This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്‍സെരിഫോര്‍മിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്‍സെരിഫോര്‍മിസ്
Anseriformes
ജലപക്ഷികളുടെ ഗോത്രം. താറാവ്, വാത്ത, അരയന്നം എന്നിവ ഇതില്‍പ്പെടുന്നു. ഈ ഗോത്രത്തില്‍ 45 ജീനസ്സുകളും 150-ഓളം സ്പീഷീസുമുണ്ട്. പരന്നുപതുങ്ങിയ കൊക്ക് വെള്ളത്തില്‍നിന്നും ആഹാരം സമ്പാദിക്കുവാന്‍ ഉതകത്തക്കവിധം സംവിധാനം ചെയ്തിരിക്കുന്നു. മേല്‍-കീഴ്ഹനു(ഷമം)ക്കളില്‍ കാണുന്ന പടലിക (lamelia) ഇരയെ അരിച്ചുപിടിക്കുവാന് സഹായിക്കുന്നു. പാദാംഗുഷ്ഠം (hallux) ചെറുതും നീണ്ട പാദാംഗുലികള്‍ (toes) ജാലയുക്ത(webbed)ങ്ങളുമാണ്. ശരീര ചര്‍മത്തിന്റെ അകവശം ഗ്യാസിലം (pneumatic) ആണ്. ചിലപ്പോള്‍ ചെറിയ വാതകക്കുമിളകളും ചര്‍മത്തില്‍ കണ്ടുവരുന്നു.
അന്‍സെരിഫോര്‍മിസ് ഗോത്രത്തെ രണ്ട് കുടുംബങ്ങളായി തിരിച്ചിരിക്കുന്നു: അനിമിഡേയും (Anhimidae) അനാറ്റിഡേയും (Anatida). തെ. അമേരിക്കയില്‍ കണ്ടുവരുന്ന ശബ്ദമുണ്ടാക്കുന്ന ജലപക്ഷികള്‍-സ്ക്രീമേഴ്സ് (Screamers)അനിമിഡേയില് പെടുന്നു. ശരീരഘടനയില്‍ സാദൃശ്യം പുലര്‍ത്തുന്നുണ്ടെങ്കിലും ഇവ ആകാരത്തില്‍ താറാവ്, വാത്ത എന്നിവയില്‍നിന്നും വ്യത്യസ്തമാണ്.
അനാറ്റിഡേ കുടുംബത്തില്‍ അംഗസംഖ്യയിലും വിതരണത്തിലും മുന്നിട്ടുനില്‍ക്കുന്നത് താറാവുകളാണ്. ഈ കുടുംബത്തിലെ മറ്റു പ്രധാന ജീവികള്‍ വാത്ത (Geese), അരയന്നം (Swan) എന്നിവയാണ്. നീണ്ട കഴുത്തും നീണ്ടു പരന്ന കൊക്കും ഇവയുടെ പ്രത്യേകതകളാണ്. കൊക്കിനെ പൊതിഞ്ഞ് ഒരു നേര്‍ത്ത ചര്‍മം കാണപ്പെടുന്നു. പാദാംഗുലികള്‍ ജാലയുക്തങ്ങള്തന്നെ. ചിറകിലുള്ള ക്വില്‍ തൂവലുകള്‍ (quill feathers) ഇടയ്ക്കിടെ പൊഴിഞ്ഞുപോകുന്നതിനാല്‍ പറക്കാന്‍ കഴിയാത്ത ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. നോ: അരയന്നം, താറാവ്