This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആയുർവേദഗ്രന്ഥങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആയുര്‍വേദഗ്രന്ഥങ്ങള്‍
ഔഷധചികിത്സാപ്രധാനവും ശസ്‌ത്രചികിത്സാപ്രധാനവുമായ ആയുര്‍വേദശാഖകളെ കൈകാര്യം ചെയ്യുന്നവരായി രണ്ട് ആചാര്യപരമ്പരകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതായും ഒട്ടധികം ശാസ്‌ത്രഗ്രന്ഥങ്ങള്‍ ഇരുശാഖകളിലും നിര്‍മിച്ചിട്ടുള്ളതായും ഭാരതീയ വൈദ്യശാസ്‌ത്രചരിത്രം വ്യക്തമാക്കുന്നു. അഗ്നിവേശസംഹിത, ഭേളസംഹിത, ജതൂകര്‍ണസംഹിത, പരാശരസംഹിത, ഹാരിതസംഹിത, ക്ഷാരപാണിസംഹിത, ചരകസംഹിത, സുശ്രുതസംഹിത, പുഷ്‌കലാവതസംഹിത, ഗോപുരക്ഷിതസംഹിത, ഭോജസംഹിത, ഭൂലുകിസംഹിത, വൃദ്ധസുശ്രുതം തുടങ്ങിയ പേരുകളില്‍ അവ അറിയപ്പെടുന്നു. അവയില്‍ ചിലതുമാത്രമേ ലഭ്യമായിട്ടുള്ളൂ; എന്നാല്‍ ലഭ്യമായിട്ടുള്ളവയുടെ വ്യാഖ്യാനങ്ങളിലും മറ്റും ലുപ്‌തതന്ത്രങ്ങളെപറ്റിയുള്ള പരാമര്‍ശങ്ങളും അവയില്‍നിന്നുള്ള ഉദ്ധരണികളും കാണ്‍മാനുണ്ട്. ചരകവ്യാഖ്യാതാവായ ചക്രപാണിയും മാധവനിദാനവ്യാഖ്യാതാവായ വിജയരക്ഷിതനും സിദ്ധയോഗവ്യാഖ്യാതാവായ ശ്രീകണ്‌ഠനും ഇടയ്‌ക്ക് ഉദ്ധരിച്ചുകാണുന്ന അഗ്നിവേശസംഹിത ഇന്ന് കിട്ടാനില്ല; അഗ്നിവേശനിര്‍മിതമെന്നു പറയപ്പെടുന്ന അഞ്‌ജനനിദാനവും അപ്രകാരംതന്നെ. ചക്രപാണിയും വിജയരക്ഷിതനും ഉദ്ധരിക്കുന്ന ജതൂകര്‍ണസംഹിത, വിജയരക്ഷിതനും ശ്രീകണ്‌ഠനും ശിവദാസസേനനും ഉദ്ധരിക്കുന്ന പരാശരസംഹിത, ക്ഷാരപാണിസംഹിത എന്നിവയും, ഹേമാദ്രി, വിജയരക്ഷിതന്‍ എന്നിവര്‍ ഉദ്ധരിക്കുന്ന ഖരനാദസംഹിതയും, ചക്രപാണിയും ശിവദാസ സേനനും ഉദ്ധരിക്കുന്ന വിശ്വാമിത്രസംഹിതയും അഗസ്‌ത്യസംഹിത, അത്രിസംഹിത, സുശ്രുതന്റെ സഹപാഠികളായ ഔപധേനവും ഔരേന്ദ്രനും എഴുതിയ ശല്യതന്ത്രങ്ങള്‍ എന്നിവയും ലഭ്യമല്ല. നിദാനവ്യാഖ്യാനത്തില്‍ വിജയരക്ഷിതനും സിദ്ധയോഗവ്യാഖ്യാനത്തില്‍ ശ്രീകണ്‌ഠനും ഉദ്ധരിക്കുന്ന സുശ്രുതപാഠങ്ങള്‍ ഇന്നു കിട്ടിവരുന്ന സുശ്രുതത്തില്‍ കാണ്‍മാനില്ല. അവ കിട്ടാനില്ലാത്ത വൃദ്ധസുശ്രുതത്തില്‍നിന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഇതുപോലെ വൈതരണതന്ത്രം, ഭോജതന്ത്രം, വിദേഹതന്ത്രം, നിമിതന്ത്രം, ശൗനകതന്ത്രം, കരാളതന്ത്രം എന്നിവയില്‍നിന്നെല്ലാം ഉദ്ധരണികള്‍ കാണ്‍മാനുണ്ടെങ്കിലും അവയൊന്നും ലഭ്യമല്ല. കൗമാരഭൃത്യത്തില്‍ ഡല്‍ഹണന്‍ പരാമര്‍ശിക്കുന്ന പാര്‍വകന്‍, ബന്ധകന്‍ എന്നിവരുടെ തന്ത്രങ്ങളുടെയും അഗദവിഷയത്തില്‍ അലംബായന സംഹിത, ഉശനസംഹിത എന്നിവയുടെയും സ്ഥിതിയും ഇതുതന്നെ. ഇന്നു ലഭ്യമായിട്ടുള്ള പ്രധാന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ചിലതിനെപ്പറ്റി മാത്രം താഴെ സൂചിപ്പിക്കുന്നു.
ചരകസംഹിത. ഇതുവരെ ലഭിച്ചിട്ടുള്ളവയില്‍വച്ച് ഏറ്റവും പ്രാചീനമായ ആയുര്‍വേദഗ്രന്ഥമാണ് ചരകം. ആത്രേയ പുനര്‍വസുവിന്റെ ശിഷ്യനായ അഗ്നിവേശന്‍ ഗുരുവചനങ്ങളെ സംഹിതയാക്കിയെന്നും അതിനെ പിന്നീട് ചരകന്‍ പ്രതിസംസ്‌കരിച്ചുവെന്നും ക്രമേണ നഷ്‌ടപ്പെട്ട അതിലെ പല ഭാഗങ്ങളും ദൃഢബലന്‍ കൂട്ടിച്ചേര്‍ത്തു പൂരിപ്പിച്ചുവെന്നും അങ്ങനെ രൂപാന്തരം പ്രാപിച്ച അഗ്നിവേശ സംഹിതയാണ് ഇന്ന് പ്രചാരത്തിലിരിക്കുന്ന ചരകസംഹിതയെന്നും പറയപ്പെടുന്നു. കായചികിത്സയ്‌ക്കാണ് ഇതില്‍ പ്രാധാന്യം. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരീരസ്ഥാനം, ഇന്ദ്രിയസ്ഥാനം, ചികിത്സാസ്ഥാനം, കല്‌പസ്ഥാനം, സിദ്ധിസ്ഥാനം എന്നിങ്ങനെ എട്ടുവിഭാഗങ്ങളിലായി 120 അധ്യായങ്ങള്‍ ഇതിലുണ്ട്.
