This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അള്‍ത്താര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അള്‍ത്താര
Altar
ദൈവത്തിനു ബലി അര്‍പ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള യാഗവേദി എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ബലിപീഠം, യാഗവേദി എന്നെല്ലാം അര്‍ഥമുളള അള്‍ത്തര്‍ എന്ന ലത്തീന്‍ പദത്തിന്റെ മലയാളതദ്ഭവം. ക്രൈസ്തവദേവാലയങ്ങളിലെ അതിവിശുദ്ധസ്ഥലത്തെ അര്‍പ്പണവേദിയെയാണ് സര്‍വസാധാരണമായി ഈ സംജ്ഞ സൂചിപ്പിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍, പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയില്‍, പ്രചാരമുള്ളതാണ് ഈ പദം. ഇതിനു തുല്യമായി മറ്റു പൗരസ്ത്യ ക്രൈസ്തവ സഭകള്‍ മദ്ബഹ എന്ന പദമാണ് ബലിപീഠത്തിനും ബലിപീഠം സ്ഥിതിചെയ്യുന്ന സ്ഥലത്തിനും നല്കിയിട്ടുളളത്. സിംഹാസനം എന്നര്‍ഥമുളള ത്രോണോസ് എന്ന ഗ്രീക് സംജ്ഞയും ബലിപീഠത്തിന് ഉപയോഗിച്ചു വരുന്നുണ്ട്. സൃഷ്ടികര്‍ത്താവായ ദൈവത്തോടുളള വിശ്വാസവും കൃതജ്ഞതയും പ്രകാശിപ്പിക്കുന്നതിനുള്ള ആരാധനയും സമര്‍പ്പണവുമാണ് യാഗത്തിന്റ മൗലികലക്ഷ്യം. അതിനനുസൃതമായ വിശുദ്ധിയും ലാളിത്യവും ആകര്‍ഷകത്വവും ആ കര്‍മത്തിനുണ്ടായിരിക്കും. ദൈവപ്രീതിക്കായും യാഗം നടത്താറുണ്ട്. ബലിവസ്തുക്കളെ ശുദ്ധിയുള്ള ഒരു പീഠത്തില്‍ അര്‍പ്പിച്ചുകൊണ്ട് കര്‍മിയാണ് ജനങ്ങള്‍ക്കുവേണ്ടി ഈ അര്‍ച്ചന നടത്തുന്നത്. സങ്കല്പത്തിന്റ ഗൗരവവും വിശ്വാസത്തിന്റെ ദാര്‍ഢ്യവും കൊണ്ട് ബലിവസ്തുക്കള്‍ക്കും ബലിപീഠത്തിനും പൂജ്യത വര്‍ധിക്കുന്നു. അതിനാല്‍ ദേവാലയത്തില്‍ ബലിപീഠത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. ക്രൈസ്തവ ദേവാലയങ്ങളില്‍ സാധാരണയായി അള്‍ത്താര സ്ഥിതിചെയ്യുന്ന ഭാഗം വിശ്വാസികള്‍ പെരുമാറുന്ന ഭാഗത്തുനിന്നും അകന്ന് കൂടുതല്‍ സംവരണം ചെയ്യപ്പെട്ട ഒരു ഇടംപോലെ വേര്‍തിരിക്കപ്പെട്ടിരിക്കും. ഇതിനു 'മദ്ബഹ' എന്നാണ് പറയുന്നത്.
ക്രൈസ്തവ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന എന്ന ദിവ്യകര്‍മം അനുഷ്ഠിക്കുന്നു. ആദിമക്രിസ്ത്യാനികള്‍ ഓരോ വീട്ടിലും സമ്മേളിച്ച്, ഒരു മേശ ബലിപീഠമായി ഉപയോഗിച്ച് അപ്പം മുറിച്ച് ഈ കര്‍മം നടത്തിവന്നു. ഭൂഗര്‍ഭഗേഹങ്ങളില്‍ (catacombs) ഈ ചടങ്ങിന്റെ പല ചിത്രങ്ങളും കാണാനുണ്ട്. അതില്‍ ഈ മേശ അര്‍ധവൃത്താകൃതിയിലോ പൂര്‍ണവൃത്തത്തിലോ ചതുരാകൃതിയിലോ ഒക്കെ കാണുന്നു. ആധുനികകാലത്ത് ഇതു ദീര്‍ഘചതുരമായ ഒരു പീഠമായി പരിണമിച്ചിട്ടുണ്ട്. പീഠത്തിന്റെ മുകള്‍നിരപ്പ് ഒറ്റക്കല്ലു പടുത്തോ അല്ലെങ്കില്‍ മധ്യഭാഗത്ത് വലിയ ഒരു കല്ലു പാകിയോ നിര്‍മിക്കുന്നു. ഈ കല്ലിനടിയില്‍ വിശുദ്ധന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ എന്തെങ്കിലും സ്ഥാപിച്ചിരിക്കും. മതമര്‍ദനമേറ്റ് മരിച്ച രക്തസാക്ഷികളുടെ ശവകുടീരങ്ങളെ യാഗപീഠമായി ആദിമക്രിസ്ത്യാനികള്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന പാരമ്പര്യത്തില്‍നിന്നു ജനിച്ചതാണ് ഈ പതിവ്.
