This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്ററോയ്‌ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആസ്റ്ററോയ്‌ഡ്‌

Asteroid

ഗ്രഹങ്ങളെക്കാള്‍ വലുപ്പം കുറഞ്ഞതും സൂര്യനെ പരിക്രമണം ചെയ്യുന്നതുമായ വസ്‌തുക്കള്‍. ഛിന്നഗ്രഹം, ക്ഷുദ്രഗ്രഹം, അല്‌പഖഗോളഗ്രഹം എന്നീ പേരുകളിലും അറിയപ്പെടുന്നു. ആസ്റ്ററോയ്‌ഡുകള്‍ക്ക്‌ പ്ലാനറ്റോയിഡുകള്‍ (Planetoids)എന്നും മൈനർ പ്ലാനറ്റുകള്‍ (Minor planets)എന്നും പേരുണ്ട്‌. ആസ്റ്ററോയ്‌ഡുകള്‍ പ്രധാനമായും ചൊണ്ണാഗ്രഹത്തിനും വ്യാഴഗ്രഹത്തിനും ഇടയ്‌ക്കാണ്‌ കാണപ്പെടുന്നത്‌.


ആമുഖം

സൗരയൂഥത്തിൽ പരക്കെ അറിയുംപോലെ എട്ടു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും മാത്രമല്ല അടങ്ങിയിട്ടുള്ളത്‌. തീരെ ചെറിയ ഗ്രഹങ്ങള്‍, വാൽനക്ഷത്രങ്ങള്‍, ഉൽക്കകള്‍ മുതലായവയും സൂര്യനു ചുറ്റും ചലിക്കുന്നുണ്ട്‌. ഏകദേശം 6000-ത്തോളം ആസ്റ്ററോയ്‌ഡുകളെ നിരീക്ഷിക്കാനും അവയുടെ സ്ഥാനങ്ങള്‍ നിർണയിക്കാനും സാധിച്ചിട്ടുണ്ട്‌. ഈ ആസ്റ്ററോയ്‌ഡുകള്‍ക്കൊക്കെ ഒരു കാറ്റലോഗ്‌ നമ്പറും പേരും നൽകിയിട്ടുണ്ട്‌. പുതിയവ തുടർച്ചയായി കണ്ടുപിടിക്കുന്നുമുണ്ട്‌. ആദ്യമാദ്യം പാശ്ചാത്യ പുരാണങ്ങളിലെ പേരുകള്‍ ഉപയോഗിച്ച്‌ ആസ്റ്ററോയ്‌ഡുകളുടെ നാമകരണം നടത്തിയെങ്കിലും സംഖ്യ കൂടിയപ്പോള്‍ മറ്റു പേരുകള്‍ ഉപയോഗിച്ചു തുടങ്ങി. സർ വില്യം ഹെർഷൽ (1738-1822) ആണ്‌ ആസ്റ്ററോയ്‌ഡ്‌ എന്ന പേര്‌ ആദ്യം ഉപയോഗിച്ചത്‌. ഈ പദത്തിന്റെ അർഥം "നക്ഷത്രതുല്യം' എന്നാണ്‌.

ഭൂരിഭാഗം ആസ്റ്ററോയ്‌ഡുകളും ചൊണ്ണാഗ്രഹത്തിന്റെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്‌ക്കാണു ചരിക്കുന്നത്‌. ചൊണ്ണയുടെ ഭ്രമണപഥത്തിനടുത്തുള്ള എല്ലാ ആസ്റ്ററോയ്‌ഡുകളെയും കണ്ടുപിടിച്ചുകഴിഞ്ഞിട്ടുണ്ട്‌. എന്നാൽ വ്യാഴത്തിന്നപ്പുറത്തുള്ള ചിലത്‌ ശരിക്ക്‌ നിരീക്ഷിക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ദൂരദർശിനികള്‍ ഉപയോഗിച്ചുനോക്കുമ്പോള്‍ ഗ്രഹങ്ങളെക്കാളേറെ നക്ഷത്രങ്ങളായിട്ടാണ്‌ ആസ്റ്ററോയ്‌ഡുകള്‍ പ്രത്യക്ഷപ്പെടുക. എങ്കിലും നഗ്നനേത്രങ്ങള്‍കൊണ്ടു കാണാന്‍ തക്ക തെളിച്ചമുളള ആസ്‌റ്ററോയ്‌ഡുകള്‍ ഇല്ലെന്നു പറയാം. വെസ്റ്റ (vesta) എന്ന ഒരു ആസ്‌റ്ററോയ്‌ഡ്‌ മാത്രം ചില സന്ദർഭങ്ങളിൽ ദൂരദർശിനി കൂടാതെ കാണാന്‍ സാധിക്കും. മറ്റു ഗ്രഹങ്ങളെപ്പോലെ ഇവയും സ്വയംപ്രകാശകങ്ങളല്ല. ഇവയുടെ വലുപ്പവും പല പ്രകാരത്തിലാണ്‌.

