This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തണ്ടാന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തണ്ടാന്‍
കേരളത്തിലെ ഒരു ജാതി. തെങ്ങുകയറ്റമാണ് പരമ്പരാഗത തൊഴില്‍. സംസ്കൃതത്തിലെ ദണ്ഡനം എന്ന വാക്കില്‍ നിന്നാണ് തണ്ടാന്‍ എന്ന പദം നിഷ്പന്നമായതെന്ന് കരുതപ്പെടുന്നു. പണ്ട് ശിക്ഷാവിധികള്‍ നടപ്പാക്കുന്ന ജോലി നിര്‍വഹിച്ചിരുന്നവരാണ് പില്ക്കാലത്ത് തണ്ടാന്‍ സമുദായക്കാരായതെന്നാണ് ഒരു ഐതി ഹ്യം. ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ചും കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇവരെ ഊരാളികള്‍ എന്നാണ് വിളിച്ചുവരുന്നത്. അപൂര്‍വം ചില സ്ഥലങ്ങളില്‍ വേലന്മാര്‍ എന്നും വിളിക്കുന്നുണ്ട്. ആധുനികകാലത്ത് വേലന്മാര്‍ എന്ന പേരില്‍ മറ്റൊരു പ്രത്യേക വര്‍ഗംതന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങളുടെ കാവല്‍ക്കാര്‍ എന്ന അര്‍ഥത്തിലാണ് ഊരാളി എന്ന് പ്രയോഗിച്ചിരുന്നത്. മധ്യകേരളത്തിലെ തണ്ടാന്മാര്‍ക്കിടയില്‍ പുരുഷന്മാര്‍ക്ക് 'മൂപ്പന്‍' എന്നും സ്ത്രീകള്‍ക്ക് 'മൂപ്പത്തി' എന്നുമുള്ള സ്ഥാനപ്പേരുണ്ടായി രുന്നു. ഇന്നത് അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍, എണ്ണയാട്ടു കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള വാണിയ ജാതി യില്‍പ്പെട്ടവരുടെയിടയില്‍ മൂപ്പന്‍, മൂപ്പത്തി സ്ഥാനങ്ങള്‍ നിലവിലുണ്ട്. മേല്‍ജാതിക്കാരെ സംബോധന ചെയ്യുമ്പോള്‍ തണ്ടാന്‍ ജാതിക്കാര്‍ സ്വയം 'കുഴിയന്‍' എന്നു പറയാറുണ്ടായിരുന്നു. കുഴിയില്‍ വസിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ കുഴിയന്‍ എന്നു സ്വയം വിളിക്കുന്നത്, തണ്ടാന്മാരുടെ താഴ്ന്ന ജാതി പദവിയെ സൂചിപ്പിക്കാനാണ്. കാലാന്തരത്തില്‍ ഈ ആചാരത്തിന് അറുതി വന്നു.
വള്ളുവനാട്ടിലും പാലക്കാട്ടുമുള്ള തണ്ടാന്മാര്‍ ഈഴവ ഉപജാതിക്കാരാണെന്ന് അവകാശപ്പെടുന്നുണ്ട്. തണ്ടാന്മാര്‍ ആദ്യകാലത്ത് ഈഴവജാതിയായിരുന്നുവെന്നും പില്ക്കാലത്ത് അധഃപതിച്ചുവെന്നുമാണ് ഐതിഹ്യം. മലബാറില്‍ സൈനിക സേവനം നടത്തിയിരുന്ന ഇവര്‍ക്ക് രാജാക്കന്മാര്‍ കരമൊഴിവായി ഭൂമി നല്കിയിരുന്നു. ഇങ്ങനെ ലഭിക്കുന്ന ഭൂമി 'ഊരാളിപ്പറമ്പ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ക്രമേണ തെങ്ങുകയറ്റം ഇവരുടെ പരമ്പരാഗത തൊഴിലായി മാറുകയാണുണ്ടായത്. തണ്ടാന്മാര്‍ക്കിടയില്‍ നാല് ഉപജാതികളുണ്ട്. ഇളഞ്ഞി, പുവര്‍, ഇരുനെല്ലി, പിളക്കുടി എന്നീ പേരുകളിലാണ് ഈ ഉപജാതികള്‍ അറിയപ്പെട്ടിരുന്നത്.
