This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താലിബാന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താലിബാന്
ഠമഹശയമി
അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയവും സൈനികവുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്ന ഒരു ഇസ്ളാമിക ഫണ്ടമെന്റലിസ്റ്റ് വിഭാഗം. 1990-കളുടെ മധ്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം സ്ഥാപിക്കുവാന്‍ ഇവര്‍ക്കു സാധിച്ചു. അഫ്ഗാനിസ്ഥാനിലെ പഷ്തൂണ്‍ വിഭാഗക്കാരാണ് ഇവരില്‍ ഏറെയും. രാജ്യത്തിന്റെ തെക്കന്‍ പ്രദേശത്ത് 1994-ഓടെ താലിബാന്‍ രൂപംകൊണ്ടു. ഇസ്ളാമിക മതവിദ്യാര്‍ഥികളാണ് താലിബാന്റെ രൂപവത്കരണത്തിനു മുന്‍പന്തിയില്‍ നിന്നത്. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന സോവിയറ്റ് സേന 1989-ല്‍ രാജ്യം വിട്ടതിനുശേഷമുണ്ടായ പ്രത്യേക വിഭാഗീയ രാഷ്ട്രീയാവസ്ഥയിലും മത്സരത്തിലും അരാജകത്വത്തിലും നിന്ന് ഉടലെടുത്തതാണിത്.
രാജ്യം മുഴുവനും തങ്ങളുടെ നിയന്ത്രണത്തിലാക്കി ഏകീകൃത ഭരണം സ്ഥാപിക്കുകയെന്നതായിരുന്നു താലിബാന്റെ ലക്ഷ്യം. ഇതിനായുള്ള സൈനികമുന്നേറ്റത്തില്‍ എതിര്‍ വിഭാഗങ്ങളെ ഇവര്‍ക്ക് നേരിടേണ്ടിയിരുന്നു. തുടക്കത്തില്‍ ചില പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നുവെങ്കിലും 1995-ഓടെ ഇവര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുതുടങ്ങി. 1996-ല്‍ കാബൂള്‍ പിടിച്ചടക്കി ഗവണ്‍മെന്റ് സ്ഥാപിക്കുവാന്‍ താലിബാന് സാധിച്ചു. മുല്ല മുഹമ്മദ് ഒമര്‍ താലിബാന് നേതൃത്വം നല്കി. കടുത്ത ഇസ്ളാമിക നിയമം ഇവര്‍ കര്‍ശനമായി നടപ്പിലാക്കി. പൊതുജീവിതസരണിയില്‍ നിന്ന് സ്ത്രീകളെ ഒഴിച്ചുനിറുത്തുന്ന സമീപനമാണ് താലിബാന്‍ സ്വീകരിച്ചത്. സ്ത്രീകള്‍ പുറത്തിറങ്ങി തൊഴില്‍ ചെയ്യുന്നത് വിലക്കി. ഇത്തരം നിയന്ത്രണങ്ങള്‍ പ്രതിഷേധത്തിനിടയാക്കുകയുമുണ്ടായി. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍നിന്ന് മറ്റു വിഭാഗങ്ങള്‍ താലിബാനെ എതിര്‍ക്കുന്നുണ്ടായിരുന്നു. 1998-ന്റെ അവസാനമായപ്പോഴേക്കും രാജ്യത്തിന്റെ 90 ശ.മാ.ഭാഗങ്ങളില്‍ താലിബാന് നിയന്ത്രണമുണ്ടായി. 1999-ല്‍ അഹമ്മദ് ഷാ മസൂദ് എന്ന താജിക് നേതാവിന്റെ എതിര്‍പ്പാണ് താലിബാനെതിരെ കടുത്തരീതിയില്‍ ഉണ്ടായത്. അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള താലിബാന്റെ ശ്രമം വിജയപ്രദമായില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുവെന്നാരോപിക്കപ്പെട്ട സൌദി അറേബ്യന്‍ സമ്പന്നനായ ഒസാമ ബിന്‍ ലാദന്‍ എന്ന ഇസ്ളാമിക നേതാവിനും മറ്റു തീവ്രവാദികള്‍ക്കും താലിബാന്‍ സംരക്ഷണം കൊടുക്കുന്നുവെന്ന് ആരോപണമുണ്ടായി. 2001 സെപ്.-ല്‍ യു.എസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ എന്നിവയ്ക്കുനേരെ ഭീകരാക്രമണമുണ്ടായി. ഇതിനെത്തുടര്‍ന്ന് ബിന്‍ലാദനെ വിട്ടുകൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യം നടപ്പിലാക്കാന്‍ താലിബാന്‍ വിസമ്മതിച്ചു. ഇതോടെ യു.എസ്സും താലിബാനും തമ്മില്‍ സൈനികസംഘട്ടനമുണ്ടായി. തദ്ഫലമായി താലിബാന്‍ അധികാരഭ്രഷ്ടമായി.