This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ്റാവിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറ്റാവിസം

Atavism


ഒരു സസ്യത്തിലോ ജീവിയിലോ തൊട്ടുമുന്‍പിലത്തേതല്ലാത്ത തലമുറയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്ന പ്രതിഭാസം. പൂര്‍വികന്‍ എന്നര്‍ഥമുള്ള അറ്റാവുസ് (Atavus) എന്ന ലത്തീന്‍ പദത്തില്‍നിന്നാണ് 'അറ്റാവിസം' എന്ന വാക്കിന്റെ ഉദ്ഭവം. ഒരാള്‍ അയാളുടെ പിതാമഹന്റെയോ പ്രപിതാമഹന്മാരില്‍ ആരുടെയെങ്കിലുമോ സവിശേഷതകളുടെ തനിപ്പകര്‍പ്പായി വന്നുകൂടായ്കയില്ല. അതായത് ഒരാളുടെ സ്വഭാവസവിശേഷതകള്‍ തൊട്ടടുത്തുള്ള ചില തലമുറകളില്‍ കാണപ്പെട്ടില്ലെങ്കിലും പിന്നീടുള്ള ഏതുതലമുറയിലെങ്കിലും പുനരാവിഷ്കൃതമായെന്നു വരാം. ഒരു അപ്രഭാവിത (Recessive) ജീന്‍ (ഉദാ. പട്ടികളുടെ നീണ്ടരോമത്തിന്റെ പ്രേരകജീന്‍) അനവധി തലമുറകളില്‍ പ്രകടമാകാതെ വരാറുണ്ട്. ഇതിനുകാരണം മറ്റൊരു പ്രമുഖ (Dominant) ജീനിന്റെ (ഉദാ. നീളംകുറഞ്ഞ രോമത്തിന്റെ പ്രേരകജീന്‍) സാന്നിധ്യമാണ്. എന്നാല്‍ ഒരു തലമുറയില്‍ നീളം കൂടിയ രോമത്തിന്റെ പ്രേകരങ്ങളായ രണ്ടു ജീനുകള്‍ ഒരേ ജീവിയില്‍ ഒത്തുചേരുമ്പോള്‍ നീളംകൂടിയ രോമങ്ങള്‍ ഉണ്ടാകുന്നു. തൊട്ടുമുന്‍പത്തെ തലമുറകളില്‍ ഈ സവിശേഷത കാണപ്പെട്ടിരുന്നിരിക്കയില്ലതാനും.

ഗ്രിഗോര്‍ മെന്‍ഡലിന്റെ (1822-84) പാരമ്പര്യസിദ്ധാന്തത്തെ ആധാരമാക്കിയാണ് അറ്റാവിസം വിശദീകരിക്കപ്പെടാറുള്ളത്. പരിണാമഘട്ടത്തില്‍ ഉരുത്തിരിഞ്ഞ പ്രധാനമാര്‍ഗത്തില്‍ പ്രതിനിധാനം ചെയ്യപ്പെടാതെപോയ പൂര്‍വികസ്വഭാവങ്ങള്‍ പിന്‍തലമുറക്കാരില്‍ പ്രത്യക്ഷപ്പെടുന്നത് അറ്റാവിസമാണ്. ചിലര്‍ക്കു വേട്ടയിലും മീന്‍പിടിത്തത്തിലുമുള്ള പ്രത്യേകാഭിരുചിയുടെ നിദാനം ഇവിടെ കണ്ടെത്താം. പല നിയമലംഘനങ്ങളുടെയും കാരണം അറ്റാവിസമാണ്. കുറ്റം ചെയ്യാനുള്ള സഹജവാസനയുടെ പ്രതിഫലനമാണിത്. അടിച്ചമര്‍ത്തപ്പെട്ടിരുന്ന പ്രാകൃതസ്വഭാവങ്ങളിലേക്കു തിരിച്ചുപോകാന്‍ നടത്തുന്ന അബോധപൂര്‍വമായ ശ്രമമാണ് കുറ്റകൃത്യങ്ങളുടെ ഉറവിടമെന്നു കരുതുന്നവരുണ്ട്. ഇറ്റലിയിലെ സെസാറെ ലോംബ്രോസോ (1836-1909) എന്ന പ്രസിദ്ധ കുറ്റശാസ്ത്ര വിദഗ്ധന്‍ ഈ കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ ഈ സിദ്ധാന്തം സര്‍വസമ്മതമായ ഒന്നല്ല.

അറ്റാവിസം എന്ന പദം ആരംഭത്തില്‍ മനുഷ്യരെ സംബന്ധിച്ചു മാത്രമാണ് പ്രയോഗിക്കപ്പെട്ടിരുന്നതെങ്കിലും പില്ക്കാലത്ത് അതിന്റെ പ്രയോഗം കൂടുതല്‍ വ്യാപകമായിട്ടുണ്ട്. ഒരു രോഗത്തിന് പ്രത്യേകമായുണ്ടായ അസാധാരണത്വം അതേപോലെ ആവര്‍ത്തിച്ചാല്‍ അതിനു അറ്റാവിസം എന്നു പറയുന്നു.

(പ്രൊഫ. കെ.ഇ. വര്‍ഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