This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർച്ച് ബിഷപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആർച്ച് ബിഷപ്പ്
Arch Bishop
അതിരൂപതയുടെ (Arch-Diocese) മേലധ്യക്ഷന്. ആര്‍ച്ച് ബിഷപ്പ് എന്ന സംജ്ഞക്ക് പൗരസ്ത്യപാശ്ചാത്യ ക്രസ്തവസഭകളുടെ ചരിത്രത്തില്‍ പല അര്‍ഥഭേദങ്ങള്‍ വന്നുകൂടിയിട്ടുണ്ട്. ആര്‍ച്ച് എന്ന പദത്തിന് മുഖ്യന് എന്നാണ് ഇവിടെ അര്‍ഥമാക്കുന്നത്.
ആര്‍ച്ച് ബിഷപ്പ് എന്ന സ്ഥാനം പൗരസ്ത്യസഭയില്‍ എ.ഡി. രണ്ടാം ശ.-ത്തിലും പാശ്ചാത്യസഭയില്‍ നാലാം ശ.-ത്തിലും ആണ് പ്രചാരത്തില്‍ വന്നത്. പ്രധാന പട്ടണങ്ങളിലെ (Metropolis) വൈദികമേലധ്യക്ഷന്മാര് അഥവാ മെത്രാപ്പൊലീത്തമാര്‍ (Metropolitan) മെത്രാന്മാരുടെ സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ചിരുന്നു. പാശ്ചാത്യസഭയില്‍ പല രൂപതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സഭാപ്രവിശ്യയുടെ അധ്യക്ഷനായിരിക്കും മെത്രാപ്പൊലീത്ത. മെത്രാപ്പൊലീത്തമാര്‍ക്ക് ആര്‍ച്ച് ബിഷപ്പിന്റെ അധികാരവകാശങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ മെത്രാപ്പൊലീത്തമാരല്ലാത്ത ചില വൈദികമേലധ്യക്ഷന്മാര്‍ക്ക് അവരുടെ സേവനങ്ങളെ പരിഗണിച്ച് ആര്‍ച്ച്ബിഷപ്പെന്ന പദവി മാര്‍പാപ്പ നല്‍കാറുണ്ട്. കത്തോലിക്കാസഭയില്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനചിഹ്നമായ അംശവസ്ത്രമാണ് "പാല്യം'. നിയമനം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍പാപ്പയില്‍നിന്ന് "പാല്യം' വാങ്ങിയിരിക്കണമെന്നാണ് നിയമം.
പൗരസ്ത്യസഭാഭരണക്രമത്തില്‍ ആര്‍ച്ച് ബിഷപ്പ് പദവിയുള്ള നാല് വിഭാഗക്കാരുണ്ട്-ആര്‍ച്ചുബിഷപ്പ് മേജര്‍, കതോലിക്കോസ്, മപ്രിയാന്, മെത്രാപ്പൊലീത്ത. പാത്രിയാര്‍ക്കീസന്മാരുടെ അധികാരപരിധിയില്‍ ഉള്‍പ്പെടാതെ തത്തുല്യ അധികാരങ്ങളും അവകാശങ്ങളും ഉള്ള ആളാണ് ആര്‍ച്ചുബിഷപ്പ് മേജര്‍. പാത്രിയാര്‍ക്കീസിന്റെ ആങ്ങീയാധികാരത്തിന്‍കീഴില്‍ അദ്ദേഹത്തിന്റെ അധികാരത്തോടു തുല്യമായ അധികാരം കാതോലിക്കോസ് നടത്തുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ കാതോലിക്കോസുമാര്‍ പാത്രിയാര്‍ക്കീസിന്റെ അധികാരസീമയില്‍ നിന്നും സ്വാതന്ത്യ്രംനേടി ഭരണം നടത്തിയിട്ടുണ്ട്. മപ്രിയാന് എന്ന സ്ഥാനം പാശ്ചാത്യസുറിയാനിസഭയില്‍ പ്രത്യേക ചരിത്രപശ്ചാത്തലത്തില്‍ രൂപംകൊണ്ടിട്ടുള്ളതാണ്. ആര്‍ച്ച് ബിഷപ്പ് മേജറിന് തുല്യമായ അധികാരാവകാശങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹം പാത്രിയാര്‍ക്കീസിന്റെ കീഴിലാണ്. ഓര്‍ത്തഡോക്സ് സഭകളില്‍ ഭരണാധികാരമുള്ള എല്ലാ മെത്രാന്മാരേയും മെത്രാപ്പൊലീത്തമാര്‍ എന്ന് സംബോധന ചെയ്യാറുണ്ട്. നോ: ബിഷപ്പ്; മെത്രാപ്പൊലീത്ത
(ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ്)