സുശ്രുതസംഹിത. ധന്വന്തരിയുടെ ശിഷ്യനായ സുശ്രുതന്‍ രചിച്ച ഗ്രന്ഥമാണിത്. ഇതില്‍ ആദ്യം ശല്യചികിത്സ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പിന്നീട് സിദ്ധനാഗാര്‍ജുനന്‍ പ്രതിസംസ്‌കരിക്കുകയും ഉത്തരതന്ത്രം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തതാണ് ഇന്ന് കിട്ടിവരുന്ന സുശ്രൂതസംഹിതയെന്നും വ്യാഖ്യാതാവായ ഡല്‍ഹണന്‍ പറയുന്നു. ഇതില്‍ സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‌പസ്ഥാനം, ഖിലസ്ഥാനം (ഉത്തരതന്ത്രം) എന്നീ ആറു വിഭാഗങ്ങളിലായി 186 അധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു; ശല്യചികിത്സയ്‌ക്കാണ് ഇതില്‍ പ്രാധാന്യം നല്‌കിയിട്ടുള്ളത്.
കശ്യപസംഹിത. മാരീചകശ്യപന്‍ വൃദ്ധജീവകനെ ഉപദേശിച്ച രൂപത്തിലാണ് ഈ സംഹിത. കശ്യപനും ജീവകനും ആത്രേയന്റെ സമകാലികന്മാരായിരുന്നിരിക്കണം. ഈ കൃതി ഗുപ്‌തരാജാക്കന്മാരുടെ കാലത്താണ് രചിക്കപ്പെട്ടതെന്ന് അത്രിദേവവിദ്യാലങ്കാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാത്സ്യന്‍ ഇതിനെ പ്രതിസംസ്‌കരിച്ചിട്ടുണ്ട്. പല ഭാഗങ്ങളും മുറിഞ്ഞുപോയ നിലയില്‍ നേപ്പാളില്‍നിന്നും കണ്ടുകിട്ടിയ ഈ ഗ്രന്ഥം ജ്വരസമുച്ചയം എന്ന മറ്റൊരു താളിയോലഗ്രന്ഥത്തിലെ നഷ്‌ടശിഷ്‌ടങ്ങള്‍കൂടി സംയോജിപ്പിച്ചാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൗമാരഭൃത്യം ഇതില്‍ പ്രാധാന്യേന പ്രതിപാദിച്ചിരിക്കുന്നു. സൂത്ര-നിദാന-വിമാന-ശാരീര-ഇന്ദ്രിയ-ചികിത്സാ-സിദ്ധി-കല്‌പ-ഉത്തരസ്ഥാനങ്ങളിലായി 200 അധ്യായങ്ങള്‍ ഇതിലുണ്ട്.
ഭേളസംഹിത. ആത്രേയപുനര്‍വസുവിന്റെ ശിഷ്യനും അഗ്നിവേശന്റെ സതീര്‍ഥ്യനുമായ ഭേളനാണ് ഇതിന്റെ കര്‍ത്താവ്. 1959-ല്‍ അപൂര്‍ണരൂപത്തില്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചരകസംഹിതയിലെപ്പോലെയാണ് ഇതിലെയും വിഷയവിഭജനം. പക്ഷേ ചരകത്തിലെ പ്രൗഢോജ്വലമായ ഭാഷാശൈലിയോ വിഷയവിശകലന രീതിയോ ഇതില്‍ കാണുന്നില്ല. ചരകസംഹിതയിലെപ്പോലെ എട്ടു സ്ഥാനങ്ങളിലായി 120 അധ്യായങ്ങളാണ് ഇതിലുള്ളത്.
അഷ്‌ടാംഗസംഗ്രഹം. കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊര്‍ധ്വാംഗചികിത്സ, ശല്യചികിത്സ, വിഷചികിത്സ, രസായനചികിത്സ, വാജീകരണ ചികിത്സ എന്നീ അഷ്‌ടാംഗ ചികിത്സകള്‍ കൈകാര്യം ചെയ്‌തിട്ടുള്ള ശാസ്‌ത്രഗ്രന്ഥങ്ങളെ ഉദ്‌ഗ്രഥന രൂപത്തില്‍ സംഗ്രഹിച്ചിട്ടുള്ളതാണ് വാഗ്‌ഭടപ്രണീതമായ ഈ ഗ്രന്ഥം. അഷ്‌ടാംഗ വൈദ്യകമഹോദധി മഥിച്ചെടുത്ത മഹാമൃതരാശിയാണ് ഇതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു. പൂര്‍വശാസ്‌ത്രകാരന്മാര്‍ അത്രതന്നെ വ്യക്തമാക്കാത്ത മര്‍മപ്രധാനമായ പല ശാസ്‌ത്രസങ്കേതങ്ങളും വിശദമാക്കാന്‍ ഗ്രന്ഥകര്‍ത്താവ് സമര്‍ഥമായി യത്‌നിച്ചിട്ടുണ്ട്.
അഷ്‌ടാംഗഹൃദയം. അഷ്‌ടാംഗസംഗ്രഹത്തെ ഒന്നുകൂടി സംക്ഷേപിച്ചു രചിച്ചിട്ടുള്ള ഈ ഗ്രന്ഥം ആയുര്‍വേദ ശാസ്‌ത്രത്തിന്റെ രത്‌നസാരമാണ്. വൈദ്യന്‍മാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ഗ്രന്ഥവും ഇതുതന്നെ.
രുഗ്‌വിനിശ്ചയം. എ.ഡി. 8-ാം ശ.-ത്തില്‍ ബംഗാളില്‍ ജീവിച്ചിരുന്ന മാധവകരന്‍ എന്ന പണ്ഡിതന്‍ രചിച്ചതാണ് ഈ ഗ്രന്ഥം; മാധവനിദാനം എന്ന പേരിലാണ് ഇതിന് കൂടുതല്‍ പ്രസിദ്ധി. ആയുര്‍വേദത്തില്‍ ഒരു പ്രത്യേകവിഷയം മാത്രമെടുത്തു നിര്‍മിക്കപ്പെട്ടിട്ടുള്ള ഒരേ ഒരു അംഗീകൃതഗ്രന്ഥം ഇതാണ്. ചരകം, സുശ്രുതം, അഷ്‌ടാംഗസംഗ്രഹം, അഷ്‌ടാംഗഹൃദയം തുടങ്ങിയ പൂര്‍വഗ്രന്ഥങ്ങളില്‍നിന്ന് രോഗനിദാനങ്ങളെ സ്‌പര്‍ശിക്കുന്ന ഭാഗങ്ങള്‍ ക്രോഡീകരിച്ച് വിഷയാവബോധം വരത്തക്കവിധം സുഗമമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. രോഗങ്ങളുടെ നിദാനം, ലക്ഷണം, സംപ്രാപ്‌തി, സാധ്യാസാധ്യനിരൂപണം മുതലായവയാണ് ഇതിലെ ഉള്ളടക്കം.
