This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തദ്ധിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തദ്ധിതം

ഒരു നാമത്തില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന മറ്റൊരു നാമം. നാമത്തില്‍ നിന്നോ ഭേദകത്തില്‍ (വിശേഷണപദത്തില്‍) നിന്നോ നിഷ്പന്നമാകുന്ന പദം എന്നും, നാമത്തില്‍ നിന്നോ ഭേദകത്തില്‍ നിന്നോ ഒരു പദം ഉണ്ടാക്കാനുള്ള പ്രത്യയം എന്നും തദ്ധിതം എന്ന പദത്തിനര്‍ഥമുണ്ട്. തദ്ധിത പ്രത്യയം ചേര്‍ന്നുള്ള പദം മിക്കതും നാമമാണ്. ഇവയ്ക്ക് തദ്ധിതാന്തനാമം, തദ്ധിതനാമം എന്നിങ്ങനെയും പേരുണ്ട്. പൂരണിതദ്ധിതം എന്ന തദ്ധിത ഭേദത്തില്‍ 'ആം'എന്ന പ്രത്യയം ചേര്‍ന്നുള്ള തദ്ധിതാന്തം വിശേഷണപദമായും കാണപ്പെടുന്നു (ഉദാ. ഒന്നാം, രണ്ടാം, മൂന്നാം....).

സംസ്കൃത വ്യാകരണത്തില്‍ 'തദ്ധിതം' ഒരു പ്രധാന വിഭാ ഗമാണ്. ഇവിടെയുള്ള വ്യാകരണ പ്രക്രിയയുടെ വൈപുല്യത്തെ സൂചിപ്പിക്കുന്ന 'തദ്ധിതമൂഢാഃവൈയാകരണാഃ' എന്ന വാചകം (വ്യാകരണ പണ്ഡിതന്മാര്‍ തദ്ധിതത്തിന്റെ നാനാപ്രകാരമായ വിശകലനത്തില്‍ തൃപ്തരാകാതെ വിഷമിക്കുന്നവരാണ്) പ്രസിദ്ധമാണ്. സംസ്കൃതത്തില്‍ തദ്ധിത പ്രക്രിയയ്ക്കുദാഹരണമായി നല്‍കിയിട്ടുള്ള രൂപങ്ങളാണ്-

ദശരഥന്റെ പുത്രന്‍ - ദാശരഥി

വര്‍ഷത്തില്‍ ഭവിക്കുന്നത് - വാര്‍ഷികം

ബുദ്ധിയുള്ളവന്‍ - ബുദ്ധിമാന്‍

വ്യാകരണമറിയുന്നവന്‍ - വൈയാകരണന്‍

തുടങ്ങിയവ.

കേരളപാണിനി തദ്ധിതത്തെ തന്മാത്ര തദ്ധിതം, തദ്വത്തദ്ധിതം, പൂരണി തദ്ധിതം, നാമനിര്‍മായി തദ്ധിതം എന്ന് നാല് വിധത്തില്‍ തിരിച്ചു. ഇവയ്ക്കു പുറമേ ദേശം, കാലം, പ്രമാണം (അളവ്) ഇവയെ കുറിക്കുന്ന തദ്ധിത രൂപങ്ങളും വിശദീകരിച്ചിട്ടുണ്ട്.

ഗുണവാചകമായി പദം തദ്ധിതമായി ലഭിക്കുന്നതിന് മ, ത്തം, തനം, തരം തുടങ്ങിയ പ്രത്യയം ചേരുന്നതാണ് തന്മാത്ര തദ്ധിതം. തന്മാത്രം എന്നതിന് 'അതുമാത്രം-ആ ഗുണത്തെ പ്രതിനിധീകരി ക്കുന്നത്' എന്നാണ് അര്‍ഥം. പുതുമ, മടയത്തം, കള്ളത്തരം, വേണ്ടാതനം എന്നിങ്ങനെ പദങ്ങള്‍ രൂപമെടുക്കുന്നു. പുതു-പുതുമ, മടയന്‍-മടയത്തം, കള്ളന്‍-കള്ളത്തരം, വേണ്ടാ-വേണ്ടാതനം എന്നിങ്ങനെ രൂപനിഷ്പത്തി. സംസ്കൃതത്തിലെ 'ത്വം' മലയാളത്തിലെ 'ത്തം' എന്നതിനു തുല്യമാണ്. എന്നാല്‍ സംസ്കൃതപദങ്ങളില്‍ 'ത്വം' തന്നെ നിലനില്ക്കുന്നു. ഉദാഹരണം മൃദു-മൃദുത്വം. ഒരേ അര്‍ഥനിഷ്പത്തിക്ക് പല പ്രത്യയങ്ങള്‍ ചേരാമെന്നതിനുദാഹരണമാണ് മൃദു-മൃദുത്വം, മാര്‍ദവം, മൃദുത, മൃദിമ തുടങ്ങിയ പദങ്ങള്‍.

മലയാളത്തില്‍ കൃതികൃത്തുകള്‍ക്കുദാഹരണമായിപ്പറയുന്ന ഇള - ഇളമ, ഇളപ്പം; നല്‍ - നന്മ, നലം; വല് - വലുപ്പം, വന്‍പ്; പഴ - പഴമ, പഴക്കം തുടങ്ങിയ രൂപങ്ങള്‍ അര്‍ഥസാമ്യത്താല്‍ തന്മാത്രതദ്ധിതവുമായി സമാനത പുലര്‍ത്തുന്നു.

