This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആവ്‌ബറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആവ്‌ബറി
Avebury
പുരാവസ്‌തുപ്രാധാന്യമുള്ള ഒരു ആംഗലഗ്രാമം. ഇംഗ്ലണ്ടിന്റെ തെക്കുഭാഗത്ത് വിൽറ്റ്‌ഷയറിൽ മാൽബറോമലഞ്ചരിവിന്റെ അടിവാരത്തിൽ കെന്നത്ത് നദിക്കരയിൽ സ്ഥിതിചെയ്യുന്ന 11 ഹെക്‌ടർ വിസ്‌തീർണമുള്ള ഈ പ്രദേശത്ത് അതിപുരാതനമായ ഒരു വലിയ തിട്ട കണ്ടെത്തിയിട്ടുണ്ട്. 427 മീ. വ്യാസവും 6 മീ. ഉയരവും 22 മീ. ഭിത്തികനവുമുള്ള വൃത്താകൃതിയിലുള്ള ഈ തിട്ട ചോക്കുകല്ലിൽനിന്ന് വെട്ടിയെടുത്ത കട്ടകള്‍കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഈ തിട്ടയുടെ നാലുവശത്തും ഓരോ കവാടങ്ങള്‍ ഉണ്ട്. ഈ തിട്ടയുടെ അരികുചേർന്ന് 50 ടണ്‍ വീതം ഭാരമുള്ള 100 മണൽ കല്ലുകള്‍ അടുക്കിയിട്ടുണ്ട്. ഇതിനുള്ളിൽ വൃത്താകാരത്തിൽ 107 മീ വ്യാസമുള്ള രണ്ട് ചെറിയ പണിക്കെട്ടുകള്‍ കാണാം. തെക്കുവശത്തുള്ള പണിക്കെട്ടിന്റെ നടുവിൽ ഉയരമുള്ള ഒരു കൽത്തൂണും അതിന് ചുറ്റുമായി ചെറിയ ഉരുളന്‍കല്ലുകളും നാട്ടിയിരിക്കുന്നു. നടുവിലുള്ള വൃത്തസ്‌തംഭത്തിന്റെ നടുക്ക് മൂന്നു കല്ലുകള്‍ പാകിയ ഡ-ആകൃതിയിലുള്ള ഒരു പണിക്കെട്ടു കാണാം. വടക്കുഭാഗത്തുള്ള പണികള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ് കിടക്കുന്നത്. തെക്കുഭാഗത്തുള്ള കവാടത്തിനടുത്ത് വർത്തുളാകൃതിയിൽ നിർമിക്കപ്പെട്ട ഒരു പണിക്കെട്ടുണ്ട്. കിഴക്കേ കവാടത്തിനടുത്തുള്ള വലിയ കൽത്തുള മരത്തൂണ്‍ നാട്ടുന്നതിന് ഉപയോഗിച്ചിരുന്നതായി കരുതുന്നു. കവാടത്തിന് ഇരുവശവും വരിവരിയായി കാണപ്പെടുന്ന ഇത്തരം കൽത്തുളകള്‍ കെന്നത്ത് നദീതടത്തിൽനിന്നും ഈ തിട്ടയ്‌ക്കുള്ളിൽ വൃത്താകാരത്തിലുള്ള വലിയ കൽക്കെട്ടിലേക്ക് നയിക്കുന്ന പ്രധാന നടപ്പാതയുടെ തുടർച്ചയായുള്ള പണിക്കെട്ടുകളുടെ നഷ്‌ടാവശിഷ്‌ടങ്ങളായിരിക്കാം. പടിഞ്ഞാറേ കെന്നത്ത് നടപ്പാതയ്‌ക്കു 15 മീ. വീതിയുണ്ട്. ഇതിൽ 24 മീ. അകലത്തിൽ കല്ലുകള്‍ ജോഡിയായി പാകിയിട്ടുണ്ട്.
ആവ്‌ബറിയിലെ മണ്‍തിട്ടകളും കല്‌പണികളും ഓവർട്ടണ്‍കുന്നിലെ തടിപ്പണികളും ആ പ്രദേശത്ത് അധിവസിച്ചിരുന്ന നവീനശിലായുഗമനുഷ്യർ നിർമിച്ചിട്ടുള്ളവയായിരിക്കണം.
1943-ൽ ആവ്‌ബറിഗ്രാമം നാഷണൽ ട്രസ്റ്റ് ഏറ്റെടുത്തു. ഈ ഗ്രാമത്തിലെ ജനസംഖ്യ 486 (2001) ആണ്.