This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റോട്ടില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിസ്റ്റോട്ടില്‍

Aristotle (B.C. 384 322)

ഗ്രീക് തത്ത്വചിന്തകനും ബഹുമുഖ പ്രതിഭയും. ഗ്രീക് തത്ത്വചിന്തകരില്‍ ഏറ്റവും ഉന്നതനെന്ന് അംഗീകരിക്കപ്പെടുന്ന അരിസ്റ്റോട്ടില്‍ പ്ളേറ്റോയുടെ ശിഷ്യനായിരുന്നു. മുന്‍ഗാമികളുടെ വിജ്ഞാനത്തെ മുഴുവന്‍ സമാഹരിച്ച അരിസ്റ്റോട്ടില്‍ അവയെ പരിഷ്കരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നവീനമായൊരു പ്രപഞ്ചവീക്ഷണം അവതരിപ്പിക്കുകയും ചെയ്തു.

മാസിഡോണിയായിലെ രാജാവായിരുന്ന മൈന്താസ് രണ്ടാമന്റെ (Mayntas II) ആസ്ഥാനപുരോഹിതനായിരുന്ന നിക്കോമാക്കസിന്റെ പുത്രനായി ബി.സി. 384-ല്‍ അരിസ്റ്റോട്ടില്‍ ജനിച്ചു. 17-ാമത്തെ വയസ്സില്‍ ആഥന്‍സില്‍ എത്തിയ അരിസ്റ്റോട്ടില്‍ പ്ലേറ്റോയുടെ ശിഷ്യത്വം സ്വീകരിച്ച് അക്കാദമിയില്‍ ചേര്‍ന്നു. ബി.സി. 347-ല്‍ പ്ലേറ്റോ അന്തരിക്കുന്നതുവരെ ഇദ്ദേഹം ആഥന്‍സില്‍ താമസിച്ചു. ആഥന്‍സ് വിട്ട അരിസ്റ്റോട്ടില്‍ നേരെ ഏഷ്യാമൈനറില്‍ എത്തി. തുടര്‍ന്ന് മൈറ്റിലിനി (Mytilene) ലേക്ക് പോവുകയും ചെയ്തു. ഇതിനുശേഷം ബി.സി. 342 മുതല്‍ 335 വരെ ഇദ്ദേഹം മാസിഡോണിയയില്‍ താമസിക്കുകയും അലക്സാണ്ടര്‍ രാജകുമാരന്റെ അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. പക്ഷേ അരിസ്റ്റോട്ടിലും അലക്സാണ്ടറും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബി.സി. 335-ല്‍ അലക്സാണ്ടര്‍ മാസിഡോണിയയിലെ ചക്രവര്‍ത്തിയായപ്പോള്‍ അരിസ്റ്റോട്ടില്‍ ആഥന്‍സിലേക്ക് മടങ്ങുകയും അവിടെ ലൈസിയം എന്ന വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.

തികച്ചും മൗലികവും വ്യവസ്ഥാപിതവുമായൊരു തത്ത്വചിന്ത വികസിപ്പിച്ചെടുത്ത അരിസ്റ്റോട്ടില്‍ അത് അക്കാലത്തെ വൈജ്ഞാനിക മണ്ഡലത്തിലെ സമസ്ത മേഖലകളിലും പ്രയോഗിക്കുകയായിരുന്നു. പ്രപഞ്ചവിജ്ഞാനീയം, ഭൗതികശാസ്ത്രം, ഭ്രൂണശാസ്ത്രം, ഖനിജശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്ത വ്യാപരിച്ചു. 16, 17 നൂറ്റാണ്ടുകളില്‍ ആരംഭിച്ച ആധുനിക ശാസ്ത്രവിപ്ലവത്തിന്റെ കാലഘട്ടംവരെ അരിസ്റ്റോട്ടിലിന്റെ ശാസ്ത്രവീക്ഷണങ്ങള്‍ ലോകതത്ത്വചിന്തയെയും പ്രപഞ്ചവീക്ഷണത്തെയും ഭരിച്ചു.

