This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിക്കഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറബിക്കഥകള്‍

വിശ്വവിഖ്യാതമായ അറബിക്കഥാസമാഹാരം. ഈജിപ്തില്‍ മാമലൂക് രാജാക്കന്മാരുടെ കാലത്ത് (എ.ഡി. 1249-1382) പൂര്‍ണരൂപം പ്രാപിച്ച ഈ കഥാസമാഹാരത്തിന്റെ മൂലനാമം ആല്‍ഫ് ലെയ്ലാ-വാ ലെയ്‍ലാ (ആയിരത്തൊന്നു രാവുകള്‍) എന്നാണ്. പേര്‍ഷ്യന്‍ ഭാഷയിലെ ഹസാര്‍ ആഫ്സാനാ (ആയിരം കഥകള്‍) എന്ന പ്രാചീന കൃതിയാണ് അറബിക്കഥകളുടെ മൂലം.

ആവിര്‍ഭാവത്തെപ്പറ്റിയുള്ള ഐതിഹ്യം. എ.ഡി. 641-ല്‍ അറബികള്‍ പേര്‍ഷ്യ കീഴടക്കുന്നതിനുമുന്‍പ് അവിടെ ഷാരിയര്‍ എന്ന പ്രസിദ്ധനായ ഒരു ചക്രവര്‍ത്തി വാണിരുന്നു. ഒരിക്കല്‍ അദ്ദേഹം നായാട്ടിനായി പരിവാരസമേതം രാജധാനി വിട്ടു. ചക്രവര്‍ത്തിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ പട്ടമഹിഷിയും മറ്റ് അന്തഃപുരവനിതകളും താന്താങ്ങളുടെ രഹസ്യവേഴ്ചക്കാരുമായി കാമകേളിയില്‍ ഏര്‍പ്പെട്ടിരുന്നു; ഈ വസ്തുത അക്കാലത്ത് അവിടെ തന്റെ വിശിഷ്ടാതിഥിയായി പാര്‍ത്തിരുന്ന സ്വസഹോദരനായ ഷാജമാന്‍ രാജാവില്‍നിന്ന് ചക്രവര്‍ത്തി മനസ്സിലാക്കുകയും ഉപരിപരീക്ഷണങ്ങളിലൂടെ അതു സ്വയം ബോധ്യപ്പെടുകയും ചെയ്തു. ക്രോധാവിഷ്ടനായ ചക്രവര്‍ത്തി തന്റെ പത്നിയുള്‍പ്പെടെയുള്ള എല്ലാ കുറ്റവാളികളെയും വാളിന്നിരയാക്കുക മാത്രമല്ല, സ്ത്രീവര്‍ഗം ഒന്നടങ്കം ചാരിത്രവിഹീനകളാണെന്നു നിശ്ചയിച്ച് അവരെ മുഴുവന്‍ ഉന്‍മൂലനം ചെയ്യാനുള്ള പരിപാടി ആവിഷ്കരിക്കുകയും ചെയ്തു. തനിക്കു വിവാഹം ചെയ്യാന്‍ ഓരോ ദിവസവും ഓരോ നവവധുവിനെ കൊണ്ടുവരാന്‍ ഷാരിയര്‍ തന്റെ മന്ത്രിയോടാജ്ഞാപിച്ചു. അതനുസരിച്ച് കൊട്ടാരത്തില്‍ കൊണ്ടുവരപ്പെട്ട ഓരോ യുവതിയും ആദ്യരാത്രിക്കുശേഷം വധിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ മൂന്നുവര്‍ഷംകൊണ്ട് നാട്ടില്‍ കന്യകമാര്‍ ബാക്കിയില്ലെന്ന നിലയായിത്തുടങ്ങി. പരിഭ്രാന്തരായ പ്രജകള്‍ രാജാവിനെ ശപിച്ചുകൊണ്ട് പ്രാണരക്ഷാര്‍ഥം നാടുവിടാന്‍ തുടങ്ങി. ഒടുവില്‍ മന്ത്രികുമാരിയായ ഷേരാസാദ് സ്ത്രീവര്‍ഗത്തെ രക്ഷിക്കാനുറച്ചുകൊണ്ട് രാജപത്നിയാകാന്‍ മുന്നോട്ടുവന്നു. ഈ ഉദ്യമം മന്ത്രിയെ ദുഃഖനിമഗ്നനാക്കിയെങ്കിലും ഒടുവില്‍ അദ്ദേഹം സ്വപുത്രിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. അങ്ങനെ ഷേരാസാദ് ഷാരിയറുടെ ശയനമുറിയിലെത്തി. ചക്രവര്‍ത്തിയോട് അവള്‍ക്ക് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളു; തന്റെ കൊച്ചനുജത്തി ദുനിയാസാദിനെക്കൂടി ആ രാത്രിയില്‍ തൊട്ടടുത്ത മുറിയില്‍ കിടക്കാന്‍ അനുവദിക്കണമെന്ന്; തന്റെ മരണത്തിനു മുന്‍പ് അവളെ ഒരുനോക്കു കാണാന്‍ മാത്രം. ചക്രവര്‍ത്തി സമ്മതിച്ചു. പുലരാന്‍ രണ്ടുനാഴികയുള്ളപ്പോള്‍, മുന്‍ധാരണയനുസരിച്ച് ദുനിയാസാദ് ഷേരാസാദിനെ വിളിച്ചുണര്‍ത്തി, ചേച്ചി ജീവാര്‍പ്പണം ചെയ്യുംമുന്‍പ് തനിക്ക് ഒരു കഥ പറഞ്ഞുതരണമെന്ന് അപേക്ഷിച്ചു. ചക്രവര്‍ത്തിയുടെ അനുവാദത്തോടെ ഷേരാസാദ് അനുജത്തിയെ കട്ടിലിന്നരികെ ഇരുത്തി ചക്രവര്‍ത്തി കേള്‍ക്കെ കഥ പറയാന്‍ തുടങ്ങി. പക്ഷേ കഥ മുഴുമിക്കുംമുന്‍പ് നേരം പുലര്‍ന്നു. കഥയുടെ ബാക്കി കേള്‍ക്കാന്‍ ദുനിയാസാദിനോടൊപ്പം ചക്രവര്‍ത്തിക്കും ഔത്സുക്യം ഉണ്ടായതിനാല്‍ ഷേരാസാദിന്റെ വധം പിറ്റേദിവസത്തേക്കു നീട്ടിവയ്ക്കപ്പെട്ടു. ആ രാത്രിയുടെ അന്ത്യയാമത്തിലും ഷേരാസാദിന്റെ കഥാകഥനമവസാനിച്ചത് മറ്റൊരു രസികന്‍കഥയുടെ ആരംഭത്തോടെയായിരുന്നു. വീണ്ടും ഷാരിയറുടെ കഥാശ്രവണകൌതുകം മുറ്റിത്തഴച്ചു. അങ്ങനെ ഷേരാസാദിന്റെ കഥാസരിത്പ്രവാഹത്തില്‍ ആയിരത്തൊന്നു രാവുകള്‍ അനുസ്യൂതം ഒലിച്ചുപോയി. ഇതിനിടയില്‍ ഷേരാസാദിനു ചക്രവര്‍ത്തിയില്‍ മൂന്നു പുത്രന്മാരുണ്ടായി. ഒടുവില്‍ തന്റെ പത്നിയില്‍ പൂര്‍ണകാമനായ ചക്രവര്‍ത്തി അവളെ പ്രാണേശ്വരിയായിത്തന്നെ സ്വീകരിക്കുകയും സ്ത്രീവര്‍ഗസംഹാരമെന്ന തന്റെ ഭീകരഹോമം അവസാനിപ്പിക്കുകയും ചെയ്തുവത്രെ. കഥാകഥനത്തിന് ആയിരത്തൊന്നു രാവുകള്‍ വേണ്ടിവന്നെങ്കിലും, ഒരു കഥതന്നെ പല രാത്രികളോളം നീണ്ടുനിന്നതിനാല്‍ ഒട്ടാകെ പറയപ്പെട്ട കഥകളുടെ എണ്ണം ഇരുന്നൂറില്‍ താഴെയായിരുന്നു.

