This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെഫ്രി, എഡ്വേഡ് ചാള്‍സ് (1866 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെഫ്രി, എഡ്വേഡ് ചാള്‍സ് (1866 - 1952)

Jeffrey, Edward Charles

കനേഡിയന്‍ സസ്യശാസ്ത്രജ്ഞന്‍. 1866 മേയ് 11-ന് ഒന്റേരിയോയില്‍ ജനിച്ചു. 1888-ല്‍ ടൊറൊന്റൊ (Toronto) സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. ഓണേഴ്സ് നേടി. ഭാഷാപഠനത്തെക്കാള്‍ ജീവശാസ്ത്രത്തില്‍ കൂടുതല്‍ പ്രതിപത്തി തോന്നിയതിനാല്‍ ടൊറൊന്റൊ സര്‍വകലാശാലയില്‍ത്തന്നെ ജീവശാസ്ത്രവിഭാഗത്തില്‍ ചേര്‍ന്നു. 1889-ല്‍ ജീവശാസ്ത്രത്തില്‍ ഫെലോ ആയി ജെഫ്രിക്ക് അവിടെ നിയമനം ലഭിച്ചു. സസ്യശാസ്ത്ര പഠനത്തിന് ഇദ്ദേഹത്തിനു പ്രചോദനമായത് ചാള്‍സ് ഡാര്‍വിന്റെ ഒറിജിന്‍ ഒഫ് സ്പിഷീസ് എന്ന ഗ്രന്ഥമാണ്. താമസസ്ഥലത്തിനു ചുറ്റും വളര്‍ന്നിരുന്ന ചെടികളും അവയുടെ വളര്‍ച്ചാഘട്ടങ്ങളിലെ വിവിധ മാറ്റങ്ങളും വളരെ ശ്രദ്ധയോടെ വീക്ഷിച്ച ജെഫ്രി തന്റെ സസ്യശാസ്ത്ര ഗവേഷണങ്ങള്‍ കുറേക്കൂടി കാര്യക്ഷമമാക്കി.

ടൊറൊന്റോയില്‍ സ്ഥിരനിയമനം ലഭിച്ച (1892) ജെഫ്രി പത്തുവര്‍ഷത്തോളം സംവഹന സസ്യങ്ങളുടെ പരിണാമത്തെയും അവയുടെ പരസ്പര ബന്ധങ്ങളെയും അവയ്ക്ക് കാലാന്തരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും സംബന്ധിച്ച ഗവേഷണത്തിലേര്‍പ്പെട്ടു. ഡാര്‍വിന്റെ തത്ത്വങ്ങളെ പിന്തുടര്‍ന്നുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ വളരെ ശ്രദ്ധേയമാണ്. സസ്യങ്ങളുടെയും ഫോസിലുകളുടെയും സൂക്ഷ്മനിരീക്ഷണ പഠനങ്ങള്‍ക്ക് അതിലോലമായ സെക്ഷനുകളുണ്ടാക്കാനുള്ള പുതിയരീതി ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.

1899 മുതല്‍ 1905 വരെയുള്ള ജെഫ്രിയുടെ പ്രസിദ്ധീകരണങ്ങള്‍ ഏറെ പ്രചാരം ലഭിച്ചവയാണ്. ഇദ്ദേഹമാണ് സംവഹനസസ്യങ്ങളെ ലൈക്കോപ്സിഡ, റ്റീറോപ്സിഡ എന്നീ രണ്ടു വിഭാഗങ്ങളായി വര്‍ഗീകരിച്ചത്. ഇതിനു ലോകത്താകമാനം അംഗീകാരവും ലഭിച്ചു.

1899-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നു ജെഫ്രിക്കു ഗവേഷണബിരുദവും ലഭിച്ചു. 1933-ല്‍ സസ്യരൂപവിജ്ഞാനത്തിലേക്കു ശ്രദ്ധതിരിച്ച ഇദ്ദേഹം മരണം (1952) വരെ ഈ രംഗത്തു തുടര്‍ന്നു. ജെഫ്രിയുടെ ഇക്കാലത്തെ കോശവിജ്ഞാനപഠനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

ഫൈറ്റോമോര്‍ഫോളജിയിലെ സംവഹന സസ്യങ്ങളുടെ ജാതിവൃത്തത്തെ(phylogeny)ക്കുറിച്ചുള്ള ജെഫ്രിയുടെ ലേഖനങ്ങള്‍ പ്രസിദ്ധമാണ്. ദ അനാറ്റമി ഒഫ് വുഡ്ഡി പ്ലാന്റ്സ് (1917), കോള്‍ ആന്‍ഡ് സിവിലൈസേഷന്‍ (1925) എന്നിവയാണ് ജെഫ്രിയുടെ പ്രമുഖ കൃതികള്‍. പൂര്‍ത്തീകരിക്കപ്പെടാത്ത 'ക്രോമസോംസി'ന്റെ കൈയെഴുത്തു പ്രതി ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