This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നികുലന്മാര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗ്നികുലന്മാര്
ക്ഷത്രിയവംശജരായ രജപുത്രരുടെ പൂര്വികന്മാര്. അഗ്നികുണ്ഡത്തില്‍നിന്ന് ജാതരായി എന്ന സങ്കല്പത്തില് നിന്നായിരിക്കണം ഇവര്‍ക്ക് 'അഗ്നികുലന്മാര്' എന്ന് പേരുണ്ടായത്. മധ്യകാലഘട്ടത്തില്‍ വ. പടിഞ്ഞാറെ ഇന്ത്യയില്‍ ശക്തിപ്രാപിച്ചിരുന്ന രജപുത്രരുടെ ഉദ്ഭവത്തെപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ബുദ്ധമതക്കാരുടെയും മറ്റു ഹൈന്ദവേതരരുടെയും ആക്രമണങ്ങള്‍കൊണ്ടു അസ്വസ്ഥരായിരുന്ന ബ്രാഹ്മണരെ രക്ഷിക്കാന്‍ വസിഷ്ഠമഹര്‍ഷി അഗ്നികുണ്ഡത്തില്‍നിന്ന് സൃഷ്ടിച്ചവരാണ് അഗ്നികുലന്മാര് എന്ന് ഒരു ഐതിഹ്യത്തില്‍ കാണുന്നു. വിശ്വാമിത്രമഹര്‍ഷിയാണ് ഇവരെ അഗ്നികുണ്ഡത്തില്നിന്നു ജനിപ്പിച്ചത് എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. രജപുത്താനയിലെ പുരാണപ്രസിദ്ധമായ 'അര്‍ബുദശിഖരം' (മൌണ്ട് ആബു) ആയിരുന്നു ഇവരുടെ ആസ്ഥാനമെന്നു കരുതപ്പെടുന്നു. ഇവര്‍ പരമാരന്‍മാര്‍, ചാലൂക്യന്മാര്, പരിഹാരന്‍മാര്‍, ചൌഹാന്മാര്, പ്രതിഹാരന്മാര്, സോലങ്കികള്‍, പൊന്‍വാരന്‍മാര്‍ എന്നീ രജപുത്രവംശജരുടെ പൂര്‍വികരാണെന്നും വിശ്വസിക്കപ്പെട്ടുപോരുന്നു. അഗ്നിയെ ആരാധിച്ചിരുന്ന ഇവര്‍ അഗ്നിസാക്ഷികമായി വിദേശിയരെ രജപുത്രവംശത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നുവെന്ന് കാണിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. നോ: രജപുത്രര്‍