This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആഗുല്ലാസ് പ്രവാഹം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആഗുല്ലാസ് പ്രവാഹം
Agulhas current
ഇന്ത്യാസമുദ്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ കിഴക്കേ തീരത്തുകൂടി തെക്കുപടിഞ്ഞാറേക്കൊഴുകുന്ന സമുദ്രജലപ്രവാഹം. ദക്ഷിണ-അക്ഷാംശങ്ങള്‍ 25° ക്കും 40° ക്കും ഇടയ്ക്ക് കരയില്‍നിന്നും 480 കി.മീ. അകലംവരെയുള്ള സമുദ്രഭാഗത്താണ് ഈ കടലൊഴുക്ക് അനുഭവപ്പെടുന്നത്.
ഭൂഭ്രമണത്തിന്റെ ഫലമായി ദക്ഷിണാര്‍ധഗോളത്തില്‍ കാറ്റുകള്‍ നേര്ദിശയില്നിന്നും ഇടത്തോട്ടായി വ്യതിചലിക്കുന്നു. തെക്കുകിഴക്കന്‍ വാണിജ്യവാതങ്ങളുടെ പ്രഭാവംമൂലം മധ്യരേഖയ്ക്കു തെക്കുള്ള സമുദ്രഭാഗങ്ങളില്‍ കിഴക്കുനിന്നും പടിഞ്ഞാറേക്ക് ജലപ്രവാഹം ഉണ്ടാകുന്നു. ഇതാണ് ദക്ഷിണ മധ്യരേഖീയ പ്രവാഹം എന്നറിയപ്പെടുന്നത്. ആഫ്രിക്കന്‍ തീരത്തെത്തുന്നതോടെ ഇതിന്റെ ഗതി വന്‍കരയ്ക്കു സമാന്തരമാവും. രണ്ടായി പിരിഞ്ഞൊഴുകുന്ന ഈ പ്രവാഹത്തിലെ ഒരു ഭാഗം മഡഗാസ്കര്‍ ദ്വീപിനും (മലഗസി റിപ്പബ്ലിക്), ആഫ്രിക്കന്‍ തീരത്തിനും ഇടയ്ക്കുകൂടി ഒഴുകുന്നു; ഇതാണ് മൊസാംബിക് പ്രവാഹം. രണ്ടാമത്തെ പിരിവ് മഡഗാസ്കറിന്റെ കിഴക്കന്‍ തീരത്തുകൂടി തെക്കോട്ടു നീങ്ങുന്നു; ഈ പ്രവാഹങ്ങള്‍ വീണ്ടും കൂടിച്ചേര്‍ന്നാണ് ആഗുല്ലാസ് പ്രവാഹമായിത്തീരുന്നത്.
ഉഷ്ണമേഖലയില്‍ ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക് ഒഴുകുന്നതിനാല്‍ ആഗുല്ലാസ് പ്രവാഹം ഉഷ്ണപ്രവാഹമാണ്. ഈ പ്രവാഹത്തിന്റെ ഒരു കൈവഴി ഗുഡ്ഹോപ്പ് ചുറ്റി ദക്ഷിണ അത്ലാന്തിക്കിലേക്കൊഴുകുന്നു.