This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടല്‍മുള്ളന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കടല്‍മുള്ളന്‍
Sea urchin
"കടലിലെ പന്തെലികള്‍' (hedgehogs of the sea) എന്നറിയപ്പെടുന്നതും നക്ഷത്രമത്സ്യങ്ങള്‍, കടല്‍ "ബിസ്‌കറ്റു'കള്‍ എന്നിവയോട് അടുത്ത ബന്ധമുള്ളതുമായ എക്കൈനോഡേമുകള്‍. എക്കൈനോയ്‌ഡിയ (Echinoidea)വര്‍ഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളില്‍ ഇവ സമൃദ്ധമായി വളരുന്നു. പല സ്ഥലങ്ങളിലും തീരത്തു തന്നെ ഇവ ധാരാളമായി കാണപ്പെടാറുണ്ട്. പഞ്ചആരീയ സമമിതിയുള്ള നക്ഷത്രമത്സ്യത്തിന്റെ ശരീരഘടനയ്‌ക്കു സദൃശമാണ് കടല്‍മുള്ളന്റേതും. ബലമുള്ള അസ്‌ഥിഫലകങ്ങളാല്‍ രൂപം കൊണ്ട ശരീരാവരണം ഈ ജീവിക്ക് വ്യക്തമായ ആകൃതി നല്‌കിയിരിക്കുന്നു. നിരനിരയായി സ്ഥിതിചെയ്യുന്ന അസ്ഥിഫലകങ്ങള്‍ ഒന്നോടൊന്നു തൊട്ടിരിക്കുന്ന തരത്തില്‍ ചേര്‍ന്ന് രൂപമെടുക്കുന്ന അകം പൊള്ളയായ ഒരു "പെട്ടി'യുടെ ആകൃതിയാണ് ശരീരാവരണത്തിനുള്ളത്. ഗോളാകൃതി മുതല്‍ തളികാകൃതി വരെ ഏതും ഈ ശരീരാവരണങ്ങള്‍ക്കുണ്ടാകാം. ടെസ്റ്റ് അഥവാ ഷെല്‍ എന്നാണിതിനു പേര്‍. ശരീരത്തിലെ എല്ലാ പ്രധാനാവയവങ്ങളും ഇതിനുള്ളിലാണ് കാണപ്പെടുന്നത്. ടെസ്റ്റിന്റെ ബാഹ്യഭാഗം അനക്കാവുന്നതും മൂര്‍ച്ചയേറിയതുമായ "മുള്ളു'കളാല്‍ ആവൃതമായിരിക്കും. സ്‌പീഷീസിനനുസൃതമായി മുള്ളുകള്‍ നീളം കൂടിയതോ, കുറുകിയതോ, ബലമുള്ളതോ, മൃദുവോ ആകാം; അപൂര്‍വം സ്‌പീഷീസില്‍ മുള്ളുകളുടെ അഗ്രം വിഷമുള്ളതാകുന്നു. ശരീരത്തിന്റെ അടിവശത്തായാണ് വായ സ്ഥിതി ചെയ്യുന്നത്. അഞ്ചു വെളുത്ത പല്ലുകള്‍ വായില്‍ നിന്നു പുറത്തേക്കു തള്ളിനില്‌ക്കുന്നു. ചവയ്‌ക്കുന്നതിനുള്ള ഒരു പ്രത്യേക വിപുലസംവിധാനത്തിന്റെ ഭാഗമാണ് ഈ പല്ലുകള്‍ (നോ: അരിസ്റ്റോട്ടല്‍ ലാന്റേണ്‍). ഇതിന്റെ കൂടുതല്‍ ഭാഗങ്ങളും ഷെല്ലിനുള്ളിലായിരിക്കും.
