This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തരായിന്‍ യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:30, 2 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തരായിന്‍ യുദ്ധങ്ങള്‍

ഇന്ത്യയില്‍ മുഹമ്മദ് ഗോറിയുടെ ആധിപത്യത്തിന്‍കീഴില്‍ ഒരു മുസ്ളിം രാഷ്ട്രം സ്ഥാപിക്കുന്നതിനു കാരണമായിത്തീര്‍ന്ന രണ്ട് യുദ്ധങ്ങള്‍. 1191-ല്‍ ഒന്നാം തരായിന്‍ (തരാവഡി) യുദ്ധവും


1192-ല്‍ രണ്ടാം തരായിന്‍ യുദ്ധവും നടന്നു. തുര്‍ക്കി ആക്രമണകാരിയായ മുഹമ്മദ് ഗോറിയും ഡല്‍ഹിയിലെ രജപുത്ര രാജാവായിരുന്ന പൃഥ്വീരാജും തമ്മിലായിരുന്നു ഈ യുദ്ധങ്ങള്‍. എ.ഡി. 1175-ല്‍ മുഹമ്മദ് ഗോറി ഇന്ത്യയെ ആക്രമിച്ചു. പെഷവാര്‍, ലാഹോര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഗോറിയുടെ സൈന്യം പിടിച്ചെടുത്തു. വടക്കേ ഇന്ത്യ അക്കാലത്ത് തമ്മില്‍ കലഹിച്ചുകഴിഞ്ഞിരുന്ന രജപുത്ര രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. ഈ രജപുത്ര രാജാക്കന്‍മാരില്‍ പ്രമുഖരായിരുന്നു അജ്മീര്‍-ഡല്‍ഹി രാജാവായിരുന്ന ചൌഹാന്‍ വംശത്തില്‍പ്പെട്ട പൃഥ്വീരാജും കന്യാകുബ്ജത്തിലെ രാജാവായിരുന്ന ജയചന്ദ്രനും. ജയചന്ദ്രന്റെ മകളായ സംയുക്താറാണിയെ സ്വയംവരവേളയില്‍ പൃഥ്വീരാജ് തട്ടിക്കൊണ്ടുപോയി. ഇത് രാജാക്കന്‍മാര്‍ തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കാന്‍ കാരണമായി. മുഹമ്മദ് ഗോറിയുടെ സേന ഡല്‍ഹിയെ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ ജയചന്ദ്രനും പൃഥ്വീരാജും അവരുടെ ശത്രുതയുടെ പാരമ്യതയിലായിരുന്നു. പൃഥ്വീരാജിനെ തോല്പിക്കുവാന്‍വേണ്ടി ജയചന്ദ്രന്‍ മുഹമ്മദ് ഗോറിക്കു സ്വയം കീഴടങ്ങിക്കൊണ്ട് ഡല്‍ഹിയെ ആക്രമിക്കുവാന്‍ മുഹമ്മദ് ഗോറിയെ പ്രേരിപ്പിച്ചു. 1191-ല്‍ മുഹമ്മദ് ഗോറി ഡല്‍ഹി ആക്രമിച്ചു. മുഹമ്മദ് ഗോറി പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായിരുന്നു രജപുത്രസൈന്യം. പൃഥ്വീരാജിനു വലിയൊരു സേന സ്വന്തമായുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൈന്യത്തില്‍ രണ്ടു ലക്ഷം കുതിരപ്പടയാളികളും മൂവായിരം ആനകളും വലിയൊരു സംഖ്യയിലുള്ള കാലാള്‍പ്പടയും ഉണ്ടായിരുന്നു. ജയചന്ദ്രന്‍ ഒഴികെയുള്ള മിക്ക രജപുത്ര രാജാക്കന്മാരും പൃഥ്വീരാജിന്റെ സഹായത്തിനുണ്ടായിരുന്നു. മുഹമ്മദ് ഗോറിയുടെ സൈന്യവും പൃഥ്വീരാജിന്റെ സൈന്യവും ഡല്‍ഹിയുടെ തലസ്ഥാനമായ സ്ഥാനേശ്വരത്തിനു സമീപമുള്ള തരായിന്‍ (മൂലനാമം തരാവഡി) എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. ഇതായിരുന്നു ഒന്നാം തരായിന്‍ യുദ്ധം. രജപുത്ര സൈനികര്‍ തുര്‍ക്കി സൈനികരേക്കാള്‍ ഒട്ടും മോശമായിരുന്നില്ല. ഒന്നാം തരായിന്‍ യുദ്ധത്തില്‍ രജപുത്ര സൈനികര്‍ തങ്ങളുടെ വീരപരാക്രമങ്ങള്‍കൊണ്ട് മുഹമ്മദ് ഗോറിയെ അമ്പരപ്പിച്ചു. അസാമാന്യമായ ധീരതയോടെ പൊരുതിയ രജപുത്രസേന മുസ്ളിം ആക്രമണകാരികളെ നിലംപരിശാക്കി. യുദ്ധത്തില്‍ മുറിവേറ്റ മുഹമ്മദ് ഗോറി, തന്റെ രക്ഷപ്പെട്ട സൈനികരെയുംകൊണ്ട് ഗസ്നിയിലേക്കു മടങ്ങി.

