This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തടാതക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തടാതക
പുരാണകഥാപാത്രം. മധുരയിലെ മീനാക്ഷീ ക്ഷേത്രത്തിലെ ദേവിയുടെ അവതാരം എന്ന സങ്കല്പവും നിലവിലുണ്ട്. ശ്രീപാര്‍വതിയെ മീനാക്ഷീദേവിയായും ശ്രീപരമേശ്വരനെ സുന്ദരേശനായും മീനാക്ഷീ ക്ഷേത്രത്തില്‍ ആരാധിക്കുന്നു. ശിവഭക്തനും പാണ്ഡ്യ രാജാവുമായിരുന്ന മലയധ്വജപാണ്ഡ്യന്റെ പുത്രിയായി തടാതക എന്ന പേരില്‍ മീനാക്ഷീദേവി അവതരിച്ച കഥ ഹാലാസ്യ മാഹാത്മ്യത്തില്‍ വര്‍ണിക്കുന്നുണ്ട്.
മധുരാനഗരം സ്ഥാപിച്ച കുലശേഖര പാണ്ഡ്യന്റെ മകനാണ് മലയധ്വജപാണ്ഡ്യന്‍. സൂര്യവംശരാജാവായ ശൂരസേനന്റെ പുത്രി കാഞ്ചനമാലയായിരുന്നു മലയധ്വജപാണ്ഡ്യന്റെ പത്നി. ദീര്‍ഘ കാലം സന്താനസൌഭാഗ്യമുണ്ടാകാതിരുന്നതിനാല് രാജാവ് പുത്ര കാമേഷ്ടി യാഗം നടത്തി. യജ്ഞവേദിയില്‍ മൂന്ന് വയസ്സു മാത്രം പ്രായമുള്ള ഒരു ബാലിക പ്രത്യക്ഷയാകുകയും രാജ്ഞിയുടെ സമീപത്തെത്തി മടിയില്‍ ഇരിക്കുകയും ചെയ്തു. ഈ ബാലികയെ രാജാവും രാജ്ഞിയും പുത്രിയായി സ്വീകരിച്ചു. പുത്രിക്ക് ജന്മനാ നെഞ്ചില്‍ മൂന്ന് സ്തനമുള്ളതായിക്കണ്ടപ്പോള്‍ പുത്രിയുടെ ഭാവിയെപ്പറ്റി അവര്‍ ആശങ്കാകുലരായി. എന്നാല്‍ അപ്പോള്‍ ഒരു അശരീരി കേട്ടു. ഈ ബാലിക സാക്ഷാല്‍ മധുര മീനാക്ഷീദേവി തന്നെയാണെന്നും ഭര്‍ത്താവാകുന്ന പുരുഷനെ കാണുമ്പോള്‍ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമാകുമെന്നും ബാലികയ്ക്ക് 'തടാതക' എന്നു പേരിടണം എന്നുമായിരുന്നു അശരീരി.
തടാതക യൌവ്വനയുക്തയായപ്പോള്‍ രാജാവ് തന്റെ പിന്‍ഗാമി യായി അഭിഷേകം ചെയ്തു. വാര്‍ധക്യം മൂലം രാജാവ് ചരമഗതി പ്രാപിച്ചു. തന്റെ മൂന്നാമത്തെ സ്തനത്തിന്റെ രഹസ്യം മാതാവില്‍ നിന്ന് അറിഞ്ഞിരുന്ന തടാതക തന്റെ വരനെ കണ്ടെത്തുന്നതിന് ഉപായമാലോചിച്ചു. ദിഗ്വിജയ യാത്രയ്ക്കു പുറപ്പെട്ട് ഇന്ദ്രനേയും മറ്റു ദേവന്മാരേയും പരാജിതരാക്കി ജൈത്രയാത്ര തുടര്‍ന്നു. കൈലാസത്തിലെത്തിയ തടാതകയെ ദ്വാരപാലകര്‍ തടഞ്ഞു. നന്ദികേശ്വരനില്‍ നിന്നു വിവരമറിഞ്ഞ പരമശിവന് പതിനാറ് വയസ്സുള്ള സുന്ദരരൂപനായി ഗോപുര കവാടത്തിലെത്തി. പരമശിവനെ കണ്ട മാത്രയില്‍ തടാതകയുടെ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമായി. പരമശിവന് സുന്ദരേശരൂപനായിത്തന്നെ സപരിവാരം മധുരാപുരിയിലെത്തി. സുന്ദരേശന്റേയും തടാതകയുടേയും വിവാഹം മംഗളമായി നടന്നു. ഇവര്‍ മധുരമീനാക്ഷീ ക്ഷേത്രത്തില്‍ മീനാക്ഷീദേവിയും സുന്ദരേശ പാണ്ഡ്യനുമായി ആരാധിക്കപ്പെട്ടു.
