This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളവര്‍മ, നെടുമങ്ങാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളവര്‍മ, നെടുമങ്ങാട്

ഉമയമ്മറാണിക്കെതിരായി പടനയിച്ച പേരകത്താവഴി രാജകുടുംബാംഗം. തിരുവിതാംകൂര്‍ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് ഉമയമ്മറാണി (1677-84) റീജന്റായി ഭരണഭാരമേല്ക്കുന്നത്. യോഗക്കാരുടെയും എട്ടുവീട്ടില്‍ പിള്ളമാരുടെയും ശക്തിയായ എതിര്‍പ്പ് അവര്‍ക്കു നേരിടേണ്ടിവന്നു. വേണാട്ടു രാജകുടുംബവുമായി ബന്ധമുള്ള ശാഖകളിലെ അംഗങ്ങളുടെ എതിര്‍പ്പും അവകാശവാദവും ഉണ്ടായി. ഇക്കൂട്ടര്‍ റാണിയുടെ ശത്രുക്കളെയാണ് അനുകൂലിച്ചത്. ഉമയമ്മറാണിക്കു സന്താനങ്ങളുണ്ടായിരുന്നുവെന്നും അവരെ പിള്ളമാര്‍ കളിപ്പാന്‍കുളത്തില്‍ മുക്കിക്കൊന്നുവെന്നും മറ്റും ചില കഥകള്‍ മുന്‍ചരിത്ര ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിരുന്നു. അതെല്ലാം വ്യാജനിര്‍മിതമാണെന്നു പില്ക്കാല ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്താനരഹിതയായ അവര്‍ രണ്ടു രാജകുമാരന്മാരെ ദത്തെടുക്കുകയുണ്ടായി. പേരകത്താവഴിയിലെ വീരകേരളവര്‍മ, ഉമയമ്മറാണി നടത്തിയ ദത്തുകള്‍ ഇഷ്ടപ്പെട്ടില്ല. ഇദ്ദേഹം റാണിയുടെ ശത്രുക്കളുമായി ചേര്‍ന്ന് തിരുവനന്തപുരത്തെത്തി. കൊ.വ. 852 (മിഥുനം) മാസം 9-നു കരമന വച്ച് റാണിയുടെ സൈന്യത്തെ തോല്പിച്ചു. ഇദ്ദേഹം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നു; എന്നു മാത്രമല്ല കൊ.വ. 853-ല്‍ കേരളപുരത്തുവച്ച് സ്വന്തജന്മദിനം ആഡംബരങ്ങളോടുകൂടി ആഘോഷിക്കുകയും ചെയ്തു. ഇദ്ദേഹവും അനുയായികളും കളക്കാട്ടുനിന്നും ആള്‍ശേഖരം നടത്തി. ഈ സന്ദര്‍ഭത്തില്‍ ഉമയമ്മറാണി കോലത്തുനാട്ടുനിന്ന് ഒരു യുവാവിനെയും രണ്ടു യുവതികളെയും ദത്തെടുത്തു; സ്വന്തം സൈന്യബലം വര്‍ധിപ്പിക്കുകയും ചെയ്തു. വിപ്ലവകാരികളെ കൊ.വ. 853 കുംഭമാസത്തില്‍ നേമത്തുവച്ച് റാണി തോല്പിച്ചു. എതിര്‍പ്പുകാര്‍ കുഴിത്തുറ, ഇടയ്ക്കോട് എന്നിവിടങ്ങളിലേക്കു പിന്‍വലിഞ്ഞു. റാണിയും സൈന്യവും കല്‍ക്കുളത്തെത്തിയപ്പോള്‍ മണലിക്കരയില്‍ തങ്ങിയിരുന്ന ശത്രുക്കള്‍ അവിടെയെത്തി കോട്ട വളഞ്ഞു. അപ്പോഴേക്കും അനൗപചാരിക സംഭാഷണങ്ങള്‍ തുടങ്ങുകയും അതിനെത്തുടര്‍ന്നു താന്‍ യുദ്ധത്തില്‍ നിന്നു പിന്മാറാമെന്ന് കേരളവര്‍മ സമ്മതിക്കുകയും ചെയ്തു. സ്വരൂപികളുടെ ഒരു കൂടിയാലോചന തിരുവനന്തപുരത്തു വച്ച് നടക്കുകയും വീരകേരളവര്‍മയ്ക്ക് വേണാട്ടു സിംഹാസനത്തിനു യാതൊരവകാശവുമില്ലെന്ന് ഈ സഭ തീരുമാനിക്കുകയും ചെയ്തു. കൊ.വ. 856 മാര്‍ഗഴി (ധനു) മാസത്തില്‍ ഇദ്ദേഹത്തിന് പെന്‍ഷന്‍ നല്‍കാനും നിശ്ചയിക്കുകയുണ്ടായി.

(വി.ആര്‍. പരമേശ്വന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