ഒന്നാം തരായിന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും മുഹമ്മദ് ഗോറി നിരാശനായില്ല. ഗസ്നിയില്‍ തിരിച്ചെത്തിയ മുഹമ്മദ് ഗോറി ശക്തമായൊരു സേനയെ വീണ്ടും സജ്ജീകരിച്ചു. പുതിയ സൈന്യത്തേയുംകൊണ്ട് 1192-ല്‍ ഗോറി വീണ്ടും ഇന്ത്യയെ ആക്രമിച്ചു. ഒന്നാം തരായിന്‍ യുദ്ധത്തില്‍ തനിക്കുനേരിട്ട പരാജയത്തിനു പകരംവീട്ടുകയെന്നതായിരുന്നു ഗോറിയുടെ ലക്ഷ്യം. എല്ലാവിധ സന്നാഹങ്ങളോടുംകൂടിയായിരുന്നു രണ്ടാമത്തെ ആക്രമണം. രജപുത്രസേനയെ വീണ്ടും യുദ്ധസജ്ജമാക്കുവാന്‍ പൃഥ്വീരാജും തയ്യാറെടുത്തു. ഗോറിയുടെ സേനയും പൃഥ്വീരാജിന്റെ സേനയും രണ്ടാമതും തരായിനില്‍ ഏറ്റുമുട്ടി. ഇതായിരുന്നു രണ്ടാം തരായിന്‍ യുദ്ധം. ഭീകരമായ ഈ യുദ്ധത്തില്‍ മുഹമ്മദ് ഗോറിയുടെ സൈന്യം രജപുത്ര സേനയെ പരാജയപ്പെടുത്തി. രജപുത്രസൈന്യം ഛിന്നഭിന്നമായതോടുകൂടി പൃഥ്വീരാജിനെ തുര്‍ക്കിസൈന്യം തടവുകാരനായി പിടികൂടി. മുഹമ്മദ് ഗോറിയുടെ സാന്നിധ്യത്തില്‍ പൃഥ്വീരാജിനെ ചിത്രവധം ചെയ്തു. പൃഥ്വീരാജിന്റെ സഹോദരനും യുദ്ധത്തില്‍ മരണമടഞ്ഞു. പൃഥ്വീരാജിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ജയചന്ദ്രനായിരുന്നു. എന്നാല്‍ രണ്ടാം തരായിന്‍ യുദ്ധം വിജയകരമായി പര്യവസാനിച്ചതോടെ രാജ്യവിസ്തൃതിയില്‍ അതിമോഹം വര്‍ധിച്ച മുഹമ്മദ് ഗോറി ജയചന്ദ്രന്റെ കനൌജിനെ (കന്യാകുബ്ജം) ആക്രമിച്ചു. അപ്രതീക്ഷിതമായ ഈ യുദ്ധത്തില്‍ ജയചന്ദ്രനെ അനായാസം വധിക്കുവാനും കനൌജ് പിടിച്ചെടുക്കുവാനും ഗോറിക്കു സാധിച്ചു.

രണ്ടാം തരായിന്‍ യുദ്ധത്തില്‍ മുഹമ്മദ് ഗോറി നേടിയ വിജയം തികച്ചും നിര്‍ണായകമായിരുന്നു. ഇന്ത്യയില്‍ മുസ്ളിം(തുര്‍ക്കി) ഭരണത്തിന് അടിസ്ഥാനമിടാന്‍ വഴിയൊരുക്കിയത് ഈ യുദ്ധമായിരുന്നു. രജപുത്രര്‍ തങ്ങളുടെ രാജ്യം പുനഃസ്ഥാപിക്കുവാന്‍ പല തവണ ശ്രമിച്ചെങ്കിലും അതു പരാജയത്തില്‍ മാത്രമാണ് കലാശിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളും തുര്‍ക്കി സൈന്യം തങ്ങളുടെ അധീനതയിന്‍ കീഴിലാക്കി. മുഹമ്മദ് ഗോറിയുടെ ഏറ്റവും വിശ്വസ്ത അടിമകളായിരുന്ന കുത്ബുദ്ദീന്‍ ഐബക്ക്, ഇക്തിയാര്‍-ഉദ്-ദിന്‍-മുഹമ്മദ് എന്നിവരാണ് ഈ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്കിയത്. രണ്ടാം തരായിന്‍ യുദ്ധം കഴിഞ്ഞതിനുശേഷം മുഹമ്മദ് ഗോറി ഗസ്നിയിലേക്കു മടങ്ങി. ഇന്ത്യയില്‍ അദ്ദേഹം പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭരണാധിപനായി കുത്ബുദ്ദീന്‍ ഐബക്ക് നിയമിക്കപ്പെട്ടു. ഈ സംഭവം ഇന്ത്യയില്‍ തുര്‍ക്കി-ഇസ്ളാം ഭരണത്തിന്റെ ആരംഭം കുറിച്ചു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