ഷാരിയറുടെ രാജമഞ്ചത്തിലിരുന്ന് ഷേരാസാദ് നടത്തിയ കഥാകഥനമെന്ന അഖണ്ഡയജ്ഞത്തില്‍ പറഞ്ഞുകൂട്ടിയ കഥകളില്‍ ലോകപ്രസിദ്ധങ്ങളായ പല മറുനാടന്‍ കഥകളും ഉള്‍പ്പെട്ടിരുന്നു-ഇന്ത്യന്‍, ചൈനീസ്, ഹീബ്രു, സിറിയന്‍, ഗ്രീക്, ഈജിപ്ഷ്യന്‍ കഥകള്‍. ഈ കഥകള്‍ പില്ക്കാലത്ത് അറബിഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. ക്രമേണ അറേബ്യന്‍ ജീവിതഗന്ധികളായ പല പുതിയ കഥകളും ഇവയോടുകൂടിച്ചേര്‍ന്ന് ഇന്നറിയപ്പെടുന്നതരത്തിലുള്ള അറബിക്കഥാസമാഹാരമുണ്ടായി. കപ്പലോട്ടക്കാരനായ സിന്‍ബാദ്, കഴുതയും കാളയും കൃഷിക്കാരനും, മുക്കുവനും ഭൂതവും, എണ്ണക്കച്ചവടക്കാരന്‍, യഹൂദവൈദ്യന്‍, തയ്യല്‍ക്കാരന്‍, ബാഗ്ദാദിലെ ക്ഷുരകന്‍, ഒരു സുന്ദരിയും അഞ്ചു കാമുകരും, മൂന്നു ലന്തപ്പഴം, സമുദ്രപുത്രിയായ ഗയര്‍, അബു ഹസ്സന്‍, അലാവുദ്ദീനും അദ്ഭുതവിളക്കും, ഹാറൂണ്‍-അല്‍-റഷീദ്, ആലിബാബയും നാല്പതു കള്ളന്മാരും, മാന്ത്രികക്കുതിര, അസൂയാലുക്കളായ സഹോദരിമാര്‍, ബുക്കിയാത്ത് എന്ന നപുംസകം, ആശാരിയും പക്ഷികളും മൃഗങ്ങളും, വിഡ്ഢിയായ സ്കൂള്‍ മാസ്റ്റര്‍, കെയ്റോയിലെ പൊലീസ് മേധാവി, മാരഫ് എന്ന ചെരുപ്പുകുത്തിയും ഭാര്യ ഫാത്തിമയും എന്നിങ്ങനെ പല പ്രസിദ്ധ കഥകളും ഇതില്‍പ്പെടുന്നു. ഇതിലെ ഭാവനാസുന്ദരങ്ങളായ പല കഥകളും പ്രാചീന പേര്‍ഷ്യന്‍ സമാഹാരത്തിലുള്‍പ്പെട്ടവയത്രെ (ഉദാ. മുക്കുവനും ഭൂതവും, മാന്ത്രികക്കുതിര, സിന്‍ബാദ് എന്ന നാവികന്‍). ക്രമേണ ഈ സമാഹാരത്തിലേക്ക് പല പുത്തന്‍ കഥകളും ഒഴുകിച്ചേര്‍ന്നു. സെമിറ്റിക് സ്വഭാവത്തോടുകൂടിയ ഈ പുതിയ ഉറവുകളെ രണ്ടായി തരംതിരിക്കാം: (1) ബാഗ്ദാദ് നഗരത്തെ ആലംബമാക്കിയിട്ടുള്ളതും പ്രസിദ്ധനായ 'ഖലീഫ് ഹാറൂണ്‍-അല്‍-റഷീദ്' (786-809) നായകനായി രംഗത്തു വരുന്നതുമായ ശൃംഗാര-വീരപ്രധാനമായ കഥാസരിത്ത്; (2) 'അലാവുദ്ദീനും അദ്ഭുതവിളക്കും' പോലുള്ള കഥകളാല്‍ തികച്ചും വ്യക്തമാക്കപ്പെടുന്നതും അമാനുഷത്വം, കുസൃതിനിറഞ്ഞ വിപരീതാര്‍ഥദ്യോതകമായ നര്‍മഭാഷിതങ്ങള്‍ എന്നിവയാല്‍ മുഖരിതവുമായ കഥാപ്രപാതം.

