This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയോ
Io
വ്യാഴത്തിന്റെ ഏറ്റവും അടുത്തുള്ള ഉപഗ്രഹം. നിരവധി സവിശേഷതകളുള്ള ഈ ഉപഗ്രഹത്തിന്റെ വലുപ്പം, ദ്രവ്യമാനം, സാന്ദ്രത എന്നിവ ചന്ദ്രനെക്കാള്‍ അല്പം കൂടുതലാണ്. വ്യാഴം സംക്രമിപ്പിക്കുന്ന വേലാര്‍ താപനം (Tidal heating) അയോയെ സൗരയൂഥത്തിലെ ഏറ്റവുമധികം അഗ്നിപര്‍വതക്ഷോഭമുള്ള ഖഗോളീയ വസ്തുവാക്കിമാറ്റുന്നു. വ്യാഴത്തിന്റെ മറ്റുപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായി, അയോവില്‍ ഹിമപാളിയുടെ വന്‍ശേഖരം കാണപ്പെടുന്നില്ല. സള്‍ഫറിന്റെ അംശമുള്ള ശിലാപാളികളാണ് അയോവില്‍ അധികവും.
വൊയേജര്‍ നടത്തിയിട്ടുള്ള പര്യവേക്ഷണങ്ങള്‍ തെളിയിക്കുന്നത് അയോവില്‍ സജീവമായ നിരവധി അഗ്നിപര്‍വതങ്ങളുടെ സാന്നിധ്യം ഉണ്ടെന്നാണ്. വൊയേജര്‍ പര്യവേക്ഷണത്തിനു മുമ്പുവരെ, അയോവിന്റെ ഉപരിതലം ചാന്ദ്രപ്രതലത്തിനോട് സമാനമാണെന്നായിരുന്നു ജ്യോതിശ്ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ വൊയേജര്‍-1, വൊയേജര്‍-2 എന്നീ പര്യവേക്ഷണ വാഹനങ്ങള്‍ നടത്തിയ പഠനങ്ങള്‍ വ്യാഴത്തിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന മൂന്ന് ഉപഗ്രഹങ്ങളില്‍ വേലാര്‍ താപനം അനുഭവപ്പെടുന്നുണ്ട് എന്ന് സ്ഥിരീകരിക്കുകയുണ്ടായി. വ്യാഴഗ്രഹവുമായുള്ള സാമീപ്യം, അയോയുടെ വലുപ്പാധിക്യം, കൂടിയ ദീര്‍ഘവൃത്തീയപഥം എന്നിവ വേലാര്‍ ബലത്തിന്റെ സ്വാധീനം ഗണ്യമായി കൂട്ടുന്ന ഘടകങ്ങളാണ്. വലിയ അളവിലുള്ള ഗുരുത്വാകര്‍ഷണം അയോവില്‍ വൈരൂപ്യം (Distortion) സൃഷ്ടിക്കുകയും, വേലിയേറ്റത്തിലെന്നപോലെ അയോയുടെ സ്വയം ഭ്രമണഫലമായി ഇതു സ്ഥാനം മാറുമ്പോള്‍ ഘര്‍ഷണം മൂലം ആന്തരിക താപമായി മാറുകയും ചെയ്യുന്നു. റേഡിയോ ആക്ടീവത മൂലമുണ്ടാകുന്ന താപത്തിന്റെ 1000 ഇരട്ടി വരും വേലാര്‍താപം എന്നു കണക്കാക്കുന്നു. വര്‍ധിച്ച വേലാര്‍ താപനമാണ് അയോവില്‍ അഗ്നിപര്‍വതനത്തിന് കാരണമാകുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. വ്യാഴത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ മറ്റുപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായി, അയോവിലാണ് അഗ്നിപര്‍വതനത്തിന്റെ നിരക്ക് ഏറ്റവും കൂടുതല്‍.
ഒരേ സമയം അയോവില്‍ ഒരു ഡസനോളം അഗ്നിപര്‍വതങ്ങള്‍ ലാവ വമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പുതിയ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ഉപരിതലത്തില്‍ നിന്നും 100 മുതല്‍ 400 വരെ കിലോമീറ്റര്‍ ഉയരത്തിലേക്ക് ജ്വാലകളും ധൂളികളും എത്തിക്കുന്ന ഈ അഗ്നിപര്‍വതങ്ങളെ അവ വമിക്കുന്ന സള്‍ഫര്‍ഡൈഓക്സൈഡ് വാതകത്തിന്റെ സാന്നിധ്യത്തില്‍ നിന്നും തപ്തസ്ഥലികളുടെ (Hot spot) ഇന്‍ഫ്രാറെഡ് നിര്‍ണയനത്തില്‍ നിന്നുമാണ് മനസിലാക്കുന്നത്. അഗ്നിപര്‍വതത്തിനടുത്ത പ്രദേശങ്ങളില്‍ 1700 കെല്‍വിന്‍ ആണ് താപനില. 120 കെല്‍വിന്‍ ആണ് അയോയുടെ ശരാശരി പകല്‍സമയത്തെതാപനില.
