This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ്റ്‍ലസ് പര്‍വതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറ്റ്‍ലസ് പര്‍വതം

Atlas Mountain

ആഫ്രിക്കയുടെ വ. പ. തീരത്തിനു സമാന്തരമായി മൊറോക്കോ, അള്‍ജീരിയ, ടൂണിസ് എന്നീ രാജ്യങ്ങളിലായി 2,415 കി.മീ. നീണ്ടുകിടക്കുന്ന പര്‍വതനിരകള്‍; ആല്‍പ്സ്-ഹിമാലയ വിഭാഗത്തില്‍പ്പെട്ട മടക്കുപര്‍വതങ്ങളാണിവ. മൊറോക്കോയിലെ നണ്‍ മുനമ്പില്‍ ഇവ തുടങ്ങുന്നു; വടക്കേ അറ്റത്തുള്ള റിഫ് പര്‍വതം തെ. സ്പെയിനിലെ സിയെറാ നെവാദായില്‍ നിന്നു ജിബ്രാള്‍ട്ടര്‍ കടലിടുക്കിനാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. തൊട്ടു തെക്ക് മധ്യ അറ്റ്‍ലസ് നിരയാണ്. അവയ്ക്കും ഉള്ളിലായാണ് ഉയരം കൂടിയ തെക്കെ അറ്റ്‍ലസ് നിര (4,150 മീ). തെക്കെ അറ്റത്തു പൊക്കം കുറഞ്ഞ ആന്റി അറ്റ്‍ലസ് നിരയാണ്. റിഫ്‍പര്‍വതം ടെല്‍ അറ്റ്‍ലസ് എന്ന പേരില്‍ അള്‍ജീരിയയിലേക്കു തുടര്‍ന്നുകാണുന്നു; ആന്റി അറ്റ്‍ലസ്സിന്റെ തുടര്‍ച്ചയും കാണാം. അവയ്ക്കിടയ്ക്കുള്ള ഭാഗം 900 മീ. ലധികം ഉയരമുള്ള വിസ്തൃതപീഠഭൂമിയാണ്. ടെല്‍ നിരകള്‍ ടൂണിഷ്യയിലേക്കു കടന്ന് ബോണ്‍ മുനമ്പുവരെ എത്തുന്നു. ഇവിടെ പര്‍വതനിരകളുടെ വീതി ക്രമേണ കുറഞ്ഞുവരുന്നു.

അറ്റലസ് പര്‍വതത്തിന്റെ മൊറോക്കോയില്‍ നിന്നുള്ള ഒരു ദൃശ്യം

വടക്കന്‍ തീരത്തെ കാലാവസ്ഥയില്‍ തൊട്ടു തെക്കായി കിടക്കുന്ന സഹാറാമരുഭൂമിയുടെ സ്വാധീനത ഉണ്ടാവാത്തത് ഇടയ്ക്കുള്ള അറ്റ്‍ലസ് നിരകള്‍ മൂലമാണ്. പര്‍വതത്തിന്റെ വടക്കന്‍ ചരിവുകളില്‍ മെഡിറ്ററേനിയന്‍ കാലാവസ്ഥയും തെക്കന്‍ ഭാഗങ്ങളില്‍ വരള്‍ച്ചയും അനുഭവപ്പെടുന്നു; ഉന്നതശിഖരങ്ങള്‍ ഹിമാവൃതങ്ങളാണ്. താഴ്വാരങ്ങള്‍ ഫലഭൂയിഷ്ഠങ്ങളായ കൃഷിഭൂമികളായി മാറിയിട്ടുണ്ട്.

യവനപുരാണങ്ങളിലെ കഥാപുരുഷനായ അറ്റ്‍ലസ്സില്‍ നിന്നാണ് ഈ പര്‍വതങ്ങള്‍ക്ക് പ്രസ്തുത പേരു ലഭിച്ചത്.

നോ: അറ്റ്‍ലസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