൂരയെ താങ്ങിനിര്‍ത്തുന്നവിധമുള്ള വാസ്‌തുശില്‌പവിശേഷം. ഈ സംരചനയില്‍ കമാനങ്ങള്‍ എല്ലാം ഏതാണ്ട്‌ ഒരേ അളവിലും ഉയരത്തിലും പണിതുറപ്പിച്ചിട്ടുള്ളതായിരിക്കും. പാശ്ചാത്യരാജ്യങ്ങളില്‍ ക്രസ്‌തവ ദേവലായങ്ങളുടെ മധ്യഭാഗത്തിനും പാര്‍ശ്വഭിത്തികള്‍ക്കും ഇടയ്‌ക്ക്‌ ഇത്തരം കുംഭകാകാരമണ്ഡപങ്ങള്‍ സര്‍വസാധാരണമാണ്‌. ആ മാതൃകകള്‍ ഇന്ത്യയിലും പകര്‍ത്തിക്കാണുന്നുണ്ട്‌.

ചിത്രം:Vol3p202 Mosquée de Kairouan.jpg
ആര്‍ക്കേഡ്‌-അക്‌ബ മസ്‌ജിദ്‌ (ടുണീഷ്യ)

കമാനങ്ങള്‍ വളരെ പ്രാചീനകാലംമുതല്‍ നിര്‍മിക്കപ്പെട്ടു വന്നിരുന്നുവെങ്കിലും അതിന്റെ അലങ്കാരസാധ്യതകള്‍ ആദ്യം പരീക്ഷിച്ചത്‌ റോമാക്കാരാണ്‌. അവര്‍ പലവിധത്തിലുള്ള അലങ്കാരപ്പണികള്‍കൊണ്ട്‌ കമാനപംക്തികള്‍ ആകര്‍ഷകമാക്കി. അതുകൊണ്ടുകൂടിയായിരിക്കാം ഇത്തരം കമാനപംക്തികള്‍ റോമന്‍ ആര്‍ക്കേഡുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്‌. നവോത്ഥാനകാലഘട്ടത്തില്‍ ഇത്തരം കമാനങ്ങള്‍ക്ക്‌ യൂറോപ്പിലാകെ പ്രചാരം ലഭിച്ചു. റോമാസാമ്രാജ്യത്തിന്റെ അന്തിമഘട്ടത്തില്‍ നിര്‍മിച്ചിരുന്ന കമാനങ്ങള്‍ ഉയരംകൂടിയ സ്‌തംഭപംക്തികളുടെ ശീര്‍ഷങ്ങളില്‍ നേരിട്ടുറപ്പിക്കുന്നതരത്തിലായിരുന്നു. ഇതിന്‌ ഉദാഹരണമാണ്‌ സ്‌പലാത്രായിലെ ഡയോക്ലിഷിന്റെ കൊട്ടാരത്തിലെ വിസ്‌തൃതമായ രാജസഭാമണ്ഡപം.

തെക്കുപടിഞ്ഞാറെ യൂറോപ്പില്‍ ഒന്‍പതാം ശ.-ത്തിനുശേഷം നിലവില്‍വന്ന റോമനസ്‌ക്‌-ഗോഥിക്‌ കാലഘട്ടങ്ങളില്‍ ആര്‍ക്കേഡുകളുള്ള ഭീമാകാരങ്ങളായ വാസ്‌തുശില്‌പങ്ങള്‍ സര്‍വസാധാരണമായിത്തീര്‍ന്നു. കി. യൂറോപ്പില്‍ പ്രചാരത്തിലിരുന്ന ബൈസാന്ത്യന്‍ വാസ്‌തുശില്‌പങ്ങളില്‍ ഇത്തരം കമാനപംക്തികള്‍ സ്‌തൂപശീര്‍ഷങ്ങളില്‍ ഉറപ്പിക്കുന്നിടത്ത്‌ ശീര്‍ഷങ്ങള്‍ക്കും കമാനങ്ങള്‍ക്കും ഇടയില്‍ വലിയ ശിലാദണ്ഡുകള്‍ പണിതുവയ്‌ക്കുന്ന പതിവുണ്ടായിരുന്നു. ഉത്തര ഇറ്റലിയില്‍ റോമനസ്‌ക്‌ കാലഘട്ടത്തില്‍ (9-12 ശ.) അലങ്കരണാര്‍ഥം ആര്‍ക്കേഡുകള്‍ നിര്‍മിക്കുക പതിവായിരുന്നു. പിസായിലെ ഭദ്രാസനദേവാലയം ഇതിനൊരു ദൃഷ്‌ടാന്തമാണ്‌. മധ്യകാലയൂറോപ്പില്‍ ഇറ്റലിയിലൊഴികെയുള്ള രാജ്യങ്ങളില്‍ അലങ്കാരകമാനങ്ങള്‍ മിക്കവാറും ഭിത്തിയുടെ ഒരു ഭാഗംതന്നെയായിരുന്നു. അവ ഭിത്തികമാനങ്ങള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ആധുനിക കാലത്ത്‌ കടകള്‍ക്കുമുമ്പില്‍ കാണുന്ന കൂരകളോടുകൂടിയ നടപ്പാതകള്‍ക്ക്‌ പൊതുവേ ആര്‍ക്കേഡുകള്‍ എന്നു പറയാറുണ്ട്‌. നിരനിരയായുള്ള വളച്ചുവാതിലുകള്‍ക്കിടയില്‍കൂടിയുള്ള വീഥികള്‍ക്കും ആര്‍ക്കേഡ്‌ എന്നു പേരുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