This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആദിശങ്കരന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ആദിശങ്കരന്‍
അദ്വൈതദര്‍ശനത്തിന്റെ മുഖ്യവ്യാഖ്യാതാവ്. ശിഷ്യരായ ശങ്കരാചാര്യന്‍മാരില്‍ നിന്നും തിരിച്ചറിയാന്‍ വേണ്ടി ഇദ്ദേഹത്തെ ആദിശങ്കരന്‍ എന്നു വ്യവഹരിക്കാറുണ്ട്. ഭാരതീയ ദര്‍ശനത്തിനു ശങ്കരാചാര്യര്‍ നല്കിയ മഹത്തായ സംഭാവനയാണ് ഇദ്ദേഹത്തിന്റെ അദ്വൈതസിദ്ധാന്തം.
ജീവിതകാലം
ശ്രീശങ്കരാചാര്യരുടെ ജീവിത കാലത്തെക്കുറിച്ച് വിവിധ ഗ്രന്ഥകാരന്‍മാര്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എ.ഡി. 8-ാം ശ.-ത്തിന്റെ രണ്ടാം പകുതിയില്‍ ഇദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. എ.ഡി. 788-ല്‍ ജനിച്ചു എന്നുള്ള അഭിപ്രായത്തിന് മാക്സ് മുള്ളര്‍, കെ.ബി. പാഠക് മുതലായവരുടെ സമ്മതിയും ഉണ്ട്. ആചാര്യരുടെ ജനനം, സ്ഥലം, കാലം, പ്രവര്‍ത്തനമണ്ഡലം മുതലായവയെക്കുറിച്ച് മാധവാചാര്യര്‍, ആനന്ദഗിരി, ചിദ്വിലാസന്‍, സ്വാമി സദാനന്ദന്‍, ഗോവിന്ദനാഥന്‍ മുതലായവര്‍ പ്രാമാണികഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സ്കന്ദപുരാണത്തിലും വായൂപുരാണത്തിലും ഇദ്ദേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആധുനികഗ്രന്ഥകാരന്‍മാരുടെ കൂട്ടത്തില്‍ വില്‍സണ്‍, മാക്സ് മുളളര്‍, തെലാങ് മുതലായവരും ഇദ്ദേഹത്തെപ്പറ്റി പ്രത്യേകം പഠനം നടത്തിയിട്ടുണ്ട്.
കാലത്തെക്കുറിച്ച് എന്നതുപോലെ ഇദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ചും ജനനസ്ഥലത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളാണുള്ളത്. ആനന്ദഗിരി ഒഴിച്ച് മറ്റെല്ലാ ഗ്രന്ഥകാരന്‍മാരും ശ്രീശങ്കരന്റെ ജന്‍മസ്ഥലം ആലുവായില്‍ നിന്നും ഏതാണ്ട് എട്ടു മൈല്‍ വ.കി. മാറി സ്ഥിതി ചെയ്യുന്ന കാലടിയാണെന്ന് അഭിപ്രായപ്പെടുന്നു; ആനന്ദഗിരിയാകട്ടെ ചിദംബരമാണെന്നും.
ജനനം
കാലടി ഗ്രാമത്തിലെ വിദ്യാധിരാജന്‍ എന്ന ബ്രാഹ്മണന്റെ പുത്രനായ ശിവഗുരുവിന്, വിവാഹിതനായശേഷം വളരെക്കാലത്തേക്കു സന്തതികളൊന്നും ഉണ്ടായില്ല. ഈ ദമ്പതികള്‍ (ശിവഗുരു, ആര്യാംബ) ശിവനെ തപസ്സു ചെയ്യുവാന്‍ തുടങ്ങി. ഒരു ദിവസം സ്വപ്നത്തില്‍ ശിവന്‍ ഇവര്‍ക്കു പ്രത്യക്ഷപ്പെട്ടുവത്രെ. ബുദ്ധികൂര്‍മയുള്ള ജ്ഞാനിയും എന്നാല്‍ അല്പായുസ്സോടു കൂടിയവനും ആയ ഒരു പുത്രനോ, ദീര്‍ഘായുസ്സുള്ളവരും മന്ദബുദ്ധികളും ആയ ധാരാളം സന്തതികളോ ഏതാണ് അവര്‍ക്കു വേണ്ടത് എന്ന് ശിവന്‍ തങ്ങളോടു ചോദിച്ചതായി അവര്‍ സ്വപ്നം കണ്ടു. ബുദ്ധിമാനായ ഒരു പുത്രനെയാണ് അവര്‍ രണ്ടുപേരും ആവശ്യപ്പെട്ടത്. അവരുടെ ആഗ്രഹപ്രകാരം ജനിച്ച പുത്രനാണ് ശങ്കരാചാര്യര്‍ എന്ന് ഇദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് മാധവാചാര്യര്‍ പറയുന്നു.