പ്രപഞ്ചവിജ്ഞാനീയത്തില്‍, മുന്‍കാല ചിന്തകരെപ്പോലെ ഭൗമകേന്ദ്രസിദ്ധാന്തത്തെയാണ് അരിസ്റ്റോട്ടിലും പിന്താങ്ങിയത്. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം; ഭൂമി കേന്ദ്രമായി എട്ട് സ്ഫടിക ഗോളങ്ങള്‍ ഉണ്ട്. ആദ്യത്തെ ഏഴ് എണ്ണത്തില്‍ ഏഴ് ഗ്രഹങ്ങളെ-ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, സൂര്യന്‍, ചൊവ്വ, വ്യാഴം, ശനി എന്ന ക്രമത്തില്‍- ഉറപ്പിച്ചിരിക്കുന്നു. 8-ാമത്തെ ഗോളത്തില്‍ സ്ഥിരനക്ഷത്രങ്ങളെയും. മ്യൂസ് എന്ന ദേവതകള്‍ ഈ സ്ഫടികഗോളങ്ങളെ കറക്കുന്നതുകൊണ്ടാണ് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയെ ചുറ്റുന്നതായി കാണുന്നത്. എല്ലാ ആകാശവസ്തുക്കളും ഭൂമിയും ഗോളാകാരമായിരിക്കും; എല്ലാ പഥങ്ങളും വൃത്താകാരവുമായിരിക്കും. കാരണം ഇവയാണ് ഏറ്റവും പൂര്‍ണതയുള്ള ജ്യാമിതീയ രൂപങ്ങള്‍. 'ദൈവങ്ങളുടെ ലോകം' (ആകാശം) പൂര്‍ണതയും ചിട്ടയും ഉള്ളതായിരിക്കും: ഇതാണ് അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചചിത്രം. ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രനില്‍ പതിക്കുന്ന ഭൂനിഴല്‍ എപ്പോഴും വൃത്തരൂപമാണെന്ന നിരീക്ഷണത്തില്‍ നിന്ന് ഭൂമി ഗോളാകാരമാണെന്ന് തെളിയിക്കാനും അരിസ്റ്റോട്ടിലിനു കഴിഞ്ഞു. എംപിഡോക്ളിസിനെ പിന്തുടര്‍ന്ന് എല്ലാ പദാര്‍ഥങ്ങളും ഭൂമി, ജലം, അഗ്നി, വായു എന്നീ നാലു മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നും അരിസ്റ്റോട്ടില്‍ അഭിപ്രായപ്പെട്ടു. ഭൂമിയെയും ജലത്തെയും പോലുള്ള മൂലകങ്ങള്‍ സ്വതന്ത്രമായി താഴേക്കു വീഴുകയോ, വായുവിനെയും അഗ്നിയെയും പോലുള്ളവ മുകളിലേക്കു ഉയരുകയോ ചെയ്യുന്നത് അവയുടെ നൈസര്‍ഗിക സ്ഥാനങ്ങള്‍ കണ്ടെത്താനാണെന്ന് അരിസ്റ്റോട്ടില്‍ വാദിച്ചു. ഇതിലൂടെ വസ്തുക്കളുടെ നൈസര്‍ഗിക സ്ഥാനം, ചലനവും തമ്മിലുള്ള ബന്ധത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. എന്നാല്‍ ഖഗോളീയ വസ്തുക്കള്‍ നേര്‍രേഖയില്‍ കൂടിയല്ല സഞ്ചരിക്കുന്നതെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇവ 'ഈഥര്‍' എന്ന അഞ്ചാമത്തെ മൂലകംകൊണ്ട് നിര്‍മിതമാണെന്നും വൃത്താകൃതിയിലാണ് ഇവ സഞ്ചരിക്കുന്നതെന്നും അരിസ്റ്റോട്ടില്‍ നിര്‍ദേശിച്ചു. അതായത്, അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചമാതൃകയില്‍ വിവിധ വസ്തുക്കള്‍ വ്യത്യസ്ത ചലനനിയമങ്ങള്‍ പിന്‍തുടരുന്നു എന്നുസാരം. ഖഗോളവും ഖഗോളീയവസ്തുക്കളും മാറ്റത്തിനു വിധേയമാകുന്നില്ല എന്നും ഇദ്ദേഹം വാദിച്ചു.

