This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസറ്റൈലീകരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അസറ്റൈലീകരണം
Acetylation
ആല്‍ക്കഹോളികമോ ഫിനോളികമോ ആയ ഹൈഡ്രോക്സില്‍ വര്‍ഗമോ, അമിനൊ അല്ലെങ്കില്‍ പ്രതിസ്ഥാപിത അമിനൊ വര്‍ഗമോ ഉള്ള കാര്‍ബണികയൌഗികങ്ങളില്‍ അസറ്റൈല്‍ വര്‍ഗത്തെ (CH3.CO−) പ്രവേശിപ്പിച്ച് യഥാക്രമം എസ്റ്ററുകളോ പ്രതിസ്ഥാപിത അമൈഡുകളോ ലഭ്യമാക്കുന്ന പ്രക്രിയ. അസറ്റൈലീകരണ ഏജന്റായി സാധാരണ ഉപയോഗിക്കാറുള്ളത് അസറ്റൈല്‍ ക്ലോറൈഡ്, അസറ്റിക് അന്‍ഹൈഡ്രൈഡ്, ഗ്ലേഷ്യല്‍ അസറ്റിക് അമ്ലം എന്നിവയാണ്. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണത്തിനു പരിസര താപനിലയില്‍ തന്നെ പ്രവര്‍ത്തനശേഷിയുണ്ട്. മൂന്നാമത്തേതിന്റെ കാര്യത്തില്‍ കൂടുതല്‍ സമര്‍ഥങ്ങളായ നിബന്ധനങ്ങള്‍ വേണ്ടിവരും. ബെന്‍സീന്‍, ടൊളുവീന്‍ (toluene) മുതലായ നിഷ്ക്രിയലായകങ്ങള്‍ ചിലപ്പോള്‍ അസറ്റൈലീകരണത്തിനു മാധ്യമമായി ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഗ്ലേഷ്യല്‍ അസറ്റിക് അമ്ലം ലായകമായും സള്‍ഫ്യൂറിക് അമ്ലം ഉത്പ്രേരകമായും പ്രയോജനപ്പെടുത്തിവരുന്നു. ഈഥൈല്‍ ആല്‍ക്കഹോളും അസറ്റൈല്‍ ക്ലോറൈഡും തമ്മില്‍ പ്രവര്‍ത്തിപ്പിച്ച് ഈഥൈല്‍ അസറ്റേറ്റ് ഉണ്ടാക്കല്‍, ഈഥൈല്‍ അമീന്‍, അസറ്റൈല്‍ ക്ലോറൈഡ് എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ച് ഈഥൈല്‍ അസറ്റമൈഡ് ഉണ്ടാക്കല്‍ എന്നിങ്ങനെ ഒട്ടുവളരെ അഭിക്രിയകള്‍ അസറ്റൈലീകരണത്തിന് ഉദാഹരണങ്ങളാണ്. അസറ്റൈലീകരണാഭിക്രിയകള്‍ പ്രായേണ താപമോചകങ്ങളായിരിക്കും.
ഹൈഡ്രോക്സി ഗ്രൂപ്പിന്റെയും അമിനൊ ഗ്രൂപ്പിന്റെയും പരിമാണാത്മക വിശ്ലേഷണത്തിന് ഈ അഭിക്രിയയാണ് ഉപയോഗപ്പെടുത്തുന്നത്. കാര്‍ബണിക വിശ്ലേഷണത്തില്‍ അമീനുകള്‍ തിരിച്ചറിയാനും അസറ്റൈലീകരണം പ്രയോജനപ്രദമാണ്. സെലുലോസ് അസറ്റേറ്റ്, ഈഥൈല്‍ അസറ്റേറ്റ്, വിനൈല്‍ അസറ്റേറ്റ് എന്നിവ അസറ്റൈലീകരണം വഴി ലഭ്യമാവുന്ന വ്യാവസായിക പ്രാധാന്യമുള്ള എസ്റ്ററുകളാണ്. ഫിനസറ്റിന്‍, ആസ്പിരിന്‍ തുടങ്ങിയ ഔഷധങ്ങളുടെ നിര്‍മാണം, ദ്രവവസ്തുക്കളുടെ രാസവിശ്ലേഷണാവസരങ്ങളില്‍ ഖരവ്യുത്പന്നങ്ങള്‍ ലഭ്യമാക്കല്‍, കാര്‍ബണിക സംശ്ലേഷണങ്ങളില്‍ ക്രിയാശീലമുള്ള വര്‍ഗങ്ങളുടെ സംരക്ഷണം (protection of active)α,β അപൂരിത അമ്ലങ്ങളുടെയും കുമാറിന്‍ (coumarin) വ്യുത്പന്നങ്ങളുടെയും സംശ്ലേഷണം, എണ്ണ, കൊഴുപ്പ് എന്നിവയിലെ ഹൈഡ്രോക്സി അമ്ലത്തിന്റെ നിര്‍ണയനം എന്നിവ പ്രധാന അസറ്റൈലീകരണ പ്രതിപ്രവര്‍ത്തനങ്ങളാണ്. അസറ്റൈലീകരണം വഴിയായിട്ടാണ് ശരീരത്തിനകത്ത് അസറ്റൈല്‍ ഹെക്സോസ് അമീനുകള്‍, അസറ്റൈല്‍ കൊളീന്‍ എന്നീ അവശ്യപദാര്‍ഥങ്ങളുടെ സംശ്ലേഷണം നടക്കുന്നത്. അമീനുകള്‍, അമിനൊ വര്‍ഗങ്ങളുള്ള സല്‍ഫാനിലമൈഡ് തുടങ്ങിയ ഔഷധങ്ങള്‍ എന്നിവകൊണ്ടു ശരീരത്തിലുണ്ടാകുന്ന വിഷദോഷം അസറ്റൈലീകരണം വഴിയാണ് പരിഹരിക്കുന്നത്. നോ: എസ്റ്ററുകള്‍