This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍മമീമാംസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍മമീമാംസ

കര്‍മത്തെക്കുറിച്ചുള്ള വിചാരം. ധര്‍മമീമാംസ എന്ന പേരിലും പൂര്‍വമീമാംസ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. മീമാംസ എന്ന പദം വിചാരാര്‍ഥകമാണ്‌. "മാന്‍ വധദാന്‍ ശാന്‍ഭ്യോദീര്‍ഘശ്‌ചാഭ്യാസസ്യ' (പാണിനീയംസൂത്രം 3.1.6). "മാനേര്‍ജിജ്ഞാസായാം' (വാര്‍ത്തികം) എന്ന പ്രമാണ പ്രകാരം വിചാരാര്‍ഥകമായ മാനധാതുവില്‍ നിന്നു ജിജ്ഞാസാര്‍ഥത്തിലാണ്‌ "സന്‍' പ്രത്യയം വിധിച്ചിട്ടുള്ളതെങ്കിലും ജിജ്ഞാസാശബ്‌ദം ജിജ്ഞാസാ പ്രയോജ്യമായ വിചാരത്തെയാണ്‌ കുറിക്കുന്നത്‌ എന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കയാലും, "മീമാംസാശബ്‌ദം പൂജിത വിചാരവചനമാണ്‌' (ഭാമതീജിജ്ഞാസാധികരണം) എന്നു വാചസ്‌പതി മിശ്രന്‍ സിദ്ധാന്തിച്ചിട്ടുള്ളതിനാലും "മീമാംസ'യെന്നതിന്റെ അര്‍ഥം വിചാരം എന്നു സിദ്ധിക്കുന്നു. കര്‍മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്ന്‌ വേദത്തിനു മൂന്നു വിഭാഗങ്ങള്‍ ഉണ്ട്‌. ഇവയില്‍ ആദ്യത്തേതായ ഈ ദര്‍ശനം കര്‍മകാണ്ഡത്തെക്കുറിച്ചുള്ള വിചാരമാകയാല്‍, "പൂര്‍വമീമാംസ'യെന്നും ധര്‍മവിഷയമാകയാല്‍ "ധര്‍മമീമാംസ'യെന്നും അറിയപ്പെടുന്നു. വേദപ്രതിപാദ്യമായ, സപ്രയോജനമായ അര്‍ഥമത്ര ധര്‍മം. അന്തിമമായ ജ്ഞാനകാണ്ഡത്തെക്കുറിച്ചുള്ള വിചാരം ഉത്തരമീമാംസ, ബ്രഹ്മമീമാംസ എന്നീ പേരുകളാല്‍ വ്യവഹരിക്കപ്പെടുന്നു.

ബി.സി. 500നോടടുത്തു ജീവിച്ചിരുന്ന ജൈമിനി മഹര്‍ഷി രചിച്ച മീമാംസാസൂത്രം ആണ്‌ ഈ ദര്‍ശനത്തിനു ആധാരമായ പ്രമാണം. ഈ ഗ്രന്ഥം 12 അധ്യായങ്ങളെ ഉള്‍ക്കൊള്ളുന്നതാകയാല്‍ ദ്വാദശലക്ഷണി എന്ന പേരില്‍ അറിയപ്പെടുന്നു. ഓരോ അധ്യായവും പാദങ്ങളായും അധികരണങ്ങളായും ഭാഗിക്കപ്പെട്ടിരിക്കുന്നു. ആകെ 60 പാദങ്ങളും 907 അധികരണങ്ങളും 2,745 സൂത്രങ്ങളും ആണ്‌ ഈ ഗ്രന്ഥത്തിലുള്ളത്‌.