സന്ന്യാസം
കുട്ടിക്കാലത്തുതന്നെ ശങ്കരനു സന്ന്യാസത്തില്‍ അതിയായ താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ അമ്മ അതനുവദിച്ചിരുന്നില്ല. അമ്മയുടെ അനുവാദം ലഭിക്കുന്നതിനുവേണ്ടി അമ്മയോടുകൂടി പെരിയാറ്റില്‍ കുളിക്കാന്‍പോയ തന്നെ ഒരു മുതല പിടിച്ചതായി അമ്മയ്ക്കു തോന്നല്‍ ഉണ്ടാക്കുകയും സന്ന്യാസത്തിന് അനുവാദം നല്കുകയാണെങ്കില്‍ മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുമെന്ന് അമ്മയോടു പറയുകയും അങ്ങനെ അമ്മ സന്ന്യാസത്തിന് അനുമതി നല്കുകയും അതനുസരിച്ച് അദ്ദേഹം മുക്തനാവുകയും ചെയ്തതായി ഒരു ഐതിഹ്യം ഉണ്ട്. സന്ന്യാസത്തിന് അനുമതി ലഭിച്ചശേഷം ശങ്കരന്‍ നര്‍മദാതീരത്തുള്ള ഒരു കാട്ടിലേക്കു പോയി. അവിടെ വച്ച് ഗോവിന്ദാചാര്യരെ കാണുകയും അദ്ദേഹത്തിന്റെ ശിഷ്യനാകുകയും ചെയ്തു. ഗോവിന്ദാചാര്യര്‍ ഗൌഡപാദാചാര്യരുടെ ശിഷ്യനാണ്. പിന്നീട് ഇദ്ദേഹം കാശി സന്ദര്‍ശിക്കുകയും ബ്രഹ്മസൂത്രങ്ങള്‍ക്കു വ്യാഖ്യാനം രചിക്കുകയും ചെയ്തു. പ്രയാഗയില്‍ വച്ച് മീമാംസകനായ കുമാരിലഭട്ടനെ കണ്ടുമുട്ടി. ശ്രീശങ്കരന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവമാണ് മീമാംസകനായ മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച. മാഹിഷ്മതിയില്‍ വച്ച് മണ്ഡനമിശ്രനുമായി ശ്രീശങ്കരന്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ആറുദിവസത്തോളം നീണ്ടുനിന്ന വാദത്തില്‍ ശ്രീശങ്കരന്‍ വിജയിക്കുകയും മണ്ഡനമിശ്രന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. ഇദ്ദേഹമാണ് പിന്നീട് സുരേശ്വരാചാര്യര്‍ എന്ന പേരില്‍ അറിയപ്പെട്ടത്.
ശ്രീശങ്കരന്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പര്യടനം നടത്തി അദ്വൈതസിദ്ധാന്തത്തിന് പ്രചാരം നല്കി. മറ്റെല്ലാ ദാര്‍ശനികസിദ്ധാന്തങ്ങളെയും അദ്ദേഹം യുക്തിയുക്തം എതിര്‍ത്തു. തന്റെ ബുദ്ധിവൈഭവം കൊണ്ടു പ്രഗല്ഭരായ പല ശിഷ്യന്‍മാരെയും സ്വാധീനിച്ചു. പദ്മപാദര്‍, മണ്ഡനമിശ്രന്‍ (സുരേശ്വരാചാര്യര്‍), ഹസ്താമലകന്‍, ആനന്ദഗിരി (തോടകന്‍) എന്നിവര്‍ ഇദ്ദേഹത്തിന്റെ നാലു പ്രധാന ശിഷ്യന്‍മാരായിരുന്നു. കാശ്മീരിലെ ശാരദാമഠത്തിലെ സര്‍വജ്ഞപീഠം ഇദ്ദേഹം കയറി. അമ്മയുടെ അവസാനകാലത്ത് അവരെ ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം സ്വദേശത്തു തിരിച്ചുവന്നു. അമ്മയുടെ ശവസംസ്കാരത്തിനു നാട്ടുകാരായ നമ്പൂതിരിമാര്‍ സഹകരിക്കുകയുണ്ടായില്ലത്രെ.
