This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തക്കര്‍ ബാപ്പാ (1869 - 1951)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
=തക്കര്‍ ബാപ്പാ (1869 - 1951)
ഭാരതീയ സാമൂഹിക പരിഷ്കര്‍ത്താവും ദേശീയ നേതാവും. അമൃതലാല്‍ തക്കര്‍ എന്നാണ് യഥാര്‍ഥപേര്. ദീനാനുകമ്പാ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം വ്യാപൃതനായി ജനാദരവു നേടി യതോടുകൂടിയാണ് തക്കര്‍ ബാപ്പാ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഗുജറാത്തിലെ ഭവനഗറിലുള്ള ഒരു ഇടത്തരം കുടുംബത്തില്‍ വിഠല്‍ദാസ് ലാല്‍ജി തക്കറിന്റേയും മുലീബായുടേയും മകനായി 1869 ന. 29-ന് ഇദ്ദേഹം ജനിച്ചു. ഭവനഗറില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അക്കാലത്തെ സാമുദായിക സമ്പ്രദായ പ്രകാരം പന്ത്രണ്ടുവയസ്സെത്തിയപ്പോഴേക്കും ഇദ്ദേഹം വിവാഹിതനായിക്കഴിഞ്ഞിരുന്നു. മെട്രിക്കുലേഷന്‍ പരീക്ഷയില്‍ മികച്ച വിജയം നേടി 'ജസ്വന്ത്സിങ്ജി' സ്കോളര്‍ഷിപ്പിന് അര്‍ഹനായി. സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നിട്ടും അമൃതലാലിനെ പിതാവ് എന്‍ജിനീയറിങ് പഠിക്കുവാന്‍ പൂണെയിലയച്ചു. 1890-ല്‍ എല്‍.സി.ഇ. (ഘശരലിശേമലേ ശി ഇശ്ശഹ ഋിഴശിലലൃശിഴ) ബിരുദം നേടി.
വിദ്യാഭ്യാസാനന്തരം റെയില്‍വേയില്‍ എന്‍ജിനീയറായി നിയമനം ലഭിച്ചു. അധികം വൈകാതെ സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതി നേടുവാന്‍ സാധിച്ചു. പിന്നീട് വധ്വാന്‍ എന്ന നാട്ടുരാജ്യത്തെ ചീഫ് എന്‍ജിനീയര്‍ പദവിയിലെത്തി. അതിനുശേഷം പോര്‍ബന്തറില്‍ ചീഫ് എന്‍ജിനീയറായി നിയമിക്കപ്പെട്ടു. കിഴക്കേ ആഫ്രിക്കയിലെ ഉഗാണ്ടയില്‍ മൂന്ന് വര്‍ഷക്കാലം എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഒരു തസ്തികയില്‍ പ്രവര്‍ത്തിക്കുവാനും ഇക്കാലത്ത് അവസരം ലഭിച്ചു. 1903-ല്‍ ആഫ്രിക്കയില്‍ നിന്നു മടങ്ങിയെത്തി സാംഹ്ലി നാട്ടുരാജ്യത്തിലെ സ്റ്റേറ്റ് എന്‍ജിനീയറായി സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് ഗോപാലകൃഷ്ണ ഗോഖലെ, ഡി.കെ. കാര്‍വെ എന്നീ ദേശീയ നേതാക്കളുമായി സൌഹൃദബന്ധം സ്ഥാപിക്കുവാന്‍ സന്ദര്‍ഭങ്ങളുണ്ടായി. ഈ പരിചയമാണ് ഇദ്ദേഹത്തെ ജനസേവനരംഗത്തേക്ക് ആകര്‍ഷിച്ചത്. അക്കാലത്ത് ബോംബേ മുനിസിപ്പാലിറ്റിയില്‍ ഒരുയര്‍ന്ന ഉദ്യോഗം സ്വീകരിച്ച് കുര്‍ളയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അവിടത്തെ തൂപ്പുകാരും അധഃകൃതസമുദായങ്ങളില്‍പ്പെട്ട ജീവനക്കാരും അടിച്ചമര്‍ത്തപ്പെട്ട