ഈ നീര്‍ച്ചാലുകള്‍ കൂടാതെ, പ്രഭവസ്ഥാനത്തിലും പ്രതിപാദനരീതിയിലും ഒന്നുപോലെ വൈജാത്യമുള്ള നാനാതരം നാടോടിക്കഥകള്‍ വിവിധ പൗരസ്ത്യരാജ്യങ്ങളില്‍നിന്നും ഈ കഥാസാഗരത്തിലേക്കൊഴുകിച്ചേര്‍ന്നു. ഒടുവില്‍ ഈജിപ്തിലെ മാമലൂക് വാഴ്ചയുടെ അന്ത്യഘട്ടത്തില്‍ ഈ കൃതി, അതിന്റെ പൂര്‍ണവളര്‍ച്ചയിലെത്തി. 'എ.ഡി. പതിന്നാലാം നൂറ്റാണ്ടില്‍, കെയ്റോയില്‍വച്ച് ഹാറൂണ്‍-അല്‍-റഷീദിനോട് എസ്ഥേര്‍ രാജ്ഞി ബുദ്ധജാതകകഥാമാതൃകയില്‍ പറഞ്ഞുകേള്‍പ്പിച്ച പേര്‍ഷ്യന്‍ കഥകളാണ് അറബിക്കഥകള്‍' എന്ന ഒരാധുനിക നിരൂപകന്റെ വിലയിരുത്തലില്‍ അറബിക്കഥകളുടെ ഈ വൈജാത്യം വ്യക്തമാകുന്നു. ഈ കഥകള്‍ ഭിന്നദേശീയങ്ങളും ഭിന്നകര്‍ത്തൃകങ്ങളുമെന്നപോലെ തന്നെ ഭിന്നകാലികങ്ങളുമാണ്. ഇതിലെ മൃഗകഥകള്‍ക്ക് അതിപ്രാചീനതയുള്ളപ്പോള്‍ മറ്റുചിലത് (ഉദാ. കെയ്റോയിലെ പൊലീസ് മേധാവി) പത്തു മുതല്‍ പതിന്നാലു വരെയുള്ള നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടവയാണെന്നും കരുതേണ്ടിയിരിക്കുന്നു.

അറബിക്കഥകള്‍ യൂറോപ്പില്‍. അറബി സാഹിത്യത്തിലെ അനര്‍ഘരത്നങ്ങളായ ഖുര്‍ ആന്‍ തുടങ്ങിയ മഹത് ഗ്രന്ഥങ്ങളെക്കാള്‍ യൂറോപ്പില്‍ പ്രചാരമാര്‍ജിച്ചത് അറബിക്കഥകളായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കഥകള്‍ 18-ാം ശ.-ത്തിന്റെ ആരംഭംമുതല്‍ പ്രചരിക്കാനാരംഭിച്ചു. അന്റോയിന്‍ ഗാലന്റ് എന്ന ഫ്രഞ്ചുപണ്ഡിതനാണ്, 'കുട'ത്തിന്റെ അടപ്പുതുറന്ന്, ഈ 'ഭൂത'ത്തെ യൂറോപ്യന്‍ അന്തരീക്ഷത്തിലേക്ക് ആദ്യമായി വിട്ടത് (1704-17). കൂടുതല്‍ സമഗ്രവും യഥാതഥവുമായ അറബിക്കഥാവിവര്‍ത്തനങ്ങള്‍ പലതും യൂറോപ്യന്‍ ഭാഷകളില്‍ പിന്നീടു പ്രത്യക്ഷപ്പെട്ടെങ്കിലും, പാശ്ചാത്യഭാവനയെ പിടിച്ചടക്കുകയും ഹാറൂണ്‍-അല്‍-റഷീദിനെയും ഷേറാസാദിനെയും മോസ്കോ മുതല്‍ മാഡ്രിഡ്വരെയുള്ള സ്വീകരണമുറികളിലേക്കാനയിക്കുകയും ചെയ്തത് ഗാലന്റ് ആയിരുന്നുവെന്നത് നിസ്തര്‍ക്കമാണ്.