ഭ്രമണപഥം

ഏറ്റവും വലുപ്പം കൂടിയവ സീറെസ്‌ (Ceres), പെല്ലാസ്‌ (Pallas), വെസ്റ്റ (Vesta), ജൂണോ (Juno) എന്നിവയാണ്‌. സീറെസിന്റെ വ്യാസം 930 കി.മീ. ആണ്‌; ഏറ്റവും ചെറിയ ആസ്‌റ്ററോയ്‌ഡുകള്‍ക്ക്‌ ഒന്നോ രണ്ടോ കി.മീ. മാത്രമേ വ്യാസം കാണുകയുള്ളു (ഉദാ. ഇക്കാരസ്‌ - കരമൃൗ-െ വ്യാസം 1.5 കി.മീ. ഹെർമീസ്‌ - ഒലൃാലെ- വ്യാസം 1.5 കി.മീ.). ഏറ്റവും വലിയ സീറെസ്‌ ചന്ദ്രഗോളത്തെക്കാള്‍ ചെറുതാണ്‌.

ആസ്റ്ററോയ്‌ഡുകള്‍ സൂര്യനു ചുറ്റും ദീർഘവൃത്തീയ ഭ്രമണപഥത്തിലാണ്‌ ചരിക്കുന്നത്‌. അവ ഗ്രഹങ്ങളെപ്പോലെതന്നെ അപ്രദക്ഷിണദിശയിൽ (anticlockwise) ചരിക്കുന്നു. പൂർണപ്രദക്ഷിണത്തിന്‌ 4-6 വർഷങ്ങള്‍ എടുക്കുന്നു. വലിയ ഗ്രഹങ്ങള്‍ ചലിക്കുന്ന അതേ ദിശയിലാണ്‌ ഈ കൊച്ചു ഗ്രഹങ്ങളും ചലിക്കുന്നതെങ്കിലും അവയുടെ ഭ്രമണപഥങ്ങള്‍ക്ക്‌ ക്രാന്തിവൃത്ത (ecliptic)ത്തിലേക്കാണ്‌ കൂടുതൽ ആനതി ഉള്ളത്‌. കൂടാതെ അവയ്‌ക്കു കൂടുതൽ ദീർഘവൃത്തീയതയും (ellipticity) ഉണ്ട്‌.

