This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിനിക്കോഴി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിനിക്കോഴി
ഗാലിഫോമിസി (Galliformes) പക്ഷിഗോത്രത്തിലെ ന്യുമിഡിഡേ (Numididae) കുടുംബത്തില്‍പ്പെട്ട ഒരു ആഫ്രിക്കന്‍ പക്ഷിയിനം. ഇവയുടെ പത്തോളം സ്പീഷീസുകളുണ്ട്. വാന്‍കോഴി(Pheasant) കളോട് രൂപസാദൃശ്യമുള്ള ഈ വലിയ ഇനം പക്ഷികള്‍ ആഫ്രിക്ക, മഡഗാസ്കര്‍, കൊമോറോ ദ്വീപുകള്‍, അറേബ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പുല്‍മേടുകളിലും തുറസ്സായ വനപ്രദേശങ്ങളിലും കാണപ്പെടുന്നു.
ബി.സി. നാലാം ശ.-ത്തോടുകൂടിത്തന്നെ ഏജിയന്‍ ദ്വീപുകളില്‍ ഗിനിക്കോഴികളെ ഇണക്കി വളര്‍ത്തിയിരുന്നതായി കരുതപ്പെടുന്നു. ആഫ്രിക്കന്‍ ഗിനിക്കോഴികളിലെ സര്വസാധാരണയിനമായ ന്യൂമിഡിയ മിലിയാഗ്രിസ്(Numidia meleagris)ന്റെ പിന്‍ഗാമികളാണ് ഇവ. ന്യൂമിഡിയന് കോഴികള്‍ എന്ന് റോമില്‍ അറിയപ്പെട്ടിരുന്ന ഗിനിക്കോഴികളെ റോമാസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം യൂറോപ്പില്‍ കാണാനില്ലായിരുന്നു. 15-ഉം 16-ഉം ശ.-ങ്ങളില്‍ പോര്‍ച്ചുഗീസ് പര്യവേക്ഷകരാണ് ആഫ്രിക്കയില്‍ നിന്നും ഇവയെ യൂറോപ്പിലേക്ക് വീണ്ടും എത്തിച്ചത്. ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ വളര്‍ത്തു കോഴികളായിത്തന്നെ കാണപ്പെടുന്നുണ്ട്.
ഗിനിക്കോഴികള്‍ക്ക് ചാരനിറം കലര്‍ന്ന കറുപ്പുനിറമാണുള്ളത്; ഇടയ്ക്കിടെ വെള്ളക്കുത്തുകളും ഉണ്ട്. ഈ കുത്തുകള്‍ ചിറകുകളില്‍ വരകളായി മാറാറുണ്ട്. അക്രീലിയം വള്ച്ചറിനം (Acryllium vulturinuum) എന്ന് ശാസ്ത്രനാമമുള്ള ആഫ്രിക്കന്‍ ഗിനിക്കോഴികളുടെ കഴുത്തിന്റെ അടിഭാഗത്തിനും നെഞ്ചിനും നീലനിറമാണുള്ളത്. കഴുത്തില്‍ കറുപ്പും വെള്ളയും കലര്‍ന്ന നീണ്ട തൂവലുകളും കാണപ്പെടുന്നു. തല മിക്കപ്പോഴും തൂവലുകള്‍ ഇല്ലാതെ നഗ്നമായിരിക്കും. തലയ്ക്ക് ചുവപ്പോ മഞ്ഞയോ നീലയോ നിറവുമാണ്. ഗിനിക്കോഴിയുടെ ശരീരത്തിന് 40 മുതല്‍ 75 വരെ സെ.മീ. നീളം വയ്ക്കാറുണ്ട്.
കൂട്ടംചേര്‍ന്ന് തറയില്‍ ഇരതേടുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. ഒരു ദിവസം 30 കി.മീ.-ല്‍ അധികം ദൂരം ഇവ സംഘംചേര്‍ന്ന് ഇരതേടി നടക്കാറുണ്ട്. ഇലകള്‍, കിഴങ്ങുകള്‍, ചെറിയ കീടങ്ങള്‍, ഒച്ചുകള്‍ എന്നിവയാണ് പ്രധാന ആഹാരം. തറയില്‍ കാല്‍വിരലുകള്‍ കൊണ്ടു ചിക്കിപ്പെറുക്കിയാണ് ഇവ ഇരതേടുക. ഇവ അധികം പറക്കാറില്ല. ശത്രുക്കളില്‍ നിന്നും രക്ഷനേടാനായി ഇവ ഓടുകയാണു പതിവ്.
പുല്ക്കൂട്ടത്തിനിടയിലാണ് ഇവ കൂട് ഉണ്ടാക്കുന്നത്. മിക്കപ്പോഴും ഇടതൂര്‍ന്നു വളരുന്ന പുല്ലുകള്‍ക്കിടയില്‍ ഒരു ദ്വാരമുണ്ടാക്കി അത് കൂടായി ഉപയോഗിക്കുന്നു. ഒരു പ്രജനനഘട്ടത്തില്‍ ഏഴ് മുതല്‍ 20 വരെ മുട്ടകള്‍ ഇടും. മുട്ടയ്ക്ക് വെള്ളയോ ചുവപ്പുകലര്‍ന്ന തവിട്ടോ നിറമാണുള്ളത്. പിടക്കോഴികളാണ് അടയിരിക്കാറുള്ളത്. അടയിരിപ്പുകാലം ഒരു മാസത്തിലധികം വരെ നീളാറുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ പൂവന്‍കോഴി പലപ്പോഴും പിടയ്ക്ക് സഹായം നല്‍കാറുണ്ട്.