നൂറ്റാണ്ടുകളായി യൂറോപ്യന്‍ ഭാവന ഗ്രീസിന്റെയും റോമിന്റെയും ഐതിഹാസിക പ്രപഞ്ചത്തെ ചൂഴ്ന്നുള്ള സങ്കല്പങ്ങളില്‍ വ്യാപൃതമായിരുന്നു; എന്നാല്‍ പിന്നീട് അതു ബാഗ്ദാദ് എന്ന 'പ്രശാന്തിനിലയ'ത്തെ വലയം ചെയ്തുകൊണ്ടുള്ള മാദകസ്വപ്നങ്ങളില്‍ മുഴുകാന്‍ തുടങ്ങി. 1838-ല്‍ ഹെന്‍റി ടാറന്‍സ് കൊല്ക്കത്തയില്‍വച്ച് ഈ കൃതിയുടെ സമ്പൂര്‍ണവും യഥാതഥവുമായ ഒരു ആംഗലവിവര്‍ത്തനത്തിനൊരുമ്പെട്ടു. പക്ഷേ, പത്തു വാല്യങ്ങളില്‍ ഒന്നു മാത്രം പ്രസിദ്ധീകരിച്ചപ്പോഴേക്കും ടാറന്‍സ് നിര്യാതനായി. പിന്നീടു പുറത്തുവന്നത് ഇ.ഡബ്ള്യു. ലെയ്നിന്റെ വിവര്‍ത്തനമാണ്. അതിന്റെ മഹത്ത്വം അദ്ദേഹം അതാതിടങ്ങളില്‍ ചേര്‍ത്ത വിജ്ഞേയമായ അടിക്കുറിപ്പുകളിലാണ് സ്ഥിതിചെയ്യുന്നത്. കെയ്റോ സമുദായത്തെപ്പറ്റിയുള്ള ലെയ്നിന്റെ പരിജ്ഞാനം അത്ര ഗാഢമായിരുന്നു. എങ്കിലും ഇംഗ്ലീഷില്‍ ഈ കൃതിയുടെ ആദ്യത്തെ സമ്പൂര്‍ണ വിവര്‍ത്തനം നിര്‍വഹിച്ചത് (1882-84) ജോണ്‍ പെയ് ന്‍ ആണ്. താമസിയാതെ ഈ മൂന്നു കൃതികളെയും അസ്തപ്രഭമാക്കിക്കൊണ്ട് റിച്ചാര്‍ഡ് ബര്‍ട്ടന്‍ ഇതിന്റെ സമഗ്രവും സമ്പൂര്‍ണവും സത്യസന്ധവുമായ വിവര്‍ത്തനം പതിനഞ്ചു വാല്യങ്ങളില്‍ നിര്‍വഹിച്ചു (1885-87). അറബിക്കഥകളുടെ ആംഗലവിവര്‍ത്തനങ്ങളില്‍ ഏറ്റവും ആധികാരികമെന്നു പരിഗണിച്ചുവരുന്നത് ബര്‍ട്ടന്റേതാണ്. പക്ഷേ, വിക്ടോറിയന്‍ ജനത, ഈ കൃതികളിലേക്കാകൃഷ്ടരായത് ബര്‍ട്ടന്‍ പ്രതീക്ഷിച്ചതുപോലുള്ള നരവംശശാസ്ത്രതാത്പര്യം കൊണ്ടല്ല; കേവലം കാമാസക്തികൊണ്ടു മാത്രമായിരുന്നുവെന്ന് ന്യൂബി എന്ന നിരൂപകന്‍ പ്രസ്താവിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടെ എല്ലാ യൂറോപ്യന്‍ ഭാഷകളിലും പ്രധാനപ്പെട്ട മറ്റു ലോകഭാഷകളിലും ഇതിന് വിവര്‍ത്തനങ്ങളുണ്ടായിക്കഴിഞ്ഞു.

