This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമധുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:09, 6 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിരുമധുരം

മലയാള കവിതാസമാഹാരം. മഹാകവി എം.പി. അപ്പന്‍

(1913-2003) സപ്തതി സ്മരണികയായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കൃതിയില്‍ 'പ്രകാശ'ത്തില്‍ തുടങ്ങി 'സത്യദര്‍ശനം' വരെ എത്തുന്ന തൊണ്ണൂറ്റി മൂന്ന് ഹൃദ്യമായ കവിതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമകാലിക കവികളുടെ കൂട്ടത്തില്‍ ഉന്നതസ്ഥാനീയനായ അപ്പന്‍ കവിത്രയത്തിനും അത്യാധുനിക കവികള്‍ക്കുമിടയ്ക്കുള്ള കവിതാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. കവിഹൃദയത്തില്‍ നിറഞ്ഞു നില്ക്കുന്ന സൌന്ദര്യഭാവനകളും ആത്മപ്രസാദവും ഈ കവിതകളില്‍ പ്രതിഫലിക്കുന്നു. കവി ഒരു പ്രേമഗായകനായും പ്രകൃത്യുപാസകനായും ദേശസ്നേഹിയായും യാഥാതഥ്യവാദിയും വിപ്ളവകാരിയുമായും മാറിക്കൊണ്ടിരിക്കുന്ന രചനാഘട്ടങ്ങള്‍ ഈ കൃതിയില്‍ ദര്‍ശിക്കാന്‍ കഴിയും.

 ഈ സമാഹാരത്തിലെ 'പ്രേമാങ്കുരം',’'രാഗരംഗം', 'ആത്മസഖി'’എന്നീ കവിതകള്‍ പ്രേമഗായകനായ കവിയെ അനുവാചകന് കാട്ടിത്തരുന്നു. കവിയുടെ സ്നേഹസങ്കല്പം പ്രേമഭാവത്തില്‍ നിന്ന് വ്യതിചലിച്ച് സമസൃഷ്ടി സ്നേഹമായി രൂപാന്തരപ്പെടുന്നതിന് മകുടോദാഹരണമാണ് 'കായലോരത്ത്' എന്ന കവിത.
 "എന്നുള്ളില്‍ നിന്‍ നേര്‍ക്കുദിച്ചുപൊങ്ങു-
 മന്യൂന നൈസര്‍ഗ്ഗികാനുരാഗം
 ലോകത്തിനൊപ്പം വികാസമാര്‍ന്നു
 പാകത്തിലുല്ലസിക്കുന്നു ഭദ്രേ!”
 പ്രകൃത്യുപാസകനായ കവിയെ വായനക്കാര്‍ക്കു കാട്ടിത്തരുന്ന കവിതകളാണ് 'പ്രപഞ്ചവും ഞാനും', 'പ്രകൃതിയും കവിയും', 'കാടും നാടും'’തുടങ്ങിയവ. ദേശസ്നേഹിയായി കവി പ്രത്യക്ഷപ്പെടുന്നതായിട്ടാണ് 'ഝാന്‍സിറാണി',’'മാതൃഭൂമിയോട്', 'വീരകേരളം'’എന്നീ ലഘു കവിതകളില്‍ നാം കണ്ടെത്തുന്നത്. 
 ‘'പൊട്ടക്കുടിലില്‍', 'കായലോരത്ത്', 'കാടും നാടും', 'ഓണ നിലാവില്‍'’തുടങ്ങിയ കവിതകളില്‍ യാഥാതഥ്യവാദിയും വിപ്ളവകാരിയുമായി കവി പരിണമിക്കുന്നു. 'നിത്യസൌന്ദര്യം', 'ചെറുപുഷ്പം', 'ശാശ്വതനൃത്തം'’തുടങ്ങിയ കവിതകള്‍ അപ്പന്റെ സിംബലിസത്തിനും മിസ്റ്റിസിസത്തിനും മികച്ച ഉദാഹരണങ്ങളാണ്. പ്രപഞ്ചവേദിയില്‍ നിന്ന് നടനം ചെയ്യുന്ന അപരിമേയ ശക്തിയുടെ നിത്യ നര്‍ത്തനത്തിന്റെ അനവദ്യഹൃദ്യത 'ശാശ്വത നൃത്തം' എന്ന കവിതയില്‍ തെളിഞ്ഞു കാണാം.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