ഒരു ഗുണം അഥവാ വസ്തു ഉള്ളവന്‍ എന്ന അര്‍ഥത്തില്‍ 'അന്‍' പ്രത്യയമായിച്ചേര്‍ക്കുന്നത് തദ്വത്തദ്ധിതം എന്ന പേരിലറിയ പ്പെടുന്നു. മൂപ്പ് ഉള്ളവന്‍ - മൂപ്പന്‍, കൂന് ഉള്ളവന്‍ - കൂനന്‍ തുടങ്ങിയവ ഉദാഹരിക്കാം. നപുംസകലിംഗത്തില്‍ പുല്ലിംഗത്തിലെപ്പോലെ 'അന്‍' ചേര്‍ന്നുവരുന്നു. ഉദാ. കിഴക്കന്‍-കാറ്റ്, തെക്കന്‍-ഭാഷ. നപുംസകത്തില്‍ 'ഇ'യും ചേര്‍ന്നുവരാമെന്നതിനുദാഹരണമാണ് 'നാല്‍ക്കാലി.' പുല്ലിംഗത്തിലും 'ഇ' വരുന്നതിനുദാഹരണമാണ് വില്ലാളി, തേരാളി തുടങ്ങിയ രൂപങ്ങള്‍. തദ്വത്തദ്ധിതത്തിനു സംസ് കൃതത്തിലുള്ള രൂപങ്ങളാണ് ധനവാന്‍, ധനികന്‍ തുടങ്ങിയവ. അല്പീയസ്സ്, അല്പിഷ്ഠം, മൃദുതരം, മൃദുതമം എന്നിങ്ങനെ തരം, തമം തുടങ്ങിയ പ്രത്യയങ്ങള്‍ ചേര്‍ന്നുവരുന്നവ അതിശായന തദ്ധിതം എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്നു.

നാമാംഗം (പേരെച്ചം), സംബന്ധികാ വിഭക്തി രൂപം, ആധാരി കാഭാസം ഇവയോട് അന്‍, അള്‍, ത് എന്നീ പ്രത്യയങ്ങള്‍ ചേര്‍ന്നു വരുന്നതാണ് നാമനിര്‍മായി തദ്ധിതം. കണ്ടവന്‍, കണ്ടവള്‍, കണ്ടത്, കാണുന്നവന്‍, കാണുന്നവള്‍, കാണുന്നത്, കാണ്മവന്‍, കാണ്മവള്‍, കാണ്മത് ഇങ്ങനെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളിലുള്ള നാമാംഗത്തോട് ഈ പ്രത്യയം ചേരുന്നു. എന്റേത്, ഇന്നത്തേത് എന്നിവ യഥാക്രമം സംബന്ധികാ വിഭക്തി, ആധാരികാഭാസം ഇവയോടു ചേര്‍ന്നു വരുന്നതിനുദാഹരണമാണ്.

ഒന്ന്, രണ്ട് തുടങ്ങിയ സംഖ്യാനാമത്തോട് 'ആം' എന്ന പ്രത്യയം ചേര്‍ന്നു വരുന്നതാണ് പൂരണിതദ്ധിതം. ഒന്നാം, രണ്ടാം, നൂറാം തുടങ്ങിയ രൂപങ്ങള്‍ ഭേദകങ്ങളായി പരിഗണിക്കുന്നതിനാല്‍ ഈ തദ്ധിതത്തിന് മറ്റു തദ്ധിതങ്ങളില്‍ നിന്നു വ്യത്യാസം പ്രകടമാണ്. ഇതിനോട് വീണ്ടും അന്‍, അള്‍, അത് എന്നീ പ്രത്യയങ്ങള്‍ ചേര്‍ത്ത് ഒന്നാമന്‍, ഒന്നാമവള്‍, ഒന്നാമത് എന്നിങ്ങനെ രൂപം വരുന്നു.

ചുട്ടെഴുത്തുകള്‍ക്കു പ്രത്യേകമായുള്ള തദ്ധിത രൂപങ്ങള്‍ക്കു ദാഹരണമാണ് അ, ഇ, എ എന്നീ സര്‍വനാമങ്ങളോട് ദേശത്തെ സൂചിപ്പിക്കുന്ന 'ങ്ങ്', കാലസൂചകമായ 'ന്ന്', പ്രമാണ (അളവ്) സൂചകമായ 'ത്ര' എന്നീ പ്രത്യയങ്ങള്‍ ചേര്‍ന്നുവരുന്നത്. അങ്ങ് (അങ്കു), അന്ന് (അന്റു), അത്ര (അത്തിര), ഇങ്ങ്, ഇന്ന്, ഇത്ര, എങ്ങ്, എന്ന്, എത്ര എന്നിങ്ങനെയാണ് ഈ ശബ്ദങ്ങള്‍. ങനം (= പ്രകാരം) എന്ന തമിഴ് ശബ്ദത്തോട് 'എ' എന്ന നിപാതം ചേര്‍ന്ന രൂപം അ, ഇ, എ എന്നിവയോടു ചേര്‍ന്നുവരുന്ന രൂപങ്ങളാണ് അങ്ങനെ, ഇങ്ങനെ, എങ്ങനെ. അ, ഇ, എ ഇവയോട് പൊഴുത് (= കാലം) എന്ന ശബ്ദത്തിന്റെ പരിണതരൂപം ചേര്‍ന്നുവരുന്ന പദങ്ങളാണ് അപ്പോള്‍ (അതുപൊഴുത്), ഇപ്പോള്‍, എപ്പോള്‍ എന്നിവ. ഇതും തദ്ധിതത്തിന്റെ വിഭാഗത്തിലുള്‍പ്പെടുന്ന വ്യാകരണപ്രക്രിയ തന്നെയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