മറ്റു വിഭാഗങ്ങളും അടിമത്തവും നരകീയദുരിതങ്ങളും അനുഭവിക്കുന്നതുകണ്ട് അവരില്‍ സഹാനുഭൂതി ഉളവായ തക്കര്‍ ബാപ്പായുടെ ജീവിതത്തില്‍ വലിയൊരു സാമൂഹിക പരിവര്‍ത്തന ചിന്ത തരംഗിതമായി. അധഃസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടുന്ന പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുവാനും ശുദ്ധവും സ്വതന്ത്രവുമായ ജീവിതം ലഭ്യമാക്കാന്‍ അവരെ ഉന്നിദ്രരാക്കുവാനും ബാപ്പാ ഉദ്യുക്തനായി. ഈ ലക്ഷ്യം സഫലീകരിക്കുന്നതിനുവേണ്ടി ഇദ്ദേഹം 'സെര്‍വന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റി'യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. പുതിയൊരു ജീവിത ലക്ഷ്യത്തോടു കൂടിയ സമാരംഭം തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ആകസ്മികമായി മരണമടഞ്ഞു. രണ്ടാമതൊരു വിവാഹം കഴിച്ചുവെങ്കിലും അവരും കുട്ടികളില്ലാതെ മരണമടയുകയാണുണ്ടായത്. 1913-ല്‍ പിതാവും നിര്യാതനായി. അസ്വസ്ഥമായ ഈ ഏകാന്ത ജീവിതം മുമ്പോട്ടു കൊണ്ടുപോകുന്നത് ദുഷ്കരവും അര്‍ഥശ്യൂന്യവുമാണെന്ന് ബോധ്യമായ ബാപ്പാ 1914-ല്‍ ജോലി രാജിവച്ച് പൊതുപ്രവര്‍ത്തനത്തില്‍ പൂര്‍ണമായും മുഴുകി. ഇതേ വര്‍ഷംതന്നെ 'സര്‍വന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയില്‍' അംഗവുമായി. മഥുരയിലെ ഭീകരമായ ക്ഷാമകാലത്ത് നിരന്തരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. അധഃകൃതരുടെ ഉന്നമനത്തിനായി സ്കൂളും സൊസൈറ്റിയും സ്ഥാപിച്ചു (1915-16). കച്ചിലെ ക്ഷാമദുരിതാശ്വാസ പ്രവര്‍ത്തനത്തിനു (1916) നേതൃത്വം നല്കി. ഇക്കാലം മുതല്‍ മഹാത്മാഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്താനും സന്ദര്‍ഭമുണ്ടായി. 1918-ല്‍ ബോംബേ ലെജിസ്ളേറ്റിവ് കൌണ്‍സിലില്‍ നിര്‍ബന്ധ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കാനാവശ്യമായ വിവര സമാഹരണം നടത്തുന്നതിനുള്ള ചുമതല നിര്‍വഹിച്ചത് ബാപ്പാ ആയിരുന്നു. ജാംഷഡ്പൂരിലെ ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍ നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്കാനും ഇദ്ദേഹം നിയുക്തനായി. ഒറീസയില്‍ 1920-ല്‍ ക്ഷാമബാധിതര്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയതും തക്കര്‍ബാപ്പാ ആയിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിലാരംഭിച്ച വിദേശവസ്ത്ര ബഹിഷ്കരണ സമരത്തിലും സ്വദേശി പ്രസ്ഥാനത്തിലും ഇദ്ദേഹം സജീവമായി പങ്കെടുത്തു. ഗുജറാത്തിലെ പഞ്ചമഹലിലും ക്ഷാമബാധിതര്‍ക്കുവേണ്ടി അര്‍പ്പണബോധത്തോടെ പ്രയത്നിച്ചു. 