മഠങ്ങള്‍
ഉപനിഷത്തുക്കളില്‍ കാണുന്ന ദര്‍ശനത്തെയും മതത്തെയും പുനരുദ്ധരിക്കുകയായിരുന്നു ശങ്കരാചാര്യരുടെ ലക്ഷ്യം. വേദബാഹ്യങ്ങളായ ജൈനമതവും ബുദ്ധമതവും ഭാരതത്തില്‍ പ്രാബല്യത്തിലിരുന്ന കാലത്താണ് ശ്രീശങ്കരാചാര്യസ്വാമികളുടെ ആവിര്‍ഭാവം. പ്രസ്തുത മതങ്ങളെ ഖണ്ഡിച്ച് അദ്വൈതസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ വൈദികധര്‍മം പുനഃസ്ഥാപിക്കുകയായിരുന്നു ആദിശങ്കരാചാര്യരുടെ പ്രധാനലക്ഷ്യം. ഇതിനുവേണ്ടി ഭാരതത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ച് അദ്വൈതമതം പ്രചരിപ്പിക്കുകയും ഭാരതത്തിന്റെ നാലുഭാഗങ്ങളിലായി നാലു സന്ന്യാസിമഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയുടെ കിഴക്കുള്ള ജഗന്നാഥപുരിയില്‍ ഗോവര്‍ധനമഠം സ്ഥാപിച്ച് ഋഗ്വേദവും, തെക്കുള്ള മൈസൂറില്‍ ശൃംഗേരി മഠം സ്ഥാപിച്ച് യജൂര്‍വേദവും, പടിഞ്ഞാറുള്ള ദ്വാരകയില്‍ ശാരദാമഠം സ്ഥാപിച്ച് സാമവേദവും, വ. ബദരികാശ്രമത്തിനു സമീപം ജ്യോതിര്‍മഠം സ്ഥാപിച്ച് അഥര്‍വവേദവും പ്രചരിപ്പിക്കുവാന്‍ ഇദ്ദേഹം വ്യവസ്ഥ ചെയ്തു. അതിനുവേണ്ടി തന്റെ ശിഷ്യന്‍മാരില്‍ ഋഗ്വേദിയായ പദ്മപാദാചാര്യരെ ഗോവര്‍ധനമഠത്തിലും യജൂര്‍വേദിയായ സുരേശ്വരാചാര്യരെ ശൃംഗേരിമഠത്തിലും സാമവേദിയായ ഹസ്താമലകാചാര്യരെ ശാരദാമഠത്തിലും അഥര്‍വവേദിയായ തോടകാചാര്യരെ ജ്യോതിര്‍മഠത്തിലും ആചാര്യന്‍മാരായി ശ്രീശങ്കരാചാര്യര്‍ നിശ്ചയിച്ചു. ഈ നാലു മഠങ്ങളുടെയും അധിപതികളായ സന്ന്യാസിമാര്‍ ശങ്കരാചാര്യര്‍ എന്ന പേരിലറിയപ്പെടുന്നു. ഗോവര്‍ധനമഠത്തില്‍ നിന്ന് 'പ്രജ്ഞാനംബ്രഹ്മ' എന്ന ഋഗ്വേദ മഹാവാക്യവും ശൃംഗേരിമഠത്തില്‍ നിന്ന് 'അഹം ബ്രഹ്മാസ്മി' എന്ന യജൂര്‍വേദ മഹാവാക്യവും ശാരദാമഠത്തില്‍ നിന്ന് 'തത്ത്വമസി' എന്ന സാമവേദമഹാവാക്യവും ജ്യോതിര്‍മഠത്തില്‍ നിന്ന് 'അയമാത്മാബ്രഹ്മ' എന്ന അഥര്‍വവേദ മഹാവാക്യവും മഹാസന്ന്യാസദീക്ഷയില്‍ ഉപദേശിക്കപ്പെടുന്നു. അദ്വൈതവേദാന്തസിദ്ധാന്തം പ്രചരിപ്പിക്കുന്നതിനുവേണ്ടി ഗോവര്‍ധനാദി നാലു മഠങ്ങളെ കേന്ദ്രീകരിച്ച് ഒരു സന്ന്യാസസംഘം തന്നെ അദ്ദേഹം