ചികിത്സാസാരസംഗ്രഹം അഥവാ ചക്രദത്തം. രുഗ്‌വിനിശ്ചയത്തിന്റെ ചുവടുപിടിച്ച് ചക്രപാണിദത്തന്‍ എന്ന ബംഗാളി പണ്ഡിതന്‍ രചിച്ചതാണ് ഈ ഗ്രന്ഥം. രുഗ്‌വിനിശ്ചയത്തില്‍ പ്രതിപാദിച്ചിട്ടുള്ള രോഗങ്ങള്‍ക്ക് അതേക്രമത്തില്‍ ചികിത്സ നിര്‍ണയിക്കുകയാണ് ഇതില്‍ ചെയ്‌തിട്ടുള്ളത്. ആത്രേയസമ്പ്രദായം, ധന്വന്തരിസമ്പ്രദായം, ശൈവ (അഗസ്‌ത്യ) സമ്പ്രദായം എന്നിവയുടെ സമഞ്‌ജസസംയോജനം നിര്‍വഹിച്ചിട്ടുണ്ടെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. സിദ്ധവൈദ്യപ്രതിപാദിതങ്ങളായ രസൗഷധങ്ങളെ യഥോചിതം കൂട്ടിച്ചേര്‍ത്തിട്ടുള്ള ആദ്യത്തെ ആയുര്‍വേദചികിത്സാഗ്രന്ഥം ഇതാണ്. ചക്രദത്തം എന്ന നാമാന്തരം ഗ്രന്ഥകാരന്റെ പേരിനെ സൂചിപ്പിക്കുന്നു. ചരകം, സുശ്രുതം, അഷ്‌ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ദ്രവ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിശദമായ പ്രതിപാദനം ഇതില്‍ കാണാം.
നവനീതകം. 1890-ല്‍ ബോവര്‍ എന്ന ബ്രിട്ടിഷ് പട്ടാളോദ്യോഗസ്ഥന്‍ മധ്യേഷ്യയിലെ കാഷ്‌ഗറിലുള്ള ഒരു സ്‌തൂപത്തിന്റെ അവശിഷ്‌ടങ്ങളില്‍നിന്നും കണ്ടെടുത്ത ഏഴു ഹസ്‌തലിഖിതങ്ങളില്‍പ്പെട്ട ഒരു വൈദ്യഗ്രന്ഥമാണിത്. ചരകസുശ്രുതങ്ങളിലെ പാഠങ്ങള്‍ക്കു പുറമേ മഹാമായൂരിവിദ്യ, മാതാംഗിവിദ്യ മുതലായവ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം ഗുപ്‌തകാലത്തു രചിക്കപ്പെട്ടതാണെന്ന് ഊഹിക്കപ്പെടുന്നു. സംസ്‌കൃതഭാഷയില്‍ ബ്രാഹ്മിലിപിയില്‍ എഴുതിയിട്ടുള്ള ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടിട്ടുണ്ട്. മൂലഗ്രന്ഥം ഓക്‌സ്‌ഫഡില്‍ സൂക്ഷിച്ചിരിക്കുന്നു.
ശാര്‍ങ്‌ഗധരസംഹിത. ശാര്‍ങ്‌ഗധരപ്രണീതമായ ഈ കൃതി അഷ്‌ടാംഗഹൃദയത്തിനുശേഷം നിര്‍മിക്കപ്പെട്ടിട്ടുള്ള ഏറ്റവും നല്ല സംഗ്രഹഗ്രന്ഥം എന്ന നിലയില്‍ പ്രസിദ്ധമാണ്. ഔഷധനിര്‍മാണയോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനമായ മുഖ്യ ഗ്രന്ഥമാണിത്. അവീന്‍, ആകാരകരഭം മുതലായ ഔഷധങ്ങളുടെയും നാഡീവിജ്ഞാനത്തിന്റെയും വിവരണം ഇതില്‍ കാണാം.
ഭാവപ്രകാശം. 15-ാം ശ.-ത്തില്‍ ഭാവമിശ്രന്‍ രചിച്ചതാണ് ഈ ഗ്രന്ഥം. ഇതിലെ ദ്രവ്യവിജ്ഞാനവിഭാഗത്തില്‍ പൂര്‍വഗ്രന്ഥങ്ങളില്‍ പ്രസ്‌താവിച്ചിട്ടില്ലാത്ത അനേകം പുതിയ ദ്രവ്യങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഫിരംഗം, പൂയസ്രാവം തുടങ്ങിയ ഗുഹ്യരോഗങ്ങളെപ്പറ്റി ഒരു ആയുര്‍വേദാചാര്യന്‍ ആദ്യമായി പ്രതിപാദിക്കുന്നത് ഈ ഗ്രന്ഥത്തിലാണ്. പറങ്കികളില്‍നിന്നും പകര്‍ന്നു കിട്ടിയ ഈ രോഗങ്ങള്‍ക്ക് ചീനപ്പാവും രസവും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ചികിത്സാപദ്ധതി ഇതില്‍ ആവിഷ്‌കൃതമായിരിക്കുന്നു. രസായന വാജീകരണങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോഴും ഗ്രന്ഥകാരന്‍ ഗതാനുഗതികത്വത്തെവിട്ട് സ്വതന്ത്രമായ ഒരു ചിന്താഗതിയും സമീപനവും സ്വീകരിച്ചിരിക്കുന്നു.
ഭൈഷജ്യരത്‌നാവലി. ഗോവിന്ദദാസകൃതമായ ഈ ഗ്രന്ഥത്തില്‍ ആയുര്‍വേദചികിത്സകന്മാര്‍ക്കുള്ള അനവധി നിര്‍ദേശങ്ങളും ഔഷധവിധികളും അടങ്ങിയിരിക്കുന്നു. ഭാവപ്രകാശത്തിനുശേഷം പുതിയ രോഗങ്ങളുടെയും ഔഷധങ്ങളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ചിട്ടുള്ള ഗ്രന്ഥമാണിത്. വൃക്കകളിലും മസ്‌തിഷ്‌കത്തിലും മറ്റും ആധുനികകാലത്ത് പ്രചരിച്ചിട്ടുള്ള രോഗങ്ങളുടെ വിവരണവും ചികിത്സാവിധികളും ഇതിലുണ്ട്. യോഗരത്‌നാകരം. വൈദ്യന്മാര്‍ക്കിടയില്‍ വളരെ പ്രചാരം ലഭിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരെന്നു നിശ്ചയമില്ല. 17-ാം ശ.-ത്തിലാണ് ഇതിന്റെ ആവിര്‍ഭാവം. സി.കെ. വാസുദേവശര്‍മ ഇതിന് വൈദ്യരത്‌നവ്യാഖ്യ എന്ന പേരില്‍ ഒരു മലയാള വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
വൈദ്യജീവനം. 17-ാം ശ.-ത്തില്‍ ലോലിംബരാജന്‍ എഴുതിയതാണ് ഈ ഗ്രന്ഥം. ഇതില്‍ അനുഭവസിദ്ധങ്ങളായ അനേകം ഔഷധയോഗങ്ങള്‍ അടങ്ങിയിരിക്കുന്നു. വീരസിംഹാവലോകം. ഗ്വാളിയറിലെ ഒരു രാജാവായിരുന്ന വീരസിംഹനാണ് ഇതിന്റെ കര്‍ത്താവ്. ജ്യോതിഷം, വൈദ്യം, നിയമം എന്നിവയെല്ലാം ഇതില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ആയുര്‍വേദസൂത്രം. യോഗശാസ്‌ത്രത്തെയും ആയുര്‍വേദത്തെയും കൂട്ടിയിണക്കി, പ്രാണായാമം തുടങ്ങിയ യോഗശാസ്‌ത്രവിധികളെ രോഗനിരോധനത്തിനും രോഗനിവാരണത്തിനും പ്രയോജനപ്പെടുത്താമെന്നു കാണിക്കുന്ന ഒരു ഗ്രന്ഥമാണിത്.
