This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയിരൂര്‍ രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയിരൂര്‍ രാജവംശം

കൊടുങ്ങല്ലൂരിനു വടക്കും ചേറ്റുവായ്ക്കു തെക്കുമായി സ്ഥിതിചെയ്തിരുന്ന അയിരൂര്‍ ഭരിച്ചിരുന്ന രാജവംശം. അവിടത്തെ രാജവംശത്തിന് വെള്ളാങ്ങല്ലൂര്‍ സ്വരൂപമെന്നും പേരുണ്ട്. ചേരമാന്‍പെരുമാളില്‍ നിന്നാണ് ഈ ചെറു നാട്ടു രാജ്യങ്ങളും അവര്‍ക്കു കിട്ടിയത് എന്നു പറയപ്പെടുന്നു. ശാര്‍ക്കരകോവിലകം, പാപ്പിനിവട്ടം (പാപ്പിനിമറ്റം) എന്നീ പേരുകളും ഇതിനുണ്ടായിരുന്നു. യൂറോപ്യന്മാര്‍ 'പാപ്പിനീട്ടി' എന്നു വിളിച്ചുവന്നു.

അയിരൂര്‍ രാജാക്കന്മാര്‍ കൊടുങ്ങല്ലൂരിന്റെ ഒരു താവഴിക്കാരാണ്. ആദ്യം അവര്‍ കൊച്ചിക്കു വിധേയരായിരുന്നു. പിന്നീട് സാമൂതിരിയുടെ കീഴിലായി. അയിരൂര്‍ ഡച്ചുകാരുടെ അധീനതയിലുള്ള ഒരു ചെറിയ നാടാണെന്നും അതിന്റെ ഭരണാധികാരി അധികാരമൊന്നുമില്ലാത്ത ഒരഗതിയാണെന്നും ഗൊളനെസ്സി എന്ന ഡച്ചുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1717-ല്‍ സാമൂതിരിയില്‍ നിന്നു ഡച്ചുകാര്‍ അയിരൂര്‍ കൈവശപ്പെടുത്തി. അയിരൂര്‍ രാജ്യത്തിന്റെ തലസ്ഥാനം വെള്ളാങ്ങല്ലൂര്‍ (ഇരിങ്ങാലക്കുടയ്ക്കു സമീപം) ആയിരുന്നു. ഈ രാജവംശം അതിപുരാതനവും കേരളത്തിലെ രാജവംശങ്ങളുടെ കൂട്ടത്തില്‍ ആഭിജാത്യം ഏറിയതുമാണെന്നു ഡച്ചുഗവര്‍ണര്‍ മോയന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. 18-ാം ശ.-ത്തില്‍ രണ്ടു സഹോദരന്മാരും ഒരു സഹോദരിയും മാത്രമേ ഈ വംശത്തില്‍ ഉണ്ടായിരുന്നുള്ളു. അഭിപ്രായഭേദം നിമിത്തം വസ്തുവകകളും രാജ്യവും അവര്‍ മൂന്നായി വിഭജിച്ചു. മൂത്തയാള്‍ വെള്ളാങ്ങല്ലൂരും, അനുജനും സഹോദരിയും കൊച്ചിരാജ്യത്തിനു വടക്ക് പുഴയുടെ മറുകരയിലും താമസമാക്കി. അനുജന്‍ ഒരു സാധാരണക്കാരനെപ്പോലെയും ജ്യേഷ്ഠന്‍ രാജകീയപ്രൌഢിയോടുകൂടിയും ജീവിതം നയിച്ചു. സാമൂതിരികോവിലകവുമായി അടുത്ത ബന്ധമുള്ള ഒരു കൊടുങ്ങല്ലൂര്‍ രാജാവ് മുന്‍പറഞ്ഞ അയിരൂര്‍ സ്വരൂപത്തിലെ അനുജന് തന്റെ രാജ്യവും വസ്തുക്കളും മരണപത്രം വഴി നല്കി. അതോടുകൂടി അനുജന്‍ അവിടെ ചെന്ന് ഒരു കോവിലകം ഉണ്ടാക്കിപ്പാര്‍ത്തു. സാമൂതിരി ആ രാജകുമാരന് രാജപദവിയും കോവിലകത്തുനിന്നു വിവാഹം കഴിക്കാനുള്ള അവകാശവും നല്കി. അങ്ങനെ സാമൂതിരിമാരുടെ പൈതൃകം ഇവര്‍ക്കും കിട്ടി. മൂത്തസഹോദരന്റെ അവകാശങ്ങള്‍ സഹോദരിയുടെ സന്താനങ്ങള്‍ക്കായി വിഭജിച്ചുകൊടുത്തു. അവരില്‍ മൂത്തയാള്‍ വെള്ളാങ്ങല്ലൂരും മറ്റേയാള്‍ പാപ്പിനിവട്ടത്തെ മറ്റു വസ്തുക്കളിലും അവകാശം സമ്പാദിച്ചു. രണ്ടാമന്‍ 'കര്‍ത്തമന' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവരെല്ലാം അയിരൂര്‍ രാജാക്കന്മാര്‍ തന്നെ. അയിരൂര്‍ രാജ്യത്തിലെ നാലില്‍ ഒന്ന് കര്‍ത്തമനരാജാവിനും നേര്‍പകുതി കൊടുങ്ങല്ലൂര്‍ രാജാവിനും സ്വന്തം വസ്തുവകകള്‍ക്കു പുറമേ കിട്ടിയെന്നു ഗവര്‍ണര്‍ മോയന്‍സ് രേഖപ്പെടുത്തിയിരിക്കുന്നു.

1710-ലും 1717-ലും സാമൂതിരിയും ഡച്ചുകാരും തമ്മിലുണ്ടായ സന്ധികള്‍ക്കുശേഷം ഈ ദേശങ്ങളും അവയുടെ അധിപന്മാരും ഡച്ചുകമ്പനിയുടെ നിയന്ത്രണത്തിലായി.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കു വിധേയമായ കേരളത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അയിരൂര്‍. ടിപ്പു സുല്‍ത്താന്‍ കൈവശപ്പെടുത്തിയിരുന്ന കൊടുങ്ങല്ലൂര്‍, അയിരൂര്‍, ചേറ്റുവാ എന്നിവ തന്റേതാണെന്നു 1792-ല്‍ കൊച്ചി രാജാവ് ഒരു അവകാശവാദം പുറപ്പെടുവിച്ചു. ബോംബെ ഗവര്‍ണര്‍ നിയോഗിച്ച കമ്മീഷണര്‍മാര്‍ അതിനെ നിരസിക്കയാണു ചെയ്തത്.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