രൂപീകരിച്ചു. തീര്‍ഥം, ആശ്രമം, വനം, അരണ്യം, ഗിരി, പര്‍വതം, സാഗരം, സരസ്വതി, ഭാരതി, പുരി എന്നീ പേരുകളിലാണ് പ്രസ്തുത സംഘത്തില്‍പ്പെട്ട സന്ന്യാസിമാര്‍ അറിയപ്പെടുന്നത്. അവര്‍ക്ക് ദശനാമീസന്ന്യാസികള്‍ എന്നുകൂടി പേരുണ്ട്. ഗോവര്‍ധനമഠ പരമ്പരയില്‍പ്പെട്ട സന്ന്യാസികള്‍ക്ക് വനം, അരണ്യം എന്നും ശൃംഗേരിമഠപരമ്പരയില്‍പ്പെട്ടവര്‍ക്ക് സരസ്വതി, പുരി, ഭാരതി എന്നും ശാരദാമഠ പരമ്പരയിലുള്ളവര്‍ക്ക് തീര്‍ഥം, ആശ്രമം എന്നും ജ്യോതിര്‍മഠപരമ്പരയില്‍പ്പെട്ടവര്‍ക്ക് ഗിരി, പര്‍വതം, സാഗരം എന്നും പേരുകള്‍ ശ്രീശങ്കരാചാര്യര്‍ കല്പിച്ചിട്ടുള്ളതായി 'മഠാമ്നായ'ത്തില്‍ പറഞ്ഞു കാണുന്നു. എന്നാല്‍ ശൃംഗേരിമഠത്തില്‍ പത്തു നാമങ്ങളും അംഗീകരിച്ചതായി കാണുന്നുണ്ട്. മഠാധ്യക്ഷന്‍മാര്‍ക്കു തങ്ങളുടെ മഠത്തിനനുസരിച്ച് നാമം ഉണ്ടെങ്കിലും പൊതുവേ ശങ്കരാചാര്യര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പരിശുദ്ധനും ജിതേന്ദ്രിയനും വേദവേദാംഗവിജ്ഞാനിയും യോഗനിഷ്ഠനും സര്‍വശാസ്ത്രങ്ങളിലും പണ്ഡിതനുമായ ദണ്ഡി സന്ന്യാസിയായിരിക്കണം ഗോവര്‍ധനാദിമഠങ്ങളുടെ അധ്യക്ഷസ്ഥാനത്തിരിക്കേണ്ടതെന്ന് മഹാനുശാസനത്തില്‍ പറയുന്നുണ്ട്. മഠാധിപന്‍ എപ്പോഴും മഠത്തിനു വെളിയില്‍ സഞ്ചരിച്ച് ജനങ്ങള്‍ക്കു ധര്‍മോപദേശം ചെയ്തു കൊണ്ടിരിക്കണം. അംഗം (ഭാരത്പുരം), വംഗം (ബംഗാള്‍), കലിംഗം (ഒറീസയുടെയും മദിരാശിയുടെയും നടുക്കുളള പ്രദേശം), മഗധ (ബിഹാര്‍), ഉത്കലം (ഒറീസ), ബര്‍ബരം (വനപ്രദേശങ്ങള്‍) എന്നിവ ഗോവര്‍ധനമഠത്തിന്റെ ശാസനത്തില്‍പ്പെട്ടവയാണ്. ആന്ധ്ര, കര്‍ണാടകം, തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങള്‍ ശൃംഗേരിമഠത്തിന്റെ കീഴിലും, സിന്ധു, സൗവീരം, സൌരാഷ്ട്രം, മഹാരാഷ്ട്രം എന്നീ പ്രദേശങ്ങളും പശ്ചിമഭാരതഭാഗങ്ങളും ശാരദാമഠത്തിന്റെ കീഴിലും, കുരു (ഡല്‍ഹി), കാശ്മീര്‍, കംബോജം (പഞ്ചാബ്), പാഞ്ചാലം മുതലായ ഉത്തരഭാരത പ്രദേശങ്ങള്‍ ജ്യോതിര്‍ മഠത്തിന്റെ കീഴിലും ധര്‍മപ്രചാരണത്തിനുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച അദ്വൈതസിദ്ധാന്തം അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാര്‍ വളരെ വികസിപ്പിച്ച് ശാഖോപശാഖകളാക്കിത്തീര്‍ത്തിട്ടുണ്ടെന്നത് പ്രസ്താവ്യമാണ്. ഭാരതത്തെ ധാര്‍മികമായും സാംസ്കാരികമായും ഏകീകരിക്കുന്നതിനുവേണ്ടി ഗ്രന്ഥരചന, മഠസ്ഥാപനം, ശാസ്ത്ര ചര്‍ച്ചകള്‍ മുതലായ പ്രവൃത്തിമാര്‍ഗങ്ങളാണ് അദ്ദേഹവും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും അംഗീകരിച്ചിട്ടുള്ളത്.
സിദ്ധാന്തങ്ങള്‍
ശങ്കരാചാര്യരുടെ സിദ്ധാന്തങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: (1) ജ്ഞാനം ബ്രഹ്മമാണ്; ബ്രഹ്മം നിര്‍ഗുണവും നിഷ്ക്രിയവും നിര്‍വിശേഷവും അകര്‍ത്താവും അഭോക്താവും ഏകവും അദ്വിതീയവും ജനനമരണസുഖദുഃഖാദി സംസാരധര്‍മരഹിതവും നിത്യാനന്ദവുമാണ്. (2) ജീവാത്മാവ് പരമാത്മാവുതന്നെ ആണ്. അതുകൊണ്ടുതന്നെ സ്വയം പ്രകാശവും സ്വതന്ത്രവുമാണ്. ജീവാത്മാവ് അപരിമിതമാണ്. പരിമിതമെന്നു തോന്നുന്നത് അവിദ്യയുടെ ഫലമായുണ്ടാകുന്ന ഉപാധിഭേദത്താലാണ്. (3) പ്രപഞ്ചം വ്യാവഹാരികമാണ്; പാരമാര്‍ഥികമല്ല. (4) പരമമായ ഐക്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് ബ്രഹ്മജ്ഞാനം. ഈ ജ്ഞാനമാണ് ജീവന്‍മുക്തിമാര്‍ഗം. (5) ആത്മസാക്ഷാത്കാരം കര്‍മഫലമായിട്ടല്ല ഉണ്ടാകുന്നത്; ജ്ഞാനത്തില്‍ക്കൂടിയാണ്. (6) വേദാന്തശാസ്ത്രം, ഭേദജ്ഞാനത്തിനു കാരണമായ അവിദ്യയെയും അവിദ്യാവാസനയെയും നിവര്‍ത്തിപ്പിക്കുന്നു. ബ്രഹ്മജ്ഞാനം ഉണ്ടാക്കുന്നില്ല. പ്രാപ്തപ്രാപ്തിയും പരിഹൃത പരിഹാരവുമാണ് ശാസ്ത്രംകൊണ്ടുണ്ടാകുന്നത്. (7) ശ്രവണം, മനനം, ധ്യാനം (നിദിധ്യാസനം) എന്നിവ ആത്മസാക്ഷാത്കാരത്തിനുള്ള ഉപായങ്ങളാണ്. (8) മോക്ഷം ബ്രഹ്മസ്വരൂപം തന്നെയാണ്. അത് നിത്യമാണ്. (9) ബ്രഹ്മസാക്ഷാത്കാരം സിദ്ധിച്ചവന്‍ ബ്രഹ്മം തന്നെയാണ്. അവനാണ് മുക്തന്‍ (ബ്രഹ്മവേദ ബ്രഹ്മൈവഭവതി). (10) 'അഹം ബ്രഹ്മാസ്മി' എന്ന ആത്മസാക്ഷാത്കാരം സഞ്ചിതങ്ങളായ ധര്‍മാധര്‍മരൂപങ്ങളായ എല്ലാ കര്‍മങ്ങളെയും നശിപ്പിക്കുന്നു. പ്രാരാബ്ധകര്‍മത്തെ നശിപ്പിക്കുന്നില്ല. അതുകൊണ്ട് പ്രാരാബ്ധകര്‍മഫലമായ ശരീരം