ജീവാനന്ദനം. ആയുര്‍വേദശാസ്‌ത്രത്തെ പ്രതിപാദ്യമാക്കി നിര്‍മിച്ചിട്ടുള്ള ഒരു നാടകമാണിത്. പ്രധാനമായും രോഗങ്ങളാണ് ഇതിലെ കഥാപാത്രങ്ങള്‍; ജീവനാണ് കഥാനായകനായ രാജാവ്. ബുദ്ധിയും ജ്‌ഞാനവും അദ്ദേഹത്തിന്റെ സചിവന്മാര്‍; രാജയക്ഷ്‌മാവ് (ക്ഷയം) പ്രതിനായകന്‍. ജ്വരം, കാസം, ശ്വാസം തുടങ്ങിയ അനുയായികളുടെ സഹായത്തോടെ കഥാനായകനായ ജീവനെതിരെ രാജയക്ഷ്‌മാവ് യുദ്ധം പ്രഖ്യാപിക്കുന്നതും സുദീര്‍ഘമായ പോരാട്ടത്തിനുശേഷം ജീവന്‍ അനേകം ആയുര്‍വേദൗഷധങ്ങളുടെ സഹായത്തോടെ അന്തിമവിജയം പ്രാപിക്കുന്നതും ഇതില്‍ വര്‍ണിച്ചിരിക്കുന്നു. തഞ്ചാവൂര്‍ രാജാവിന്റെ മന്ത്രിയായിരുന്ന ആനന്ദരായമാഘനാണ് ഇതിന്റെ രചയിതാവ്.
രസരത്‌നസമുച്ചയം. 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു വാഗ്‌ഭടന്റെ കൃതിയാണിത്. രസചികിത്സ സമഗ്രമായി പ്രതിപാദിക്കുന്ന ഒരു സംഗ്രഹഗ്രന്ഥമെന്ന നിലയില്‍ ഇത് വിലപ്പെട്ടതാണ്. രസങ്ങള്‍-മഹാരസങ്ങള്‍, ഉപരസങ്ങള്‍, സാധാരണരസങ്ങള്‍-രത്‌നങ്ങള്‍, ലോഹങ്ങള്‍ എന്നിവയുടെ ശോധനാപ്രകാരവും ഭസ്‌മീകരണസമ്പ്രദായവും പൂര്‍വഖണ്ഡത്തിലും സാമാന്യമായി എല്ലാ രോഗങ്ങളുടെയും രസൗഷധ പ്രധാനമായ ചികിത്സാക്രമം ഉത്തരഖണ്ഡത്തിലും നിബന്ധിച്ചിരിക്കുന്നു.
രസതന്ത്രകൃതികള്‍. രസതന്ത്രപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങള്‍ നിരവധിയാണ്. ഗോവിന്ദഭാഗവതര്‍ എന്ന ബുദ്ധഭിക്ഷു രചിച്ച രസഹൃദയതന്ത്രം, നിത്യനാഥന്‍ രചിച്ച രസരത്‌നാകരം, നാഗാര്‍ജുനപ്രണീതമായ രസേന്ദ്രമംഗളം (ഇതിന്റെ നാല് അധ്യായങ്ങളേ കിട്ടിയുട്ടുള്ളൂ), സിദ്ധനിത്യനാദന്റെ രസാകര രത്‌നം, ധുംദുക നാഥന്റെ രസേന്ദ്രചിന്താമണി, ഗോപാലകൃഷ്‌ണഭട്ടാചാര്യന്റെ രസേന്ദ്രസാരസംഗ്രഹം, ഗോവിന്ദാചാര്യന്റെ രസസാരം, മന്ഥാനസിംഹന്റെ രസനക്ഷത്രമാലിക, ദേവദത്തന്റെ ധാതുരത്‌നമാല, മാധവാചാര്യന്റെ രസകൗമുദി, രസേന്ദ്രകല്‌പദ്രുമം, രസപ്രദീപം, രസകല്‌പം. ബിന്ദുവിന്റെ രസപദ്ധതി മുതലായവ ആ വകുപ്പില്‍പ്പെടുന്ന കൃതികളാണ്. മാധവോപാധ്യായന്റെ ആയുര്‍വേദപ്രകാശം രസൗഷധഗ്രന്ഥങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥാവലിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രസവൈശേഷികത്തിന്റെ സൂത്രകര്‍ത്താവ് ഭദന്തനാഗാര്‍ജുനനും ഭാഷ്യകാരന്‍ ഒരു നിരസിംഹനുമാണ്. ഇതിലെ പ്രതിപാദ്യം ആരോഗ്യശാസ്‌ത്ര തത്ത്വങ്ങളും രസനിരൂപണങ്ങളും മറ്റുമാണ്. പ്രസ്‌തുത ഗ്രന്ഥാവലിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥമാണ് രസോപനിഷത്ത്. 18 അധ്യായങ്ങളടങ്ങിയ ഈ കൃതിയിലെ പ്രതിപാദ്യവും രസതന്ത്രം തന്നെ.
കേരളീയ സംഭാവനകള്‍. ആയുര്‍വേദശാസ്‌ത്ര സാഹിത്യത്തില്‍ പ്രശംസാര്‍ഹമായ സംഭാവനകള്‍ നല്‌കിയിട്ടുള്ളവരാണ് കേരളീയര്‍. അവയില്‍ ചിലതു താഴെ പറയുന്നു.
