This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തീക്കോയി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തീക്കോയി
കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കിലെ, ഈരാറ്റുപേട്ട ബ്ളോ ക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. തീക്കോയിയും പൂഞ്ഞാര്‍ വടക്കേക്കരയും പൂഞ്ഞാര്‍, നടുഭാഗം എന്നീ വില്ലേജുകളുടെ ഓരോ ഭാഗങ്ങളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 27.19 ച.കി.മീ. വിസ്തൃതിയുണ്ട്; അതിരുകള്‍: കി.ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട ഏലപ്പാറ ഗ്രാമ പഞ്ചായത്ത്; വ.മൂന്നിലവ്-തലനാട് പഞ്ചായത്തുകള്‍; തെ.പൂഞ്ഞാര്‍-പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകള്‍. മുമ്പ് പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ കീഴില്‍, കീഴ്ക്കോയിക്കല്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പില്ക്കാലത്ത് തീക്കോയി ആയി മാറിയതെന്നാണ് വിശ്വാസം. വെള്ളക്കാരാണ് ഈ പ്രദേശത്തിന് തീക്കോയി എന്ന പേരു നല്കിയത് എന്ന പ്രബലമായ മറ്റൊരു വാദവും നിലവിലുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഗോക്കല്ല് എന്ന പേരില്‍ അറിയപ്പെടുന്ന 7 അടി നീളവും 5 അടി വീതിയുമുള്ള ശിലാപാളികള്‍ കൊണ്ടു നിര്‍മിച്ച ശവക്കല്ലറകള്‍ ശിലായുഗം മുതല്‍ ഈ പ്രദേശം മനുഷ്യവാസ കേന്ദ്രമായിരുന്നെന്ന് സമര്‍ഥിക്കുന്നു.
പൂര്‍ണമായും മലനാട് മേഖലയില്‍ ഉള്‍പ്പെടുന്ന കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത്, ഇടുക്കി ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തീക്കോയിയുടെ ഭൂരിഭാഗത്തിനും മലകളും മലഞ്ചരിവുകളും നിറഞ്ഞ ഭൂപ്രകൃതിയാണ്. ഇടുക്കി ജില്ലയോടു ചേര്‍ന്ന ഭാഗങ്ങളില്‍ പുല്ലു മാത്രം വളരുന്ന പാറക്കെട്ടുകളും കിഴക്കന്‍ മേഖലയില്‍ ഗ്രാനൈറ്റ് ശിലാസമൂഹവും കാണാം. പൊതുവേ ലാറ്ററൈറ്റ് ഇനത്തില്‍പ്പെട്ട മണ്ണ് കാണപ്പെടുന്ന ഈ പഞ്ചായത്തിന്റെ ചിലയിടങ്ങളില്‍ കറുത്ത മണ്ണും കല്ലു കലര്‍ന്ന ചെമ്മണ്ണുമാണുള്ളത്. എല്ലായിനം വിളകള്‍ക്കും അനുയോജ്യമാണെങ്കിലും റബ്ബര്‍, തെങ്ങ്, കുരുമുളക്, ജാതി, ഗ്രാമ്പു, കാപ്പി, ഇഞ്ചി, മഞ്ഞള്‍, മരച്ചീനി, പച്ചക്കറികള്‍ എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. വനങ്ങളില്‍ മാത്രം കാണപ്പെടുന്ന വീട്ടി, തേക്ക്, ഇരുള്‍, വേങ്ങ, പാല, മരുത്, കരിമരുത്, കടമ്പ്, മുള്ളുവേങ്ങ തുടങ്ങിയ വൃക്ഷങ്ങളും നിരവധി ഔഷധ സസ്യങ്ങളും ഈ പ്രദേശത്ത് വളരുന്നുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വെരുക്, തേവാങ്ക് എന്നീ മൃഗങ്ങളേയും നിരവധി അപൂര്‍വയിനം പക്ഷികളേയും ഈ പ്രദേശത്ത് കാണാം.
1908-ല്‍ ഇംഗ്ളണ്ടിലെ സാറാസ്മെയിന്‍ കമ്പനി തീക്കോയിയില്‍ റബ്ബര്‍ തോട്ടം ആരംഭിക്കുകയും 1939-ല്‍ കമ്പനി ഈരാറ്റുപേട്ടയില്‍ നിന്ന് തീക്കോയിയിലേക്ക് ഒരു റോഡു നിര്‍മിക്കുകയും ചെയ്തു. കാളവണ്ടികളും പോത്തുവണ്ടികളുമായിരുന്നു അക്കാലത്തെ പ്രധാന വാഹനങ്ങള്‍. 1940-ല്‍ തീക്കോയിയില്‍ ആദ്യമായി കമ്പനി മാനേജരുടെ വക മോട്ടോര്‍കാര്‍ എത്തി. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക തേയില ഫാക്റ്ററി തീക്കോയിയിലാണ് (1966). വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രത്യേകിച്ചും സ്കൂളുകള്‍, സര്‍വീസ് സഹകരണ ബാങ്ക്, കോ-ഓപ്പറേറ്റീവ് ടീ ഫാക്റ്ററി, ക്ഷീരോത്പാദക സഹകരണ സംഘം, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ തീക്കോയിയിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. വിവിധ ദേവാലയങ്ങള്‍ ഉള്ള ഇവിടത്തെ പൂരമഹോത്സവവും അമ്മന്‍ കൊടയും ശ്രദ്ധേയമാണ്.