ധരിക്കുന്ന ബ്രഹ്മജ്ഞന്‍ ജീവന്‍മുക്തനാണ്. അനുഭവംകൊണ്ട് പ്രാരാബ്ധകര്‍മം ക്ഷയിച്ച് ശരീരം പതിക്കുന്നതോടെ അവന്‍ വിദേഹകൈവല്യം അടയുന്നു. (11) ഫലാസക്തികൂടാതെ ഈശ്വരാര്‍പ്പണബുദ്ധിയോടെ അനുഷ്ഠിക്കപ്പെടുന്ന കര്‍മങ്ങള്‍ അന്തഃകരണത്തെ ശുദ്ധസത്വമാക്കുന്നു. അതോടെ പ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കുന്നു; വിരക്തി ജനിക്കുന്നു. സാംസാരിക ദുഃഖനിവൃത്തിക്കുള്ള ഉപായത്തെക്കുറിച്ചറിയുവാന്‍ ആഗ്രഹം ജനിക്കുന്നു. അങ്ങനെ ആത്മജ്ഞാനം ഉണ്ടാകുന്നു. (12) നിത്യാനിത്യവസ്തുവിവേകം, ഇഹാമുത്രാര്‍ഥഫലഭോഗവിരാഗം, ശമദമോപരതി തിതിക്ഷാ ശ്രദ്ധാസമാധാനരൂപമായ സാധനങ്ങളുടെ സമ്പത്തി, മുമുക്ഷ (മോക്ഷം നേടാനുള്ള ആഗ്രഹം) ഈ നാലു യോഗ്യതനേടിയവനുമാത്രമേ ബ്രഹ്മ ജിജ്ഞാസ ഉണ്ടാവുകയുള്ളു.
'മനുഷ്യന്‍ മുക്തനാണ്; ദിവ്യനാണ്; അവിദ്യയാണ് അനര്‍ഥകാരണം' എന്ന കേന്ദ്രബിന്ദുവിനെ ആശ്രയിച്ചാണ് ശാങ്കരദര്‍ശനം നിലക്കൊള്ളുന്നത്. ശ്രവണമനനസഹകൃതമായ യോഗം (നിദിധ്യാസനം) കൊണ്ട് തന്റെ പൂര്‍ണതയും ദിവ്യത്വവും സാക്ഷാത്കരിക്കുവാന്‍ സാധിക്കുമെന്നുള്ള ശുഭാപ്തിവിശ്വാസമാണ് അദ്വൈതസിദ്ധാന്തത്തിന്റെ ഉറവിടം. (നോ: അദ്വൈതം)
കൃതികള്‍
വേദാന്തദര്‍ശനത്തിലെ പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയുടെ ഭാഷ്യങ്ങളാണ് ശങ്കരാചാര്യരുടെ മുഖ്യകൃതികള്‍. ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ബൃഹദാരണ്യകം, ഛാന്ദോഗ്യം എന്നീ പത്ത് ഉപനിഷത്തുക്കളുടെ ഭാഷ്യം 'ദശോപനിഷദ്ഭാഷ്യം' എന്നു പ്രസിദ്ധമാണ്. മഹാഭാരതത്തിലെ വിഷ്ണുസഹസ്രനാമം, സനത്സുജാതീയം എന്നിവയ്ക്കും ആചാര്യര്‍ ഭാഷ്യം എഴുതിയിട്ടുണ്ട്. വിവേകചൂഡാമണി, ഉപദേശസാഹസ്രി, ദശശ്ലോകി, അപരോക്ഷാനുഭൂതി, ആത്മബോധം, ആത്മസുധാകരം, സ്വാത്മനിരൂപണം, മനീഷാപഞ്ചകം, അദ്വൈതാനുഭൂതി, ബ്രഹ്മാനുചിന്തനം, ശതശ്ലോകി മുതലായവ ശ്രീശങ്കരന്റെ സ്വതന്ത്ര കൃതികളാണ്. ഇവയെല്ലാം അദ്വൈതവേദാന്തതത്ത്വങ്ങളെ പ്രസ്പഷ്ടമാക്കുന്നവയാണ്. ദശശ്ലോകിക്ക് മധുസൂദനസരസ്വതി എഴുതിയ സിദ്ധാന്തബിന്ദു, വിശദവും വിസ്തൃതവുമായ വ്യാഖ്യാനമാണ്.
