This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്യൂലോണ്‍, പിയേര്‍ ലൂയി (1785 - 1838)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡ്യൂലോണ്‍, പിയേര്‍ ലൂയി (1785 - 1838)
ഊഹീിഴ, ജശലൃൃല ഘീൌശ
ഫ്രഞ്ച് രസതന്ത്രജ്ഞനും ഭൌതികശാസ്ത്രജ്ഞനും. അലക്സിസ് തേരേസ പെറ്റിറ്റുമായിച്ചേര്‍ന്ന് ആവിഷ്കരിച്ച പ്രസിദ്ധമായ ഡ്യൂലോണ്‍-പെറ്റിറ്റ് നിയമം (1819) അണുഭാരം നിര്‍ണയിക്കുന്നതിന് പ്രയോജനപ്രദമാണ്. 1785 ഫെ.-യില്‍ റൂയനില്‍ ഡ്യൂലോണ്‍ ജനിച്ചു. വൈദ്യശാസ്ത്രത്തില്‍ പരിശീലനം നേടിയെങ്കിലും ഡ്യൂലോണ്‍ രസതന്ത്ര, ഭൌതികശാസ്ത്ര അധ്യാപനത്തിലാണ് കൂടുതല്‍ ഉത്സുകനായത്. ഗവേഷണത്തിലുള്ള താത്പര്യം നിമിത്തം ആര്‍ക്വീലിലെ ബെര്‍ത്തലോ പരീക്ഷണശാലയിലെ പ്രശസ്തരായ ശാസ്ത്രജ്ഞരോടു ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു (1811). നൈട്രജന്‍ ട്രൈക്ളോറൈഡ് എന്ന സ്ഫോടക വസ്തുവിന്റെ കണ്ടുപിടിത്തമാണ് ഡ്യൂലോണിന്റെ ആദ്യത്തെ പ്രധാന സംഭാവന (1812). ഈ പരീക്ഷണങ്ങള്‍ക്കിടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ചയും രണ്ടു വിരലും നഷ്ടപ്പെട്ടു. നൈട്രജന്‍ ട്രൈക്ളോറൈഡിന്റെ സ്ഫോടക സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഇദ്ദേഹത്തിന്റെ പില്ക്കാല താപരസതന്ത്ര പഠനങ്ങള്‍ക്കു മുന്നോടിയായി. ബെര്‍ത്തലോയുടെ നിര്‍ദേശാനുസരണം രാസസംയോഗങ്ങളില്‍ മൂലകങ്ങളുടെ അനുപാതങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിനിടയില്‍ ഡ്യൂലോണ്‍ ഹൈപോ ഫോസ്ഫറസ് അമ്ളം കണ്ടുപിടിച്ചു (1816). ഇക്കാലത്താണ് ഗണിത-ഭൌതിക ശാസ്ത്രജ്ഞനായ അലക്സിസ് തെരേസ പെറ്റിറ്റുമായുള്ള ഡ്യൂലോണിന്റെ പ്രശസ്തമായ സഹയോഗം ആരംഭിച്ചത്. താപ-രാസ പഠനങ്ങളിലാണിവര്‍ വ്യാപരിച്ചത്. താപീയ വികാസം (വേലൃാമഹ ലുഃമിശീിെ), താപമാപനം (ലാുേലൃമൌൃല ാലമൌൃലാലി) എന്നീ മേഖലകളില്‍ ഇവര്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് അക്കാദമി ഒഫ് സയന്‍സസിന്റെ പുരസ്കാരം ലഭിക്കുകയുണ്ടായി (1818). ഏതാണ്ട് എല്ലാ ഖര മൂലകങ്ങളുടേയും അണുഭാരവും ആപേക്ഷികതാപവും തമ്മിലുള്ള ഗുണനഫലം ഒരു സ്ഥിരാങ്കം ആയിരിക്കും എന്ന് ഇവര്‍ കണ്ടെത്തി. ഈ ആശയമാണ് ഡ്യൂലോണ്‍-പെറ്റിറ്റ് നിയമത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത് (1819). 1820-ല്‍ പെറ്റിറ്റിന്റെ മരണശേഷവും വാതകങ്ങളുടെ ആപേക്ഷിക താപത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഡ്യൂലോണ്‍ തുടര്‍ന്നു കൊണ്ടിരുന്നു. താപരസതന്ത്രത്തില്‍ മറ്റനവധി പഠനങ്ങളും ഡ്യൂലോണിന്റേതായി ലഭിച്ചിട്ടുണ്ട്. വാതകങ്ങളുടെ സംയോഗത്തെ സഹായിക്കുന്ന ചില ലോഹങ്ങളുടെ ഗുണധര്‍മങ്ങള്‍ (1820), വാതകങ്ങളുടെ ഉച്ച താപസഹസ്വഭാവം (1826), വാതകങ്ങളുടെ ആപേക്ഷിക താപം (1829), ഉയര്‍ന്ന താപനിലകളില്‍ നീരാവിയുടെ ഇലാസ്തികത (1830), താപമോചക രാസപ്രവര്‍ത്തനങ്ങള്‍ (1838) എന്നിവ ഉദാഹരണങ്ങളാണ്.
1838 ജൂല. 18-ന് പാരിസില്‍ ഡ്യൂലോണ്‍ നിര്യാതനായി.