7-നും 12-നുമിടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് 'കഴുത്ത് കെട്ട്' അഥവാ 'കെട്ടുകല്യാണം'നടത്തുന്ന പതിവുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ മച്ചമ്പിമാരായിരുന്നു വരന്മാരായി കെട്ടുകല്യാ ണത്തില്‍ പങ്കെടുത്തിരുന്നത്. ഓരോ കെട്ടുകല്യാണത്തിനും ഒന്നി ലധികം കുട്ടികളുണ്ടായിരിക്കും. താലികെട്ടിനു ശേഷം വധുവിന്റെ പിതാവ് വരന് ഒരു പ്രതിഫലം കൊടുക്കുന്നതോടെ ചടങ്ങ് അവ സാനിക്കുന്നു. തണ്ടാന്മാര്‍ക്കിടയിലെ പുരോഹിതന്മാരായ തണ്ടാ ക്കുറുപ്പന്മാരായിരുന്നു കഴുത്ത്കെട്ട് കല്യാണത്തിന് കാര്‍മികത്വം വഹിച്ചിരുന്നത്. കുറുപ്പിന് ദക്ഷിണ നല്കിക്കൊണ്ടാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്. കഴുത്ത് കെട്ട് കല്യാണത്തിന് യഥാര്‍ഥ വിവാഹവുമായി ബന്ധമുണ്ടായിരുന്നില്ല. പെണ്‍കുട്ടി ഋതുമതിയായതിനു ശേഷമാണ് യഥാര്‍ഥവിവാഹം നടത്തിയിരുന്നത്. എങ്കിലും, കഴുത്തുകെട്ട് കല്യാണം നടത്താത്തവരെ ജാതിഭ്രഷ്ട് കല്പിച്ചിരുന്നു. കുടുംബത്തിലെ ഏറ്റവും മൂത്തവര്‍ മരിക്കുമ്പോള്‍ ദഹിപ്പിക്കുകയും മറ്റുള്ളവരെ കുഴിച്ചിടുകയുമാണ് പതിവ്. പത്തു ദിവസം നീണ്ടുനില്ക്കുന്ന മരണാനന്തരചടങ്ങുകള്‍ ആചരിച്ചിരുന്നു. ചരമവാര്‍ഷികം ആഘോഷിക്കുന്നത് സമുദ്രതീരത്താണ്. പരേതാത്മാവിനെ ഊട്ടുന്നതിന്റെ പ്രതീകമെന്നോണം വേവിച്ച ആഹാരം കടലിലേക്ക് എറിയുക പതിവാണ്. പൂജാരിമാരായ തണ്ടാക്കുറുപ്പന്മാര്‍തന്നെയാണ് തണ്ടാന്മാരുടെ ക്ഷൌരജോലിയും നിര്‍വഹിച്ചിരുന്നത്. മുഖ്യ ആരാധനാമൂര്‍ത്തി ഭദ്രകാളിയാണ്. വസൂരിയുടെ മൂര്‍ത്തിയെന്നു വിശ്വസിക്കപ്പെടുന്ന മറുതയേയും ഇവര്‍ ആരാധിച്ചിരുന്നു. ചിലര്‍ ചിത്രഗുപ്തനേയും ആരാധിച്ചിരുന്നു. ആരാധനാമൂര്‍ത്തികള്‍ക്ക് കള്ള് നിവേദിക്കുന്ന പതിവുണ്ടായിരുന്നു. ലോഗന്‍, തേഴ്സ്റ്റണ്‍, പദ്മനാഭമേനോന്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ തണ്ടാന്‍ സമുദായത്തിന്റേയും അവരുടെ ആചാരങ്ങളുടേയും വസ്തുനിഷ്ഠമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പില്ക്കാലത്ത് തണ്ടാന്‍ സമുദായത്തിലെ പഴയ ആചാരങ്ങള്‍ അവസാനിക്കുകയും കേരളീയ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയുമായി ഇവര്‍ ഇഴുകിച്ചേരുകയും ചെയ്തിട്ടുണ്ട്.