ഒരിക്കല്‍ കാഞ്ചനമാല സമുദ്രസ്നാനത്തിനുള്ള തന്റെ ആഗ്രഹം തടാതകയെ അറിയിച്ചു. സ്ത്രീകള്‍ ഭര്‍ത്താവിനോടൊപ്പമോ പുത്രനോടൊപ്പമോ മാത്രമേ സമുദ്രത്തില്‍ ഇറങ്ങാവൂ എന്നു വിധിയുണ്ടായിരുന്നു. പരമശിവനായ സുന്ദരേശന് സ്മരണ മാത്രയില്‍ മലയധ്വജപാണ്ഡ്യനെ സ്വര്‍ഗത്തുനിന്ന് ഭൂമിയില്‍ വരുത്തി. കാഞ്ചനമാലയുമൊത്തുള്ള സമുദ്രസ്നാനത്തിനുശേഷം മലയധ്വജപാണ്ഡ്യനും കാഞ്ചനമാലയും ആകാശമാര്‍ഗം സ്വര്‍ഗത്തിലെത്തിച്ചേര്‍ന്നു.
മധുരാനഗരിക്ക് ഹാലാസ്യം എന്നും പേരുണ്ട്. മധുരമീനാക്ഷീ ക്ഷേത്രത്തെ പ്രകീര്‍ത്തിക്കുന്ന ഹാലാസ്യമാഹാത്മ്യം എന്ന കാവ്യത്തില്‍ 'തടാതക'യുടെ കഥ വിസ്തരിച്ച് പ്രതിപാദിക്കുന്നു. ശങ്കര സുബ്രഹ്മണ്യന്, ഗണപതിശാസ്ത്രി എന്നിവര്‍ സംസ്കൃത ത്തില്‍ തടാതകാപരിണയം എന്ന പേരില്‍ കാവ്യം രചിച്ചിട്ടുണ്ട്. അനന്തനാരായണ ശാസ്ത്രിയുടെ വ്യാഖ്യാനത്തോടുകൂടി എട്ട് സര്‍ഗങ്ങളിലുള്ള തടാതകാപരിണയം കാവ്യം 1903-ല്‍ പാലക്കാട്ടു നിന്ന് പ്രസിദ്ധീകൃതമായി. മലയാളത്തിലും തമിഴിലും ഈ കഥ പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങളുണ്ട്. മാടാവില്‍ വലിയ കുഞ്ഞിരാമന് വൈദ്യന് തടാതകാസ്വയംവരം എന്ന പേരില്‍ ഓട്ടന്‍ തുള്ളലും ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍ തടാതകാപരി ണയം എന്ന കൈകൊട്ടിക്കളിപ്പാട്ടും രചിച്ചു. ഈ കഥ നാല് ദിവസം കൊണ്ട് അവതരിപ്പിക്കുന്ന വിധത്തില്‍ അജ്ഞാതകര്‍ തൃകമായ മീനാക്ഷീസ്വയംവരം ആട്ടക്കഥ പ്രസിദ്ധീകൃതമായിട്ടുണ്ട്.
കുളക്കട നമ്പിമഠത്തില്‍ ഭാനുഭാനു പണ്ടാരത്തില്‍ രചിച്ച തടാതകാപരിണയം ആട്ടക്കഥ (1998) രംഗാവതരണത്തിന് മിക വുറ്റതാണ്. നായികാപ്രധാനമായ ഇതില്‍ ധീരോദാത്തപ്രഭാവങ്ങ ളോടുകൂടിയ നായിക ദിഗ്വിജയത്തിനു പുറപ്പെടുന്നതും നായിക യുടെ യുദ്ധനൈപുണിയും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.