This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തങ്ങള്‍ കുഞ്ഞു മുസലിയാര്‍ (1897 - 1966)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തങ്ങള്‍ കുഞ്ഞു മുസലിയാര്‍ (1897 - 1966)
കേരളത്തിലെ ഒരു വ്യവസായപ്രമുഖന്‍. വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, സംസ്കാരം എന്നീ രംഗങ്ങളിലും വ്യക്തിത്വം പ്രകടമാക്കി. കരുനാഗപ്പള്ളി ഷേക്ക് മൂലകുടുംബത്തിലുള്ള കൊല്ലം മാലിക്ക് ഇബിന്‍ ദീനാറിന്റെ കാസിപരമ്പരയില്‍പ്പെട്ട കിളികൊല്ലൂര്‍ കന്നിമേല്‍ മുസലിയാര്‍ കുടുംബത്തിലെ ജനാബ് അഹമ്മദ്കുഞ്ഞ് മുസലിയാരാണ് പിതാവ്. സാധാരണ സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ തങ്ങള്‍ കുഞ്ഞിന് ബാല്യത്തില്‍ ലഭിച്ചുള്ളൂ. 18-ാമത്തെ വയസ്സില്‍ ജോലി തേടി സിലോണില്‍ പോയി. അവിടെ രത്നഖനന തൊഴിലിലേര്‍പ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലയയിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സമ്പാദ്യവുമായി നാട്ടിലെത്തുകയും 1935-ല്‍ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. കേരളത്തില്‍ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരില്‍ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികള്‍ക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൌകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച് വന്‍ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തില്‍ അന്ന് മുസലിയാര്‍ ഒന്നാമനായിരുന്നു; അതോടുകൂടി 'കശുവണ്ടി രാജാവ്' എന്ന പേരില്‍ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. സ്വഭാവശുദ്ധി, ഈശ്വരവിശ്വാസം, പ്രായോഗിക പരിജ്ഞാനം എന്നിവയില്‍ ഇദ്ദേഹം കിടയറ്റ വ്യക്തിത്വം പുലര്‍ത്തിപ്പോന്നു. ഈ സവിശേഷതയാണ് വ്യവസായരംഗത്തും സാമൂഹിക, സാംസ്കാരികരംഗങ്ങളിലും മുസലിയാരുടെ അസൂയാവഹമായ വിജയത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. 1944-ല്‍ മുസലിയാര്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പ്രഭാതം എന്ന പേരില്‍ ആദ്യം ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരണമാരംഭിച്ചു. പിന്നീടതിനെ ദിനപത്രമാക്കി മാറ്റി. വ്യവസായരംഗത്തു നിന്ന് ലഭിച്ച ആദായം കൊണ്ട് വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും ഉദാരമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നടത്തി. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ എന്‍ജിനീയറിങ് കോളജ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1958-ല്‍ തങ്ങള്‍ കുഞ്ഞു മുസലിയാര്‍ എന്‍ജിനീയറിങ് കോളജും തുടര്‍ന്ന് ഒരു ജൂനിയര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജും (1965) കിളികൊല്ലൂരില്‍ സ്ഥാപിച്ചു. 1964-ല്‍ എം.ഇ.എസ്. പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും സമുദായസ്നേഹിയായിരുന്ന മുസലിയാരായിരുന്നു. മുസ്ളിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കിയാണ് ഇതിനു പ്രാരംഭമിട്ടത്. സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടി രൂപീകരിക്കപ്പെട്ട തിരുവിതാംകൂര്‍ മുസ്ളിം മജ്ലിസ്, മുസ്ളിം മിഷന്‍ തുടങ്ങിയ സംഘടനകളുടെ അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഉറച്ച മതവിശ്വാസിയും ആധ്യാത്മിക കാര്യത്തില്‍ ഉത്സുകനുമായിരുന്ന ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ്, പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946). ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ ങമി മിറ വേല ണീൃഹറ (1949) എന്ന പേരില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തെ സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വളരെ പ്രശംസിച്ചിട്ടുള്ളതായി രേഖപ്പെടുത്തിക്കാണുന്നു.
തങ്ങള്‍ കുഞ്ഞു മുസലിയാര്‍ ആധുനിക എന്‍ജിനീയറന്മാരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പല യന്ത്രങ്ങളും തന്റെ ശാസ് ത്രീയമായ ചിന്താഗതിയും ധിഷണാശക്തിയും പ്രയോഗിച്ച് രൂപപ്പെടുത്തുകയും വ്യവസായ പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. കശുവണ്ടി ഫാക്ടറികളില്‍ ഉപയോഗിക്കുന്ന ഒട്ടനേകം യാന്ത്രോപകരണങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലും ഇദ്ദേഹം പ്രശംസയര്‍ഹിക്കുന്നു.
1966 ഫെ. 20-ന് നിര്യാതനായി.