കണ്ടുപിടിത്തം

ജോഹന്നാസ്‌ കെപ്‌ളർ (1571-1630) ഗ്രഹങ്ങളും സൂര്യനും തമ്മിലുള്ള ദൂരങ്ങള്‍ താരതമ്യപ്പെടുത്തിയ കാലംമുതൽ ചൊണ്ണയ്‌ക്കും വ്യാഴത്തിനും ഇടയ്‌ക്കുള്ള വലിയ വിടവ്‌ ശാസ്‌ത്രജ്ഞന്മാരെ അദ്‌ഭുതപ്പെടുത്തി. ഏതോ ഒരു ഗ്രഹം ഇവയ്‌ക്കിടയ്‌ക്ക്‌ ഉണ്ടായിരിക്കേണ്ടതാണെന്ന്‌ പലരും വാദിച്ചു. ഗ്രഹങ്ങള്‍ ഒരു നിശ്ചിതമാതൃകയിലാണ്‌ സൂര്യനിൽനിന്ന്‌ അകന്നുനില്‌ക്കുന്നതെന്ന്‌ ബോഡ്‌ നിയമം (Bode's Law) ചൂണ്ടിക്കാട്ടി (1772). അതായത്‌ സൂര്യനിൽനിന്നുള്ള ഗ്രഹങ്ങളുടെ ശരാശരി ദൂരങ്ങള്‍ തമ്മിൽ സംഖ്യാബന്ധമുണ്ടെന്ന്‌ ആ നിയമം സ്ഥാപിച്ചു. 1781-ൽ യുറാനസ്‌ കണ്ടുപിടിച്ചപ്പോള്‍ അതിന്റെ ദൂരം ബോഡ്‌ നിയമത്തിനു വിധേയമാണെന്നു തെളിഞ്ഞു. ചൊണ്ണയ്‌ക്കും വ്യാഴത്തിനും ഇടയിൽ തീർച്ചയായും ഒരു ഗ്രഹം ഉണ്ടായിരിക്കേണ്ടതാണെന്നു ശാസ്‌ത്രജ്ഞന്‍മാർക്കു ബോധ്യമായി. ഈ ഗ്രഹം കണ്ടുപിടിക്കാന്‍ 18-ാം ശ.-ത്തിന്റെ അവസാനത്തിൽ 24 വാനശാസ്‌ത്രജ്ഞന്മാർ ഒരു സംഘടനയുണ്ടാക്കി. 1801 ജനു. 1-ന്‌ ഗിസെപിയാഷി (1746-1826) എന്ന ഇറ്റാലിയന്‍ വാനശാസ്‌ത്രജ്ഞന്‍ ടോറസ്‌ (Taurus) തൊരാവ്യൂഹം നിരീക്ഷിക്കുമ്പോള്‍ ഒരു പുതിയ വാനഗോളം കണ്ടെത്തി. ഇതൊരു വാൽനക്ഷത്രമാണെന്ന്‌ അദ്ദേഹം ആദ്യം ധരിച്ചെങ്കിലും ആറ്‌ ആഴ്‌ച നീണ്ടുനിന്ന നിരീക്ഷണത്തിനുശേഷം അത്‌ ഒരു ഗ്രഹമാണെന്നു മനസ്സിലാക്കി. അടുത്തവർഷം ജർമന്‍ ഗണിതശാസ്‌ത്രജ്ഞനായിരുന്ന കാള്‍ എഫ്‌. ഗൗസ്‌ (1777-1855) അതു വീണ്ടും കണ്ടെത്തി. ചൊണ്ണയ്‌ക്കും വ്യാഴത്തിനും ഇടയ്‌ക്ക്‌ ഗ്രഹതുല്യമായ ഈ പുതിയ വസ്‌തുവിനു നിശ്ചിത ഭ്രമണപഥം ഉണ്ടെന്നു മനസ്സിലായി. ഇതിന്‌ പിയാഷി കൊടുത്ത പേരാണ്‌ സീറെസ്‌.