ദിവ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ചുമതലപ്പെട്ട വൈദികര്‍ക്ക് ഇപ്പോള്‍ ധാരാളം യാത്രചെയ്യുകയും മിഷന്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിവരുന്നതുകൊണ്ട് അള്‍ത്താരയായി ഏതു മേശയും ഉപയോഗിക്കാന്‍ അനുവാദമുണ്ട്. മധ്യത്തില്‍ ആശീര്‍വദിച്ച ഒരു കല്ലോ പലകയോ ഒരു തുണിക്കഷണമോ ഉണ്ടായിരിക്കണം എന്നേയുള്ളു. ദൈവശാസ്ത്രപരമായും ചരിത്രപരമായും അള്‍ത്താര വളരെ ലളിതവും ആഡംബരരഹിതവുമായ ഒരു ഘടകം ആണ്. എന്നാല്‍ മനുഷ്യര്‍ പൂജനീയമായി കരുതുന്നവയെ അലങ്കരിച്ച് മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ആകര്‍ഷകമാക്കാന്‍ താത്പര്യം ഉള്ളവരാണ്. അതുകൊണ്ട് എല്ലാ ദേവാലയങ്ങളിലും അള്‍ത്താരകള്‍ അത്യാകര്‍ഷകങ്ങളായ വലിയ കലാശില്പങ്ങളായാണ് പണിതുയര്‍ത്തിയിട്ടുള്ളത്. ദീര്‍ഘചതുരമായ ഒരു ഉയര്‍ന്ന പടി - അത്യാവശ്യമായ അംശം - കഴിഞ്ഞ് അതിനു പിന്നില്‍ അതിനെക്കാള്‍ നീളവും ഉയരവും കൂടിയ ഒന്നുരണ്ട് പടികള്‍ കൂടി പണിതുയര്‍ത്തുന്നു. ആ പടികളുടെ മധ്യഭാഗത്ത് കത്തോലിക്കാദേവാലയങ്ങളില്‍, കൂദാശ ചെയ്ത് ക്രിസ്തുവിന്റെ തിരുശരീരമാക്കിത്തീര്‍ത്ത അപ്പം - ബലിവസ്തു - സൂക്ഷിക്കുന്ന 'സക്രാരി' സ്ഥിതി ചെയ്യുന്നു. സക്രാരിയുടെ പിന്നില്‍ ക്രിസ്തുവിന്റെ ഒരു ക്രൂശിതരൂപവും ഉണ്ടായിരിക്കും. ദിവ്യപൂജയുടെ സമയത്ത് കത്തിക്കാനുളള മെഴുകുതിരികള്‍ വഹിക്കുന്ന അലങ്കരിച്ച മെഴുകുതിരിക്കാലുകളും പൂപ്പാത്രങ്ങളുംകൊണ്ട് പീഠത്തിലെ പടികള്‍ ഭംഗിയായി ക്രമപ്പെടുത്തിയിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിലായി. ദേവാലയത്തിന്റെ മുഴുവന്‍ വീതിയിലും മച്ചുവരെ ഉയരത്തിലും വര്‍ണപ്പകിട്ടാര്‍ന്ന ശില്പങ്ങളും വിചിത്രവേലകളും ചേര്‍ന്ന ഒരു പശ്ചാത്തലം ഉണ്ടായിരിക്കും. അതതു ദേശങ്ങളിലെ വിശ്വാസികള്‍ പ്രത്യേകമായി ബഹുമാനിക്കുന്ന വിശുദ്ധന്‍മാരുടെ രൂപങ്ങളും ചില ബലിപീഠങ്ങളില്‍ വയ്ക്കാറുണ്ട്.
അകത്തോലിക്കാ ദേവലായങ്ങളിലെ, പ്രത്യേകിച്ചും നവീകൃത സഭകളുടെ ദേവാലയങ്ങളിലെ, ക്രമീകരണം വ്യത്യസ്തമാണ്. അവിടെ സക്രാരിയും ക്രൂശിതരൂപവും ഇല്ല. മെഴുകുതിരിക്കാലുകള്‍ ഇല്ല. ക്രിസ്തുവിന്റെ രക്ഷാവ്യാപാരത്തിന് ഉപാധിയായി സ്വീകരിച്ച കുരിശുമരണത്തെ അനുസ്മരിപ്പിക്കുന്ന ഒരു കുരിശുമാത്രമായിരിക്കും അവിടെ സ്ഥാപിച്ചിരിക്കുക.