ചൂട്, തണുപ്പ്, വരള്‍ച്ച, ഈര്‍പ്പം എന്നിവയെ നാല് അടിസ്ഥാന ഗുണങ്ങളായും അരിസ്റ്റോട്ടില്‍ സങ്കല്പിച്ചു. ശൂന്യത, പദാര്‍ഥത്തിന്റെ അടിസ്ഥാനകണമായ ആറ്റം എന്നീ ആശയങ്ങളെയും ഇദ്ദേഹം തള്ളിക്കളഞ്ഞു. ഭൂമി ചലിക്കുന്നുണ്ട് എന്ന ആശയത്തെയും അരിസ്റ്റോട്ടില്‍ നിരാകരിച്ചു.

മാറ്റങ്ങളില്ലാത്ത ആകാശവും മാറ്റങ്ങളുണ്ടാകാവുന്ന ഭൂമിയും, ചതുര്‍ഭൂതങ്ങളുടെ നൈസര്‍ഗിക സ്ഥാനം തുടങ്ങിയ ആശയങ്ങള്‍ അരിസ്റ്റോട്ടിലിനെ നയിച്ചത് വിചിത്രമായ ചില നിഗമനങ്ങളിലേക്കാണ്. 'ഭൂമിയിലെ' വസ്തുക്കള്‍ താഴേക്ക് വീഴുന്നത്, അവയുടെ നൈസര്‍ഗിക സ്ഥാനം ഭൂഗോളത്തിന്റെ മധ്യത്തായതുകൊണ്ടാണ്. ഭൂമിയാകട്ടെ സൗരയൂഥത്തിന്റെ കേന്ദ്രവും. 'ജലം അതിന്റെ വിതാനം' നിലനിര്‍ത്തുന്നതിനായി ഭൂമിയെ പൊതിഞ്ഞു കൊണ്ട് ഒരു ഗോളമായി നില്‍ക്കുന്നു. ജലഗോളത്തിന് പുറത്തായി വായു ഗോളവും അതിനും പുറമെയായി അഗ്നിഗോളവും ഉണ്ട്. അഗ്നിജ്വാല വായുഗോളത്തിനു പുറത്ത് അതിന്റെ നൈസര്‍ഗിക സ്ഥാനം കണ്ടെത്തുന്നതിനാണ് മുകളിലേക്ക് ഉയരുന്നത്. ചന്ദ്രഗോളത്തിനു താഴെവരുന്ന ഭൌമലോകത്ത് മാത്രമാണ് മാറ്റങ്ങളുണ്ടാവുക. ഈ നിലപാടുമൂലം ഉല്‍ക്കകള്‍, ധൂമകേതുക്കള്‍ തുടങ്ങിയവയെല്ലാം വായുഗോളത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍ സംഭവിക്കുന്ന പ്രതിഭാസങ്ങളാണെന്ന് (വായുവിലെ ജ്വാലകളാണെന്ന്) അരിസ്റ്റോട്ടിലിനു വാദിക്കേണ്ടിവന്നു; കാരണം സ്ഫടികഗോളങ്ങളെ തുളച്ചും ചിട്ടതെറ്റിച്ചും ചന്ദ്രനപ്പുറത്തു സഞ്ചരിക്കാന്‍ അവയ്ക്ക് അനുവാദമില്ലല്ലൊ. അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചവീക്ഷണം കോപ്പര്‍നിക്കസ്സിന്റെ കാലഘട്ടംവരെ നിലനിന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