This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തപോവനസ്വാമി (1889 - 1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:24, 2 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തപോവനസ്വാമി (1889 - 1957)

കേരളീയനായ സന്ന്യാസിശ്രേഷ്ഠന്‍. ഉത്തരകാശിയില്‍ ആശ്രമം സ്ഥാപിച്ച് ആധ്യാത്മിക പ്രവര്‍ത്തനം നടത്തിയിരുന്ന ഇദ്ദേഹം ദേശീയതലത്തില്‍ പ്രശസ്തനും സംസ്കൃതത്തിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

പാലക്കാടിനു സമീപം കുഴല്‍മന്ദത്ത് പുത്തന്‍വീടുതറവാട്ടില്‍ അച്യുതന്‍ നായരുടേയും കുഞ്ഞമ്മയുടേയും മകനായി 1889-ല്‍ ജനിച്ചു. സുബ്രഹ്മണ്യന്‍ (ചിപ്പുക്കുട്ടിനായര്‍) എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. ചെറുപ്പത്തില്‍ത്തന്നെ അധ്യാത്മപഠനത്തില്‍ തത്പരനായിരുന്നു സുബ്രഹ്മണ്യന്‍. പിതാവിന്റെ ചരമശേഷം 21-ാം വയസ്സില്‍ തീര്‍ഥയാത്രയ്ക്കു പുറപ്പെടുകയും സൌരാഷ്ട്രത്തില്‍ സ്വാമി ശാന്ത്യാനന്ദ സരസ്വതിയുടെ ശിഷ്യത്വം സ്വീകരിച്ച് ഭാരതീയ ദര്‍ശനങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തു. കേരളത്തില്‍ തിരിച്ചെത്തിയശേഷം ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ (ഗോപാലകൃഷ്ണ ഗോഖലെയുടെ സ്മരണാര്‍ഥം) ദേശീയ പ്രസ്ഥാനത്തിനും ആധ്യാത്മിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്കി ഒരു മാസിക പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. ചട്ടമ്പിസ്വാമികള്‍, ശിവാനന്ദയോഗി തുടങ്ങിയ യതിവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ദേശീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു.

ഒരിക്കല്‍ ശാന്ത്യാനന്ദസ്വാമിയെ സന്ദര്‍ശിച്ച അവസരത്തില്‍ കൊല്‍ക്കത്തയില്‍ സാമൂഹിക-ആധ്യാത്മിക പ്രവര്‍ത്തനം നടത്തുന്നതിന് അദ്ദേഹം നിര്‍ദേശിച്ചു. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആ സ്ഥാനമായ ബേലൂര്‍മഠത്തിലായിരുന്നു താമസം. അന്നത്തെ ശങ്കരാചാര്യ മഠാധിപതിയില്‍ നിന്നും 'ചിദ്വിലാസന്‍' എന്ന ബഹുമതി ലഭിച്ചു. ഇക്കാലത്ത് കാശി, പ്രയാഗ, ഹരിദ്വാരം, ഹൃഷീകേശം തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാംഗ്രി (കാംഗ്ടി) ഗുരുകുലമഹാവിദ്യാലയത്തില്‍ ശ്രീ ശ്രദ്ധാനന്ദസ്വാമിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ തിരിച്ചെത്തി മൂന്ന് വര്‍ഷക്കാലം ആധ്യാത്മിക പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. പിന്നീട് ഹിമാലയസാനുക്കള്‍ ആധ്യാത്മിക സാധനയ്ക്ക് അനുയോജ്യമായ സ്ഥലമായി കരുതി ഹൃഷീകേശത്തിലും ഉത്തരകാശിയിലും ആശ്രമം സ്ഥാപിക്കുകയും 34-ാം വയസ്സില്‍ സന്ന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു. കൈലാസാശ്രമത്തിലെ ജനാര്‍ദനഗിരിസ്വാമികളില്‍ നിന്നാണ് സന്ന്യാസം സ്വീകരിച്ചത്. ശാങ്കര സമ്പ്രദായത്തിലുള്ള സന്ന്യാസ ദീക്ഷയായിരുന്നു. സ്വാമി തപോവനം എന്ന യോഗിനാമം സ്വീകരിച്ചു.

ചെറുപ്പത്തില്‍ത്തന്നെ കാവ്യരചനയില്‍ തത്പരനായിരുന്ന ഇദ്ദേഹം 18-ാം വയസ്സില്‍ രചിച്ച ഭാഷാകാവ്യമാണ് വിഭാകരന്‍. വിഷ്ണുയമകം എന്ന കാവ്യമാണ് അടുത്തത്. പില്ക്കാലത്ത് സംസ്കൃതത്തിലും മലയാളത്തിലുമായി അനേകം കൃതികള്‍ രചിച്ചവയില്‍ ബദരീശസ്തോത്രം, സൌമ്യകാശീശസ്തോത്രം, ഗംഗാസഹസ്രനാമസ്തോത്രം, ഗംഗോത്തരീക്ഷേത്രമാഹാത്മ്യം, ഈശ്വര ദര്‍ശനം, ഗംഗാസ്തോത്രം എന്നീ സംസ്കൃത കൃതികളും ഹിമഗിരി വിഹാരം (2 ഭാഗം), കൈലാസയാത്ര എന്നീ മലയാളകൃതികളും പ്രസിദ്ധങ്ങളാണ്.