വേദത്തിലെ കര്‍മപ്രതിപാദകങ്ങളായ ഭാഗങ്ങള്‍ പലപ്പോഴും സന്ദിഗ്‌ധങ്ങളായി വ്യഖ്യാന ഭേദങ്ങള്‍ക്കു വഴിതെളിച്ചിട്ടുണ്ട്‌. അതിനാല്‍ ആ ഭാഗങ്ങളെ ശരിയായി വ്യാഖ്യാനിച്ച്‌ കര്‍മാനുഷ്‌ഠാനത്തെ അവികലമാക്കുവാനാണ്‌ "കര്‍മമീമാംസ' എന്ന ദര്‍ശനം രൂപം കൊണ്ടത്‌. ഉപക്രമോപസംഹാരങ്ങള്‍, അഭ്യാസം, അപൂര്‍വത, ഫലം, അര്‍ഥവാദം, ഉപപത്തി എന്ന ആറു ലിംഗങ്ങളെ (ഉപാധികളെ) അവലംബിച്ച്‌, കര്‍മവാക്യങ്ങളുടെ താത്പര്യം നിര്‍ണയിച്ച്‌ വിധിവാക്യാര്‍ഥ നിര്‍ണയം ചെയ്യുകയാണ്‌ പ്രസ്‌തുത ദര്‍ശനം. അതുകൊണ്ട്‌ "വാക്യശാസ്‌ത്രം' എന്ന പേരിലും ഈ ദര്‍ശനം പ്രഖ്യാതമായി. "പദവാക്യപ്രമാണജ്ഞന്‍' എന്നതിലെ വാക്യശബ്‌ദം കര്‍മമീമാംസയെയാണ്‌ കുറിക്കുന്നത്‌. വാക്യാര്‍ഥ നിര്‍ണയത്തിനു സ്വീകരിച്ചിട്ടുള്ള യുക്തികള്‍ പില്‌ക്കാലത്ത്‌ "ന്യായങ്ങള്‍' എന്ന പേരില്‍ വ്യവഹാരവിഷയമായി. ആകൃത്യധികരണന്യായം, അസംജാതവിരോധിത്വന്യായം, നിരവകാശന്യായം, സാമാന്യവിശേഷന്യായം മുതലായ മീമാംസാന്യായങ്ങള്‍ ശാസ്‌ത്രാന്തരങ്ങളിലും അംഗീകരിക്കപ്പെട്ടവയാണ്‌.

വിഹിതം, നിഷിദ്ധം എന്നു കര്‍മം രണ്ടുവിധം. "ആകാം' എന്നോ "ചെയ്യണം' എന്നോ വിധിക്കപ്പെട്ടത്‌ വിഹിതം. സന്ധ്യാവന്ദനാഗ്‌നിഹോത്രാദികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. "അരുത്‌' എന്ന്‌ വിലക്കപ്പെട്ടത്‌ നിഷിദ്ധം. കളഞ്‌ജഭക്ഷണം, സുരാപാനം മുതലായവ നിഷിദ്ധങ്ങളാണ്‌; നിഷിദ്ധങ്ങളുടെ അനുഷ്‌ഠാനം പാപത്തിനും വിഹിതങ്ങളുടെ അനുഷ്‌ഠാനം പുണ്യത്തിനും കാരണമാണ്‌. മഹാഭാഷ്യകാരനായ പതഞ്‌ജലി "അശിഷ്ടാപ്രതിഷിദ്ധം' എന്നു മൂന്നാമതൊരു വിഭാഗവും കര്‍മത്തിനുണ്ടെന്നു പറയുന്നു. വിധിക്കോ നിഷേധത്തിനോ വിഷയമാകാത്ത കര്‍മംകോട്ടുവായിടുക, ചൊറിയുക, ചിരിക്കുക മുതലായവഅഭ്യുദയത്തിനോ ദോഷത്തിനോ കാരണമല്ല; അതാണ്‌ അശിഷ്ടാ പ്രതിഷിദ്ധം. വിഹിതനിഷിദ്ധരൂപങ്ങളായ കര്‍മങ്ങളാണ്‌ കര്‍മമീമാംസയ്‌ക്കു വിഷയം.

നിത്യം, നൈമിത്തിക-ം, കാമ്യം എന്നീ വിധത്തിലും കര്‍മങ്ങളെ തരംതിരിക്കാം. പ്രത്യേകിച്ച്‌ ഫലമില്ലാത്തതും ജീവിതകാലം മുഴുവന്‍ അനുഷ്‌ഠിക്കേണ്ടതായി നിര്‍ദിഷ്ടവുമായ കര്‍മം നിത്യം. നിത്യകര്‍മം അനുഷ്‌ഠിച്ചില്ലെങ്കില്‍ പ്രത്യവായം (പാപം) വന്നുചേരും. സന്ധ്യാവന്ദനം, വേദാധ്യയനം മുതലായവ നിത്യകര്‍മങ്ങളാണ്‌. പ്രായശ്ചിത്തകര്‍മങ്ങള്‍ നൈമിത്തികങ്ങളാണ്‌. പ്രത്യേകം നിമിത്തം ഉണ്ടാകുമ്പോള്‍ അനുഷ്‌ഠിക്കേണ്ടവയാണ്‌ അവ. സ്വര്‍ഗാദിഫലകങ്ങളായ അഗ്‌നിഹോത്രഹോമാദികളായ കര്‍മങ്ങളാണ്‌ കാമ്യങ്ങള്‍. ഇത്തരം കര്‍മങ്ങള്‍ കര്‍മമീമാംസയുടെ പരിധിയില്‍ വരുന്നവയാണ്‌.