സാമൂഹിക-സാംസ്കാരിക ചിത്രം. മധ്യകാല അറേബ്യന്‍ സംസ്കാരത്തിന്റെ കണ്ണാടിയാണ് അറബിക്കഥകള്‍. മാംസനിബദ്ധമല്ലാത്തതും വീരയുഗത്തിന്റെ സന്തതിയുമായ ആദര്‍ശപ്രേമത്തിന് അറബിക്കഥകളില്‍ ഇടമില്ല; അവിടെ കാമം മാത്രമേ കാണാനുള്ളു എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. അതുപോലെ കഥാപാത്രങ്ങളുടെ സ്വഭാവഗുണദോഷങ്ങളെക്കാള്‍, ഭാഗ്യനിര്‍ഭാഗ്യങ്ങളും ആകസ്മികതകളുമാണ് അവരുടെ ജീവിതഗതിയെ നിയന്ത്രിക്കുന്നത്. ഒരു അറബിയുടെ ദൃഷ്ടിയില്‍ ഭാഗ്യവാനാരോ അവന്‍ തന്നെയാണ് നല്ലവന്‍; എന്തെന്നാല്‍ മനുഷ്യയത്നത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് വിധിയാണ്; വിധിയെന്നാല്‍, അല്ലാഹുവിന്റെ ഇംഗിതവും. വിധിക്കെതിരായി നീന്താനുള്ള മനുഷ്യന്റെ കഴിവുകേടാണ് അറബിക്കഥകളിലെ പ്രതിപാദ്യം. പിച്ചതെണ്ടാനാണ് ഒരുവന്‍ വിധിക്കപ്പെട്ടിരിക്കുന്നതെങ്കില്‍ എത്ര വേഗംഅയാള്‍ യാചകവൃത്തിയുമായി പൊരുത്തപ്പെടുന്നുവോ അത്രയുംവേഗം അയാള്‍ക്കു മനസ്സമാധാനം ലഭിക്കും എന്നതാണ് ഈ കഥകളില്‍ പ്രതിബിംബിക്കുന്ന ജീവിതതത്ത്വശാസ്ത്രം. പൗരസ്ത്യരുടെ ജീവിതവീക്ഷണം തന്നെ പൊതുവില്‍ ഇതായിരുന്നു. കാമിനീകാഞ്ചന പ്രലോഭിതരായി മര്‍ത്ത്യവര്‍ഗം കാട്ടിക്കൂട്ടുന്ന വിക്രിയകളുടെ നഗ്നവര്‍ണനകള്‍ ഈ കഥകളില്‍ ഓളംവെട്ടുന്നതു കാണാം. പരിഷ്കൃതസമുദായം വാതിലടച്ചു ചെയ്യുന്ന കാര്യങ്ങള്‍ ഇതിലെ കഥാപാത്രങ്ങള്‍ കാണികളുടെ മുന്നില്‍ പരസ്യമായി ചെയ്യുന്നു. എങ്കിലും, വിലോഭനീയമായ മധുരസ്വപ്നങ്ങളുടെ തോളുരുമ്മിക്കൊണ്ടുതന്നെ, വിഷാദമൂകത അറബികളെ അനുഗമിക്കുന്ന കാഴ്ച ഇവയില്‍ ദൃശ്യമാണ്. അതിനാല്‍, 'സത്യമായ ദുഃഖവാര്‍ത്തയെക്കാള്‍, അസത്യമെങ്കിലും സന്തോഷകരമായ വാര്‍ത്തയാണ് അഭികാമ്യം' എന്ന ചിന്താഗതി നെയ്തെടുത്ത് അവര്‍ തങ്ങളുടെ ദുഃഖങ്ങള്‍ക്കു മൂടുപടമിട്ടു. ഈ കഥകളില്‍ അതിശയോക്തിയുടെ അതിപ്രസരമുണ്ടെന്നത് വാസ്തവമാണെങ്കിലും ഇവ എഴുതിയ ജനതയുടെ വൈകാരികജീവിതവുമായി ഈ കഥകള്‍ക്ക് അഭേദ്യമായ ബന്ധമുണ്ടെന്നതില്‍ സംശയമില്ല.