ഹൃദയപ്രിയം. അഷ്‌ടാംഗഹൃദയം മുതലായ ഗ്രന്ഥങ്ങളിലെ പ്രതിപാദ്യത്തെ ആധാരമാക്കി വൈക്കത്തു പാച്ചുമൂത്തത് എഴുതിയ ഗ്രന്ഥമാണ് ഹൃദയപ്രിയം. ഇതിന് സുഖസാധകം എന്ന പേരില്‍ ഒരു സംക്ഷേപവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
യോഗാമൃതം. പ്രസിദ്ധമായ ഒരു മണിപ്രവാള വൈദ്യഗ്രന്ഥമാണിത്. അഷ്‌ടാംഗഹൃദയത്തിന് "ഭാസ്‌കര' വ്യാഖ്യാനം എഴുതിയ ഉപ്പോട്ടുകച്ചന്‍ തന്നെയാണ് ഇതിന്റെ കര്‍ത്താവെന്ന് സി.വി.കുഞ്ഞുരാമന്‍ ഖണ്ഡിതമായി പ്രസ്‌താവിക്കുന്നു.
വൈദ്യമനോരമ. കേരളീയരുടെ സവിശേഷ കൗശലങ്ങളെന്നു കരുതാവുന്നവയും മറ്റു ഗ്രന്ഥങ്ങളില്‍ കാണാത്തവയുമായ പല ഔഷധപ്രയോഗങ്ങളും അടങ്ങിയിട്ടുള്ള ഈ ഗ്രന്ഥം കേരളീയ വൈദ്യന്മാര്‍ക്കിടയില്‍ പ്രചുരപ്രചാരമുള്ള ഒന്നാണ്. ജ്വരം മുതല്‍ രസായനവാജീകരണങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ 22 പടലങ്ങളിലായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. 20 പടലങ്ങള്‍മാത്രം അടങ്ങിയ ഇതേഗ്രന്ഥം യാദവശര്‍മ ബോംബേയില്‍നിന്ന് നാഗരീലിപിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ കര്‍ത്താവ് വൈദ്യവര്യശ്രീ കാളിദാസന്‍ കേരളീയനാണെന്നു ശര്‍മ പറയുന്നു.
ധാരാകല്‌പം. കേരളീയമായ ധാര എന്ന ചികിത്സാരീതിയെ ആസ്‌പദമാക്കി രചിച്ച കൃതിയാണ് ധാരാകല്‌പം. "സഹസ്രയോഗ'ത്തില്‍ ഇത് ചേര്‍ത്തുകാണാം. സിന്ദൂരമഞ്‌ജരി. ചെമ്പ്, ഇരുമ്പ്, ഗന്ധകം, അഭ്രം, രസം മുതലായവയുടെ സംസ്‌കാരവിധികളടങ്ങുന്ന ഈ ഗ്രന്ഥം തൃശൂര്‍ തൈക്കാട്ടു നാരായണ്‍ മൂസസ്‌തിന്റെ സ്വതന്ത്രകൃതിയാണ്. ആരോഗ്യകല്‌പദ്രുമം. കൈക്കുളങ്ങര രാമവാര്യരുടെ ഈ കൃതി പ്രസിദ്ധമായ ഒരു ബാലചികിത്സാഗ്രന്ഥമാണ്. മറ്റൊരു ബാലചികിത്സാഗ്രന്ഥമാണ് വള്ളത്തോള്‍ നാരായണമേനോന്റെ ആരോഗ്യചിന്താമണി; കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കരപ്പന്‍, എല്‍.എ. രവിവര്‍മയുടെ കുമാരഭൃത്യം എന്നിവയും ബാലചികിത്സാഗ്രന്ഥവിഭാഗത്തില്‍പ്പെടുന്നു.
ആലത്തൂര്‍ മണിപ്രവാളം. യോഗാമൃതം പോലെ മണിപ്രവാളത്തില്‍ വിരചിതമായ ഒരു ചികിത്സാഗ്രന്ഥമാണിത്. സഹസ്രയോഗം. അഷ്‌ടാംഗഹൃദയത്തിലും മറ്റും കാണാത്തതും തലമുറകളായി കേരളത്തില്‍ ഉപയോഗിച്ചുവരുന്നതുമായ കൊമ്പഞ്ചാദി, ധന്വന്തരം, കസ്‌തൂര്യാദി മുതലായ ഗുളികകളുടെയും ഇളനീര്‍കുഴമ്പ് മുതലായ അഞ്‌ജനങ്ങളുടെയും മറ്റും യോഗങ്ങളുള്‍ക്കൊള്ളുന്ന ഒരു മണിപ്രവാളഗ്രന്ഥമാണിത്.
മേല്‌പറഞ്ഞ ഗ്രന്ഥങ്ങള്‍ക്കുപുറമേ, ചികിത്സാക്രമം, യോഗരത്‌നപ്രകാശിക, വൈദ്യമഞ്‌ജരി, ചികിത്സാമഞ്‌ജരി, ചികിത്സാനൂല്‍, സന്നിപാതചികിത്സ, നേത്രരോഗചികിത്സ തുടങ്ങി വേറെയും കൃതികള്‍ പഴയ കേരളീയ കുടുംബങ്ങളില്‍ സുപരിചിതമാണ്. കേരളത്തില്‍ പണ്ടുമുതല്‌ക്കേ നിലവിലിരുന്ന യോഗങ്ങളുടെയും ചികിത്സാക്രമങ്ങളുടെയും സമാഹാരങ്ങളാണിവ. പഞ്ചകര്‍മം എന്ന പേരില്‍ മനകോടം കേശവന്‍ വൈദ്യരും വസ്‌തിപ്രദീപം എന്ന പേരില്‍ പാണാവള്ളി കൃഷ്‌ണന്‍ വൈദ്യരും നിര്‍മിച്ച ഗ്രന്ഥങ്ങളും വളരെ പ്രയോജനകരമായ വൈദ്യസഹായികളാണ്. ചാവര്‍കോട്ട് കെ.എന്‍. കുഞ്ഞുശങ്കരന്‍വൈദ്യന്റെ സിദ്ധയോഗാവലിയും സി.ആര്‍. കേശവന്‍വൈദ്യരുടെ പ്രത്യൗഷധവിധിയും പ്രഥമ ചികിത്സയും എന്ന കൃതിയും ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങളാണ്.
വിഷവൈദ്യം. കൈരളീയ വിഷവൈദ്യഗ്രന്ഥങ്ങളില്‍ പ്രധാനം കാരാട്ടു നമ്പൂതിരിയുടേതെന്നു വിശ്വസിക്കപ്പെടുന്ന ജ്യോത്സ്‌നിക ആണ്. കൊച്ചുണ്ണിത്തമ്പുരാന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുള്ള പ്രയോഗസമുച്ചയം, പി.വി. കൃഷ്‌ണവാര്യരുടെ വിഷവൈദ്യം, ആറ്റൂര്‍ കൃഷ്‌ണപ്പിഷാരടിയുടെ വിഷവൈദ്യസാരസംഗ്രഹം എന്നിവ ഈ വിഷയത്തില്‍ ശ്രദ്ധേയങ്ങളായ സംഭാവനകളാണ്.
