This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാക്സിമാണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനാക്സിമാണ്ടര്‍

Anaximander (B.C .610 546)


പ്രപഞ്ചവിജ്ഞാനീയത്തിന്റെ പിതാവെന്നും ജ്യോതിശ്ശാസ്ത്രത്തിന്റെ സ്ഥാപകനെന്നും വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന യവന ജ്യോതിശ്ശാസ്ത്രജ്ഞന്‍.പൗരാണിക ജ്യോതിശ്ശാസ്ത്രവിശ്വാസപ്രമാണങ്ങളെ യുക്തി ഭദ്രമായും ലഭ്യമായ ശാസ്ത്രീയ വിശകലന രീതിയിലൂടെയും ചോദ്യം ചെയ്ത അനാക്സിമാണ്ടര്‍ ഒരു ദാര്‍ശനികന്‍ എന്ന നിലയിലും ആദ്യത്തെ യഥാര്‍ഥ ശാസ്ത്രകാരന്‍ എന്ന നിലയിലുമാണ് ജ്യോതിശ്ശാസ്ത്രലോകത്ത് പരക്കെ അറിയപ്പെടുന്നത്. ബി.സി. 4-ാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബൈസാന്തിയന്‍ യുക്തിവാദി തെമിസ്ത്യുസ്, അനാക്സിമാണ്ടറെ 'പ്രകൃതിയെപ്പറ്റി ആദ്യമായി ഒരു ആധാരം എഴുതിയ ഗ്രീക്കുകാരന്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. പോളിക്രാറ്റിസിന്റെ കൊട്ടാരത്തിലെ അംഗംകൂടിയായിരുന്ന ഈ ദാര്‍ശനികന്റെ ജീവിതത്തെക്കുറിച്ച് പക്ഷേ പരിമിതമായ അറിവ് മാത്രമേ ലഭ്യമായിട്ടുള്ളു. പ്രാക്സിയാഡെസിന്റെ (Praxiades) പുത്രനായി ബി. സി. 610-ല്‍ ഏഷ്യാ മൈനറിലെ മിലിറ്റസിലാണ് അനാക്സിമാണ്ടര്‍ ജനിച്ചത് എന്നാണ് കരുതപ്പെടുന്നത്. മിലിസിയന്‍ പ്രസ്ഥാനത്തില്‍പ്പെടുന്ന ഇദ്ദേഹം തന്റെ ഗുരുവായി കണ്ടെത്തിയത് ദാര്‍ശനികനായ ഥെയില്‍സിനെയായിരുന്നു. ഥെയില്‍സിനുശേഷം മിലിസിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയ അനാക്സിമാണ്ടര്‍ വളരെപ്പെട്ടെന്നുതന്നെ യവന ദാര്‍ശനികലോകത്ത് ശ്രദ്ധേയനായിമാറി. അനാക്സിമെനസും, പൈതഗോറസും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്. ഭൂമിശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, പ്രപഞ്ചവിജ്ഞാനീയം എന്നീ ശാസ്ത്രശാഖകളില്‍ അനാക്സിമാണ്ടര്‍ പുസ്തകങ്ങള്‍ എഴുതി. അക്കാലത്ത് ലഭ്യമായ അറിവുകളുടെ വെളിച്ചത്തില്‍ ആദ്യമായി ഭൂപടം തയ്യാറാക്കിയതും ഇദ്ദേഹമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഒരു പ്രാചീന ഘടികാരം നിര്‍മിച്ച ഇദ്ദേഹം ഭൂമിക്കു വൃത്തസ്തംഭാകൃതിയാണെന്നും ഭൂമി സഞ്ചരിക്കുന്നത് വക്രപഥത്തിലാണെന്നും അഭിപ്രായപ്പെട്ടു. അയനാന്തങ്ങളും ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന കാലവും നിര്‍ണയിക്കാനുള്ള ഘടികാരസൂചിയും ഇദ്ദേഹം നിര്‍മിക്കുകയുണ്ടായി.

ശാസ്ത്രത്തിന്റെ ആദ്യകാല വക്താക്കളില്‍ ഒരാളായിരുന്ന അനാക്സിമാണ്ടര്‍ പ്രപഞ്ചത്തിലെ നിരവധി പ്രതിഭാസങ്ങളെ നിരീക്ഷിക്കാനും വിശകലനം ചെയ്യുവാനും ശ്രമിക്കുകയുണ്ടായി. പ്രപഞ്ചത്തിന്റെ ഉത്പത്തിയില്‍ അതീവ തത്പരനായിരുന്ന അനാക്സിമാണ്ടര്‍ പ്രപഞ്ചം പ്രകൃതിസവിശേഷമായ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന വിശ്വാസക്കാരനായിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ ഭൂമിയുമായി ബന്ധപ്പെടുത്തി (ഖഗോള വസ്തുക്കളുടെ) ബലതന്ത്രത്തെ വിശദീകരിക്കാന്‍ ശ്രമിച്ചതാണ് ഇദ്ദേഹത്തിന്റെ ഈ മേഖലയിലെ മറ്റൊരു സംഭാവന.

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള അനാക്സിമാണ്ടറുടെ അഭിപ്രായത്തെ ഇങ്ങനെ ക്രോഡീകരിക്കാം: 'അഗോചരവും അപരിചിതവുമായ ആദ്യമൂലകത്തില്‍ നിന്നു ചൂട്, തണുപ്പ് എന്നീ വൈരുധ്യങ്ങളുടെ വേര്‍പെടല്‍ എന്ന പ്രക്രിയയിലൂടെയാണ് പ്രപഞ്ചമെന്ന ബാഹ്യാനുഭവമുണ്ടായത്. വൈരുധ്യങ്ങളുടെ സംഘട്ടനം തന്നെയാണ് ഈ വേര്‍പെടല്‍'. ഈ പ്രക്രിയയാണ് അനാക്സിമാണ്ടറുടെ പ്രപഞ്ചസിദ്ധാന്തത്തിന്റെ കാതലായി കണക്കാക്കുന്നത്. ചൂടും തണുപ്പും അനന്തതയില്‍ നിന്നു വേര്‍പിരിഞ്ഞുനിന്നു. തണുപ്പ് ഉള്ളിലൊതുക്കിക്കൊണ്ടുള്ള തീഗോളമുണ്ടായി. അതിന്റെ കേന്ദ്രം ഉറച്ചു ഭൂമിയായി. ഈ പ്രക്രിയ തുടര്‍ന്നുപോയി. തത്ഫലമായി പ്രപഞ്ചം രൂപപ്പെട്ടു. ഭൂമി, വായു, അഗ്നി, ജലം എന്നീ ഭൂതങ്ങള്‍ വീണ്ടും സംയോജിക്കുകയും സംഘട്ടനത്തിലൂടെ വേര്‍പെടുകയും ചെയ്യുമ്പോള്‍ പ്രപഞ്ചത്തിലെ വിവിധ ലോകങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിന് ഒരു ഉദ്ഭവമുള്ളതിനാല്‍ അന്ത്യവുമുണ്ടായിരിക്കുമെന്നും അവസാനം പ്രപഞ്ചം ആദ്യമൂലകത്തിലേക്കുതന്നെ തിരിച്ചെത്തുമെന്നും അനാക്സിമാണ്ടര്‍ വിശ്വസിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