1923-ല്‍ ഭീല്‍ സേവാമണ്ഡലംരൂപവത്കരിച്ച് അധഃസ്ഥിതര്‍ക്കു വേണ്ടിയുള്ള ജനസേവന പ്രവത്തനങ്ങള്‍ക്ക് ആക്കം കൂട്ടി.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും തക്കര്‍ബാപ്പാ ഒഴിഞ്ഞു നിന്നിരുന്നില്ല. ഭവനഗര്‍ രാജ്യത്തിലേയും കത്തിയവാറിലേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം വളരെയധികം ബന്ധ പ്പെടുകയും അവിടെ സ്വാതന്ത്യ്ര പ്രക്ഷോഭണതരംഗങ്ങള്‍ ഇളക്കി വിടുകയും ചെയ്തു. പാട്യാലയിലെ ഭരണാധികാരിക്കെതിരായി പല കടുത്ത ആരോപണങ്ങളും ആളിക്കത്തിയപ്പോള്‍ അവയെപ്പറ്റി അന്വേഷിക്കുവാന്‍ നിയുക്തമായ കമ്മിറ്റിയുടെ അധ്യക്ഷനായി (1929) പ്രവര്‍ത്തിച്ചത് തക്കര്‍ബാപ്പാ ആയിരുന്നു. സിവില്‍ നിയമലംഘനകാലത്ത് മദ്യഷാപ്പുകള്‍ പിക്കറ്റു ചെയ്തതിന് ആറ് മാസത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും സകലര്‍ക്കും സമാദരണീയനായതുമൂലം നാല്പതു ദിവസം മാത്രമേ തടവില്‍ കഴിയേണ്ടിവന്നുള്ളൂ.
ഹരിജനോദ്ധാരണ സംരംഭങ്ങളില്‍ ഇദ്ദേഹം ഗാന്ധിജിയുടെ വലംകൈയായി പ്രവര്‍ത്തിച്ചു. ഗാന്ധിജിയുടെ നിര്‍ദേശാനുസര ണം 1932-ല്‍ 'ഹരിജന്‍ സേവക് സംഘ'ത്തിന്റെ സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുകയും പ്രവര്‍ത്തനം വളരെയധികം വ്യാപക വും ശക്തവുമാക്കുകയും ചെയ്തു. 1943-44-ല്‍ ഉത്തരേന്ത്യന്‍ സം സ്ഥാനങ്ങളിലുണ്ടായ കടുത്ത ക്ഷാമത്തില്‍ കഷ്ടതയനുഭവിച്ച അനേകായിരം ജനങ്ങളുടെ സഹായത്തിനായി ഇദ്ദേഹം സര്‍വ ശക്തിയുമുപയോഗിച്ച് ദുരിതരംഗങ്ങളില്‍ പാഞ്ഞെത്തി. 1944-ല്‍ കസ്തൂര്‍ബാ സ്മാരക നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനും തക്കര്‍ബാപ്പാ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. പൂര്‍വബംഗാളിലെ നൌഖാലിയില്‍ ഹിന്ദു-മുസ്ളിം ലഹള ആളിക്കത്തിയപ്പോള്‍ അതില്‍പ്പെട്ടു ദുരിതമനുഭവിച്ച എല്ലാ മനുഷ്യരേയും സഹായിക്കുവാന്‍ ഗാന്ധിജിയോടൊപ്പം ലഹള പ്രദേശം മുഴുവന്‍ സഞ്ചരിച്ചു പ്രവര്‍ത്തിച്ചു. 1949 ന. 29-ന് 80 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ മേഖലകളെ പൂര്‍ണമായും സ്പര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ നിറഞ്ഞ ഒരു അഭിനന്ദന ഗ്രന്ഥം തയ്യാറാക്കുകയും ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ്ബില്‍ വച്ച് തക്കര്‍ ബാപ്പായെ ഇന്ത്യയിലെ പ്രമുഖ നേതാക്കള്‍ ചേര്‍ന്ന് ആദരിക്കുകയും ചെയ്തു. 1951 ജനു. 19-ന് ഇദ്ദേഹം നിര്യാതനായി.