നിഘണ്ടുക്കള്‍. ദ്രവ്യങ്ങളുടെ ലക്ഷണഗുണവര്‍ണനാപരങ്ങളായ വിവരങ്ങള്‍ ചരകം, സുശ്രുതം തുടങ്ങിയ എല്ലാ സംഹിതാഗ്രന്ഥങ്ങളിലും ലഭ്യമാണ്; എന്നാല്‍ അവയുടെ ലക്ഷണങ്ങളെയും രസവീര്യവിപാകപ്രഭാവങ്ങളെയും ഗുണങ്ങളെയും പ്രസ്‌താവിക്കാന്‍വേണ്ടിമാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള നിഘണ്ടുക്കള്‍ അഞ്ചാം ശ.-ത്തോടുകൂടിയാണ് ആവിര്‍ഭവിച്ചുതുടങ്ങിയത്. ധന്വന്തരിനിഘണ്ടുവാണ് ഏറ്റവും പഴക്കമുള്ള നിഘണ്ടു. അതില്‍ അന്ന് അറിയപ്പെട്ടിരുന്ന ദ്രവ്യങ്ങളെ ഏഴുവര്‍ഗങ്ങളായി തിരിച്ചു വിവരിച്ചിരിക്കുന്നു. 14-ാം ശ.-ത്തില്‍ മദനപാലന്‍ നിര്‍മിച്ച മദനവിനോദം നിഘണ്ടുവില്‍ ദ്രവ്യങ്ങളെ 13 വര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്. 15-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട രാജനിഘണ്ടുവും കൈയദേവനിഘണ്ടുവും ദ്രവ്യങ്ങളെ യഥാക്രമം 16-ഉം 9-ഉം വര്‍ഗങ്ങളായി തിരിച്ചാണ് വിവരിച്ചിരിക്കുന്നത്. 16-ാം ശ.-ത്തില്‍ നിര്‍മിതമായ ഭാവപ്രകാശത്തില്‍ ദ്രവ്യങ്ങളെ 22 വര്‍ഗങ്ങളായി തിരിച്ച് കൂടുതല്‍ വിശദമായി വിവരിക്കുവാന്‍ യത്‌നിച്ചിട്ടുണ്ട്. 17-ാം ശ.-ത്തിലെ രാജവല്ലഭനിഘണ്ടുവിലും, 18-ാം ശ.-ത്തിലെ നിഘണ്ടുസംഗ്രഹത്തിലും, 19-ാം ശ.-ത്തിലെ നിഘണ്ടുരത്‌നാകരം, ശാലിഗ്രാമനിഘണ്ടു എന്നിവയിലും ഭാവപ്രകാശത്തിന്റെ വര്‍ഗീകരണരീതിയും പ്രതിപാദനരീതിയും ഏറെക്കുറെ അവലംബിച്ചിരിക്കുന്നു. ചക്രപാണിദത്തന്റെ ദ്രവ്യഗുണസംഗ്രഹത്തില്‍ അന്നപാനാദികളെക്കുറിച്ചുള്ള വിവരണം അടങ്ങിയിരിക്കുന്നു. ഇവയ്‌ക്കു പുറമേ ആധുനികരീതിയില്‍ അകാരാദിക്രമത്തിലും ആയുര്‍വേദനിഘണ്ടുക്കള്‍ ഉണ്ടായിട്ടുണ്ട്.
സസ്യൗഷധസമൃദ്ധമായ കേരളത്തില്‍ ഔഷധാദികളെക്കുറിച്ചുള്ള പഠനം പണ്ടുമുതല്‍ പുരോഗമിച്ചിട്ടുണ്ടെങ്കിലും നിഘണ്ടുരൂപത്തില്‍ അവയെ സംഗ്രഹിക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല. 17-ാം ശ.-ത്തില്‍ കൊച്ചിയില്‍ ഡച്ചുഗവര്‍ണറായിരുന്ന വാന്‍ റീഡ് ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കൂസ് എന്ന പേരില്‍ ഔഷധച്ചെടികള്‍ ഉള്‍പ്പെടെ കേരളത്തിലെ സസ്യങ്ങളെ സംബന്ധിച്ച് 12 വാല്യങ്ങളുള്ള സമഗ്രമായ ഒരു സസ്യശാസ്‌ത്രഗ്രന്ഥം തയ്യാറാക്കുകയുണ്ടായി. ചേര്‍ത്തല കരപ്പുറത്തു കടക്കരപ്പള്ളിയില്‍ കൊല്ലാട്ടുകുടുംബത്തിലെ ഇട്ടി അച്യുതന്‍ വൈദ്യനാണ് പ്രധാനമായും ഈ ഗ്രന്ഥത്തിനാവശ്യമായ വിജ്ഞാനവിവരങ്ങള്‍ നല്‌കിയത്. ആയിരക്കണക്കിനു ചെടികളുടെ ചിത്രം, നിറം, മണം, സ്വാദ്, ഉപയോഗമായും വിശദമായും ഈ ഗ്രന്ഥസമുച്ചയത്തില്‍ വിവരിച്ചിരിക്കുന്നു. 1906-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ആലപ്പുഴ തയ്യില്‍ കുമാരകൃഷ്‌ണന്‍ വൈദ്യന്റെ ഔഷധ നിഘണ്ടു ഇന്നോളമുണ്ടായിട്ടുള്ള ആയുര്‍വേദനിഘണ്ടുക്കളില്‍വച്ചു അത്യുത്തമമെന്നാണ് പണ്ഡിതമതം. സംസ്‌കൃതത്തിലും മലയാളത്തിലും ദ്രവ്യനാമങ്ങള്‍ നല്‌കി അവയുടെ രസവീര്യവിപാകങ്ങളെ സമഗ്രമായി ഇതില്‍ വിവരിക്കുന്നു. ഈ നിഘണ്ടുവിന്റെ ഔല്‍കൃഷ്‌ട്യത്തെ അംഗീകരിച്ചുകൊണ്ട് കേന്ദ്രഗവണ്‍മെന്റ് എല്ലാ ഗവേഷണവിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഉപകരിക്കത്തക്കവണ്ണം ഇതിനെ സംസ്‌കൃതത്തിലേക്കും ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്യിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോലയില്‍ കെ.എം. വൈദ്യരും കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടും കോണത്തു രാമവാരിയരും ഓരോ ആയുര്‍വേദനിഘണ്ടു നിര്‍മിച്ചിട്ടുണ്ട്. ഗോവിന്ദപ്പിള്ളയുടെ ഔഷധനിഘണ്ടു, താമരക്കുളം ജി.കൊച്ചു ശങ്കരന്‍വൈദ്യരുടെ ആയുര്‍വേദ ഔഷധനിഘണ്ടു, കെ.കെ. പണിക്കരുടെ ആയുര്‍വേദവിശ്വകോശം എന്നിവ ഈ രംഗത്ത് ഉയര്‍ന്നുവന്നിട്ടുള്ള പരിഗണനാര്‍ഹങ്ങളായ സംഭാവനകളാണ്.