സീറെസ്‌ സൂര്യനിൽനിന്നു ശ.ശ. 2.8 അസ്റ്റ്രാണമിക്കൽ യൂണിറ്റ്‌ (2.8 a.u.) അകലമുള്ള ഒരു ഭ്രമണപഥത്തിൽ ആയിരുന്നതിനാൽ കാണാതെപോയ ഗ്രഹം സീറെസ്‌ ആണെന്നു ശാസ്‌ത്രജ്ഞന്മാർ നിശ്ചയിച്ചു. എന്നാൽ ഇതേ ദൂരത്തിൽ പല്ലാസ്‌ എന്ന ഗ്രഹത്തെ ഹൈന്‌റിക്‌ ഓൽബേർസ്‌ (Heinrich Olbers) 1802 മൊർച്ചിലും, ജൂണോയെ കാറൽ ഹാർഡിങ്‌ 1804 സെപ്‌തംബറിലും കണ്ടുപിടിച്ചു. ഇവയെല്ലാം ഒരേ ഗ്രഹത്തിന്റെ ഭഞ്‌ജിത ഭാഗങ്ങളായിരിക്കുമെന്ന്‌ ഓൽബേർസ്‌ അഭിപ്രായപ്പെടുകയും 1807 മാ.-ൽ നാലാമതൊരു ഭാഗം കണ്ടുപിടിക്കുകയും ചെയ്‌തു; അതാണ്‌ വെസ്റ്റ. അഞ്ചാമത്തെ ആസ്റ്ററോയ്‌ഡ്‌ കണ്ടുപിടിച്ചത്‌ 1845-ലാണ്‌. 1847-ൽ മൂന്നെച്ചം കൂടി കണ്ടുപിടിച്ചു. പിന്നെയുള്ള വർഷങ്ങളിൽ മുറയ്‌ക്ക്‌ ധാരാളം ആസ്റ്ററോയ്‌ഡുകള്‍ കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരുന്നു. 1891-ൽ ഹൈഡൽബർഗുകാരനായ മാക്‌സ്‌ വുള്‍ഫ്‌ ഛായാഗ്രഹണസങ്കേതം ഉപയോഗിച്ച്‌ ആസ്റ്ററോയ്‌ഡുകളെ തേടിപ്പിടിക്കുന്നതിൽ വിജയിച്ചു. വളരെനേരം ക്യാമറ തുറന്നുവച്ചാൽ നക്ഷത്രങ്ങള്‍ ഛായാഗ്രഹണത്തകിടിൽ പൊട്ടുകളായും ആസ്റ്ററോയ്‌ഡുകള്‍ മങ്ങിയ പടർന്ന രേഖകളായും കാണും. ആസ്റ്ററോയ്‌ഡുകള്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച്‌ ചലിക്കുന്നതാണ്‌ രേഖകള്‍ക്കു കാരണം. ഈ മാർഗം ഉപയോഗിച്ച്‌ 1892 മുതൽ 1962 വരെയുള്ള കാലഘട്ടത്തിൽ 1,600-ൽപ്പരം ആസ്റ്ററോയ്‌ഡുകളെ കണ്ടുപിടിച്ച്‌ പേരും അക്കവും കൊടുത്തിട്ടുണ്ട്‌. ഒന്നാമത്‌ കണ്ടുപിടിച്ച സീറെസിന്‌ അക്കം ഒന്ന്‌, രണ്ടാമതു കണ്ടുപിടിച്ച പല്ലാസിന്‌ അക്കം രണ്ട്‌, ഇങ്ങനെ പോകുന്നു സംജ്ഞകള്‍.

ഒരു ആസ്റ്ററോയ്‌ഡ്‌ ചൊണ്ണയുടെ ഭ്രമണപഥത്തിൽ കടന്ന്‌ ഭൂമിയെ സമീപിക്കുന്നതായി 1898-ൽ വാനനിരീക്ഷകർ കണ്ടു. അത്‌ ഈറോസ്‌ ആയിരുന്നു. ഈറോസ്‌ ഭൂമിയോട്‌ 25 കോടി കി.മീ. അടുത്തു.

ആസ്റ്ററോയ്‌ഡ്‌ മണ്ഡലം

മിക്ക ആസ്റ്ററോയ്‌ഡുകളും ചൊണ്ണയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയിലാണു സ്ഥിതി ചെയ്യുന്നത്‌ (ചിത്രം 2). ഈ മണ്ഡലത്തിൽ അവ ഏകരൂപമായി ഉള്‍ക്കൊണ്ടിരിക്കുന്നില്ല. ഇടയ്‌ക്കിടെ വിടവുകളുണ്ട്‌. കൂടാതെ ഈ മേഖലയ്‌ക്കു വെളിയിലും ഒരുകൂട്ടം ആസ്റ്ററോയ്‌ഡുകള്‍ സ്ഥിതി ചെയ്യുന്നു. അവയിൽ ഒരു പങ്ക്‌ വ്യാഴത്തെക്കാള്‍ 60ത്ഥ മുമ്പിലായും മറ്റേ പങ്ക്‌ 60ത്ഥ പിമ്പിലായും സൂര്യനെ ചുറ്റുന്നു (ചിത്രം 2). ആദ്യം പറഞ്ഞവയ്‌ക്ക്‌ ചില ശാസ്‌ത്രജ്ഞന്മാർ ഗ്രീക്കു ഗ്രഹങ്ങളെന്നും രണ്ടാമത്തേതിനു ട്രാജന്‍ ഗ്രഹങ്ങളെന്നും പറയുന്നുണ്ടെങ്കിലും രണ്ടും ചേർത്ത്‌ ട്രാജന്‍ ആസ്റ്ററോയ്‌ഡുകള്‍ എന്നാണ്‌ വ്യവഹരിക്കപ്പെടുക. ട്രാജന്‍ ആസ്‌റ്ററോയ്‌ഡുകള്‍ക്കും സൂര്യനും ഇടയ്‌ക്കുളള ദൂരവും, വ്യാഴവും സൂര്യനും തമ്മിലുള്ള ദൂരവും സമമാണ്‌. 1904-ൽ ജർമന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ മാക്‌സ്‌ വുള്‍ഫ്‌ കണ്ടുപിടിച്ചത്‌ അക്കില്ലെസ്‌ (Achilles) െഎന്ന ട്രാജന്‍ ആസ്‌റ്ററോയ്‌ഡ്‌ ആണ്‌. ട്രാജന്‍ ആസ്‌റ്ററോയ്‌ഡുകള്‍ക്ക്‌ ട്രാജന്‍ യുദ്ധവീരന്മാരുടെ പേരുകളാണ്‌ നൽകിയിരിക്കുന്നത്‌.