ആത്മാഭിമാനം, കുശാഗ്രബുദ്ധി, ഊര്‍ജസ്വലമായ നര്‍മബോധം, ഭാവാര്‍ദ്രത, നൈരാശ്യത്തെ ദൈവനിന്ദയിലെത്തിക്കാത്ത ആദര്‍ശാത്മകമായ ഈശ്വരഭക്തി, ലോകത്തിലെ നല്ല വസ്തുക്കളില്‍ നിര്‍ഹേതുകമായ പ്രേമം, മരണത്തെപ്പറ്റി കൂസലില്ലായ്മ, കീഴ്വഴക്കങ്ങളോടുള്ള കൂറ്, പുതുമയ്ക്കുള്ള കൊതി, അമ്പരിപ്പിക്കുന്ന അവസരവാദം, അമര്‍ഷം കൊള്ളിക്കുന്ന വിധിവിശ്വാസം-സര്‍വോപരി സമുദായത്തിന്റെ അടിമുതല്‍ മുടിവരെ പ്രസരിച്ചുകൊണ്ടിരിക്കുന്നതും കുബേരകുചേലാന്തരങ്ങളെ സഹ്യമാക്കിത്തീര്‍ക്കുന്നതും അപഗ്രഥനാതീതവുമായ മനുഷ്യസ്നേഹം-ഇവയെല്ലാമാണ് ഈ കഥാസാഗരത്തിന്റെ മുകള്‍പ്പരപ്പിലേക്ക് അവിരാമമായി പൊന്തിവരുന്ന മാനസികഭാവങ്ങള്‍.

ആനന്ദാമൃതസാഗരം എന്ന പേരില്‍ അറബിക്കഥകളുടെ ചില ഭാഗങ്ങള്‍ (ആമുഖവും പതിനൊന്നു ദിവസത്തെ കഥകളും-1887) പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ കിളിപ്പാട്ടുരീതിയില്‍ മലയാളത്തിലേക്കു തര്‍ജുമ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാപരിചയമില്ലാത്ത ആശാന്‍ ഒരു തമിഴ് വിവര്‍ത്തനത്തിന്റെ സഹായത്തോടെയാണ് ഈ പരിഭാഷ നിര്‍വഹിച്ചത്. പിന്നീട് ശ്രീരാമവിലാസം പ്രസ്സുകാര്‍ അഞ്ചു വാല്യങ്ങളിലായി അന്‍പതില്‍പ്പരം കഥകള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. കൂടാതെ ആയിരത്തൊന്നു രാവുകള്‍ എന്ന പേരില്‍ മൂന്നു വാല്യങ്ങളായി കുറെ കഥകള്‍ അടുത്തകാലത്ത് സുഭദ്രാ പരമേശ്വരനും തര്‍ജുമ ചെയ്തിട്ടുണ്ട്. പ്രൊഫ. എം.അച്യുതന്‍ തയ്യാറാക്കിയ പുനരാഖ്യാനം ആയിരത്തൊന്നു രാവുകള്‍ എന്ന പേരില്‍ 1976-ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചു. പി. അയ്യനേത്ത്, മുതുകുളം സുകുമാരന്‍, എം.പി. സദാശിവന്‍ എന്നിവരുടെ പരിഭാഷകളും പുറത്തുവന്നിട്ടുണ്ട്.

(പ്രൊഫ. പി.ജി. പുരുഷോത്തമന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