വ്യാഖ്യാനങ്ങള്‍. ആയുര്‍വേദത്തിലെ പ്രാമാണികങ്ങളായ പ്രാചീനഗ്രന്ഥങ്ങള്‍ സംസ്‌കൃതഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. വ്യാഖ്യാനാപേക്ഷ കൂടാതെ അവസുഗ്രഹമല്ല. സംസ്‌കൃതത്തിലും പ്രാദേശികഭാഷകളിലും ചരകം, സുശ്രുതം, അഷ്‌ടാംഗഹൃദയം മുതലായ ഗ്രന്ഥങ്ങള്‍ക്ക്, പ്രത്യേകിച്ച് അഷ്‌ടാംഗഹൃദയത്തിന്, അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ചരകത്തിന്റെ ഏറ്റവും പഴയവ്യാഖ്യാനം ഭട്ടാരഹരിശ്ചന്ദ്രന്റെ ചരകന്യാസമാണ്. ആദ്യത്തെ മൂന്നധ്യായം മുറിഞ്ഞുപോയ നിലയില്‍ മദ്രാസ് ഓറിയന്റല്‍ ലൈബ്രറിയിലുണ്ട്. ഗംഗാധരപ്രണീതമാണ് ചരകത്തിന്റെ കല്‌പതരൂടിക. നിരന്തരപദവ്യാഖ്യ എന്ന വ്യാഖ്യാനം വാഗ്‌ഭടശിഷ്യനായ ജജ്ജടന്‍ രചിച്ചതാണ്. കുറെയൊക്കെ നഷ്‌ടപ്പെട്ട നിലയില്‍ ഈ വ്യാഖ്യാനത്തോടുകൂടിയ ചികകിത്സിതസ്ഥാനം ലാഹോറില്‍നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരകപഞ്ചിക എന്ന വ്യാഖ്യാനം സ്വാമി കുമാരന്റേതാണ്. ആയുര്‍വേദിദീപിക അഥവാ ചരകതാത്‌പര്യം ആണ് ചക്രപാണിദത്തന്റെ വ്യാഖ്യാനം. തത്ത്വചന്ദ്രിക എന്ന വ്യാഖ്യാനം ശിവദാസസേനന്‍ എഴുതിയതാണ്. ഈ വ്യാഖ്യാനവും ഇപ്പോള്‍ പൂര്‍ണമായി കിട്ടാനില്ല. ചരകം ടി.സി. പരമേശ്വരന്‍ മൂസ്സ്‌ത് മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.
സുശ്രുത വ്യഖ്യാനങ്ങളില്‍ ചക്രപാണിദത്തന്‍ എഴുതിയ ഭാനുമതീടീകയും ഡല്‍ഹണാചാര്യന്‍ എഴുതിയ നിബന്ധസംഗ്രഹവുമാണ് പ്രസിദ്ധം. ജജ്ജടന്‍ സുശ്രുതത്തിന് ഒരു വ്യാഖ്യാനമെഴുതുകയും തിസ്സടപുത്രനായ ചന്ദ്രടന്‍ അതിനെ ആധാരമാക്കി സുശ്രുതത്തിന് പാഠശുദ്ധി വരുത്തുകയും സ്വയം ഒരു വ്യാഖ്യാനമെഴുതുകയും ചെയ്‌തതായി പറയപ്പെടുന്നു. ഗംഗാധരറോയിയുടെ ശിഷ്യന്മാരില്‍ പ്രമുഖനായ ഹാരാണചക്രവര്‍ത്തിയുടെ സുശ്രുതാര്‍ഥസന്ദീപനം എന്ന വ്യാഖ്യാനം സുശ്രുതസംഹിതയ്‌ക്ക് എഴുതപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങളില്‍ ഒടുവിലത്തേതാണ്. ശസ്‌ത്രക്രിയ സംബന്ധിച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ സ്വാനുഭവ പുരസ്‌കൃതമായി ഇതില്‍ ധാരാളം കൊടുത്തിട്ടുണ്ട്. ഹിന്ദിയില്‍ ഒരു വ്യാഖ്യാനമുള്ളത് കവിരാജ് ഡോ. അംബികാദത്തശാസ്‌ത്രി രചിച്ച ആയുര്‍വേദതത്ത്വസംദീപികയാണ്. സി.കെ. വാസുദേവശര്‍മ നിദാനസ്ഥാനവും ശാരീരസ്ഥാനവും ചികിത്സിതസ്ഥാനവും കല്‌പസ്ഥാനവും ഉത്തരസ്ഥാനവും, വടക്കേപ്പാട്ടുനാരായണന്‍ നായര്‍ സൂത്രസ്ഥാനവും മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. എം.നാരായണന്‍ വൈദ്യന്‍ ശാരീരസ്ഥാനവും ചികിത്സാസ്ഥാനവും കല്‌പസ്ഥാനവും വ്യാഖ്യാനിച്ചിട്ടുള്ളതായി കാണുന്നു.
അഷ്‌ടാംഗസംഗ്രഹത്തിന് ഇന്ദുവ്യാഖ്യാനമാണ് പ്രചാരത്തിലിരിക്കുന്നത്. അഷ്‌ടാംഗഹൃദയത്തിനുണ്ടായിട്ടുള്ള വ്യാഖ്യാനങ്ങള്‍ നിരവധിയാണ്. ഹേമാദ്രിയുടെ ആയുര്‍വേദരസായനം, അരുണദത്തിന്റെ സര്‍വാംഗസുന്ദരീവ്യാഖ്യാനം, ഇന്ദുവിന്റെ ശശിലേഖാവ്യാഖ്യാനം, ദാമോദരന്റെ സാങ്കേതമഞ്‌ജരി, ആശാധരന്‍, രാമനാഥന്‍, തോഡരമല്ലന്‍, ഭട്ടനരഹരി അഥവാ നൃസിംഹകവി എന്നിവരുടെ വ്യാഖ്യാനങ്ങള്‍, ചന്ദ്രചന്ദനന്റെ പാഠാര്‍ഥചന്ദ്രിക, അജ്ഞാതകര്‍തൃകങ്ങളായ പാഠ്യം, ഹൃദയബോധിക എന്നിവ അക്കൂട്ടത്തില്‍പെടുന്നു. കേരളത്തില്‍ പ്രചാരമുള്ള വ്യാഖ്യാനമാണ് പാഠ്യം. ഇതിനെ ആധാരമാക്കി പല വ്യാഖ്യാനങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. പുലാമന്തോള്‍മൂസ്സ് നിര്‍മിച്ചതാണ് കൈരളി എന്ന വ്യാഖ്യാനം; അഷ്‌ടാംഗഹൃദയം ഉത്തരസ്ഥാനം മാത്രമേ അതില്‍ വ്യാഖ്യാനവിധേയമായിട്ടുള്ളൂ. ആലത്തിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ വാക്യദീപിക, കൈക്കുളങ്ങര രാമവാര്യരുടെ സാരാര്‍ഥദര്‍പണവും ഭാവപ്രകാശവും, ഉപ്പോട്ടു കണ്ണന്റെ ഭാസ്‌കരം, കായിക്കര ഗോവിന്ദന്‍വൈദ്യരുടെ അരുണോദയം തുടങ്ങി നിരവധി വ്യാഖ്യാനങ്ങള്‍ അഷ്‌ടാംഗഹൃദയത്തിന്റെ സാരം വെളിപ്പെടുത്തുന്നവയായുണ്ട്. പ്രസിദ്ധമായ മറ്റു രണ്ടു വ്യാഖ്യാനങ്ങളാണ് ഹൃദ്യയും ലളിതയും. ലളിതയുടെ കര്‍ത്താവ് മറ്റൊരു പുലാമന്തോള്‍ മൂസ്സാണ്.