പ്രപഞ്ചം, ജീവാത്‌മാക്കള്‍, കര്‍മാനുഷ്‌ഠാനം, പുനര്‍ജന്മം, സ്വര്‍ഗം, നരകം എന്നിവയില്‍ വിശ്വാസം പുലര്‍ത്തുന്നതാണ്‌ കര്‍മമീമാംസ. ശരീരേന്ദ്രിയാദ്യതിരിക്തനായ ജീവാത്‌മാവ്‌ നിത്യനും, കര്‍ത്താവും, ഭോക്താവും, അനേകനും ആണെന്നു മീമാംസകര്‍ സിദ്ധാന്തിക്കുന്നു. പ്രപഞ്ചത്തിന്റെ ഉത്‌പത്തി സ്ഥിതിലയങ്ങള്‍ക്കു കാരണമായി ഈശ്വരനെ അവര്‍ അംഗീകരിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം "കര്‍മം' തന്നെയാണ്‌ ഈശ്വരന്‍. ഋഗാദികളാല്‍ വേദങ്ങള്‍ പ്രമാണമാണെന്ന്‌ അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വേദങ്ങള്‍ നൈയായികന്മാര്‍ അഭിപ്രായപ്പെടുന്നതുപോലെ ഈശ്വരപ്രാക്തങ്ങളല്ല. അവ അപൗരുഷേയങ്ങളാണ്‌; നിത്യങ്ങളാണ്‌. വര്‍ണങ്ങളും പദങ്ങളും നിത്യങ്ങളാണ്‌. വര്‍ണാഭിവ്യഞ്‌ജകങ്ങളായ ഉച്ചാരണ ധ്വനികളിലുള്ള ഉത്‌പത്തി വിനാശങ്ങളെ വര്‍ണങ്ങളില്‍ ആരോപിച്ച്‌ "വര്‍ണം ഉണ്ടായി, വര്‍ണം നഷ്ടപ്പെട്ടു' എന്നെല്ലാം വ്യവഹരിക്കുന്നുവെന്നുമാത്രം.

പ്രത്യക്ഷം, അനുമാനം, ഉപമാനം, ആഗമം (ശബ്‌ദം), അര്‍ഥാപത്തി എന്നീ അഞ്ചു പ്രമാണങ്ങളെ എല്ലാ മീമാംസകന്മാരും അംഗീകരിക്കുന്നു. ഭാട്ടമീമാംസകന്മാരാകട്ടെ അഭാവജ്ഞാനത്തിനു കാരണമായി അനുപലബ്‌ധി എന്നൊരു പ്രമാണം കൂടുതലായി സ്വീകരിച്ചിട്ടുണ്ട്‌. പ്രഭാകരന്മാര്‍ അഭാവത്തെ അധികരണ സ്വരൂപമായി അംഗീകരിച്ചിരിക്കയാല്‍ പ്രത്യക്ഷാദികളായ പ്രമാണങ്ങള്‍ കൊണ്ടുതന്നെ അഭാവജ്ഞാനം സിദ്ധിക്കുമെന്നതു കൊണ്ട്‌ "അനുപലബ്‌ധി' എന്ന പ്രമാണം ആവശ്യമില്ലെന്നു വാദിക്കുന്നു. വേദം അപൗരുഷേയമാകയാല്‍, പുരുഷദോഷലേശാസ്‌പൃഷ്ടമാകയാല്‍നിര്‍ദോഷമാകയാല്‍സ്വതഃ പ്രമാണമാണെന്നതാണ്‌ മീമാംസ സിദ്ധാന്തം. സ്‌മൃതിഗ്രന്ഥങ്ങളും മഹാഭാരതാദികളും വേദമൂലകങ്ങളാകയാല്‍ പ്രമാണമാണ്‌.