ശ്രീശങ്കരവിരചിതങ്ങളെന്ന് അറിപ്പെടുന്ന അസംഖ്യം സ്തോത്രങ്ങളും പ്രചാരത്തിലുണ്ട്. അവയില്‍ പലതും ആദിശങ്കരന്റെ കൃതികളാണോ എന്നു സംശയത്തിനിടം നല്കുന്നവയാണ്. അവ 'ബ്രഹ്മാനുഭൂതി' ലഭിക്കുന്നതിനുമുന്‍പുള്ള അവസ്ഥയില്‍ കഴിയുന്ന മന്ദാധികാരികളായ ഭക്തന്‍മാരെ ലക്ഷ്യമാക്കിയിട്ടുള്ളവയാണ്. നിര്‍വിശേഷമായ പരബ്രഹ്മത്തെ സാക്ഷാത്കരിക്കുവാന്‍ അശക്തരായ മന്ദന്‍മാരെ അനുഗ്രഹിക്കുവാനാണ് സഗുണോപാസന. വിഷ്ണുസ്തോത്രങ്ങള്‍ (ശ്രീരാമഭുജംഗം, ലക്ഷ്മീനൃസിംഹസ്തോത്രം, വിഷ്ണുപാദാദികേശസ്ത്രോത്രം, ഹരിസ്തുതി, ഭജഗോവിന്ദം, അഥവാ മോഹമുദ്ഗരം, ഷട്പദീ സ്തോത്രം മുതലായവ), ഗണപതിസ്തോത്രങ്ങള്‍ (ഗണേശപഞ്ചരത്നം മുതലായവ), ശിവസ്തോത്രങ്ങള്‍ (ശിവാനന്ദലഹരി, ദാരിദ്യ്രദുഃഖദഹനസ്തോത്രം, ശിവാപരാധക്ഷമാപണസ്തോത്രം, ശിവഭുജംഗം, ദക്ഷിണാമൂര്‍ത്തി സ്തോത്രം മുതലായവ), ദേവീസ്തോത്രങ്ങള്‍ (സൗന്ദര്യലഹരി, ത്രിപുരസുന്ദര്യഷ്ടകം, അന്നപൂര്‍ണേശ്വരിസ്തോത്രം, കനകധാരാസ്തോത്രം, ദേവീഭുജംഗം, ദേവ്യപരാധക്ഷമാപണ സ്തോത്രങ്ങള്‍, സുബ്രഹ്മണ്യഭുജംഗം മുതലായവ), ഗുരുസ്തോത്രങ്ങള്‍ (ഗുര്‍വഷ്ടകം മുതലായവ) എന്നിങ്ങനെ ആചാര്യപ്രണീതങ്ങളായ അസംഖ്യം സ്തോത്രങ്ങള്‍ ഭക്തിരസനിഷ്യന്ദികളും ഭക്തന്‍മാരെ പരമാനന്ദ ലഹരിയില്‍ ആറാടിക്കുന്നവയും ആയി പ്രചാരത്തിലുണ്ട്. മന്ത്രശാസ്ത്രത്തില്‍ ആചാര്യന്‍ രചിച്ച ഗ്രന്ഥമാണ് പ്രപഞ്ചസാരം. ഈ ഗ്രന്ഥം മുപ്പത്തിരണ്ടു പടലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. നോ: അദ്വൈതം
(പി.കെ. മാധവന്‍ നായര്‍; സ.പ.)