വാത്സ്യന്‍ പ്രതിസംസ്‌കരിച്ച കാശ്യപസംഹിത വ്യാഖ്യാനിച്ചിട്ടുള്ളത് നേപാളരാജഗുരുവായ ഹേമരാജശര്‍മയാണ്.
കാശിരാമന്റെ ഗൂഢാര്‍ഥദീപികയും അധമല്ലന്റെ ദീപികയും ചേര്‍ത്താണ് ശാര്‍ങ്‌ഗധരസംഹിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോപദേവനാണ് മറ്റൊരു വ്യാഖ്യാതാവ്. മലയാളത്തില്‍ ചേപ്പാട്ടു കെ. അച്യുതവാര്യര്‍ ഗൂഢാര്‍ഥചന്ദ്രിക എന്ന പേരിലും ആനേക്കളീലില്‍ എസ്. ഗോപാലപിള്ള ഹൃദയപ്രിയ എന്ന പേരിലും ഇതിന് ഓരോ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
മാധവനിദാനത്തിന് രണ്ടു പ്രസിദ്ധ വ്യാഖ്യാനങ്ങളുണ്ട്: ഒന്ന് വാചസ്‌പതി എഴുതിയ ആതങ്കദര്‍പ്പണം; മറ്റേത് വിജയരക്ഷിതനും ശ്രീകണ്‌ഠനും ചേര്‍ന്നെഴുതിയ മധുകോശവ്യാഖ്യാനം. മലയാളത്തില്‍ പരവൂര്‍ വി. കേശവനാശാന്റെ സാരചന്ദ്രിക എന്ന വ്യാഖ്യാനത്തിനാണ് പ്രാമുഖ്യം. അദ്ദേഹം ശാര്‍ങ്‌ഗധരം, ഭാവപ്രകാശം, ഭൈഷജ്യരത്‌നാവലി എന്നിവയ്‌ക്ക് അപൂര്‍ണവ്യാഖ്യാനങ്ങള്‍ നിര്‍മിച്ചിട്ടുള്ളതായി കാണുന്നു.
ബ്രഹ്മശങ്കരശാസ്‌ത്രിയാണ് ഭാവപ്രകാശത്തിന് സംസ്‌കൃതത്തില്‍ വ്യാഖ്യാനം ചമച്ചിട്ടുള്ളത്; മലയാളത്തില്‍ ചേപ്പാട്ട് കെ. അച്യുതവാരിയരും.
മറ്റു പല ആയുര്‍വേദഗ്രന്ഥങ്ങള്‍ക്കും മലയാളത്തില്‍ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. സഹസ്രയോഗത്തിന് കെ.വി. കൃഷ്‌ണന്‍വൈദ്യനും എസ്. ഗോപാലപിള്ളയും ചേര്‍ന്നെഴുതിയ സുജനപ്രിയാവ്യാഖ്യാനവും സര്‍വരോഗചികിത്സാരത്‌നത്തിന് എസ്.ഗോപാലപിള്ള എഴുതിയ സുജനാനന്ദിനീവ്യാഖ്യാനവും, അര്‍ക്കപ്രകാശത്തിന് കമ്മാഞ്ചേരി ഗോവിന്ദന്‍ വൈദ്യനും എ.എം. കൃഷ്‌ണനാശാനും ചേര്‍ന്നെഴുതിയ മുകുരസ്ഥീവ്യാഖ്യാനവും, ലോലിംബരാജന്റെ വൈദ്യജീവനം എന്ന ഗ്രന്ഥത്തിന് ഒ.എന്‍. കൃഷ്‌ണക്കുറുപ്പെഴുതിയ സുജനപ്രിയാവ്യാഖ്യാനവും വൈദ്യമനോരമയ്‌ക്ക് ടി.സി. പരമേശ്വരന്‍ മൂസ്സതും ധാരാകല്‌പത്തിന് ആറ്റുപുരത്തു ഇമ്പിച്ചന്‍ഗുരുക്കളും എഴുതിയ വ്യാഖ്യാനങ്ങളും അവയില്‍ ചിലതു മാത്രമാണ്. ആയുര്‍വേദത്തിന് ഇപ്പോള്‍ കൈവന്നിട്ടുള്ള ഉണര്‍വ് നിരവധി ആയുര്‍വേദഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനു കാരണമായിട്ടുണ്ട്.
പലവക. ആയുര്‍വേദത്തിന്റെ അവാന്തരവിഭാഗങ്ങളായ മൃഗായുര്‍വേദത്തിലും വൃക്ഷായുര്‍വേദത്തിലും ഗ്രന്ഥങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. പാലകാപ്യന്റെ ഹസ്‌ത്യായുര്‍വേദം, ജയദത്തന്റെ അശ്വവൈദ്യകം, നകുലന്റെ അശ്വചികിത്സ, സുരപാലന്റെ വൃക്ഷായുര്‍വേദം എന്നിവ ഉദാഹരണങ്ങളാണ്.
ഇങ്ങനെ ആയുര്‍വേദത്തിന്റെ വിവിധ ശാഖകളിലായി അസംഖ്യം ഗ്രന്ഥങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ടെങ്കിലും വൈദ്യലോകം പൊതുവേ സ്വീകരിച്ചിട്ടുള്ള പ്രമാണഗ്രന്ഥങ്ങള്‍ ചരകം, സുശ്രുതം, അഷ്‌ടാംഗസംഗ്രഹം എന്നിവ ഉള്‍ക്കൊള്ളുന്ന ബൃഹത്‌ത്രയിയും, അഷ്‌ടാംഗഹൃദയം, മാധവനിദാനം, ശാര്‍ങ്‌ഗധരസംഹിത എന്നിവ ഉള്‍ക്കൊള്ളുന്ന ലഘുത്രയിയുമാകുന്നു.
(ഡോ.പി.എസ്. ശ്യാമളകുമാരി)