This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരീം, സി.കെ. (1929 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരീം, സി.കെ. (1929 2000)

കേരളീയ ചരിത്രകാരന്‍, ചരിത്ര അധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്‌തനായ ഇദ്ദേഹം 1929 മേയ്‌ 5ന്‌ എറണാകുളം ജില്ലയിലെ എടവനക്കാട്ട്‌ ജനിച്ചു. അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ചരിത്രത്തില്‍ എം.എ., പിഎച്ച്‌.ഡി. ബിരുദങ്ങള്‍ നേടി. കൂടാതെ നിയമ ബിരുദവും സമ്പാദിച്ചിട്ടുണ്ട്‌. തിരുവനന്തപുരം ഇക്‌ബാല്‍ കോളജ്‌ പ്രിന്‍സിപ്പല്‍, ഗസറ്റിയേഴ്‌സ്‌ എഡിറ്റര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക ചരിത്രവിഭാഗം പ്രാഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി, സമസ്‌തകേരള സാഹിത്യ പരിഷത്‌ ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌. ചരിത്രം എന്ന പേരില്‍ ഒരു ത്രമാസികം സ്വന്തം പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പരമ്പരാഗത ചരിത്രരചനാരീതികളില്‍നിന്ന്‌ വഴിമാറിനടന്ന ഇദ്ദേഹം കേരള ചരിത്രത്തിലെ നിലവിലുള്ള കാഴ്‌ചപ്പാടുകള്‍ വികലവും സവര്‍ണപക്ഷ സ്വഭാവമുള്ളതുമാണെന്ന്‌ വിലയിരുത്തുന്നു. ആംഗലേയ ചരിത്രകാരന്മാര്‍ ഇന്ത്യാചരിത്രം വികലവും സംഘര്‍ഷ കലുഷിതവുമാക്കി അവതരിപ്പിക്കുകവഴി ദേശീയ താത്‌പര്യങ്ങളും മതസൗഹാര്‍ദവും അപകടത്തിലാക്കി. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ദേശീയവാദ വീക്ഷണം അനിവാര്യമാണെന്ന്‌ തന്റെ "ചരിത്രപഠന'ങ്ങളില്‍ ഇദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി 25ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. മുഹമ്മദ്‌ തുഗ്ലക്ക്‌ ഒരു പഠനം (1966) കേരള ചരിത്രവിചാരം (1973), ചരിത്ര സംവേദനം (1980), സീതി സാഹിബ്‌ (1983), ഡോ. സി.കെ. കരീമിന്റെ ചരിത്രപഠനങ്ങള്‍, ഇന്ത്യാ ചരിത്രത്തിന്‌ ഒരു മുഖവുര, ഇബ്‌നുബെത്തൂത്തയുടെ കള്ളക്കഥകള്‍, ചരിത്രത്തിലെ ഗുണപാഠങ്ങള്‍, ചരിത്രകഥകള്‍, കേരള ആന്‍ഡ്‌ ഹെര്‍ കള്‍ച്ചര്‍: ആന്‍ ഇന്‍ട്രാഡക്ഷന്‍, കേരള അണ്‍ഡര്‍ ഹൈദരാലി ആന്‍ഡ്‌ ടിപ്പു സുല്‍ത്താന്‍, കേരള മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക്‌ ഡയറക്‌ടറി എന്നിവയാണ്‌ പ്രധാന കൃതികള്‍. മുഗളരുടെ പ്രവിശ്യാഭരണം, തിരുവിതാംകൂര്‍ ചരിത്രം എന്നിവ പരിഭാഷാ ഗ്രന്ഥങ്ങളാണ്‌. 2000 സെപ്‌. 11ന്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