അള്‍ത്താരഫലകങ്ങള്‍. അള്‍ത്താരയുടെ പശ്ചാത്തലമായുള്ള കലാശില്പത്തെയാണ് അള്‍ത്താരഫലകം (Altar Piece) എന്നു പറയുന്നത്. മധ്യകാല യൂറോപ്പിലെ കലാചാതുരിയുടെ സത്ത ഇന്നും നിലനിര്‍ത്തിപ്പോരുന്നത് അക്കാലത്തു പണിയപ്പെട്ട ദേവാലയങ്ങളിലെ അള്‍ത്താരയുടെ വശങ്ങളിലും പിന്നിലുമായി പണിതുയര്‍ത്തിയിട്ടുള്ള വര്‍ണോജ്ജ്വലങ്ങളും ചിത്രാങ്കിതങ്ങളുമായ തട്ടികളും ഭിത്തികളുമാണ്. പല നിരകള്‍ വിജാഗിരികൊണ്ട് ഘടിപ്പിച്ച് മടക്കുകയും നിവര്‍ത്തുകയും ചെയ്യത്തക്കവണ്ണം പണിതുയര്‍ത്തി അവയില്‍ ക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങളോ വിശുദ്ധന്‍മാരുടെ രൂപങ്ങളോ ലതാവിന്യാസങ്ങളോടെ മനോഹരമായി വരച്ച് മോടിപിടിപ്പിച്ചിരിക്കും. ഇവ ആകര്‍ഷകങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയുമായിരിക്കും. ഹോളന്‍ഡിലെ സെന്റ് ബവോണ്‍ ദേവാലയത്തിലെ അയ്ക് വാന്‍ ജാന്‍ വരച്ച അള്‍ത്താരഫലകങ്ങള്‍ ഇതിനുദാഹരണമാണ്. നവോത്ഥാന കാലഘട്ടത്തോടെ യൂറോപ്പിലാകെ ഉണ്ടായ പരിവര്‍ത്തനങ്ങള്‍ അള്‍ത്താരഫലകങ്ങളിലും പ്രകടമായി ക്കാണുന്നു. നിരവധി ഫലകങ്ങള്‍ എന്നതിനുപകരം ഉത്തരോത്തരം ഉയര്‍ന്ന രണ്ടോ മൂന്നോ ഫലകങ്ങള്‍ മതിയെന്നായി. അവയില്‍ നവോത്ഥാന സങ്കല്പങ്ങള്‍ക്കനുസൃതമായ സങ്കേതങ്ങളില്‍ രചിക്കപ്പെട്ട ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളും സ്ഥാനം പിടിച്ചു. എന്നിരുന്നാലും വിശുദ്ധ ബലിപീഠത്തിന്റെ പരിശുദ്ധിക്കും ആകര്‍ഷകതയ്ക്കും ഉടവുതട്ടാതെയും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തെ നിലനിര്‍ത്തുന്നതിന്നുതകുന്ന വിധത്തിലുമുള്ള രചനാശൈലികളും വര്‍ണസങ്കരങ്ങളുമാണ് ഉപയോഗിച്ചുവന്നത്. ഇന്ന് അള്‍ത്താരഫലകങ്ങള്‍ അള്‍ത്താരയ്ക്കു ഭംഗിയും എടുപ്പും തോന്നിക്കത്തക്കവണ്ണം ലോകത്തെവിടെയുമുളള കത്തോലിക്കാദേവാലയങ്ങളില്‍ കണ്ടുവരുന്നുണ്ട്. ആധുനിക കലാസങ്കേതങ്ങളുടെ വിന്യാസരീതികള്‍ അള്‍ത്താരാഫലകങ്ങളെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്.
അള്‍ത്താരക്കാര്‍ഡുകള്‍. വൈദികന്‍ ബലി അര്‍പ്പിക്കുമ്പോള്‍ ചൊല്ലാനുള്ള ചില പ്രാര്‍ഥനകള്‍ വലിയ അക്ഷരത്തില്‍ അച്ചടിച്ച് അള്‍ത്താരയില്‍ വച്ചിരിക്കും. കൈകള്‍കൊണ്ട് ബലിവസ്തുക്കളെ കൈകാര്യം ചെയ്യുന്ന വൈദികന്, പ്രാര്‍ഥനപ്പുസ്തകത്തിന്റെ താളുകള്‍ മറിക്കാന്‍ ചില അവസരങ്ങളില്‍ പ്രയാസം ഉണ്ടാകും. ആ സന്ദര്‍ഭത്തില്‍ ചൊല്ലാനുള്ള പ്രാര്‍ഥനകള്‍ ഈ കാര്‍ഡുകളില്‍ അടിച്ചിരിക്കുന്നു.