ദ്രവ്യമാനം- ആകൃതി

ദ്രവ്യമാനം-ആകൃതി. മറ്റൊരു വസ്‌തുവിൽ ഏല്‌പിക്കുന്ന ഗുരുത്വത്തിൽനിന്നാണ്‌ ഒരു വസ്‌തുവിന്റെ ദ്രവ്യമാനം കാണുക. ആസ്റ്ററോയ്‌ഡുകള്‍ക്ക്‌ ഗുരുത്വഫലം നന്നെ ചെറുതാണ്‌. എങ്കിലും ഏറ്റവും വലിയ ആസ്റ്ററോയ്‌ഡ്‌ ആയ സീറെസിന്‌ ചന്ദ്രന്റെ ഘനത്വം ഉണ്ടെന്ന്‌ അനുമാനിച്ചാൽ അതിന്റെ ദ്രവ്യമാനം ഭൂമിയുടേതിന്റെ 1/7200 ആയിരിക്കും. സാധാരണ ആസ്റ്ററോയ്‌ഡിന്റെ ദ്രവ്യമാനം അവഗണിക്കാവുന്നതേയുള്ളു. ഇതുവരെ അറിയപ്പെട്ടിട്ടുള്ളതും ഇനിയും അറിയാനിരിക്കുന്നതുമായ ആസ്റ്ററോയ്‌ഡുകളുടെ മൊത്തം ദ്രവ്യമാനം ഭൂമിയുടെ ദ്രവ്യമാനത്തിന്റെ 1/500-ൽ കുറവായിരിക്കുമെന്നു കണക്കാക്കിയിട്ടുണ്ട്‌.


ആസ്റ്ററോയ്‌ഡുകള്‍ക്ക്‌ ഗോളാകൃതിയില്ല; മിക്ക ആസ്റ്ററോയ്‌ഡുകള്‍ക്കും ക്രമരഹിതമായ ആകൃതിയാണുള്ളത്‌.

ഉദ്‌ഭവസിദ്ധാന്തങ്ങള്‍

കിയോട്‌സുഗോ റിഗാകുഷി ഹിരയാമാ ആസ്റ്ററോയ്‌ഡുകളെ അഞ്ച്‌ "കുടുംബ'ങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഉദ്‌ഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വിഭജനം നടത്തിയത്‌. ഓൽബേർസിന്റെ സിദ്ധാന്തം എല്ലാ ആസ്റ്ററോയ്‌ഡുകളും ഒരേ മൗലിക വാനവസ്‌തുവിൽനിന്നു പൊട്ടിത്തെറിച്ചതാണ്‌ എന്നായിരുന്നു. അങ്ങനെയെങ്കിൽ ഈ ഭാഗങ്ങള്‍ ഭഞ്‌ജനം നടന്ന ബിന്ദുവിലൂടെ സൂര്യപ്രദക്ഷിണവേളയിൽ വീണ്ടും കടന്നുപോകണമെന്ന്‌ ഹിരയാമാ വാദിച്ചു. പക്ഷേ, ഇത്തരമൊരു കേന്ദ്രബിന്ദുവിലൂടെ എല്ലാ ആസ്‌റ്ററോയ്‌ഡുകളും കടന്നുപോകുന്നില്ല. അനേകം ആസ്‌റ്ററോയ്‌ഡുകള്‍ക്ക്‌ അസാധാരണ ഭ്രമണപഥങ്ങളാണ്‌ ഉള്ളത്‌.