അയോവില്‍ നടത്തിയ സാന്ദ്രതാപഠനങ്ങള്‍ അത് മുഖ്യമായും സിലിക്കേറ്റിനാല്‍ നിര്‍മിതമായ ഒരു ഖഗോളവസ്തുവാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി. ഗുരുത്വത്തിന്റെയും കാന്തികതയുടെയും അടിസ്ഥാനത്തില്‍ ഗലീലിയോ ഓര്‍ബിറ്റര്‍ നടത്തിയ പഠനങ്ങള്‍ ഈ ഉപഗ്രഹത്തിന്റെ കേന്ദ്രം ഇരുമ്പിന്റെ അംശം കൂടുതല്‍ അടങ്ങിയതും സാന്ദ്രതയേറിയ പദാര്‍ഥങ്ങളാല്‍ നിര്‍മിതവുമാണെന്നു തെളിയിച്ചു. മാന്റില്‍ ശിലാനിര്‍മിതമാണെന്നും കണ്ടെത്തുകയുണ്ടായി. സ്പെക്ട്രോസ്കോപ്പിക് പഠനങ്ങള്‍ ഈ ഉപഗ്രഹത്തിന്റെ അന്തരീക്ഷം സള്‍ഫര്‍ ഡൈഓക്സൈഡും മറ്റു സള്‍ഫര്‍ സംയുക്തങ്ങളും കൊണ്ടുമൂടപ്പെട്ടിരിക്കുന്നു എന്ന് സൂചന നല്‍കുന്നു. സള്‍ഫര്‍ഡൈ ഓക്സൈഡിനു പുറമേ ഓക്സിജന്‍, സോഡിയം, പൊട്ടാസിയം എന്നീ ആറ്റങ്ങളുടെ സാന്നിധ്യവും ഈ ഉപഗ്രഹാന്തരീക്ഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷമര്‍ദം ഭൂമിയെ അപേക്ഷിച്ചു വളരെ കുറവാണ്. വ്യാഴത്തിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് അയോവിന്റെ അന്തരീക്ഷത്തിലെ വാതകങ്ങളും മറ്റും വ്യാഴത്തിലേക്ക് വ്യാപിക്കുന്ന അവസ്ഥയില്‍ ഈ ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിലുടനീളം ചിതറിക്കിടക്കുംവിധം ഉപസ്ഥിതമായിരിക്കുന്നു.
നിരന്തരം സംഭവിക്കുന്ന അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ അയോവിന്റെ അന്തരീക്ഷത്തെ സദാ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്നു. നൂറുകണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലാവ പ്രവഹിച്ചതിന്റെയും മറ്റും ലക്ഷണങ്ങളും അയോവില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലാവാപ്രവാഹത്തില്‍ പലതിലും സിലിക്കേറ്റ് ശിലകളുടെ ധാത്വംശവും മറ്റു ചിലതില്‍ ഉരുകിയ സള്‍ഫറിന്റെ സാന്നിധ്യവും നിര്‍ണയിക്കാന്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുമ്പ് ഈ ഉപഗ്രഹത്തിലെ ലാവാ പ്രവാഹം സള്‍ഫര്‍ജന്യം മാത്രമാണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാല്‍ ഗലീലിയോ ബഹിരാകാശപേടകവും ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ നടന്ന വിവിധ നിരീക്ഷണങ്ങളും ഈ ധാരണ തിരുത്തിക്കുറിക്കുകയുണ്ടായി.
അയോവിന്റെ ചിലഭാഗങ്ങളില്‍ അഗ്നിപര്‍വതങ്ങള്‍ പൊതു നിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഇവയുടെ വായ്മുഖ (Caldera) ത്തിന് ഉദ്ദേശം 200 കിലോമീറ്റര്‍ വരെ വിസ്തൃതിയുണ്ട്. ശക്തിയേറിയ മാഗ്മാ ബഹിര്‍ഗമനത്തിന്റെ ഫലമായി അഗ്നിപര്‍വതങ്ങളുടെ മുകള്‍ഭാഗം തകര്‍ന്നടിഞ്ഞാണ് ഇത്തരം വിസ്തൃതിയേറിയ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. അഗ്നിപര്‍വതനം ഈ ഉപഗ്രഹത്തിന്റെ പ്രതലത്തില്‍ പ്രതിവര്‍ഷം ഒരു സെന്റിമീറ്റര്‍ എന്ന നിരക്കില്‍ വിവിധയിനം പദാര്‍ഥങ്ങളെ നിക്ഷേപിക്കുന്നതിനാല്‍ പ്രതലത്തില്‍ ഒരിടത്തും ഉല്‍ക്കാവര്‍ഷ ഗര്‍ത്തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താനായിട്ടില്ല. കണ്ടെത്തിയ 500 അഗ്നിപര്‍വതങ്ങളില്‍ 100 എണ്ണം ഇപ്പോഴും സജീവമാണ്. ഗലീലിയന്‍ ഓര്‍ബിറ്റര്‍ നടത്തിയ പഠനങ്ങള്‍ ഇവയെ സംബന്ധിക്കുന്ന നിരവധി വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ഭൌമോപരിതലത്തില്‍ കാണപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമായാണ് അയോവിലെ അഗ്നിപര്‍വതങ്ങള്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അവയ്ക്ക് ഉയരവും താരതമ്യേന കുറവാണ്. നോ: ഉപഗ്രഹങ്ങള്‍, വ്യാഴം