This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയക്കൂറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയക്കൂറ
Seer fish
സ്കോംബെറോമോറിഡേ (Scomberomoridae) മത്സ്യകുടുംബത്തില്‍പ്പെടുന്ന സമുദ്രജലമത്സ്യം. ശാ.നാ.: സ്കോംബെറോമോറസ് കൊമെഴ്സന്‍ (Scomberomorus commercen), ഇന്ത്യ, ശ്രീലങ്ക, മ്യാന്മര്‍, മലയ, ആസ്റ്റ്രേലിയ, ഫിലിപ്പീന്‍സ്, ഫോര്‍മോസ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കടുത്തുള്ള സമുദ്രങ്ങളിലാണ് അയക്കൂറ ധാരാളമായുള്ളത്.
സാധാരണമായി 150-200 സെ.മീ. നീളത്തില്‍ വളരുന്ന അയക്കൂറയ്ക്ക് 20-25 കി.ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. അയക്കൂറയുടെ മുതുകുഭാഗത്തിന് കറുപ്പുകലര്‍ന്ന നീലനിറവും ഉദരഭാഗത്തിന് വെള്ളിയുടെ നിറവുമാണ്. പാര്‍ശ്വഭാഗങ്ങളില്‍ വീതികുറഞ്ഞ ചാരനിറം കലര്‍ന്ന കറുത്ത വരകളുണ്ട്. കുറുകെയുള്ള ഇത്തരം വരകളധികവും പാര്‍ശ്വരേഖയ്ക്കു താഴെയായിട്ടാണ് കാണുന്നത്. അയക്കൂറയ്ക്ക് മേല്‍ത്താടിയിലും കീഴ്ത്താടിയിലും ബലമുള്ള കൂര്‍ത്ത പല്ലുകളുണ്ട്; കീഴ്ത്താടിയില്‍ 10-15 ഉം മേല്‍ത്താടിയില്‍ 11-26 ഉം. കീഴ്ത്താടിയിലെ പിന്‍ഭാഗത്തുള്ള പല്ലുകള്‍ വളരെച്ചെറുതാണ്.
അയക്കൂറയുടെ ഒന്നാം പൃഷ്ഠപത്ര (dorsal fin) ത്തിലെ മുള്ളുകളുടെ അഗ്രം അല്പം കൂര്‍ത്തതും മുള്ളുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന നേരിയ പാടയില്‍നിന്ന് കവിഞ്ഞു സ്ഥിതിചെയ്യുന്നതുമാണ്. രണ്ടാം പൃഷ്ഠപത്രത്തിന്റെ ഉയരം പിന്നിലേക്കു പോകുംതോറും ക്രമേണ കുറഞ്ഞുവരുന്നു. പ്രാച്യപത്രങ്ങള്‍ (ventral fin) വലുപ്പം കുറഞ്ഞതാണ്. അംസപത്രങ്ങളുടെ (pectoral fins) അഗ്രം കൂര്‍ത്തിരിക്കും. പുച്ഛപത്രം (caudal fin) രണ്ടായി പിരിഞ്ഞിരിക്കുന്നു. പാര്‍ശ്വരേഖ (lateral fin) തുടക്കം മുതല്‍ ഏതാണ്ട് രണ്ടാമത്തെ പൃഷ്ഠപത്രം വരെ ശരീരത്തിന്റെ പകുതിക്കു മുകളിലായും ക്രമേണ കീഴോട്ടു വളഞ്ഞു തിരശ്ചീനമായും പോവുന്നു.
അയക്കൂറ വളരെ സ്വാദിഷ്ഠമായതിനാല്‍ ഭക്ഷ്യമത്സ്യങ്ങളില്‍ ഒരു പ്രധാനസ്ഥാനമാണ് ഇവയ്ക്കുള്ളത്.