ആദ്യനോട്ടത്തില്‍ കടല്‍മുള്ളഌം നക്ഷത്രമത്സ്യവുമായി വലിയ ബന്ധമുള്ളതായി തോന്നുകയില്ല. എന്നാല്‍ നാളപാദം, പെഡിസലേറിയ എന്നിവ ഇവയ്‌ക്കു രണ്ടിഌം പൊതുവായി കാണപ്പെടുന്ന ഘടനാവിശേഷങ്ങളാണ്. മാത്രവുമല്ല, ഷെല്ലിനു പുറത്തുള്ള മുള്ളുകള്‍ മാറ്റിക്കഴിഞ്ഞാല്‍ നക്ഷത്രമത്സ്യങ്ങളുടെ പഞ്ചആരീയ സമമിതി കടല്‍മുള്ളനിലും വ്യക്തമായി കാണാന്‍ കഴിയും.
പല കടല്‍മുള്ളഌം മുക്കാല്‍ സെന്റിമീറ്ററിലേറെ വ്യാസമില്ല. ഇന്നുവരെ ശേഖരിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലുപ്പമേറിയ സ്‌പീറോസോമ ജൈജാന്റിയം (Sperosoma giganteum)എന്ന ജാപ്പനീസ് ഇനം പോലും 30 സെന്റിമീറ്ററിലേറെ വ്യാസമുള്ളതല്ല. കടല്‍മുള്ളന്റെ സാധാരണ വലുപ്പം 58 സെ.മീ. ആണെന്നു പറയാം. സ്‌പീഷീസിനനുസൃതമായി ചുവപ്പ്, പാടലം, പച്ച, കറുപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇവയെ കണ്ടെത്താം. പാറകളുടെ അടിവശം പോലെ സുരക്ഷിതത്വം ഉറപ്പു നല്‌കുന്നിടങ്ങളില്‍ പറ്റിപ്പിടിച്ച നിലയിലും, അപൂര്‍വമായി ഒഴുകിനടക്കുന്നതായും ഇവയെ കാണാവുന്നതാണ്. ചില സ്‌പീഷീസ് ആഴമേറിയ സമുദ്രഭാഗങ്ങളില്‍ കൂട്ടം ചേര്‍ന്നു കഴിയുന്നു. ഇവയെല്ലാറ്റിന്റെയും ചലനം വളരെ മന്ദഗതിയിലാണ്. മുള്ളുകളും നാളപാദങ്ങളും ചലനസഹായാവയവങ്ങളായി വര്‍ത്തിക്കുന്നു. കടല്‍സസ്യങ്ങളാണ് പ്രധാനഭക്ഷണം. നക്ഷത്രമത്സ്യങ്ങളിലെപ്പോലെ ഇവയ്‌ക്കും ലൈംഗികവും അലൈംഗികവുമായ പ്രത്യുത്‌പാദനരീതികളുണ്ട്. മുട്ടയുടെ ബീജസങ്കലനം വെള്ളത്തില്‍ വച്ചാണ് നടക്കുന്നത്. അപൂര്‍വം സ്‌പീഷീസൊഴിച്ചു മറ്റെല്ലാറ്റിലും ഒരു സ്വതന്ത്രലാര്‍വഎക്കൈനോപ്‌ളൂട്ടിയസ്‌കാണാറുണ്ട്.
നക്ഷത്രമത്സ്യങ്ങളോളം പുനരുദ്‌ഭവനശേഷി കടല്‍മുള്ളനില്ല; നഷ്‌ടപ്പെട്ടുപോയ മുള്ളുകള്‍, പെഡിസലേറിയ, നാളപാദം എന്നിവ വീണ്ടും വളര്‍ത്തിയെടുക്കാന്‍ ഇവയ്‌ക്കു കഴിയും എന്നു മാത്രം. ഇവയുടെ "അസ്ഥികൂടം' (test), മാംസളഭാഗങ്ങളൊക്കെ മാറ്റി വൃത്തിയാക്കിയെടുത്ത്, കൗതുകവസ്‌തുവായി സൂക്ഷിക്കുക പതിവാണ്. കന്യാകുമാരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇത് ഒരു പ്രധാന ആകര്‍ഷണവസ്‌തുവാണ്. കോവളത്തെ കടലില്‍ വിവിധയിനം കടല്‍മുള്ളന്‍ സമൃദ്ധമായി കാണപ്പെടുന്നു.