This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിവര്‍ണന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗ്നിവര്‍ണന്‍
കാളിദാസന്റെ രഘുവംശത്തില്‍ ഉപവര്‍ണിതനായിട്ടുള്ള ഒരു രാജാവ്. പിതാവായ സുദര്‍ശനില്‍നിന്നു ലഭിച്ച രാജ്യം ഇദ്ദേഹം കുറെനാള്‍ മുറപോലെ ഭരിച്ചു. ക്രമേണ വിഷയസുഖങ്ങളില്‍ മാത്രം ദത്തശ്രദ്ധനായി. ഇത്രത്തോളം സ്ത്രീജിതനായ ഒരു രാജാവ് സൂര്യവംശത്തില്‍ ജനിച്ചിട്ടില്ല. രാജ്യകാര്യങ്ങളെല്ലാം മന്ത്രിമാരെ ഏല്പിച്ചിട്ട് ഇദ്ദേഹം മദിരയിലും മദിരാക്ഷിയിലും മുഴുകി. പ്രജകളെ അവഗണിക്കുകയും ഉപദേഷ്ടാക്കളെ പുച്ഛിക്കുകയും ചെയ്തു. കളത്രങ്ങളും വെപ്പാട്ടികളുമായി ക്രീഡിച്ച് രാവും പകലും ചെലവഴിച്ചു. അവരില്‍ നിന്നും വിട്ടുപോരാനുള്ള വൈമുഖ്യംകൊണ്ട് ദര്‍ശനപ്രാര്‍ഥികളായ പ്രജകള്‍ക്കും അമാത്യന്‍മാര്‍ക്കും ജനാലപ്പഴുതിലൂടെ കാലടികള്‍ മാത്രം കാട്ടിക്കൊടുക്കാനേ ഇദ്ദേഹം കനിഞ്ഞുളളൂ. ലൌകിക സുഖാനുഭവങ്ങള്‍ ഇദ്ദേഹത്തെ അത്രയ്ക്കു നിയന്ത്രിച്ചിരുന്നു. കടിഞ്ഞാണില്ലാത്ത ഈ ജീവിതം നിമിത്തം യൌവനമധ്യത്തില്‍ അഗ്നിവര്‍ണന്‍ ക്ഷയരോഗഗ്രസ്തനായി. ഒട്ടേറെ ഭാര്യമാരുണ്ടായിരുന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ ഇദ്ദേഹം അന്തരിച്ചു. മന്ത്രിമാര്‍ ഗൂഢമായി ശവസംസ്കാരകര്‍മം നടത്തി. ചികിത്സയ്ക്കെന്ന വ്യാജേന മന്ത്രിമാര്‍ അഗ്നിവര്‍ണനെ ജീവനോടെ ദഹിപ്പിക്കുകയായിരുന്നെന്നും ഒരു കഥയുണ്ട്. ഗര്‍ഭലക്ഷണം ഒത്തുകണ്ട പട്ടമഹിഷിയാണ് പിന്നീട് കുറേക്കാലം രാജപ്രതിനിധിയായി ഭരണം നടത്തിയത്. രഘുവംശം 19-ാം സര്‍ഗത്തില്‍ കാളിദാസന്‍ വര്‍ണിക്കുന്ന ഈ കഥ ഹരിവംശത്തിലും വിഷ്ണുപുരാണത്തിലും വാല്മീകിരാമായണത്തിലും, ഭാഗവതത്തിലും വിവരിച്ചിട്ടുണ്ട്. ഒരു ഭരണാധികാരി എത്രകണ്ട് അധഃപതിക്കാം എന്നതിന്റെ ഉത്തമനിദര്‍ശനമായ ഈ കഥയെ ആസ്പദമാക്കി മറ്റ് സാഹിത്യസൃഷ്ടികളും ഉണ്ടായിട്ടുണ്ട്. ഉദാ. അഗ്നിവര്‍ണന്റെ കാലുകള്‍