സൗരയൂഥത്തിന്റെ ഉദ്‌ഭവത്തെപ്പറ്റിയുള്ള സിദ്ധാന്തത്തിൽ ജറാള്‍ഡ്‌ കുയ്‌പെർ പറയുന്നത്‌ ഇപ്പോഴത്തെ ആസ്‌റ്ററോയ്‌ഡ്‌ മണ്ഡലത്തിൽ പണ്ട്‌ അഞ്ചുമുതൽ പത്തുവരെ "സംഘനനഗ്രഹങ്ങള്‍' അഥവാ ഭ്രൂണീയഗ്രഹങ്ങള്‍ (Embryonic Planets) ഉെണ്ടായിരുന്നു എന്നാണ്‌. ഇവയിൽ ഏതെങ്കിലും രണ്ടെച്ചം തമ്മിൽ കൂട്ടിമുട്ടാന്‍ വളരെ സാധ്യതയുണ്ട്‌; ആദ്യത്തെ സംഘട്ടനം നിമിത്തം ഉണ്ടാകുന്ന ഗ്രഹഭാഗങ്ങള്‍ ബാക്കി ഭ്രൂണീയഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുതലുമാണ്‌. ഇങ്ങനെ ആസ്‌റ്ററോയ്‌ഡുകളുടെ സമൂഹങ്ങള്‍ ഉണ്ടാകുന്നു. ഈ ഭാഗങ്ങള്‍ക്ക്‌ സെക്കണ്ടിൽ 0.1 കി.മീ. മുതൽ 0.2 കി.മീ. വരെ ആപേക്ഷിക ഗതിവേഗം ഉണ്ടെങ്കിൽ ആസ്‌റ്ററോയ്‌ഡ്‌ സമൂഹങ്ങള്‍ക്ക്‌ പിന്നീട്‌ അംഗീകൃതമായ വിതരണമാതൃക കിട്ടുമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഛിന്നഗ്രഹങ്ങളെ സംബന്ധിച്ച്‌ ഇന്ന്‌ ഏറ്റവും സ്വീകാര്യമായ സിദ്ധാന്തം, അവ ആദിമ സൗര നെബുലയിൽനിന്ന്‌ ഉദ്‌ഭവിച്ചു എന്നതാണ്‌. സൂര്യന്റെ ഉദ്‌ഭവത്തിനുശേഷം അവശേഷിച്ച നെബുലയിൽ സങ്കോചം വഴി അനേകം ഗ്രഹശകലങ്ങള്‍ (Planetesimals) രെൂപപ്പെടുകയും അവ അന്യോന്യം കൂട്ടിമൂട്ടി ഒന്നായി ഗ്രഹങ്ങളായി മാറുകയും ചെയ്‌തു. എന്നാൽ, ആദ്യമേ രൂപം കൊണ്ട ഭീമന്‍ ഗ്രഹമായ വ്യാഴം സമീപസ്ഥമായ ഗ്രഹശകലങ്ങളിൽ ഏറിയപങ്കിനെയും ആകർഷിച്ചു പിടിച്ചതിനാൽ ചൊണ്ണയ്‌ക്കും വ്യാഴത്തിനും ഇടയ്‌ക്ക്‌ ഒരു ഗ്രഹം രൂപീകരിക്കപ്പെടാതെപോയി. വ്യാഴത്തിനു ഗ്രഹിക്കാന്‍ പറ്റാത്ത പഥങ്ങള്‍ കൈവന്ന കുറച്ചു ഗ്രഹശകലങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. അവയാണ്‌ ഇന്നത്തെ ആസ്‌റ്ററോയ്‌ഡുകള്‍. ഭൂമിക്കു ഭീഷണി ഉയർത്തുന്ന പഥങ്ങളിൽ സഞ്ചരിക്കുന്ന ആസ്‌റ്ററോയ്‌ഡുകള്‍ ധാരാളമുള്ളതുകൊണ്ട്‌ അവയുടെ നിരന്തര നിരീക്ഷണം പരമപ്രധാനമാണ്‌. (ജെ. വി. വിളനിലം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