This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്താലിദ് വംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അത്താലിദ് വംശം

Attalid Dynasty

ബി.സി. മൂന്നും രണ്ടും ശ.-ങ്ങളില്‍ മൈസിയായിലെ ഗ്രീക് നഗരമായ പെര്‍ഗമം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം. പെര്‍ഗമം അക്കാലത്ത് ഗ്രീക് സംസ്കാരത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഫിലറേറ്റസ് (ബി.സി. 343-263) ആയിരുന്നു ഈ വംശസ്ഥാപകന്‍. അദ്ദേഹം ബി.സി. 302 വരെ ആന്റിഗോണസ്സി (382-301) നുവേണ്ടി ഫ്രിജിയയില്‍ സേവനം ചെയ്തു. തുടര്‍ന്ന് സേവനം ലിസി മാക്കസിന്റെ (355-281) കീഴിലായി. ഈ കാലഘട്ടത്തില്‍ പെര്‍ഗമവും വമ്പിച്ച സ്വത്തും ഫിലറേറ്റസിനധീനമായി. 282-ല്‍ ഇദ്ദേഹം സെല്യൂക്കസ് I-ന്റെ ഭാഗം ചേര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ ആധിപത്യം ഉറപ്പിച്ചു. അങ്ങനെ ഫിലറേറ്റസ് പെര്‍ഗമവും സമീപപ്രദേശങ്ങളും സെല്യൂസിദ് രാജാക്കന്മാരുടെ ആശീര്‍വാദത്തോടെ ഭരിക്കാന്‍ തുടങ്ങി.


ബി.സി. 280-ല്‍ സെല്യൂക്കസ് I നിര്യാതനായതോടെ ഫിലറേറ്റസ് സാമ്രാജ്യവിസ്തൃതി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. ഫിലറേറ്റസിന്റെ പിന്‍ഗാമിയായ യൂമെനസ് I-ാമനായിരുന്നു അടുത്ത അത്താലിദ് രാജാവ്. ബി.സി. 263-ല്‍ മാതുലനായിരുന്ന ഫിലറേറ്റസിനെ തുടര്‍ന്ന് യൂമെനസ് പെര്‍ഗമം രാജാവായി. സാര്‍ഡിസിനടുത്തുവച്ച് അന്റിയോക്കസ് സോട്ടറെ (324-262) തോല്പിച്ചതാണ് അദ്ദേഹത്തിന്റെ ഏക നേട്ടം. തത്ഫലമായി തലസ്ഥാനത്തിനു ചുറ്റുമുള്ള ചില സ്ഥലങ്ങള്‍കൂടി അദ്ദേഹത്തിനു ലഭിച്ചു. അടുത്ത അത്താലിദ് രാജാവ് അത്താലസ് I-ാമന്‍ (ബി.സി. 269-197) ആയിരുന്നു. അദ്ദേഹം മാതുലനായ യൂമെനസ് I-ാമനു ശേഷം ബി.സി. 235-ല്‍ പെര്‍ഗമം രാജാവായി. ഏഷ്യാമൈനറിന്റെ മധ്യഭാഗത്ത് കുടിയേറിപ്പാര്‍ത്തിരുന്ന ഗലേഷ്യന്‍മാരെ അദ്ദേഹം തോല്‍പ്പിച്ചു. ഈ വിജയത്തിന്റെ സ്മാരകമായി രാജാവെന്ന പദവി അദ്ദേഹം സ്വീകരിച്ചു. മൂന്നു യുദ്ധങ്ങള്‍ മൂലം അന്റിയോക്കസ് ഹൈറാക്ളിസിനെ (ബി.സി. 263-226) അത്താലസ് തോല്പിച്ചു. ഏഷ്യാമൈനറിലെ സെല്യൂസിദ് സാമ്രാജ്യത്തിന്റെ സിംഹഭാഗവും പെര്‍ഗമത്തോടു കൂട്ടിച്ചേര്‍ത്തു. 197 വരെ അദ്ദേഹം രാജ്യം ഭരിച്ചു.


അത്താലസ് I-ന്റെ പുത്രനായ യൂമെനസ് II-ാമന്‍ ബി.സി. 197-ല്‍ അത്താലിദ് രാജാവായി. റോമാക്കാര്‍ സിറിയയിലെ അന്റിയോക്കസിനെ മഗ്നീഷ്യായുദ്ധത്തില്‍ (190) തോല്പിച്ചു. ഇത് യൂമെനസിന്റെ സഹായത്തോടെയായിരുന്നു. അദ്ദേഹം പെര്‍ഗമം നഗരത്തെ മനോഹരമാക്കുന്നതില്‍ മുന്‍കൈയെടുത്തു. കലാകാരന്മാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പെര്‍ഗമത്തിലെ 'വിമര്‍ശനസാഹിത്യപിതാവായ' മാലസി ലെക്രേറ്റ്സ് അവരിലൊരാളായിരുന്നു. യൂമെനസ് സ്ഥാപിച്ച ഗ്രന്ഥശാലയാണ് അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം.


അത്താലസ് I-ന്റെ രണ്ടാമത്തെ പുത്രനായിരുന്നു അത്താലസ് II-ാമന്‍ (220-138). ബി.സി. 160 മുതല്‍ 138 വരെ അദ്ദേഹം അത്താലിദ് സാമ്രാജ്യം ഭരിച്ചു. ഗലേഷ്യ (189), ഗ്രീസ് (171) എന്നീ ആക്രമണങ്ങളില്‍ അദ്ദേഹം പെര്‍ഗമം സൈന്യത്തെ നയിച്ചു. അദ്ദേഹവും റോമാക്കാരുമായി സൌഹാര്‍ദത്തിലായിരുന്നു വര്‍ത്തിച്ചത്. അത്താലിദ് വംശത്തിലെ അവസാനത്തെ രാജാവായ അത്താലസ് III-ാമന്‍ യൂമെനസ് II-ാമന്റെ പുത്രനായിരുന്നു. ബി.സി. 138 മുതല്‍ 133 വരെ അദ്ദേഹം അത്താലിദ് സാമ്രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് (133) അത്താലിദ് രാജ്യം റോമാസാമ്രാജ്യത്തില്‍ ലയിച്ചു; അതോടൊപ്പം അത്താലിദ് വംശവും അവസാനിച്ചു. നോ: അന്റിയോക്കസ്, അത്താലസ്, ആന്റിഗോണസ്, പെര്‍ഗമം, യൂമെനസ് ക, യൂമെനസ് കക, സെല്യൂസിദ് വംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