കര്‍മങ്ങളെയും തത്‌ഫലങ്ങളെയും ബന്ധിപ്പിക്കുന്ന ചങ്ങലയാണ്‌ അപൂര്‍വം. ക്ഷണികങ്ങളും നശ്വരങ്ങളുമായ യാഗാദികര്‍മങ്ങള്‍ കാലാന്തരത്തിലുണ്ടാകുന്ന സ്വര്‍ഗാദിഫലങ്ങള്‍ക്ക്‌ എങ്ങനെ കാരണമാകും? കാര്യനിയതപൂര്‍വവൃത്തിയല്ലേ കാരണം? കാര്യമായ സ്വര്‍ഗാദിഫലത്തിന്റെ പൂര്‍വക്ഷണത്തില്‍ കാരണമായ യാഗാദി കര്‍മമില്ലല്ലോ?എന്ന ചോദ്യത്തിനു സമാധാനം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ്‌ "അപൂര്‍വ സങ്കല്‌പം' ജന്മമെടുത്തത്‌. കര്‍മം അപൂര്‍വത്തെ ജനിപ്പിക്കുന്നുവെന്നും ആ അപൂര്‍വം കാലാന്തരത്തില്‍ സ്വര്‍ഗാദിഫലത്തിനു കാരണമാകുന്നുവെന്നും മീമാംസകര്‍ സമര്‍ഥിക്കുന്നു. കര്‍മജന്യമായ അപൂര്‍വം ഫലോത്‌പത്തി പര്യന്തം നിലനില്‌ക്കുന്നതാണ്‌.

ജൈമിനിയുടെ മീമാംസാസൂത്രത്തിലെ അധ്യ-ായങ്ങളുടെ ഉള്ളടക്കം ഇപ്രകാരമാണ്‌: (i) വിധിമന്ത്രനാമധേയാര്‍ഥവാദങ്ങളുടെ നിരൂപണം; (ii) കര്‍മഭേദം, നിത്യകാമ്യകര്‍മങ്ങളുടെ പ്രയോഗഭേദം; (iii) വിഹിതകര്‍മങ്ങളുടെ ശേഷശേഷിഭാവം; (iv) അംഗത്വനിര്‍ണയത്തിനുള്ള ശ്രുത്യാദികളായ പ്രമാണങ്ങളുടെ ബലാബല വിചാരം; (v) കര്‍മാനുഷ്‌ഠാനക്രമവും ക്രമബോധകങ്ങളായ ശ്രുത്യര്‍ഥപാഠാദിപ്രമാണങ്ങളും; (vi) യാഗാധികാരി, അയാളുടെ കര്‍ത്തവ്യം മുതലായവ; (vii) അതിദേശങ്ങള്‍; (viii) അതിദേശാപവാദങ്ങള്‍; (ix) ഊഹങ്ങള്‍; (x) നിഷേധകാരണസ്വരൂപം; (xi) തന്ത്രം, ആവാപം, അവയുടെ വിസ്‌താരം; (xii) പ്രസംഗം, തന്ത്രിനിര്‍ണയം, സമുച്ചയം, വികല്‌പം.

വിധി, മന്ത്രം, നാമധേയം, നിഷേധം, അര്‍ഥവാദം എന്നു വേദവാക്യങ്ങളെ അഞ്ചായി ഭാഗിച്ചിരിക്കുന്നു. "അഗ്‌നിഹോത്രം ജുഹുയാത്‌സ്വര്‍ഗകാമഃ' എന്നിങ്ങനെ അജ്ഞാതമായ അര്‍ഥത്തെ ബോധിപ്പിക്കുന്ന വാക്യം വിധി. പ്രയോഗത്തോടു ബന്ധപ്പെട്ട കാര്യങ്ങളെ ഓര്‍മിപ്പിക്കുന്നതു മന്ത്രം. വിധേയാര്‍ഥത്തെ പരിച്ഛേദിക്കുന്ന "ഉദ്‌ഭിദാദികള്‍' നാമധേയങ്ങളാണ്‌. പുരുഷനെ അനര്‍ഥത്തില്‍ നിന്നു നിവര്‍ത്തിപ്പിക്കുന്ന വാക്യം നിഷേധമാണ്‌. പ്രാശസ്‌ത്യത്തെയോ നിന്ദയെയോ ബോധിപ്പിക്കുന്ന വേദവാക്യം അര്‍ഥവാദം. അര്‍ഥവാദത്തിന്‌ വിധിവാക്യത്തോടു ബന്ധപ്പെടുത്തി ഏകവാക്യത പറയേണ്ടതാണ്‌.

