This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലംചുറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്പലംചുറ്റി

House Swift


അപ്പോഡിഡെ (Apodidae) പക്ഷികുടുംബത്തില്‍പ്പെടുന്ന പനങ്കൂളന്‍ പക്ഷികളോടു സാദൃശ്യമുള്ള ശരപ്പക്ഷി. ശ.നാ. അപ്പസ് എഫിനിസ് എഫിനിസ് (Apus affinis affinis) പനങ്കൂളനെക്കാള്‍ വളരെ ഇരുണ്ടതും, തടിച്ച ശരീരമുള്ളതുമാണ് അമ്പലം ചുറ്റികള്‍.

അമ്പലങ്ങളുള്ള പ്രദേശങ്ങളിലെല്ലാം ഇവയെ കാണാം. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, മധുര, ചിദംബരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭക്തജനങ്ങളെപ്പോലെ തന്നെ ഈ പക്ഷികളും കൂട്ടം ചേര്‍ന്ന് പ്രദക്ഷിണം വയ്ക്കുന്നതു കാണാം. ഇവ ഇടയ്ക്കിടെ ച്ച്വി-ച്ച്വീ-ച്ച്വി-ച്ച്വീ എന്നൊരു ശബ്ദവും പുറപ്പെടുവിയ്ക്കും. പുരാതന കെട്ടിടങ്ങളുടെ ഗോപുരങ്ങളും ഇരുണ്ട് ഇടുങ്ങിയ പടിപ്പുരകളും മറ്റും ഇവ കൂടുകെട്ടാനും വിശ്രമിക്കാനും ഉപയോഗപ്പെടുത്തുന്നു. കേരളത്തിലെ മിക്ക പാലങ്ങളുടെയും അണക്കെട്ടുകളുടെയും അടിവശത്ത് 50-100 പക്ഷികളടങ്ങുന്ന കൂട്ടങ്ങളായി കൂടുകെട്ടി പാര്‍ക്കുന്നു.

അമ്പലംചുറ്റി പക്ഷികള്‍ക്ക് നല്ല കറുപ്പു നിറമാണ്. ശ്രോണിയില്‍ വീതിയുള്ള വെള്ളപ്പട്ടയുണ്ട്. താടിയും തൊണ്ടയും വെള്ളനിറമാണ്, ചിലയവസരങ്ങളില്‍ മാത്രമേ ഈ വെള്ളനിറം തെളിഞ്ഞു കാണാറുള്ളു. വാല്‍ കുറുകിയതായിരിക്കും. മലകളിലുള്ള ഗുഹകളിലും പാറയിടുക്കുകളിലും പോലും കൂടുകെട്ടി ജീവിക്കുന്ന അമ്പലംചുറ്റികള്‍ തൂവലും വയ്ക്കോലും ചപ്പുചവറുമൊക്കെ ഉമിനീരുകൊണ്ട് ഒട്ടിച്ചുണ്ടാക്കി തീരെ വടിവില്ലാത്ത അര്‍ധഗോളാകൃതിയിലുള്ള നിരവധി കൂടുകള്‍ അടുത്തടുത്തായി ഉണ്ടാക്കുന്നു. കൂടിനുള്ളില്‍ വൃത്തിയില്‍ തൂവല്‍ മെത്തയുണ്ടാക്കി അതിലാണ് ഇവ മുട്ടയിടുന്നത്. ഫെ. മുതല്‍ സെപ്. വരെയാണ് ഇവയുടെ പ്രജനന കാലം. ഓരോ പിടയും 2-4 മുട്ടകളിടും. ഒരു വര്‍ഷത്തില്‍ തന്നെ രണ്ടു തവണ മുട്ടയിടും. മുട്ടകള്‍ക്ക് തൂവെള്ള നിറമാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ ആണ്‍പെണ്‍ പക്ഷികളൊരുമിച്ച് സംരക്ഷിക്കുന്നു.

അന്‍പതിലധികമുള്ള സമൂഹങ്ങളായോ വന്‍ പറ്റങ്ങളായോ ആണ് അമ്പലംചുറ്റികള്‍ ജീവിക്കുന്നത്. പകല്‍ സമയം മുഴുവന്‍ ആകാശത്തില്‍ പറക്കുന്ന പ്രാണികളെ പിടിച്ചു ഭക്ഷിക്കുന്നു. ഇവ പലപ്പോഴും രാത്രിയിലും ആകാശത്തില്‍ തന്നെ കഴിച്ചുകൂട്ടാറുണ്ട്. പക്ഷിക്കുഞ്ഞുങ്ങള്‍ മുതിര്‍ന്നാല്‍ സദാ കൂടിന്റെ പുറത്തേക്കു തലയിട്ട് ഭക്ഷണം കാത്തിരിക്കുന്നു. എത്ര ഭക്ഷിച്ചാലും മതിവരാത്ത കുഞ്ഞുങ്ങളെ തീറ്റുന്നതിനായും സ്വന്തം ഭക്ഷണത്തിനായും ആയിരക്കണക്കിനു പ്രാണികളെ അമ്പലംചുറ്റികള്‍ കൊന്നൊടുക്കുന്നു. അതിനാല്‍ ഇവ മനുഷ്യന് ചെയ്യുന്ന ഉപകാരം വര്‍ണനാതീതമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