അള്‍ത്താരബാലന്‍. വൈദികന്‍ വിശുദ്ധകര്‍മങ്ങള്‍ നടത്തുമ്പോള്‍ സഹായി ആയി നില്ക്കുന്ന ആള്‍. വിശുദ്ധ കുര്‍ബാന ഒരു സമൂഹാരാധനാക്രമമാണ്. ബലി അര്‍പ്പിക്കുവാന്‍ ഒരു സമൂഹം ആവശ്യമാണ്. സമൂഹത്തിന്റെ പ്രതിനിധിയായി വൈദികനെ സഹായിക്കുന്ന ആള്‍ എന്ന നിലയിലും ഈ അള്‍ത്താരബാലനെ കാണാം. 'ബാലന്‍' എന്ന പദം പ്രായം കുറഞ്ഞയാള്‍ എന്ന അര്‍ഥത്തില്‍ അല്ല ഇവിടെ പ്രയോഗിക്കുന്നത്. എത്ര പ്രായമുള്ള ആള്‍ക്കും ഈ സ്ഥാനം നല്കാവുന്നതാണ്. എന്നാല്‍ അള്‍ത്താര ശുശ്രൂഷയ്ക്കായി സ്ത്രീകള്‍ അനുവദിക്കപ്പെട്ടിട്ടില്ല.
ഇതരമതങ്ങളില്‍. ബലി അര്‍പ്പിക്കുക എന്ന ചടങ്ങ് എല്ലാ വൈദിക മതങ്ങള്‍ക്കുമുണ്ട്. അവയുടെ വിധിക്രമങ്ങള്‍ ഭിന്നമായിരിക്കുമെന്നേ ഉള്ളൂ. ഹൈന്ദവാചാര പ്രകാരമുളള ബലികര്‍മങ്ങള്‍ക്ക് ക്രൈസ്തവാനുഷ്ഠാനങ്ങളിലെ ബലികര്‍മങ്ങളുമായി സാദൃശ്യമില്ല. എന്നാല്‍ പുരാതന യഹൂദദേവാലയങ്ങളിലെ യാഗക്രമങ്ങള്‍ക്കു വൈദികകാലത്തെ ഹൈന്ദവ ക്രമങ്ങളുമായി പല അംശങ്ങളിലും സാജാത്യം കാണുവാന്‍ കഴിയും. ബലിപീഠനിര്‍മിതിയുടെ വിവിധാംശങ്ങളെക്കുറിച്ച് പഴയനിയമ ഭാഗത്തു കാണുന്ന വിശദീകരണങ്ങളില്‍ ഈ സാജാത്യം ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. രക്തരഹിത ബലിയുടെ കാലം ആരംഭിക്കുന്നത് ക്രിസ്തുവിനു ശേഷമാണ്. ക്രൈസ്തവാചാരപ്രകാരം അനുഷ്ഠിക്കപ്പെടുന്ന കുര്‍ബാന എന്ന ബലി രക്തരഹിത ബലിയാണ്. അവിടെ രക്തത്തിന്റെ സ്ഥാനം വീഞ്ഞിനും മാംസത്തിന്റെ സ്ഥാനം ഗോതമ്പ് അപ്പത്തിനും കൊടുത്തിരിക്കുന്നു. അവയെ പുരോഹിതന്‍ തന്നില്‍ നിക്ഷിപ്തമായിട്ടുള്ള പൌരോഹിത്യത്തിന്റെ അധികാരം ഉപയോഗിച്ച് രക്തമാംസങ്ങളായി അവരോധിക്കുന്നു. എങ്കിലും ബലിരക്തരഹിത ബലിയായി ത്തന്നെ അവശേഷിക്കുന്നു. ഇക്കാരണത്താല്‍ ഇന്നത്തെ ഹൈന്ദവബലിയും ക്രൈസ്തവ ബലിയും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല. ഹൈന്ദവരുടെ ബലിക്കല്ലുകള്‍ക്കു ക്രൈസ്തവരുടെ ബലിപീഠങ്ങളുമായും സാദൃശ്യമില്ലാത്തതിന്റെ കാരണവും ഇതില്‍നിന്നു വ്യക്തമാകുന്നു.
(കെ.സി. ചാക്കോ)