ഭഗവദ്‌ഗീതയില്‍ കര്‍മങ്ങളുടെ വിചാരം കാണുന്നു. ധര്‍മ്യങ്ങളും അധര്‍മ്യങ്ങളും ആയ എല്ലാ കര്‍മങ്ങള്‍ക്കും കാരണങ്ങള്‍ ശരീരം, ഫലഭോക്താവായ കര്‍ത്താവ്‌, ചക്ഷുരാദികളായ ഇന്ദ്രിയങ്ങള്‍, പ്രാണാപാനാദി ചേഷ്ടകള്‍, ദൈവം എന്നീ അഞ്ചെണ്ണമാണ്‌ (ഭ.ഗീ. 1814,15). സാത്ത്വികം, രാജസം, താമസം എന്ന്‌ കര്‍മത്തെ മൂന്നായി തരംതിരിക്കുന്നു. രാഗദ്വേഷപ്രരിതമല്ലാത്തതും ആസക്തിരഹിതവും ഫലപ്രത്‌സ കൂടാതെ ചെയ്യപ്പെടുന്നതും ആയ കര്‍മം സാത്ത്വികം. ഫലേച്ഛയോടും അഹങ്കാരത്തോടും കൂടി അനുഷ്‌ഠിക്കപ്പെടുന്ന ബഹുലായാസമായ കര്‍മം രാജസം. അനുബന്ധം, ശക്ത്യര്‍ഥങ്ങള്‍ക്ക്‌ നേരിട്ടേക്കാവുന്ന ക്ഷയം, പ്രാണിഹിംസ, തന്റെ കഴിവ്‌ ഇവയൊന്നും കണക്കിലെടുക്കാതെ അവിവേകപൂര്‍വം ചെയ്യപ്പെടുന്ന കര്‍മം താമസം (ഭ.ഗീ. 1823, 25).

കര്‍മവിദ്യ അപരവിദ്യയാണ്‌. കര്‍മാനുഷ്‌ഠാനം ശുഭകര്‍മപ്രാപ്‌തിക്കുള്ള മാര്‍ഗമാണെന്ന്‌ മുണ്ഡകോപനിഷത്ത്‌ പ്രഖ്യാപിക്കുന്നു (മുണ്ഡകോപനിഷത്ത്‌2.1). എന്നാല്‍ യജ്ഞരൂപങ്ങളായ നൗകകള്‍ അദൃഢങ്ങളാണെന്നും അവയെ കല്യാണമാര്‍ഗമായി കരുതുന്ന മൂഢന്മാര്‍ ജന്മജരാമരണരൂപമായ സംസാരചക്രത്തില്‍ ഭ്രമിക്കുന്നുവെന്നും ആ ഉപനിഷത്ത്‌ വ്യക്തമാക്കിയിട്ടുണ്ട്‌ (മുണ്ഡകോപനിഷത്ത്‌ 2.7). തപോയജ്ഞദാനാദികള്‍ സത്ത്വശുദ്ധിദ്വാരാ ജ്ഞാനപ്രാപ്‌തിയോഗ്യത നേടുവാന്‍ സഹായിക്കുന്നവയാണെന്ന്‌ "ആരുരുക്‌ഷോര്‍ മുനേര്‍ യോഗം കര്‍മകാരണമുച്യതേ' (ഭ.ഗീ. 63) എന്ന്‌ ഗീതയില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ദ്വൈതികളും വിശിഷ്ടാദ്വൈതികളും കര്‍മസമുച്ചിതമായ ജ്ഞാനമാണ്‌ മോക്ഷസാധനമെന്നു സിദ്ധാന്തിക്കുന്നു.

ധര്‍മാര്‍ഥകാമമോക്ഷങ്ങളാണ്‌ പുരുഷാര്‍ഥങ്ങള്‍. വേദപ്രതിപാദ്യമായ ധര്‍മം അര്‍ഥകാമമോക്ഷങ്ങളുടെ അധിഷ്‌ഠാനമാണെന്നും അതിനാല്‍ ധര്‍മനിര്‍ണയത്തിനു സഹായിക്കുന്ന "കര്‍മമീമാംസാദര്‍ശനം' ശ്രയസ്‌കാമന്മാര്‍ക്ക്‌ അത്യന്തോപകാരകമാണെന്നും കര്‍മവാദികള്‍ വിശ്വസിക്കുന്നു. നോ: കര്‍മയോഗം

(പ്രാഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