ബദരീനാഥത്തിലെ നാരായണമൂര്‍ത്തിയെ പ്രകീര്‍ത്തിക്കുന്ന നൂറുപദ്യങ്ങളുള്ള കാവ്യമാണ് ബദരീശസ്തോത്രം. അധ്യാരോപം, അപവാദം, സാധന, ഫലം എന്നീ ശീര്‍ഷകങ്ങളില്‍ 25 പദ്യങ്ങള്‍ വീതമുള്ള നാല് സ്തബകങ്ങളില്‍ നാരായണമൂര്‍ത്തിയുടെ ആരാധനാഭേദങ്ങള്‍ വര്‍ണിക്കുന്നു. കൊല്ലങ്കോട് പി. ഗോപാലന്‍നായര്‍ ഇതിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

ഹിമവാന്റെ മുകളിലുള്ള ഉത്തരകാശി (സൌമ്യകാശി)യിലെ ദേവനെ പ്രകീര്‍ത്തിച്ചുകൊണ്ടും അധ്യാത്മതത്ത്വങ്ങള്‍ വിശദീകരിച്ചുകൊണ്ടുമുള്ള കൃതിയാണ് സൌമ്യകാശീശസ്തോത്രം. ഈശാവാസ്യം തുടങ്ങിയ പത്ത് പ്രധാന ഉപനിഷത്തുകളുടേയും (ദശോ പനിഷത്തുകള്‍) ശ്വേതാശ്വതരം, ബ്രഹ്മബിന്ദു, കൈവല്യം, പരമഹംസം, മൈത്രേയി, തേജോബിന്ദു എന്നീ ആറ് ഉപനിഷത്തുകളുടേയും സാരാംശം 25 പദ്യം വീതമുള്ള 18 സ്തബകങ്ങളില്‍ പ്രതിപാദിക്കുന്നു. തത്ത്വചിന്താഗൌരവമുള്ളവയും അതേസമയം അലങ്കാരസുന്ദരവുമാണ് പദ്യങ്ങള്‍. ജ്ഞാനവും ഭക്തിയും സമ്മേളിച്ചിരിക്കുന്ന ഈ കാവ്യത്തിന് പരമാനന്ദതീര്‍ഥസ്വാമി വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

ഗദ്യ പദ്യ സമ്മിശ്രമായ ഈശ്വരദര്‍ശനം എന്ന പ്രബന്ധം തപോവനസ്വാമിയുടെ ആത്മകഥ എന്ന നിലയിലും ഭാരതത്തിലെ ആധ്യാത്മിക കേന്ദ്രങ്ങളേയും പുണ്യതീര്‍ഥങ്ങളേയും വിശിഷ്ടരായ യതിവര്യരേയും പരിചയപ്പെടുത്തുന്ന ഗ്രന്ഥമെന്ന നിലയിലും ആധ്യാത്മിക കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രിയംകരമാണ്. പത്ത് ഉല്ലാസങ്ങള്‍ (അധ്യായങ്ങള്‍) വീതമുള്ള രണ്ടുഭാഗത്തോടുകൂടിയ ഇതിന് തപോവനചരിതം എന്നും പേരുണ്ട്. അഹമ്മദാബാദ്, കൊല്‍ക്കത്ത, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹിമഗിരിവിഹാരം (1941, 43), കൈലാസയാത്ര (1928) എന്നീ കൃതികളിലെ പല ഭാഗങ്ങളും കോഴിക്കോട്ടു നിന്നുള്ള മനോരമ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഹിമഗിരിവിഹാരം രണ്ട് ഭാഗമായാണ് പ്രസിദ്ധീകരിച്ചത്. രണ്ടുതവണ താന്‍ നടത്തിയ കൈ ലാസയാത്രയുടെ അനുഭവവും ആ പ്രദേശങ്ങളുടെ പ്രകൃതിരമണീയകതയും കാവ്യാത്മകമായി ഈ കൃതികളില്‍ അവതരിപ്പിച്ചിരിക്കുന്നു. സംസ്കൃതത്തിലുള്ള ഈശ്വരദര്‍ശനം എന്ന കൃതിയിലെ പല ഭാഗങ്ങളുടേയും ഭാഷാനുവാദവും ഇവയിലുണ്ട്.

1957 ജനു. 16-ന് തപോവനസ്വാമി സമാധിയായി. ഇദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ബാലകൃഷ്ണഭട്ടശാസ്ത്രി എന്ന ഭക്തന്‍ തപോവനശതകം എന്ന കാവ്യം രചിച്ചു. ചിന്മയാനന്ദസ്വാമിയുടെ ഗുരുവായ തപോവനസ്വാമിയുടെ സ്മരണാര്‍ഥം ചിന്മയാമിഷന്‍ ഇംഗ്ളീഷില്‍ തപോവനപ്രസാദം എന്ന മാസിക പ്രസിദ്ധീകരിച്ചു വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